Nandakumar Edamana
Share on:
@ R t f

ഡിസ്ക് ഡീഫ്രാഗ്മെന്റേഷന്‍


ഡിസ്കിലെ ഡേറ്റ അടുക്കിവയ്ക്കുന്ന പ്രക്രിയയാണ് ഡിസ്ക് ഡീഫ്രാഗ്മെന്റേഷന്‍ (Disk defragmentation). ഫയലുകള്‍ ഇനംതിരിച്ച് ഫോള്‍ഡറുകളില്‍ ഒതുക്കിവച്ചാല്‍ നമ്മുടെ വേഗം കൂടുമല്ലോ. ഇതുപോലെ ഡിസ്കിനുള്ളിലെ വൃത്തിയാക്കല്‍ കംപ്യൂട്ടറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. എന്നാല്‍ നമ്മുടെ കണ്ണില്‍ ഫയലുകളുടെ സ്ഥാനത്തിനോ ക്രമത്തിനോ മാറ്റമൊന്നും വരുന്നില്ല. സ്ഥാനവും മറ്റും മാറ്റാതെ എന്ത് അടുക്കിവയ്ക്കലാണ് നടക്കുന്നത് എന്ന് തോന്നുന്നു​ണ്ടാവും. ഇത് മനസ്സിലാക്കാന്‍ ഫ്രാഗ്മെന്റേഷന്‍ എന്താണെന്ന് അറിയണം.

എന്താണ് ഫ്രാഗ്മെന്റേഷന്‍?

കഷ്ണങ്ങളാക്കുക എന്നതാണല്ലോ ഫ്രാഗ്മെന്റേഷന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. ഇതുതന്നെയാണ് ഡിസ്കില്‍ നടക്കുന്നതും. ഡിസ്കില്‍ ഒഴിഞ്ഞ സ്ഥലം (ഫ്രീ സ്പെയ്സ്) ഉണ്ടാവുക അങ്ങുമിങ്ങുമായിട്ടാവും. വലിയ ഫയലുകള്‍ എഴുതുമ്പോള്‍ അതിനെ മുറിച്ചുകഷ്ണങ്ങളാക്കി ഇവിടെയെല്ലാം എഴുതും (പുറമേയ്ക്ക് ഒരൊറ്റ ഫയലായേ പ്രദര്‍ശിപ്പിക്കൂ). ഇതാണ് ഫ്രാഗ്മെന്റേഷന്‍.

കാലക്രമേണ ചെറിയ ഫയലുകള്‍ പോലും കഷ്ണിക്കാതെ എഴുതാന്‍ നിവൃത്തിയില്ലെന്നാവും. ഓരോ ഫയലും കൈകാര്യം ചെയ്യാന്‍ ഡിസ്കില്‍ അങ്ങോളമിങ്ങോളം ഓടിനടക്കേണ്ട അവസ്ഥ. സിസ്റ്റം പെര്‍ഫോമന്‍സിനെ ഇതെത്രമാത്രം ബാധിക്കുമെന്ന് ഊഹിക്കാമല്ലോ. ഫ്രാഗ്മെന്റേഷന്‍ പരമാവധി കുറയ്ക്കുകയും ഫ്രീ സ്പെയ്സെല്ലാം അടുപ്പിച്ചിടുകയും ചെയ്യുന്ന പ്രക്രിയയാണ് ഡീഫ്രാഗ്മെന്റേഷന്‍.

ഗ്നു/ലിനക്സില്‍ ആവശ്യമില്ല?

തലക്കെട്ടു കണ്ടപ്പോഴേ ഗ്നു/ലിനക്സിനെ പുകഴ്ത്തുകയാണെന്ന് തോന്നുന്നു​ണ്ടോ? ഗ്നു/ലിനക്സില്‍ ഡീഫ്രാഗ്മെന്റേഷന്‍ വേണ്ട എന്നത് സത്യമാണ്. ഗ്നു/ലിനക്സിന്റെ ഫയല്‍സിസ്റ്റത്തിന്റെ പ്രത്യേകതയാണത്.

വിന്‍ഡോസായാലും ഗ്നു/ലിനക്സായാലും ഓരോ പാര്‍ട്ടീഷനും ഒരു ഫയല്‍സിസ്റ്റത്തെ അടിസ്ഥാനമാക്കിയാവും ഫോര്‍മാറ്റ് ചെയ്തിട്ടുണ്ടാവുക. FAT, NTFS, Ext3, Ext4 തുടങ്ങിയ ഈ ഫയല്‍സിറ്റങ്ങളാണ് പാര്‍ട്ടീഷനില്‍ ഡേറ്റ എഴുതേണ്ടതെങ്ങനെ എന്ന് തീരുമാനിക്കുന്നത്. പുറത്തേക്ക് ഫയലുകളുടെയും ഫോള്‍ഡറുകളുടെയും ക്രമീരണത്തില്‍ വ്യത്യാസമൊന്നും കാണില്ലെങ്കിലും ഓരോ ഫയല്‍സിസ്റ്റത്തിന്റെയും ആന്തരികഘടനയില്‍ വലിയ വ്യത്യാസങ്ങളുണ്ട്.

ഗ്നു/ലിനക്സിന്റെ സ്വതവേയുള്ള ഫയല്‍സിസ്റ്റം Ext ശ്രേണിയില്‍പ്പെട്ടതാണ്. ഓരോ ഫയല്‍ എഴുതുമ്പോഴും സ്വയം ഒരു ഡീഫ്രാഗ്മെന്റേഷന്‍ നടത്തുന്നു എന്നതാണ് ഈ ഫയല്‍സിസ്റ്റത്തിന്റെ രീതി. അതുകൊണ്ട് ഒന്നിച്ചുള്ള ഒരു ഡീഫ്രാഗ്മെന്റേഷന്‍ ആവശ്യമില്ല. ലിനക്സ് കേണലും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ വിന്‍ഡോസില്‍ ഉപയോഗിക്കുന്ന ഫയല്‍സിസ്റ്റങ്ങള്‍ ഡീഫ്രാഗ്മെന്റേഷന്‍ ആവശ്യപ്പെടുന്നവയാണ്.

വിന്‍ഡോസില്‍ ചെയ്യേണ്ടത്

സ്റ്റാര്‍ട്ട് മെനുവില്‍ സെര്‍ച്ച് ചെയ്ത് വിന്‍ഡോസിലെ Disk Defragmenter തുറക്കാം. തുടര്‍ന്ന് ആവശ്യമുള്ള ഡ്രൈവ് തിരഞ്ഞെടുക്കുക. Analyze disk അമര്‍ത്തിയാല്‍ ഡീഫ്രാഗ്മെന്റേഷന്‍ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാം. തുടര്‍ന്ന് ഡീഫ്രാഗ്മെന്റേഷനായി Defragment disk ക്ലിക്ക് ചെയ്യുക.

എസ്.എസ്.ഡി. ഡ്രൈവുകള്‍

ഹാര്‍ഡ് ഡിസ്ക് ഡ്രൈവില്‍നിന്നും ഒട്ടേറെ മാറ്റങ്ങളുള്ളവയാണ് പുതിയ സാങ്കേതികവിദ്യയായ സോളിഡ് സ്റ്റേറ്റ് ഡ്രൈവ് (എസ്.എസ്.ഡി.). നാം പറയാറുള്ള ഡീഫ്രാഗ്മെന്റേഷനോ ഡേറ്റാ റിക്കവറിയോ ഒന്നും എസ്.എസ്.ഡി.യ്ക്ക് നേരിട്ട് ബാധകമല്ല.


Click here to read more like this. Click here to send a comment or query.