Nandakumar Edamana
Share on:
@ R t f

വിക്കിപീഡിയയ്ക്ക് പതിനഞ്ച് വയസ്സ്


വിക്കിപീഡിയയെ മാറ്റിനിര്‍ത്തി അറിവുസമ്പാദിക്കുന്നത് ഈ ഡിജിറ്റല്‍ യുഗത്തില്‍ ഏറെ പേര്‍ക്കും സങ്കല്‍പ്പിക്കാനാവില്ല. അച്ചടിച്ച പുസ്തകങ്ങള്‍ എന്നും വിലപ്പെട്ടതുതന്നെ. പക്ഷേ ഡിജിറ്റല്‍ രൂപത്തില്‍ക്കിട്ടുന്ന അറിവും അറിവാണ്. എപ്പോഴും പുതുക്കിക്കൊണ്ടിരിക്കും എന്ന ഗുണവുമുണ്ട്. മറ്റു ഡിജിറ്റല്‍ വിജ്ഞാനസ്രോതസ്സുകളില്‍നിന്ന് വിക്കിപീഡിയയെ വ്യത്യസ്തമാക്കുന്നത് അത് തരുന്ന സ്വാതന്ത്ര്യമാണ്. സന്നദ്ധപ്രവര്‍ത്തകര്‍ പടുത്തുയര്‍ത്തിയ അത് സൗജന്യവും സ്വതന്ത്ര ഉപയോഗം അനുവദിക്കുന്നതുമായി തുടരുന്നു. ഇത്തരം ആദര്‍ശങ്ങള്‍ പുലര്‍ത്തുന്ന സംരംഭങ്ങള്‍ക്ക് ദീര്‍ഘായുസ്സുണ്ടാകുമോ എന്ന് സംശയിച്ചവരുടെ മുന്നില്‍ പതിനഞ്ചുവര്‍ഷത്തെ വളര്‍ച്ചയും കാണിച്ച് അഭിമാനത്തോടെ നില്‍ക്കുകയാണത്.

വിക്കിപീഡിയയുടെ ചരിത്രവും സവിശേഷതകളും ഓര്‍മ്മപ്പെടുത്താനുള്ള ചെറിയൊരുദ്യമമാണ് ഈ ലേഖനം. ഒപ്പം മൈക്രോസോഫ്റ്റിന്റെ എന്‍കാര്‍ട്ടയുമായി ഒരു താരതമ്യവും.

ചരിത്രം

ഡിസംബര്‍ 2000-ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാനാണ് ആദ്യമായി ഒരു സ്വതന്ത്ര-ഓണ്‍ലൈന്‍ വിജ്ഞാനകോശം എന്ന ആശയം അവതരിപ്പിയ്ക്കുന്നത്. ഇതേത്തുടര്‍ന്ന് 2001 ജനവരി 15-ന് ജിമ്മി വെയ്ല്‍സും ലാറി സാങ്ങറും സംയുക്തമായി സ്ഥാപിച്ചതാണ് വിക്കിപീഡിയ. ഇപ്പോള്‍ വിക്കിമീഡിയ ഫൗണ്ടേഷനാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്.

വിക്കിപീഡിയയ്ക്കുമുമ്പ് ഇരുവരും മേല്‍നോട്ടം വഹിച്ചിരുന്ന വിജ്ഞാനകോശസംരംഭമായിരുന്നു Nupedia. ഇതും സ്വതന്ത്രലൈസന്‍സായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ലേഖനങ്ങളില്‍ പൊതുജനങ്ങളുടെ ഇടപെടല്‍ ഉണ്ടായിരുന്നില്ല. പുതിയ വിജ്ഞാനകോശം എല്ലാവര്‍ക്കും തിരുത്താനാവുന്ന വിക്കി ആയിരിക്കണമെന്ന് നിര്‍ദേശിച്ചത് ലാറി സാങ്ങറാണ്. (Ward Cunningham ആണ് ആദ്യ വിക്കിയുടെ ഉപജ്ഞാതാവ്.)

2007 ജനവരിയിലാണ് വിക്കിപീഡിയ ആദ്യമായി ഒരു ടോപ്പ്-ടെന്‍ വെബ്സൈറ്റ് പട്ടികയില്‍ ഇടം പിടിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസിനെയും ആപ്പിളിനെയും മറികടന്നുകൊണ്ടായിരുന്നു ഇത്.

