Nandakumar Edamana
Share on:
@ R t f

മലയാളം ഓണ്‍ലൈന്‍


ഇന്റര്‍നെറ്റിലെ സജീവസാന്നിദ്ധ്യമായിക്കഴിഞ്ഞു മലയാളം. നിഘണ്ടുക്കള്‍, വിജ്ഞാനകോശങ്ങള്‍, പത്രങ്ങള്‍, കൂട്ടായ്മകള്‍ തുടങ്ങി എല്ലാം മലയാളത്തിലുണ്ട്. മിക്കവയും നമുക്ക് സുപരിചിതവും. എങ്കിലും പ്രധാനപ്പെട്ട ചില മലയാളം വെബ്സൈറ്റുകളുടെ ഔപചാരികമായ ഒരു പരിചയപ്പെടല്‍ ഇപ്പോള്‍ പ്രസക്തമായിരിയ്ക്കും.

മലയാളം വിക്കിപീഡിയ (ml.wikipedia.org)

ലോകത്തുള്ളതില്‍വെച്ച് ഏറ്റവും വലതും പ്രശസ്തവുമായ വിജ്ഞാനകോശം വിക്കിപീഡിയ തന്നെ. ഉപയോക്താക്കള്‍ തന്നെ രചയിതാക്കളാകുന്നു എന്നതാണ് വിക്കിപീഡിയയെ ശ്രദ്ധേയമാക്കുന്നത്. ക്രിയേറ്റീവ് കോമസ് എന്ന സ്വതന്ത്രലൈസന്‍സിനുകീഴില്‍ പ്രസിദ്ധീകരിയ്ക്കുന്നതിനാല്‍ ഇതിലെ ഉള്ളടക്കം ആര്‍ക്കും ഉപയോഗിയ്ക്കുകയും പുനഃപ്രസിദ്ധീകരിയ്ക്കുകയും ചെയ്യാം.

വിവിധ ലോകഭാഷകളില്‍ ലഭ്യമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് ആരംഭിയ്ക്കുന്നത് 2002 ഡിസംബർ 21-നാണ്. നിലവിൽ ഇതില്‍ 37,092 ലേഖനങ്ങളുണ്ട്. വിക്കിമീഡിയ ഫൗണ്ടേഷന്‍ തന്നെയാണ് മലയാളം വിക്കിയുടെയും ചുക്കാന്‍ പിടിയ്ക്കുന്നത്. കാര്യനിര്‍വഹണം നടത്തുന്നതാകട്ടെ ഒരുപറ്റം സന്നദ്ധപ്രവര്‍ത്തകരും.

മറ്റു വിക്കിസംരംഭങ്ങള്‍

വിജ്ഞാനകോശത്തിനുപുറമെ മറ്റു പല വൈജ്ഞാനികസംരംഭങ്ങളും വിക്കിമീഡിയയുടെ കീഴിലുണ്ട്. ഇവയെല്ലാം ഉപയോക്താക്കള്‍ക്കു പങ്കാളിത്തമുള്ളവയാണ്. പ്രധാനപ്പെട്ട ചിലവ താഴെ കൊടുക്കുന്നു.

  • വിക്കിനിഘണ്ടു - ml.wiktionary.org
  • വിക്കിപാഠശാല - ml.wikibooks.org
  • വിക്കിഗ്രന്ഥശാല - ml.wikisource.org
  • വിക്കിചൊല്ലുകള്‍ - ml.wikiquote.org

നിർവ്വചനം, ശബ്ദോത്പത്തി, ഉച്ചാരണം, മാതൃക, പര്യായങ്ങൾ, വിപരീതപദങ്ങൾ, തർജ്ജമകൾ എന്നിവയടങ്ങുന്ന ഒരു സ്വതന്ത്ര (libre) ബഹുഭാഷാനിഘണ്ടു രൂപപ്പെടുത്താനുള്ള സഹകരണപദ്ധതിയാണ് വിക്കിനിഘണ്ടു. 2004 ഓഗസ്റ്റ്‌ നാലിന് തുടക്കം കുറിച്ച മലയാളം വിക്കിനിഘണ്ടുവിൽ നിലവിൽ 1,29,489 നിർ‌വചനങ്ങളുണ്ട്. വിക്കിനിഘണ്ടുവിലെ ഉള്ളടക്കവും ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക്ക് ലൈസന്‍സിനുകീഴിലാണ്.

