Nandakumar Edamana
Share on:
@ R t f

പൈറസി: ഡിജിറ്റല്‍ സങ്കേതമോ വില്ലന്‍?


മറ്റൊരാളുടെ മോഷണക്കുറ്റം കോപ്പി-പേസ്റ്റ് ചെയ്ത് തന്റേതാക്കുന്ന വേണ്ടാപ്പണിയാണ് ലളിതമായി പറഞ്ഞാല്‍ പൈറസി. പക്ഷേ പൈറസിയെ ലളിതമാക്കിയത് ഡിജിറ്റല്‍ സാങ്കേതികവിദ്യയല്ലേ? ഡിജിറ്റലോ ഉപയോക്താവോ യഥാര്‍ത്ഥ കുറ്റവാളി? പൈറസിയെ എങ്ങനെ തടയാം? ഒരന്വേഷണമാണ് ഈ ലേഖനം.

പൈറസി അഥവാ അനധികൃതമായ പകര്‍പ്പെടുക്കല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമുക്ക് പരിചയമുള്ള വാക്കാണ്. എന്നാല്‍ ഈയടുത്ത് അത് ചൂടുള്ള ഒരു ചര്‍ച്ചാവിഷയമായി മാറി. കൊച്ചുകേരളത്തിലെ ‘പ്രേമ’വും ബിഗ് ബജറ്റ് ചിത്രമായ ‘ബാഹുബലി’യും മുതല്‍ ആഗോളഭീമനായ യൂനിവേഴ്സല്‍ പിക്ചേഴ്സിന്റെ ‘ജുറാസിക് വേള്‍ഡ്‘ വരെ ചോര്‍ന്നുപരക്കുന്നു. നിസ്സഹായതയോടെ നോക്കിനില്‍ക്കാനേ നിര്‍മ്മാതാക്കള്‍ക്കും നിയമപാലകര്‍ക്കും കഴിയുന്നുള്ളൂ. ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രതിക്കൂട്ടിലാവുകയാണോ?

ഒരു ഡിജിറ്റല്‍ വിചാരണ

പൈറസി നമ്മുടെ തെറ്റു തന്നെയാണ്. അതിന് സാങ്കേതികവിദ്യയുടെ പഴുതുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു സി.ഡി. കോപ്പി-പ്രൊട്ടക്റ്റഡ് അല്ലെങ്കിലും അതിന്റെ വ്യാജപതിപ്പുകള്‍ നിര്‍മ്മിച്ച് സൃഷ്ടിയെ തകര്‍ക്കുന്നതില്‍നിന്ന് ഒരു യഥാര്‍ത്ഥ കലാസ്നേഹിക്ക് പിന്മാറാന്‍ കഴിയണം.

എങ്കിലും പൈറസി വ്യാപകമാകാന്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ എത്രത്തോളം സഹായിച്ചു എന്ന് വിശകലനം ചെയ്യുന്നത് നല്ലതായിരിക്കും. ഒരു പക്ഷേ നാം സ്വയം നന്നാവേണ്ടതുണ്ടെന്ന തിരിച്ചറിവാകും അത് തരിക.

ഇന്ന് ചലച്ചിത്രം പൂര്‍ണ്ണമായും ഡിജിറ്റലാണ്. ഉന്നതനിലവാരം പ്രതീക്ഷിക്കുന്ന ചിത്രങ്ങള്‍ മാത്രമേ ഇപ്പോഴും ഫിലിമിനെ ആശ്രയിക്കുന്നുള്ളൂ (ജുറാസിക് വേള്‍ഡ് ചിത്രീകരിച്ചത് ഫിലിമിലാണ്). ചിത്രീകരണം ഫിലിം ആയാലും ഡിജിറ്റല്‍ ആയാലും വിഷ്വല്‍ ഇഫക്റ്റുകള്‍ ചേര്‍ക്കാനും എഡിറ്റിങ്ങിനും വേണ്ടി അവ ഡിജിറ്റലായി സ്കാന്‍ ചെയ്യപ്പെടുന്നു. ഡിജിറ്റല്‍ ഇന്റര്‍മീഡിയറ്റ് എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്. വിതരണവും ഇന്ന് ഡിജിറ്റലായിത്തന്നെ (പ്രദര്‍ശനയോഗ്യമായ പകര്‍പ്പ് ഹാഡ്‌ഡിസ്കിലാക്കുന്നു; ഇത് പ്രദര്‍ശനശാലകള്‍ക്ക് നേരിട്ട് കൈമാറുകയോ യു.എഫ്.ഒ., ക്യൂബ് പോലുള്ള വിതരണക്കാരെ ഉപഗ്രഹവിതരണത്തിന് ഏല്‍പ്പിക്കുകയോ ചെയ്യാം).

