Nandakumar Edamana
Share on:
@ R t f

നെറ്റ് കണക്ഷന്റെ ലക്ഷ്മണരേഖ


അതിവേഗകണക്ഷന്റെ സുഖം ആസ്വദിച്ചുവരുമ്പോഴാവും ഇന്റര്‍നെറ്റ് ഉപയോഗം നിര്‍ദേശിച്ച പരിധി കടക്കുന്നത്. ഇനിയങ്ങോട്ട് മെല്ലെപ്പോക്ക്. അല്ലെങ്കില്‍ അധിക ഉപയോഗത്തിന് പ്രത്യേക ചാര്‍ജ്ജ്.

ഇതൊരു പതിവുസംഭവമാണ്. വ്യക്തിഗത ഉപയോഗമായാലും സ്ഥാപനത്തിലെ കാര്യമായാലും പ്ലാന്‍ അപ്‌ഗ്രേഡ് ചെയ്യാതെതന്നെ ഈ പ്രശ്നം പരിഹരിക്കുന്നതെങ്ങനെ എന്ന് നാമെല്ലാവരും ചിന്തിച്ചിട്ടുണ്ട്. അത്തരം ചില സൂത്രങ്ങളാണ് ഈ ലക്കം ഇന്‍ഫോഹെല്‍ത്തില്‍.

സേവനദാതാവിനെ കബളിപ്പിച്ചുകൊണ്ടല്ല നാമിത് ചെയ്യുന്നത്. മറിച്ച്, നമ്മുടെ ഭാഗത്തുനിന്നുള്ള ഒരു പിഴവ് പരിഹരിച്ചുകൊണ്ടാണ്. നമ്മുടെ ഇന്റര്‍നെറ്റ് ഉപഭോഗത്തിന്റെ ഏറിയ പങ്കും നാം നേരിട്ട് ഉണ്ടാക്കുന്നതല്ല. പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെയോ പരസ്യങ്ങളുടെയോ ഓട്ടോപ്ലേ വീഡിയോകളുടെയോ ഒക്കെ സംഭാവനയാണത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമുക്ക് ആവശ്യമില്ലാത്ത കാര്യങ്ങളുടെ വക. ഇത്തരം ഇത്തിള്‍ക്കണ്ണികളെ ഒഴിവാക്കി ഡേറ്റാ ഉപഭോഗം കുറയ്ക്കാനും അതുവഴി വേഗം നിലനിര്‍ത്താനുമുള്ള ‘ബാന്‍ഡ്‌വിഡ്ത്ത് സേവിങ് ടിപ്സ്’ ആണ് നാം പരിചയപ്പെടുന്നത്.

എച്ച്.ഡി. ത്യജിക്കാം

വീഡിയോയും ഓഡിയോയും തന്നെയാണ് നമ്മുടെ ബാന്‍ഡ്‌വിഡ്ത്തിന്റെ ഏറിയ പങ്കും അപഹരിക്കുന്നത്. യൂട്യൂബിന്റെ കാര്യമെടുക്കാം. പുതിയൊരു മാസം തുടങ്ങുമ്പോള്‍ നമുക്കനുവദിച്ചിട്ടുള്ള വേഗം അതിന്റെ പരമാവധിയിലാണ്. ഈയവസരത്തില്‍ നാം യൂട്യൂബ് തുറക്കുന്നു. കണക്ഷന്റെ വേഗം തിരിച്ചറിഞ്ഞ് അതിനുയോജിച്ച ക്വാളിറ്റിയില്‍ വീഡിയോ പ്രദര്‍ശിപ്പിക്കുന്നതാണ് യൂട്യൂബ് പ്ലേയറിന്റെ രീതി. സ്വാഭാവികമായും അത് ഹൈ ഡെഫനിഷനില്‍ വീഡിയോ പ്രദര്‍ശിപ്പിക്കുന്നു. ഇങ്ങനെ ഏതാനും വീഡിയോകള്‍ കാണുമ്പോഴേക്കും നാം കണക്ഷന്റെ പരിധി കടക്കുകയും ചെയ്യുന്നു. പിന്നീടങ്ങോട്ട് ലോ ക്വാളിറ്റി വീഡിയോകള്‍ പോലും ഒഴുക്കോടെ കാണാനാവില്ലെന്നുവരും.

