Nandakumar Edamana
Share on:
@ R t f

ഗെയിമിങ് ഇന്‍ഫോബിറ്റ്സ്

വെബ് ഗെയിമുകള്‍


എച്ച്.ടി.എം.എല്‍.5-ന്റെ വരവോടെ വെബ് ബ്രൗസറില്‍ കളിക്കുന്ന ഗെയിമുകള്‍ക്ക് പ്രചാരമേറുകയാണ്. ഇന്‍സ്റ്റളേഷനൊന്നും വേണ്ട എന്നതാണ് ഇവയെ പ്രിയപ്പെട്ടതാക്കുകന്നത്. ബ്രൗസറില്‍ കളിക്കാവുന്ന കളികള്‍ മുമ്പേയുണ്ടെങ്കിലും ഇവ ഫ്ലാഷ്പ്ലെയറിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇവ കളിക്കാന്‍ ഫ്ലാഷ്പ്ലെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും അപ്‌ഡേറ്റ് ചെയ്യുകയുമെല്ലാം വേണം. അഡോബീ കമ്പനിയുടെ സ്വകാര്യസ്വത്താണ് ഫ്ലാഷ് എന്നത് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇഷ്ടപ്പെടുന്നവരെ അലട്ടുകയും ചെയ്തു. എന്നാല്‍ എച്ച്.ടി.എം.എല്‍.5 എന്നത് ഒരന്താരാഷ്ട്രസ്റ്റാന്‍ഡേഡ് ആണ്. അതിന് പ്രത്യേകിച്ച് ഉടമകളാരുമില്ല. ആധുനിക ബ്രൗസറുകളെല്ലാം ഈ സാങ്കേതികവിദ്യ പിന്തുണയ്ക്കുകയും ചെയ്യുന്നു.

നിലവില്‍ റ്റുഡി ഗെയിമുകളാണ് ഇത്തരത്തില്‍ ഇറങ്ങുന്നത്. എന്നാല്‍ വെബ്.ജി.എല്‍. സാങ്കേതികവിദ്യ പ്രചാരം നേടുന്നതോടെ ത്രീഡി ഗെയിമുകളും സാധാരണമാകാം.

എച്ച്.ടി.എം.എല്‍.5 ഗെയിമുകള്‍ ലഭ്യമായ ചില വെബ്സൈറ്റുകള്‍ ഇതാ:
html5games.com
html5games.net
kongregate.com/html5-games
lessmilk.com

എച്ച്.ടി.എം.എല്‍.5 ഗെയിമുകള്‍ വികസിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് html5gamedevelopment.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

ഡോസ് ഗെയിമുകള്‍

മൗസിന്റെയും മറ്റും പ്രചാരത്തിന് മുമ്പുണ്ടായിരുന്ന ഡോസ് ഗെയിമുകള്‍ക്ക് ഇന്നത്തെ ഹൈ-ഗ്രാഫിക്സ് ഗെയിമുകളുടെ ഏഴയലത്ത് നില്‍ക്കാനാവില്ല. എന്നാല്‍ നിഷ്കളങ്കമായ കൗതുകത്തിനുമുന്നില്‍ ഡോസ് ഗെയിമുകള്‍ക്കുതന്നെ മുന്‍തൂക്കം. കംപ്യൂട്ടര്‍ ഉപയോക്താക്കളുടെ ഗൃഹാതുരത കുടിയിരിക്കുന്നത് പലപ്പോഴും ഇതിലൊക്കെയാണ്.

പഴയകാല ഡോസ് ഗെയിമുകള്‍ ഓണ്‍ലൈനായി കളിക്കാനോ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനോ classicdosgames.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഇതിലെ പല കളികളും പകര്‍പ്പവകാശത്തിന്റെ പ്രശ്നമില്ലാത്തവയാണ്. 2015 മാര്‍ച്ചില്‍ ഈ വെബ്സൈറ്റിന് പത്തുവയസ്സ് തികഞ്ഞു.

ഡോസ് ഗെയിമുകള്‍ ഓണ്‍ലൈനായി കളിക്കാന്‍ ജാവാപിന്തുണയുള്ള നല്ല ഒരു വെബ് ബ്രൗസര്‍ ധാരാളം. എന്നാല്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഗെയിമുകള്‍ കളിക്കാന്‍ ഡോസോ ഒരു ഡോസ് എമുലേറ്ററോ വേണം. ഗ്നു/ലിനക്സിലും വിന്‍ഡോസിലും ഉപയോഗിക്കാവുന്ന നല്ല ഒരു ഡോസ് എമുലേറ്ററാണ് ഡോസ്ബോക്സ് (dosbox.com)

കളി മതി, ഇനി കളിപ്പിക്കാം!