2002 ഡിസംബർ 21-നാണ് മലയാളം വിക്കിപീഡിയയ്ക്ക് തുടക്കമായത്. ഇതില്‍‌ ഇപ്പോള്‍ നാല്‍പ്പതിനായിരത്തിലേറെ ലേഖനങ്ങളുണ്ട്.

നിലവിലെ വലിപ്പം

ഇംഗ്ലീഷ് വിക്കിപീഡിയ ഇടതടവില്ലാതെ വായിച്ചുതീര്‍ക്കാന്‍തന്നെ പതിനാറുവര്‍ഷം വരുമെന്നാണ് കണക്ക്. വിക്കിപീഡിയ എന്നാല്‍ വെറും ഇംഗ്ലീഷ് ലേഖനങ്ങളില്‍ ഒതുങ്ങുന്നില്ലെന്നോര്‍ക്കണം. ഇരുനൂറിലേറെ ഭാഷകളിലെ ലേഖനങ്ങള്‍ക്കൊപ്പം സഹോദരസംരംഭങ്ങളിലായി ഒട്ടേറെ പുസ്തകങ്ങളും ദൃശ്യ-ശ്രാവ്യവിഭവങ്ങളും അതിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ മനുഷ്യന്‍ ഇതുവരെ ഉണ്ടാക്കിയതില്‍വച്ച് ഏറ്റവും വലിയ വിജ്ഞാനശേഖരം വിക്കിപീഡിയയാണെന്ന് നിസ്സംശയം പറയാം.

250-ഓളം ഭാഷകളില്‍ ലഭ്യമായ, മുപ്പത്തെട്ട് ദശലക്ഷം ലേഖനങ്ങളുള്ള വിക്കിപീഡിയയിലേയ്ക്ക് ഓരോ മാസവും പതിനായിരക്കണക്കിന് പുതിയ ലേഖനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നു. നിലവില്‍ ഇംഗ്ലീഷ് പതിപ്പ് അച്ചടിച്ചാല്‍പ്പോലും ഏഴായിരത്തിലേറെ വാല്യങ്ങള്‍ വരും. നിരവധി മള്‍ട്ടിമീഡിയ വിഭവങ്ങളുള്ള വിക്കി കോമണ്‍സും അനേകം പസ്തകങ്ങളുള്ള വിക്കിബുക്സും വിക്കിമീഡിയയുടെ ഭാഗമാണ്. വിക്കിപീഡിയ ലേഖനങ്ങളില്‍നിന്ന് ഇവയിലേയ്ക്ക് ലിങ്കുണ്ട്. ഇതെല്ലാം ചേര്‍ത്താല്‍ ഏതാണ് ഇരുപത്തിമൂന്നിലേറെ ടെറാബൈറ്റ് ഡേറ്റ ഉണ്ടായിരിക്കും.

അലക്സ റാങ്ക് പ്രകാരം ലോകത്ത് ഏഴാമത് പ്രചാരമുള്ള വെബ്സൈറ്റായ വിക്കിപീഡിയ സന്ദര്‍ശിക്കുന്നത് പ്രതിമാസം അമ്പത് കോടി ആളുകളാണ്.

വിക്കിപീഡിയയുടെ ഏതാനും സഹോദരസംരംഭങ്ങള്‍ ഇതാ:

  • wiktionary.org
  • wikiquote.org
  • wikisource.org--പകര്‍പ്പവകാശം ബാധകമല്ലാത്ത/തീര്‍ന്ന പുസ്തകങ്ങള്‍
  • wikibooks.org--പുതിയതായി എഴുതപ്പെടുന്ന സ്വതന്ത്രപുസ്തകങ്ങള്‍
  • wikisource.org
  • wikinews.org
  • commons.wikimedia.org
  • wikiversity.org
  • wikivoyage.org--വഴികാട്ടി
  • species.wikimedia.org
  • wikitech.wikimedia.org

എന്‍കാര്‍ട്ടയുമായി ഒരു താരതമ്യം

ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനി എന്ന ഖ്യാതിയുള്ളത് മൈക്രോസോഫ്റ്റിനാണല്ലോ. ഇതേ സ്ഥാപനത്തിന്റെ എന്‍കാര്‍ട്ട എന്ന വിജ്ഞാനകോശത്തെ വിക്കിപീഡിയയുമായി താരതമ്യപ്പെടുത്തുന്നത് രസകരമായിരിക്കും. കുത്തകയെ കുറ്റപ്പെടുത്താനുള്ള അന്ധമായ ശ്രമമല്ലിത്. മറിച്ച്, സ്വതന്ത്രസംരംഭങ്ങള്‍ക്ക് പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിനോടൊപ്പം വളരാനാവുമെന്ന ഓര്‍മ്മപ്പെടുത്തലാണ്.