പലപ്പോഴും ഈ എച്ച്.ഡി. പ്ലേബാക്ക് അര്‍ത്ഥശൂന്യമായിരിക്കും. വലിപ്പം കുറഞ്ഞ സ്ക്രീനില്‍ പ്ലേ ചെയ്യാന്‍ എന്തിനാണ് ഫുള്‍ എച്ച്.ഡി. വീഡിയോ? ചിത്രീകരിച്ചത് നിലവാരം കുറഞ്ഞ ക്യാമറയിലാണെങ്കില്‍ എച്ച്.ഡി. ആയി പ്ലേ ചെയ്തിട്ട് എന്തുകാര്യം? ട്യൂട്ടോറിയലുകള്‍, പ്രസംഗങ്ങള്‍, പാട്ട് തുടങ്ങി പലതും എച്ച്.ഡി. ആയി പ്ലേ ചെയ്യേണ്ടിവരില്ല.

അതുകൊണ്ട് യൂട്യൂബ് പ്ലേയറിന്റെ ഗുണനിലവാരം 240p-യോ 360p-യോ ആയി സെറ്റ് ചെയ്തുവയ്ക്കുന്നതാണ് നല്ലത്. വീഡിയോ പ്ലേ ആവുമ്പോള്‍ പ്ലേയറിനുതാഴെയുള്ള പല്‍ച്ചക്രത്തിന്റെ ചിഹ്നം ക്ലിക്ക് ചെയ്ത് ഇത് തെരഞ്ഞെടുക്കാം. എച്ച്.ഡി. ആവശ്യമുള്ളപ്പോള്‍ മാത്രം ഉയര്‍ന്ന നിലവാരത്തിലേക്ക് മാറുക.

വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും ഇതേ മാനദണ്ഡം പാലിക്കുക. ശരാശരി മോണിറ്ററുകളില്‍ 480p HD-യ്ക്ക് 720p HD-യുടെ അതേ നിലവാരം തോന്നിപ്പിക്കാന്‍ കഴിയാറുണ്ട്.

ആഡ്ബ്ലോക്കറുകള്‍ ഉപയോഗിക്കുക

വര്‍ണ്ണാഭവും ചലനാത്മകവുമെല്ലാമായ പരസ്യങ്ങള്‍ അപഹരിക്കുന്ന ബാന്‍ഡ്‌വിഡ്ത്തിന് കയ്യും കണക്കുമില്ല. അതറിയണമെങ്കില്‍ പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്ത് ബ്രൗസ് ചെയ്തുനോക്കണം. സ്ലോ കണക്ഷനുപോലും ഹൈ സ്പീഡ് ബ്രോഡ്‌ബാന്‍ഡിന്റെ പരിവേഷം കൈവരുന്നത് കാണാം.

ഫയര്‍ഫോക്സിലും ക്രോമിലുമെല്ലാം ഉപയോഗിക്കാവുന്ന നല്ലൊരു ആഡ്‌ബ്ലോക്കറാണ് AdBlock Plus (ABP). ഗൂഗ്ളില്‍ സേര്‍ച്ച് ചെയ്താല്‍ ഇത് കിട്ടും. ഇതേപ്പറ്റി മുമ്പൊരു ലക്കത്തില്‍ പറഞ്ഞിട്ടുമുണ്ട്.