എഡിറ്റിങ് പൂര്‍ത്തിയാകുന്നതോടെ തന്നെ ഒരു ചിത്രം മോഷണത്തിന് യോജിച്ച രൂപത്തിലാവുന്നു. വിതരണം പലപ്പോഴും എന്‍ക്രിപ്റ്റഡ്ഡും സാധാരണ കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കാത്ത ഫോര്‍മാറ്റിലും ഒക്കെയാവും. എന്നാല്‍ എഡിറ്റിങ് മേശകളില്‍നിന്ന് ഒരു വ്യാജപതിപ്പ് ലഭ്യമാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. സ്റ്റുഡിയോയിലെ ഒരു കംപ്യൂട്ടറില്‍നിന്ന് ചിത്രത്തിന്റെ പകര്‍പ്പ് ചോര്‍ത്താനായാല്‍ അതു പിന്നെ എങ്ങനെയെല്ലാം ഇരട്ടിയാകുമെന്ന് ആര്‍ക്കുമൂഹിക്കാം.

ഡിജിറ്റല്‍ യുഗത്തില്‍ എന്തും വളരെയെളുപ്പം പകര്‍പ്പെടുക്കാനാകുന്നു. ഇതിന് പ്രത്യേകിച്ച് ചെലവോ മനുഷ്യാധ്വാനമോ ഇല്ല എന്നത് മിക്കപ്പോഴും ഒരനുഗ്രഹവും ഈ വിഷയത്തില്‍ വലിയൊരു വെല്ലുവിളിയുമാണ്. എല്ലാം ഫിലിമിലായിരുന്നെങ്കില്‍ എന്തുണ്ടാവുമെന്ന് സങ്കല്‍പ്പിക്കുക. ചിത്രീകരണം മുതല്‍ എഡിറ്റിങ്ങും വിതരണവും വരെ ഫിലിം. ഇത്തരമൊരു സാഹചര്യത്തില്‍ തീയറ്ററിലെത്തും വരെ പടം ചോരാനിടയില്ല. കാരണം പെന്‍ഡ്രൈവിലേക്ക് ഡ്രാഗ് ചെയ്തിടുന്നതുപോലെയല്ല ഒരു സെല്ലുലോയ്ഡ് ചിത്രത്തിന്റെ മോഷണം. അത് പതിനായിരങ്ങളോ ലക്ഷങ്ങളോ ചെലവുള്ള ഒരു പരിപാടിയാണ്.