സ്വതന്ത്രമായ പാഠപുസ്തകങ്ങളുടെ ശേഖരമായ വിക്കിപാഠശാല 2003 ജൂലൈ 10-നാണ് നിലവില്‍ വന്നത്. ഗ്നു ഫ്രീ ഡോക്യുമെന്റേഷന്‍ ലൈസന്‍സ് എന്ന സ്വതന്ത്രലൈസന്‍സിനുകീഴിലാണ് വിക്കിപാഠശാലയിലെ പുസ്തകങ്ങള്‍ ലഭ്യമായിട്ടുള്ളത്.

കഴിഞ്ഞകാലത്തെ വിശിഷ്ടഗ്രന്ഥങ്ങളുടെ ശേഖരമാണ് വിക്കിഗ്രന്ഥശാല. പകർപ്പവകാശകാലാവധി കഴിഞ്ഞതോ രചയിതാവ് സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചതോ ആയ കൃതികളാണ് ഇവിടെയുള്ളത്. എഴുത്തച്ഛന്റെയും ആശാന്റെയുമെല്ലാം കൃതികള്‍ ഇവിടെ കാണാം.

മലയാളം വിക്കിചൊല്ലുകൾ തുടങ്ങിയത് 2004 ജൂലൈ 29-നാണ്. നിലവിൽ ഇതില്‍ 521 ലേഖനങ്ങളുണ്ട്.

കേരളസര്‍ക്കാര്‍ മലയാളം കമ്പ്യൂട്ടിങ് (malayalam.kerala.gov.in)

കേരളസര്‍ക്കാരിന്റെ ഔദ്യോഗികവൈബ്സൈറ്റില്‍ മലയാളം കമ്പ്യൂട്ടിങ്ങിനായി ഒരുക്കിയിരിയ്ക്കുന്ന പോര്‍ട്ടലാണിത്. ഇതിന്റെ ഭാഗമായ ഭാഷാമിത്രം (tools.malayalam.kerala.gov.in), വിവിധ മലയാളം ടൂളുകളുടെ സമാഹാരമാണ്.

ഓളം (olam.in)

അതിവേഗ ഇംഗ്ലീഷ്-മലയാളം മലയാളം-മലയാളം നിഘണ്ടുവാണ് ഓളം. ഓളത്തിന്റെ ഡാറ്റാബെയ്സ് ഇപ്പോള്‍ സ്വന്ത്രലൈസന്‍സിനുകീഴില്‍ ലഭ്യമാണ്. ഇത് അടിസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന മറ്റു പല നിഘണ്ടുക്കളുമുണ്ട്.

മഷിത്തണ്ട് (mashithantu.com)

മലയാളം സോഫ്റ്റ്‌വെയര്‍ ടൂളുകളുടെയും കളികളുടെയും ഓണ്‍ലൈന്‍ സമാഹാരമാണ് മഷിത്തണ്ട്. വിപുലമായ ഒരു നിഘണ്ടുവും മഷിത്തണ്ടിന്റെ ഭാഗമായുണ്ട്. പുതിയ പുതിയ സമസ്യകള്‍ ചേര്‍ത്ത് പതിവായി അപ്ഡേറ്റ് ചെയ്യുന്നു എന്നത് മഷിത്തണ്ടിനെ ശ്രദ്ധേയമാക്കുന്നു.