പരസ്യങ്ങളാണ് മിക്ക വെബ്സൈറ്റുകളുടെയും വരുമാനമാര്‍ഗ്ഗമെന്നിരിക്കെ ആഡ്‌ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നതില്‍ നൈതികപ്രശ്നമുണ്ട്. അത്യാവശ്യമാണെങ്കില്‍ മാത്രം ഉപയോഗിക്കുക.

ഓട്ടോമാറ്റിക് അപ്‌ഡേറ്റുകളും ബാക്കപ്പും

കംപ്യൂട്ടര്‍ സുരക്ഷിതമാക്കാന്‍ കാലാനുസൃതമായ അപ്‌ഡേറ്റുകള്‍ ആവശ്യമാണ്. എന്നാല്‍ പല അപ്‌ഡേറ്റുകളും അനാവശ്യവും നാമറിയാതെ നടക്കുന്നതുമായിരിക്കും. തേഡ് പാര്‍ട്ടി പ്രോഗ്രാമുകളുടെ -- പ്രത്യേകിച്ച് വീഡിയോ കണ്‍വേര്‍ട്ടറുകള്‍ പോലുള്ളവയുടെ -- ഓട്ടോമാറ്റിക് അപ്ഡേറ്റുകള്‍ ഡിസേബ്ള്‍ ചെയ്തിടുക. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സുരക്ഷാ അപ്‌ഡേറ്റുകള്‍ ഡിസേബ്ള്‍ ചെയ്യരുതെങ്കിലും ചോദിച്ചു മാത്രം നടക്കുന്ന രൂപത്തിലാക്കാം. അപ്‌ഡേറ്റ് അത്യാവശ്യമായ വേറെ സോഫ്റ്റ്‌വെയര്‍ വെബ് ബ്രൗസര്‍ മാത്രമാണ്. വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് ആന്റിവൈറസ് അപ്‌ഡേറ്റ് ചെയ്യേണ്ടിവരും. ഇത് ഒഴിവാക്കാനാവാത്ത ഒരു കാര്യമാണ്.

അപ്ഡേറ്റകള്‍ പോലെയാണ് ബാക്കപ്പും. ഓണ്‍ലൈന്‍ സ്പേസിലേക്കുള്ള ഓട്ടോമാറ്റിക് ബാക്കപ്പുകള്‍ ആവശ്യമെങ്കില്‍ മാത്രം എനേബ്ള്‍ ചെയ്യുക.

ആവശ്യമില്ലാത്തപ്പോള്‍ കണക്ഷന്‍ വിച്ഛേദിക്കുക

നാമായിട്ട് ബ്രൗസിങ്ങോ ഡൗണ്‍ലോഡോ ചെയ്യാത്തപ്പോഴും ഇന്റര്‍നെറ്റ് ഉപഭോഗം സംഭവിക്കുന്നുണ്ടാവും. ആപ്പുകളോ മാല്‍‌വെയറുകളോ ആവാം ഇതിനുപിന്നില്‍. അതുകൊണ്ട് ആവശ്യമില്ലാത്തപ്പോള്‍ കണക്ഷന്‍ വിച്ഛേദിക്കുന്നതാണ് നല്ലത്.

ഇന്റര്‍നെറ്റിലും ലളിതജീവിതം

വീഡിയോ ചാറ്റ് പോലുള്ള ആഡംബരങ്ങള്‍ ഒഴിവാക്കി കാര്യമാത്രപ്രസക്തമായ ഇ-മെയിലുകള്‍ അയയ്ക്കുന്നതാണ് നല്ലത്. അറ്റാച്ച്മെറ്റുകള്‍ ആവുന്നത്ര കംപ്രസ് ചെയ്യാന്‍ ശ്രമിക്കുക. വെറുതെ സിപ്പ് ചെയ്യുന്നതിനുമുമ്പ് ഇമേജ്-വീഡിയോ എഡിറ്ററുകളുടെയും കണ്‍വേര്‍ട്ടറുകളുടെയും സഹായം തേടുന്നത് നല്ലതായിരിക്കും.