ഫിലിമില്‍ ഒരു പടം മോഷ്ടിച്ചെടുത്തിട്ട് യാതൊരുപയോഗവുമില്ല. അതില്‍നിന്ന് ഡിജിറ്റല്‍ വീഡിയോ ഉണ്ടാക്കാമെന്നുവച്ചാല്‍ അതും മെനക്കേടുള്ള പണിയാണ്. ഒരു സിനിമാക്കഥയിലേതുപോലെ പാര പണിയാനും മറ്റും അങ്ങനെചെയ്യാം എന്നല്ലാതെ ഇന്നു നടക്കുന്ന രീതിയിലുള്ള പൈറസിയൊന്നും ഈ വഴിക്കുണ്ടാവില്ല. കംപ്യൂട്ടറില്‍ ഒരു ചിത്രത്തിന്റെ പകര്‍പ്പ് കണ്ടാല്‍ ഒരു സ്റ്റുഡിയോ ജീവനക്കാരന് അത് ലളിതമായി പെന്‍ഡ്രൈവില്‍ ആക്കാവുന്നതാണ് (സ്റ്റുഡിയോയുടെ സുരക്ഷ ദുര്‍ബലമാണെങ്കില്‍). എന്നാല്‍ ഏത് സെല്ലുലോയ്ഡ് സ്റ്റുഡിയോയിലെ ജീവനക്കാരനാണ് ഈ പണിക്കുവേണ്ടി ഒരു സെല്ലുലോയ്ഡ്-റ്റു-ഡിജിറ്റല്‍ സ്കാനര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോകുന്നത്?

ഡിജിറ്റലായാലും ഫിലിമായാലും പ്രദര്‍ശനവേളയില്‍ ആര്‍ക്കും സ്ക്രീനിന്റെ വീഡിയോ എടുത്ത് പകര്‍പ്പുകളുണ്ടാക്കാവുന്നതേയുള്ളൂ. എന്നാല്‍ ഹൈ ക്വാളിറ്റി പ്രിന്റുകളുടെ ചോര്‍ന്നുപോക്ക് ഒരുപക്ഷേ ഡിജിറ്റലില്‍ മാത്രം സാധിക്കുന്നതാണ്.

ഒരു ഡിജിറ്റല്‍ പകര്‍പ്പ് ചോര്‍ന്നാല്‍ അതെത്ര പെട്ടെന്ന് വ്യാപിക്കുമെന്നും നമുക്കറിയാം. ഇന്റര്‍നെറ്റും ഫയല്‍ ഷെയറിങ് വെബ്സൈറ്റുകളും ഇതിന് അത്രയേറെ അവസരമൊരുക്കുന്നു. അവയ്ക്ക് മൂക്കുകയറിടാനാവാത്തത് എന്തുകൊണ്ടെന്ന് നോക്കാം.

ഗൂഗ്ള്‍ മാത്രമല്ല പ്രതി

ജുറാസിക് വേള്‍ഡിന്റെ പകര്‍പ്പുകളിലേക്കുള്ള ലിങ്കുകള്‍ ഒഴിവാക്കാനാവശ്യപ്പെട്ട് യൂനിവേഴ്സല്‍ പിക്ചേഴ്സ് ഗൂഗ്ളിനെതിരെ തിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. പ്രസ്തുത നോട്ടീസില്‍ യൂനിവേഴ്സലിന് പറ്റിയ അബദ്ധമായിരുന്നു ചര്‍ച്ചാവിഷയം. പൈറേറ്റഡ് പകര്‍പ്പുകള്‍ കണ്ടെത്താന്‍ അവര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ചതുകൊണ്ടാകാം, ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെട്ട ലിങ്കുകളുടെ കൂട്ടത്തില്‍ അവരുടെ സ്വന്തം സെര്‍വറുമുണ്ടായിരുന്നു!

നാം ചര്‍ച്ച ചെയ്യുന്നത് അതല്ല. ഗൂഗ്ളിനെ മാത്രം പൂട്ടിയിട്ട് കാര്യമുണ്ടോ എന്നതാണ്. കളവുമുതല്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ ഗൂഗ്ളിന് ഒന്നും ചെയ്യാനാവില്ല. യൂട്യൂബിന്റെ നിയന്ത്രണം മാത്രമാണ് അവരുടെ കയ്യില്‍. ഗൂഗ്ളിലെ ലിങ്ക് പോയാലും വീഡിയോകള്‍ യഥാര്‍ത്ഥ സൈറ്റുകളില്‍ പഴയപടി കിടക്കുന്നു.