ഹരിതകം (harithakam.com)

ഓണ്‍ലൈന്‍ മലയാളകവിതാജാലികയാണ് ഹരിതകം.കോം. വായനക്കാര്‍ക്ക് രചനകള്‍ സമര്‍പ്പിയ്ക്കാനുള്ള അവസരവും ഇവിടെയുണ്ട്.

എം.ത്രീ.ഡി.ബി. (m3db.com)

മലയാളചലച്ചിത്രങ്ങളുടെയും ഗാനങ്ങളുടെയും ഒരു ഓണ്‍ലൈന്‍ ഡാറ്റാബെയ്സാണ് ‘മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാബെയ്സ്’ അഥവാ എം.ത്രീ.ഡി.ബി. ഇതിന്റെ ഉപസംരംഭമായ ഈണം.കോം (eenam.com) ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

മലയാളസംഗീതം.ഇന്‍ഫോ (malayalasangeetham.info)

മലയാളഗാനങ്ങളുടെ സമ്പൂര്‍ണ്ണവിവരങ്ങള്‍ സമാഹരിയ്ക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന ഒരു വെബ്സൈറ്റാണിത്. ഗാനത്തെക്കുറിച്ചും ഗാനശില്‍പ്പികളെക്കുറിച്ചുമുള്ള നിരവധി വിവരങ്ങള്‍ ഇതിലുണ്ട്. ഗാനം, ചലച്ചിത്രം, ഗായകര്‍, പിന്നണിപ്രവര്‍ത്തകര്‍ തുടങ്ങി പല രീതിയില്‍ തെരച്ചില്‍ നടത്താനുള്ള സൗകര്യവുമുണ്ട്. പാട്ടിന്റെ വരികള്‍ ലഭ്യമാണ് എന്നതാണ് മറ്റൊരു സവിശേഷത.

മലയാളം നിവേശകരീതികള്‍ (ഇന്‍പുട്ട് സംവിധാനങ്ങള്‍)

യൂണീകോഡ് രീതിയില്‍ മലയാളം ടൈപ്പുചെയ്യാന്‍ ആധുനിക ഓപ്പറേറ്റിങ് സിസ്റ്റങ്ങളെല്ലാം സംവിധാനമൊരുക്കുന്നുണ്ട്. ഇവയുടെ അസാന്നിദ്ധ്യത്തിലും മറ്റും ഓണ്‍ലൈന്‍ ടൂളുകളുടെ സഹായം തേടാം. ഇന്‍സ്ക്രിപ്റ്റ്, ട്രാന്‍സ്‌ലിറ്ററേഷന്‍ എന്നീ രണ്ടു രീതിയിലുമുള്ള ടൈപ്പിങ് ടൂളുകളുണ്ട്. ഭാരതീയഭാഷകള്‍ക്കായി സി-ഡാക് വികസിപ്പിച്ചെടുത്ത ശാസ്ത്രീയമായ കീബോഡ് ലേയൗട്ടാണ് ആദ്യത്തെ രീതി. ഉച്ചാരണമനുസരിച്ച് ഇംഗ്ലീഷ് ലിപിയില്‍ ടൈപ്പുചെയ്യുന്നതിനെ മലയാളത്തിലാക്കിമാറ്റുന്ന ഫൊണറ്റിക് സമ്പ്രദായമാണ് രണ്ടാമത്തേത്.

  • വര്‍ണ്ണം (ട്രാന്‍സ്‌ലിറ്ററേഷന്‍) - varnamproject.com/editor
  • ഗൂഗ്ള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ - google.com/inputtools/try/
  • പറയുംപോലെ (ട്രാന്‍സ്‌ലിറ്ററേഷന്‍) - nandakumar.co.in/apps/parayumpole.html
  • ഇന്‍സ്ക്രിപ്റ്റ് ഇന്‍പുട്ട് ടൂള്‍ - nandakumar.co.in/apps/inscript.html

യൂണീകോഡ് മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിയ്ക്കുക: http://wiki.smc.org.in/Fonts


Click here to read more like this. Click here to send a comment or query.