ഗെയിം കളിക്കുന്നത് ഭാവനയ്ക്കും ബുദ്ധിവികാസത്തിനും നല്ലതാണെന്ന് പഠനങ്ങള്‍ വന്നുതുടങ്ങിയിരിക്കുന്നു. അപ്പോള്‍ സ്വന്തമായി ഒരു ഗെയിം ഉണ്ടാക്കുന്നത് തീര്‍ച്ചയായും ഗുണം ചെയ്യും. പ്രോഗ്രാമിങ്ങില്‍ വൈദഗ്ദ്ധ്യമില്ലാത്തവര്‍ക്കും ഗെയിമുകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റുകള്‍ ഇന്റര്‍നെറ്റിലുണ്ട്. കട്ട പെറുക്കിവെച്ച് കോട്ട പണിയുന്നതുപോലെ മൗസുപയോഗിച്ച് ഓരോ ഘടകങ്ങള്‍ ഡ്രാഗ് ചെയ്ത് ഗെയിമുണ്ടാക്കാം. അത്തരം ചില വെബ്സൈറ്റുകളിതാ:
sploder.com
gamegonzo.com
flowlab.io

ഗെയിം ഡിവലപ്‌മെന്റ് ഡൗരവമായി പഠിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഒരു തുടക്കം കിട്ടാന്‍ ഈ വെബ്സൈറ്റുകള്‍ സഹായിക്കും:
gametutorials.com
html5gamedevelopment.com
gameinstitute.com
tutorialsforblender3d.com
tutorialsforblender3d.com/Game_Engine/Tutorials_index.html

ഉബുണ്ടു ഗെയിംസ്

ഉബുണ്ടുവിനെ ലക്ഷ്യം വച്ചിറങ്ങുന്ന ഗെയിമുകളുടെ കൂട്ടത്തില്‍ റയലിസ്റ്റിക് ത്രീഡി ഗെയിമുകളും വന്നുതുടങ്ങിയിരിക്കുന്നു. ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്റര്‍ തുറന്നാല്‍ ആര്‍ക്കേഡ്, ബോഡ് ഗെയിംസ്, കാര്‍ഡ് ഗെയിംസ്, പസില്‍സ്, റോള്‍ പ്ലേയിങ്, സിമുലേഷന്‍, സ്പോട്സ് എന്നീ വിഭാഹങ്ങളിലായി ഏതാണ്ട് ആയിരത്തോളം ഗെയിമുകള്‍ കാണാം. ഒറ്റക്ലിക്കില്‍ ഇന്‍സ്റ്റാല്‍ ചെയ്യാവുന്ന ഇവയില്‍ ഭൂരിഭാഗവും സൗജന്യമാണ്.

TORCS എന്ന റേസിങ് ഗെയിം പ്രചാരമുള്ളതും സൗജന്യവുമാണ്. തീവണ്ടിയോടിക്കാന്‍ പഠിക്കാനുള്ളതാണ് ഓപ്പണ്‍ ബി.വി.ഇ. (OpenBVE). സെവന്‍ വണ്ടേഴ്സ് (7 Wonders), റോബിന്‍ ഹുഡ് പോലുള്ള ഗെയിമുകള്‍ പണം നല്‍കി വാങ്ങാവുന്നവയാണ്. ഇവ കൂടാതെ അനവധി ഫസ്റ്റ് പേഴ്സണ്‍ ഷൂട്ടര്‍ ഗെയിമുകളും റോള്‍ പ്ലേ ഗെയിമുകളുമെല്ലാം ലഭ്യമാണ്. ഇത്തരത്തിലുള്ള ഗെയിമുകളുടെ ഒരു ചെറിയ പട്ടിക കാണാന്‍ binarytides.com/top-games-on-ubuntu-linux/ എന്ന പേജ് സന്ദര്‍ശിക്കാം. വിശദമായ പട്ടിക apps.ubuntu.com-ല്‍ ലഭ്യമാണ്.


Click here to read more like this. Click here to send a comment or query.