മിക്കവര്‍ക്കും വെബ്ബിലേക്കുള്ള കവാടം ഗൂഗ്ള്‍ ആയതുകൊണ്ട് ഗൂഗ്ളിലെ ലിങ്ക് പോകുന്നത് കുറേപ്പേരെ വ്യാജപകര്‍പ്പുകളില്‍നിന്നകറ്റാം. എന്നാല്‍ ഈ നേരമാകുമ്പോഴേക്കും ആ ലിങ്കുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരിക്കാനാണിട. ഡീപ്പ് വെബ്ബ് പോലെയുള്ള നിഗൂഢനെറ്റ്‌വര്‍ക്കിങ് വഴികള്‍ വേറെയും.

ഫയല്‍ ഷെയറിങ് സൈറ്റുകളും നമുക്ക് പരിചയമില്ലാത്ത രഹസ്യ സെര്‍വ്വറുകളും ദ പൈറേറ്റ് ബേ പോലുള്ള ടോറന്റ് കവാടങ്ങളും ചേര്‍ന്നാണ് ഇന്റര്‍നെറ്റിലെ വ്യാജകേന്ദ്രങ്ങള്‍ക്ക് രൂപം കൊടുക്കുന്നത്. എന്തുകൊണ്ട് ഇവരെ പൂട്ടാനാവുന്നില്ല? ഒന്ന്, സൈബര്‍ നിയമങ്ങള്‍ ബാധകമല്ലാത്ത രാജ്യങ്ങളിലാണ് വില്ലന്‍ സൈറ്റുകളധികവും ഹോസ്റ്റ് ചെയ്യപ്പെടുന്നത്. രണ്ട്, ഗൂഗ്ളിനെപ്പോലെ ഒരേ പേരില്‍ എല്ലാക്കാലവും പൊതുജനത്തെ അഭിമുഖീകരിക്കേണ്ട ആവശ്യം ഇവര്‍ക്കില്ല. ഒരു സൈറ്റ് പൂട്ടുമ്പോള്‍ മറ്റൊരു പേരില്‍, മറ്റൊരു രൂപത്തില്‍ ഇവര്‍ക്ക് പ്രത്യക്ഷപ്പെടാം.

ദ പൈറേറ്റ് ബേ ലോഗോ (ചിത്രം: https://en.wikipedia.org/wiki/File:The_Pirate_Bay_logo.svg)
ദ പൈറേറ്റ് ബേ ലോഗോ (ചിത്രം: https://en.wikipedia.org/wiki/File:The_Pirate_Bay_logo.svg)

പ്രതിച്ഛായ ഒന്നുകൊണ്ടുമാത്രമാവില്ലേ പ്രമുഖ സേര്‍ച്ച് എന്‍‌ജിനുകള്‍ അനധികൃതലിങ്കുകള്‍ ഒഴിവാക്കാന്‍ സമ്മതിക്കുന്നത്? അല്ലെങ്കില്‍ ഉപയോക്താക്കള്‍ ഏറ്റവുമധികം തെരയാനിടയുള്ള, ഏറ്റവുമധികം ട്രാഫിക് കൊണ്ടുവരുന്ന ലിങ്കുകള്‍ അവരെന്തിന് ഒഴിവാക്കണം?

ഈയവസരത്തില്‍ ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു: ബിറ്റ്ടോറന്റ് എന്നത് ഒരു ഫയല്‍ ഷെയറിങ് പ്രൊട്ടോക്കോള്‍ മാത്രമാണ്. അത് ദുരുപയോഗം ചെയ്യുകയാണ് പൈറേറ്റ് സൈറ്റുകള്‍ ചെയ്യുന്നത്. തെറ്റ് ആരുടേതാണെന്ന് തിരിച്ചറിയുമല്ലോ.

ഡിജിറ്റല്‍ വേണ്ടെന്നോ?

