Nandakumar Edamana
Share on:
@ R t f

പുതിയ ചില ഗ്നു/ലിനക്സ് പതിപ്പുകള്‍


2015 ജൂണില്‍ പുറത്തിറങ്ങിയ ചില ഗ്നു/ലിനക്സ് പതിപ്പുകള്‍ പരിചയപ്പെടാം. ഇത്തരത്തിലുള്ളവ നൂറുകണക്കിനുണ്ടെങ്കിലും സാധാരണക്കാരെ ആകര്‍ഷിക്കുന്ന ചിലതുമാത്രമാണ് ഇവിടെ കൊടുക്കുന്നത്.

മന്‍ജാരോ (Manjaro Linux)

ആര്‍ക് ലിനക്സ് എന്ന വിതരണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇതിന്റെ പ്രധാനലക്ഷ്യം തന്നെ സാധാരണക്കാരന് ഇണങ്ങുന്നതാവുക എന്നതാണ്. ഇന്‍സ്റ്റളേഷനും ഹാഡ്‌വെയര്‍ ഡിറ്റക്ഷനും സുഗമമാക്കുക, ഒന്നിലേറെ കേണലുകള്‍ പിന്തുണയ്ക്കുക എന്നീ കാര്യങ്ങളിലെല്ലാം അണിയറപ്രവര്‍ത്തകര്‍ ഏറെ അദ്ധ്വാനിച്ചിട്ടുണ്ട്. 2011-ല്‍ ആദ്യപതിപ്പ് വന്ന ഇതിന്റെ 0.8.13 എന്ന പതിപ്പ് ഇക്കഴിഞ്ഞ ജൂണ്‍ 14-ന് പുറത്തിറങ്ങി. manjaro.github.io എന്ന വെബ്സൈറ്റില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

മഗെയ (Mageia)

മാന്‍ഡ്രിവ എന്ന വിതരണത്തില്‍നിന്നും വികസിപ്പിച്ചെടുത്ത ഇത് മന്‍ജാരോയെപ്പോലെതന്നെ ഡെസ്ക്ടോപ്പ് ഉപയോക്താക്കളെ ലക്ഷ്യമാക്കുന്നു. 167 ഭാഷകളില്‍ ലഭ്യമായ ഇത് ഇന്‍സ്റ്റളേഷന്‍ സമയത്തുതന്നെ ആവശ്യമുള്ള ഇന്റര്‍ഫെയ്സ് തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്നുണ്ട്. 2011-ല്‍ ആദ്യപതിപ്പ് പുറത്തിറങ്ങിയ ഇത് ഇതിന്റെ അഞ്ചാമത്തെ വേര്‍ഷനാണ് ഈ ജൂണില്‍ പുറത്തിറങ്ങിയത്. mageia.org എന്ന വെബ്സൈറ്റില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ലിനക്സ് മിന്റ് (Linux Mint)

ഉബുണ്ടുവും ഡെബീയനും അടിസ്ഥാനമാക്കിയുള്ള ഈ ഗ്നു/ലിനക്സ് പതിപ്പ് പലപ്പോഴും ഉബുണ്ടുവിനേക്കാള്‍ പ്രശസ്തമായിട്ടുണ്ട്. അധിക ഇന്‍സ്റ്റളേഷനുകള്‍ ഒഴിവാക്കി ഒരു സമ്പൂര്‍ണ്ണത സമ്മാനിക്കുക എന്നതാണ് മിന്റ് ലക്ഷ്യമാക്കുന്നത്. linuxmint.com/download_all.php എന്ന പേജില്‍ പുതിയ പതിപ്പായ 17.2-വിന്റെ സൗജന്യഡൗണ്‍ലോഡ് ലഭ്യമാണ്.

ഗ്നു/ലിനക്സ് പതിപ്പുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശകലനവും അറിയാന്‍ distrowatch.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.


Click here to read more like this. Click here to send a comment or query.