Nandakumar Edamana
Share on:
@ R t f

തമിഴിലുമാവാം പ്രോഗ്രാമിങ്!


സ്വന്തം ഭാഷയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുക എന്നത് അത്ര വലിയ പുതുമയല്ല. ഇന്റര്‍ഫെയ്സ് മാതൃഭാഷയിലക്കാല്‍ മൊബൈല്‍ഫോണ്‍ ഉപയോക്താക്കളുടെ വിനോദവുമാണ്. എന്നാല്‍ സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണവും മാതൃഭാഷയിലാവാമെന്നായാലോ!

പ്രോഗ്രാമിങ് എന്നത് കമ്പ്യൂട്ടറിനുള്ള നിര്‍ദേശങ്ങള്‍ കൊടുത്തുവയ്ക്കലാണ്. അതിന് കമ്പ്യൂട്ടറിന്റെ ഭാഷയായ മെഷീന്‍ ലാങ്ഗ്വേജ് അറിയണം. ഇത് വളരെ ബുദ്ധിമുട്ടായതിനാല്‍ നാം ഹൈ ലെവല്‍ ഭാഷകളില്‍ (സി, പൈത്തണ്‍, ...) പ്രോഗ്രാമെഴുതുന്നു. എന്നിട്ട് യന്ത്രഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. നിത്യജീവിതത്തിലെ ഭാഷയൊന്നുമല്ലെങ്കിലും ഹൈ ലെവല്‍ ലാങ്ഗ്വേജുകള്‍ക്ക് ഇംഗ്ലീഷുമായി സാമ്യമുണ്ട്. ഈ സാമ്യം പരമാവധി കൂട്ടി, നാം ഉപയോഗിക്കുന്ന ഇംഗ്ലീഷില്‍ത്തന്നെ കമ്പ്യൂട്ടറിനോടും ആശയവിനിമയം നടത്താന്‍ സാധിക്കുമോ എന്ന് നോക്കുകയാണ് ഗവേഷകര്‍.

എന്തായാലും അതിന് സമാന്തരമായി മറ്റൊരു പ്രവര്‍ത്തനം നടക്കുന്നു -- പ്രാദേശികഭാഷകളുടെ ലിപിയും വാക്കുകളുമെല്ലാം ഉപയോഗിച്ച് പ്രോഗ്രാമിങ് ഭാഷകള്‍ വികസിപ്പിച്ചെടുക്കുക. അതായത് print a+b എന്നതിനുപകരം കാണിക്കുക a+b എന്നും മറ്റും എഴുതാം!

ഭാരതീയഭാഷകളില്‍ ബംഗാളി, ഗുജറാത്തി, ഹിന്ദി, തമിഴ് എന്നിവയാണ് ഇപ്പോള്‍ പ്രോഗ്രാമിങ്ങിന് തയ്യാറായിട്ടുള്ളത്.

സി, ബെയ്സിക് പോലുള്ള ഭാഷകള്‍ക്ക് ഭാരതീയഭാഷാവകഭേദങ്ങളുണ്ടാക്കിയ സംരംഭമാണ് ‘ഹിന്ദാവി പ്രോഗ്രാമിങ് സിസ്റ്റം’ (Hindawi Programming System). ബെയ്സിക് ഭാഷയ്ക്ക് തത്തുല്യമായി ഇതിലുള്ള ഇന്‍ഡിക് ബെയ്സിക് അറിയപ്പെടുന്നത് ‘ശൈലി പ്രാഥമിക്’ എന്നാണ്. സി ഭാഷയുടെ ബദലായ ഇന്‍ഡിക് സിയാകട്ടെ ‘ശൈലി ഗുരു’ എന്നും. ഇങ്ങനെ വേറെയുമുണ്ട്. പൈത്തണിന്റെ പുറത്ത് എഴുതിയുണ്ടാക്കിയ ഭാഷയാണ് എഴില്‍ (எழில்). ലളിതമായ ഈ ഭാഷ പ്രധാനമായും സ്കൂള്‍കുട്ടികളുടെ പ്രോഗ്രാമിങ് പഠനം ലക്ഷ്യംവയ്ക്കുന്നു. മുത്തു അണ്ണാമലൈ ആണ് ഇതിന്റെ ശില്‍പ്പി. 2007-ല്‍ വികസനമാരംഭിച്ച ഈ ഭാഷയുടെ ഔദ്യോഗികപ്രഖ്യാപനം വന്നത് 2009-ലായിരുന്നു. 2013-ലാണ് നിലവിലെ പുതിയ പതിപ്പ് പുറത്തിറങ്ങിയത്.

PRINT എന്നതിനുപകരം பதிப்பி (പതിപ്പി), RETURN എന്നതിനുപകരം பின்கொடு (പിന്‍കൊടു) എന്നെല്ലാമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ബ്രാഞ്ചിങ് (തീരുമാനമെടുക്കല്‍), ലൂപ്പിങ് (ആവര്‍ത്തനം) എന്നീ സൗകര്യങ്ങളെല്ലാം എഴിലിലുമുണ്ട്.

ezhillang.org എന്ന വൈബ്സൈറ്റില്‍നിന്ന് ഇതിന്റെ ഇന്റര്‍പ്രട്ടര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഗ്നു/ലിനക്സിലും വിന്‍ഡോസിലും പ്രവര്‍ത്തിക്കുന്ന ഇത് സ്വതന്ത്രസോഫ്റ്റ്‌വെയറുമാണ്.

കൂടുതലറിയാന്‍:

  • http://en.wikipedia.org/wiki/Non-English-based_programming_languages
  • http://en.wikipedia.org/wiki/Ezhil_(programming_language)
  • http://en.wikipedia.org/wiki/Hindawi_Programming_System

Click here to read more like this. Click here to send a comment or query.