പൈറസിക്ക് കൂട്ടുനില്‍ക്കുക മാത്രമല്ല, അതിനെ അതിരറ്റ് പ്രോത്സാഹിപ്പിക്കുക കൂടിയാണ് ഡിജിറ്റല്‍ എന്ന് നാം കണ്ടു. എന്നാല്‍ ഇതിന്റെ പേരില്‍ ഡിജിറ്റലില്‍നിന്നൊരു മടങ്ങിപ്പോക്ക് സാദ്ധ്യമല്ല. ചലച്ചിത്രനിര്‍മ്മാണം ഇത്രയേറെ ലളിതമാക്കിയതില്‍ ഡിജിറ്റലിന് വലിയൊരു പങ്കുണ്ട്. സെല്ലുലോയ്ഡാണ് മിഴിവുള്ള ചിത്രം തരുന്നതെന്ന് വാദിക്കുമ്പോഴും ചെലവ് കുറവും കൈകാര്യം ചെയ്യാനെളുപ്പമുള്ളതുമായ മാദ്ധ്യമം ഡിജിറ്റലാണെന്ന് തലതൊട്ടപ്പന്മാര്‍ വരെ സമ്മതിക്കുന്നു. ഫിലിമില്‍ ചിത്രീകരിക്കാന്‍ ക്യാമറയ്ക്കുപുറമെ ലക്ഷങ്ങള്‍ ചെലവുവരുമ്പോള്‍ ഡിജിറ്റലില്‍ വരുന്നത് ഹാഡ് ഡിസ്കിന്റെ ചെലവ് മാത്രമാണ്. എഡിറ്റിങ്ങിലും വിതരണത്തിലും ഡിജിറ്റല്‍ ‘ഫ്ലെക്സിബിലിറ്റി’ കൊണ്ടുവന്നു എന്നതും വ്യക്തമാണ്.

പൈറസി ഒഴിവാക്കാനുള്ള വിദ്യകള്‍ വികസിപ്പിച്ചെടുക്കുകയോ (എതു പൂട്ടും ഹൂഡിനികള്‍ക്ക് തുറക്കാം) ചില കച്ചവടതന്ത്രങ്ങളിലൂടെ നിര്‍മ്മാതാവിനും കാണിക്കും ലാഭമുള്ള രീതിയില്‍ സൃഷ്ടികള്‍ ലഭ്യമാക്കുകയോ ചെയ്യണം. ഈ രണ്ടു കാര്യവും ഒന്ന് പരിശോധിക്കാം.

പൂട്ടുകള്‍ വിവാദത്തില്‍

പൈറസി തടയാന്‍ എല്ലാ കാലത്തും നിര്‍മ്മാതാക്കള്‍ ഓരോ വിദ്യ പയറ്റിയിട്ടുണ്ട്. സി.ഡി.യിലും മറ്റും അവരിടുന്ന പൂട്ടുകള്‍ ‘കോപ്പി പ്രൊട്ടക്ഷന്‍’ എന്നറിയപ്പെടുന്നു. ഒരര്‍ത്ഥത്തില്‍ ഇത് ശുദ്ധ മണ്ടത്തരമാണ്. കാരണം, പ്ലേ ചെയ്യാവുന്ന എന്തും കോപ്പി ചെയ്യാനുമാവും. ഒരു ഡിസ്ക് പ്ലേ ചെയ്യുമ്പോള്‍ കംപ്യൂട്ടര്‍ അതിലെ ഓരോ ബൈറ്റും വായിച്ചെടുക്കുന്നു. ഈ വായിച്ചെടുക്കുന്ന ബൈറ്റുകള്‍ മറ്റൊരു ഡിസ്കിലേക്കെഴുതിയാല്‍ അത് പകര്‍പ്പെടുക്കലായി. ഇത് കുറേക്കൂടി വൃത്തിയായി ചെയ്യാന്‍ സി.ഡി. റിപ്പിങ് സോഫ്റ്റ്‌വെയറുകളും ലഭ്യമാണല്ലോ.