നിങ്ങളുടെ കണക്ഷന്‍ സ്ലോ ആണെങ്കിലും നിങ്ങള്‍ക്ക് സന്ദേശമയയ്ക്കുന്ന ആളുടേത് വേഗമേറിയതാവാം. അതുകൊണ്ടുതന്നെ അയാള്‍ കംപ്രസ് ചെയ്യാനൊന്നും മെനക്കെടാതെ അയച്ചെന്നും വരും. അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുക.

ഓഫീസിനും വീടിനുമിടയ്ക്ക് ഫയലുകള്‍ കൊണ്ടുനടക്കാന്‍ ക്ലൗഡ് സേവനങ്ങളേക്കാള്‍ പെന്‍ഡ്രൈവിനെയും മറ്റും ആശ്രയിക്കുക. സുരക്ഷയ്ക്കും ഇതാണ് നല്ലത്.

വര്‍ണപ്പൊലിമയേക്കാള്‍ ഉള്ളടക്കത്തിന് പ്രാധാന്യം കൊടുക്കുന്ന ബ്രൗസിങ്ങാണ് നിങ്ങളുടേതെങ്കില്‍ ഏതെങ്കിലും ‘ടെക്സ്റ്റ്-ഓണ്‍ലി’ ബ്രൗസറുകള്‍ ഉപയോഗിക്കാവുന്നതാണ്.

ബ്രൗസര്‍ ക്യാഷ്

ഒരിക്കല്‍ സന്ദര്‍ശിച്ച ഒരു പേജ് രണ്ടാമത് സന്ദര്‍ശിക്കുമ്പോള്‍ അതിലെ ചിത്രങ്ങളും മറ്റും വീണ്ടും ലോഡ് ചെയ്യുന്നത് പാഴ്‌വേലയാണല്ലോ. ഈ പ്രശ്നം പരിഹരിക്കാനുള്ളതാണ് ബ്രൗസറിലെ ക്യാഷ് (Cache) സംവിധാനം. സന്ദര്‍ശിക്കുന്നതെല്ലാം ഡിസ്കില്‍ സംഭരിച്ചുവയ്ക്കുന്ന ഏര്‍പ്പാടാ​ണിത്. സാധാരണഗതില്‍ ഇത് എനേബ്ള്‍ഡ് ആയിരിക്കും. അങ്ങനെതന്നെയാണെന്നും ക്യാഷിന് അനുവദിച്ച കപ്പാസിറ്റി ആവശ്യത്തിനുണ്ടെന്നും ഉറപ്പുവരുത്തുക.

സ്ഥാപനങ്ങളില്‍

ഇന്റര്‍നെറ്റ് കണക്ഷന്‍ ഒരു സ്ഥാപനത്തിലെ എല്ലാ കംപ്യൂട്ടറും പങ്കുവയ്ക്കുമ്പോള്‍ ഉപഭോഗം പിടിച്ചിടത്ത് നില്‍ക്കുന്നത് ബുദ്ധിമുട്ടാണ്. എങ്കിലും എല്ലാ കംപ്യൂട്ടറിലും ആഡ്‌ബ്ലോക്കറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും ഓട്ടോമാറ്റിക് അപ്‌ഡേറ്റുകള്‍ ഓഫാക്കിയിടുന്നതും സഹായകമായിരിക്കും. വെബ് ബ്രൗസിങ്ങിന് ഏതെങ്കിലും ഗ്നു/ലിനക്സ് പതിപ്പ് ഉപയോഗിക്കുന്നതാണ് സുരക്ഷയ്ക്കും നല്ലത്.

ഒരു പരിധികൂടി കടന്ന് സ്വകാര്യ ഡി.എന്‍.എസ്., പ്രോക്സി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി നിശ്ചിത വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതും ആലോചിക്കാവുന്നതാണ്.


Click here to read more like this. Click here to send a comment or query.