തങ്ങളുടെ പ്ലേയറില്‍ മാത്രം പ്ലേ ആവുന്ന രൂപത്തില്‍ ഡിസ്കുകളുണ്ടാക്കുന്നതാണ് നിര്‍മ്മാതാക്കള്‍ ചെയ്യുന്ന മറ്റൊരു കാര്യം. എന്നാല്‍ ഇവര്‍ തരുന്ന പ്ലേയര്‍ പ്രോഗ്രാമുകള്‍ എല്ലാ കംപ്യൂട്ടറിലും പ്രവര്‍ത്തിക്കണമെന്നില്ല. ഉദാഹരണത്തിന് വിന്‍ഡോസ് വിസ്റ്റയ്ക്കുവേണ്ടി വേണ്ടി തയ്യാറാക്കിയ ഒരു കോപ്പി പ്രൊട്ടക്റ്റഡ് സി.ഡി. വിന്‍ഡോസ് എക്സ്.പി.യിലെ ഗ്നു/ലിനക്സിലോ പ്രവര്‍ത്തിക്കില്ല. ഇത് ഉപഭോക്താവിനെ രോഷാകുലനാക്കുന്നു. മറ്റൊന്നും സംഭവിക്കാം: ഗ്നു/ലിനക്സില്‍ ലളിതമായി അതിന്റെ പകര്‍പ്പെടുക്കാം എന്ന അവസ്ഥ.

പൈറസി തടയാന്‍ കൊണ്ടുവന്ന ഡി.ആര്‍.എം. (ഡിജിറ്റല്‍ റൈറ്റ്സ് മാനേജ്മെന്റ്) വലിയ വിവാദത്തിലായി. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ സാധുക്കളായ ഉപയോക്താക്കളെപ്പോലും ബുദ്ധിമുട്ടിലാക്കുന്നു എന്നതാണ് സത്യം.

ഡി.ആര്‍.എമ്മിനോടുള്ള പ്രതിഷേധം (ചിത്രം: https://en.wikipedia.org/wiki/File:DRM_protest_Boston_DefectiveByDesign.jpg)
ഡി.ആര്‍.എമ്മിനോടുള്ള പ്രതിഷേധം (ചിത്രം: https://en.wikipedia.org/wiki/File:DRM_protest_Boston_DefectiveByDesign.jpg)

കാശുകൊടുത്ത് ഒരു സി.ഡി. വാങ്ങിയാല്‍ അത് നമുക്ക് സ്വതന്ത്രമായി കൈകാര്യം ചെയ്യാം. എന്നാല്‍ പടം വാടകയ്ക്കെടുത്ത് കാണാവുന്ന വെബ്സൈറ്റുകള്‍ പരിധിയില്‍ കവിഞ്ഞ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതായും ആരോപണമുണ്ട്.

കാശുകൊടുത്തുതന്നെ ആസ്വദിക്കണോ?

കാശുകൊടുത്ത് യഥാര്‍ത്ഥ പകര്‍പ്പുകള്‍ തന്നെ ആസ്വദിക്കുക, അങ്ങനെ കലാസൃഷ്ടിയുടെ പിന്നിലുള്ളവരെ പിന്തുണയ്ക്കുക എന്നത് ഒരു നല്ല നിര്‍ദേശമാണ്. നിങ്ങള്‍ ഒരു യഥാര്‍ത്ഥ കലാസ്നേഹി ആണെങ്കില്‍ തീയറ്ററില്‍ പോയി സിനിമ കാണുകയോ വീഡിയോ/ഓഡിയോ ഡിസ്കുകള്‍ പണം കൊടുത്ത് വാങ്ങുകയോ ചെയ്യുക (മുഷിയേണ്ട, സൗജന്യത്തിനുള്ള വഴികള്‍ വൈകാതെ പറയാം).

യൂട്യൂബില്‍ യൂനിവേഴ്സല്‍ പിക്ചേഴ്സ് പോലുള്ള വിതരണക്കാര്‍ കാശുകൊടുത്ത് കാണാവുന്ന വിധത്തില്‍ ചലച്ചിത്രങ്ങള്‍ ലഭ്യമാക്കുന്നു. ഇതിനുമാത്രമായുള്ള വെബ്സൈറ്റുകളുമുണ്ട്. വാടകയ്ക്കോ എപ്പോള്‍ വേണമെങ്കിലും കാണാവുന്ന രൂപത്തിലോ ചലച്ചിത്രങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഡിസ്ക് വാങ്ങി കയ്യില്‍ വയ്ക്കുന്ന ഒരു സ്വാതന്ത്ര്യം ഈ സംവിധാനത്തിനില്ല.

മലയാളസിനിമകളുടെ ഡി.വി.ഡി.കള്‍ക്ക് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റുകളിലെ ശരാശരി വില ₹130 ആണ്. ഇത് വലിയൊരു തുകയല്ലല്ലോ (ബ്ലൂറേ സിനിമകള്‍ക്ക് ആയിരം രൂപ ഒരല്‍പ്പം കൂടുതലാണെന്ന് സമ്മതിക്കുന്നു). ഇവ കിട്ടാന്‍ flipkart.com, amazon.in, snapdeal.com എന്നീ വെബ്സൈറ്റുകള്‍ക്കുപുറമെ mymoviemall.com, infibeam.com തുടങ്ങിയ വെബ്സൈറ്റുകളുമുണ്ട്.

എന്നാല്‍ ഇതെല്ലാം എത്രത്തോളം പ്രായോഗികമാണ് എന്നറിയില്ല. തീയറ്ററിന്റെ ഗുണം തന്നെ കിട്ടാന്‍ കാശുകൊടുത്ത് സിനിമ കാണുന്ന ഒരാള്‍ സി.ഡി.യുടെ കാര്യമെത്തുമ്പോള്‍ വ്യാജനെ ആശ്രയിച്ചെന്നുവരും. പെന്‍ഡ്രൈവില്‍ എച്ച്.ഡി. വീഡിയോ തന്നെ കോപ്പി ചെയ്തെടുക്കാനാവുമ്പോള്‍ നൂറുകണക്കിന് രൂപ മുടക്കി കാത്തിരിക്കുന്നതെന്തിന് എന്ന് അയാള്‍ ചോദിച്ചേക്കാം. ആയിരക്കണക്കിനാളുകള്‍‌ ഇതേ നിലപാടെടുക്കുമ്പോള്‍ നിയമനടപടികള്‍ ബുദ്ധിമുട്ടായിത്തീരും. ചുരുക്കിപ്പറഞ്ഞാല്‍ ഓരോ പകര്‍പ്പിനും പണം മുടക്കണമെന്ന വ്യവസ്ഥ പൈറസി വര്‍ദ്ധിപ്പിക്കുകയാവും ചെയ്യുക.

അപ്പോള്‍ നിയമം തെറ്റിക്കാതെ സൗജന്യം കിട്ടണമെന്ന് വരുന്നു. അതിന് നിലവിലുള്ള പ്രധാന വഴികള്‍ ടെലിവിഷനും റേഡിയോയും ഔദ്യോഗിക യൂട്യൂബ് ചാനലുകളുമാണ്. ഇവയില്‍ നിര്‍മ്മാതാവിനുള്ള പണം ചാനലുകാര്‍ കൊടുക്കുകയും ചാനലുകാര്‍ക്കുള്ള പണം പരസ്യം വഴി കിട്ടുകയും ചെയ്യുന്നു.

നിയമം തെറ്റിക്കാതെ ഒരു കമ്പ്യൂട്ടര്‍ ഉപയോക്താവിന് ഇതെല്ലാം എങ്ങനെ ആസ്വദിക്കാമെന്ന് നോക്കാം.

ആസ്വദിക്കാം പൈറസിയോ പണച്ചെലവോ ഇല്ലാതെ!

സൗജന്യം തേടുന്ന ആസ്വാദകര്‍ക്കുമുന്നില്‍ ചലച്ചിത്രവും സംഗീതവും സൗജന്യമായിത്തന്നെ അവതരിപ്പിച്ച് പരസ്യം വഴി ലാഭം കൊയ്യാനുള്ള അവസരമാണ് വിതരണക്കാര്‍ക്കുമുന്നില്‍ ഇന്റര്‍നെറ്റ് ഒരുക്കുന്നത്. യൂട്യൂബ് ആണ് ഇത്തരത്തിലുള്ള ഒരു പ്രധാന വേദി. ഓണ്‍ലൈന്‍ റേഡിയോകള്‍ക്കും ഈ രീതിയില്‍ മുന്നോട്ടുപോകാനാവും.

നിയമപരമായിത്തന്നെ സംഗീതം ആസ്വദിക്കാവുന്ന ചില യൂട്യൂബ് ചാനലുകള്‍ ഇതാ:

  • https://www.youtube.com/user/SatyamAudio
  • satyamjukebox
  • TseriesMalayalam
  • saregamamalayalam
  • SonyMusicSouthVEVO
  • apimalayalamsongs

ഇനി സൗജന്യ സിനിമ:

  • https://www.youtube.com/user/amritatv
  • mallubiscoot
  • millenniumcinemas

ശ്രദ്ധിക്കുക: ഇവ അതാത് വിതരണക്കാരുടെ ഔദ്യോഗികചാനലുകള്‍ തന്നെയാണെന്ന് വിശ്വസിക്കുന്നു. ചാനലുടമകള്‍ നിയമപരമായിത്തന്നെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് വിശ്വസിക്കുകയേ തത്കാലം നിവൃത്തിയുള്ളൂ.

ഫ്രീ ലൈസന്‍സുകള്‍

പ്രൊപ്രൈറ്ററി ലൈസന്‍സിനുകീഴില്‍ ഇറങ്ങുന്നതുകൊണ്ടാണ് ചലച്ചിത്രങ്ങളും മറ്റും പകര്‍ത്തുന്നത് നിയമവിരുദ്ധമായിത്തീരുന്നത്. എന്നാല്‍ ഫ്രീ ലൈസന്‍സില്‍ പുറത്തിറങ്ങുന്ന സൃഷ്ടികള്‍ നമ്മുടെ ഇഷ്ടത്തിനൊന്ന് (ചിലപ്പോള്‍ നിബന്ധനകള്‍ക്ക് വിധേയമായി) ഉപയോഗിക്കുകയോ പകര്‍ത്തുകയോ ചെയ്യാം.

ബിഗ് ബക്ക് ബണ്ണി -- ക്രിയേറ്റീവ് കോമണ്‍സിനു കീഴിലുള്ള ഒരു പ്രശസ്ത ചലച്ചിത്രം (ചിത്രം: https://upload.wikimedia.org/wikipedia/commons/c/ca/Bbb-splash.png)
ബിഗ് ബക്ക് ബണ്ണി -- ക്രിയേറ്റീവ് കോമണ്‍സിനു കീഴിലുള്ള ഒരു പ്രശസ്ത ചലച്ചിത്രം (ചിത്രം: https://upload.wikimedia.org/wikipedia/commons/c/ca/Bbb-splash.png)

ക്രിയേറ്റീവ് കോമണ്‍സ് ഇത്തരത്തിലൊരു ലൈസന്‍സാണ്. വക്കിപീഡിയയുടെ ഉള്ളടക്കം മിക്കവാറും ഇതിനുകീഴിലാണ് (ഇതാണ് വിക്കീപീഡിയയിലെ ഉള്ളടക്കം പകര്‍ത്തുന്നത് തെറ്റല്ലാതിരിക്കാന്‍ കാരണം). യൂട്യൂബില്‍ തിരയുമ്പോള്‍ ഫില്‍റ്റേഴ്സ് ഉപയോഗിച്ച് ഈ ലൈസന്‍സിലുള്ള വീഡിയോകള്‍ മാത്രം കണ്ടെത്താം.


Click here to read more like this. Click here to send a comment or query.