ഒരു ഡിജിറ്റല്‍ വിജ്ഞാനകോശം നിര്‍മ്മിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മൈക്രോസോഫ്റ്റ് 1980-കളില്‍ ബ്രിട്ടാനിക്കയെ സമീപിച്ചിരുന്നു. വിജ്ഞാനകോശരംഗത്തെ അതികായരായ ബ്രിട്ടാനിക്ക പക്ഷേ, ആ ആവശ്യം നിരസിച്ചുകളഞ്ഞു. തങ്ങളുടെ അച്ചടിവിജ്ഞാനകോശവിപണിക്ക് മങ്ങലേല്‍ക്കുമെന്നായിരുന്നു അവരുടെ ഭയം. (പിന്നീട് ഡിജിറ്റല്‍ വിജ്ഞാനകോശങ്ങളോട് പിടിച്ചുനില്‍ക്കാനാവാതെ Benton Foundation 1996-ല്‍ ബ്രിട്ടാനിക്കയെ വിറ്റത് മറ്റൊരു കഥ). 1993-ല്‍ Funk & Wagnalls Encyclopedia-യുടെ കയ്യില്‍നിന്ന് അവകാശങ്ങല്‍ വാങ്ങിയാണ് മൈക്രോസോഫ്റ്റ് എന്‍കാര്‍ട്ട എന്ന വിജ്ഞാനകോശത്തിന് തുടക്കമിടുന്നത്. ആദ്യം അതിനിട്ട പേര് Gandalf എന്നായിരുന്നു. ഒരു പരസ്യസ്ഥാപനമാണ് മൈക്രോസോഫ്റ്റിനുവേണ്ടി Encarta എന്ന പേര് കണ്ടെത്തിയത്.

മൈക്രോസോഫ്റ്റ് എന്ന സ്ഥാപനത്തിന്റെ പ്രശസ്തി അതിന്റെ ഉത്പന്നമായ എന്‍കാര്‍ട്ടയ്ക്ക് നേടിയെടുക്കാനായില്ല. ആര്‍ക്കുമറിയാഞ്ഞ രണ്ടാളുകള്‍ സ്ഥാപിച്ച വിക്കിപീഡിയയാകട്ടെ, ഇന്ന് ഇന്റര്‍നെറിറലെ ഏറ്റവും പ്രശസ്തമായ (ട്രാഫിക് അടിസ്ഥാനത്തില്‍) അഞ്ച് വെബ്സൈറ്റുകളിലൊന്നാണ്. 2009 ജനവരിയിലെ കണക്കനുസരിച്ച് ഓണ്‍ലൈന്‍ വിജ്ഞാനകോശങ്ങളില്‍ ഒന്നാം സ്ഥാനം വിക്കിപീഡിയയ്ക്കും രണ്ടാം സ്ഥാനം എന്‍കാര്‍ട്ടയ്ക്കുമായിരുന്നു. ഒരൊറ്റ സ്ഥാനത്തിന്റെ വ്യത്യാസം മാത്രം. എന്നാല്‍ ട്രാഫിക്‌കണക്ക് കേള്‍ക്കുമ്പോഴാണ് നാം ഞെട്ടുക—ഓണ്‍ലൈന്‍ വിജ്ഞാനകോശങ്ങളില്‍ ജനങ്ങള്‍ ഉപയോഗിച്ചത് 1.27% എന്‍കാര്‍ട്ടയും 97% വിക്കിപീഡിയയും!

ലേഖനങ്ങള്‍, ഭൂപടങ്ങള്‍, ചിത്രങ്ങള്‍, ഓഡിയോ, വീഡിയോ തുടങ്ങി വിവിധരൂപത്തിലുള്ള ഉള്ളടക്കം എന്‍കാര്‍ട്ടയിലുമുണ്ടായിരുന്നു. എന്നാല്‍ എന്‍കാര്‍ട്ടയില്‍ ലേഖനങ്ങളുടെ എണ്ണം കുറവായിരുന്നു. പത്തുവര്‍ഷം തികയുന്നതിനുമുമ്പതന്നെ വിക്കിപീഡിയയില്‍ ഗുണമേന്മയുള്ള ദശലക്ഷക്കണക്കിന് ലേഖനങ്ങളുണ്ടായി; പതിനഞ്ചുവര്‍ഷം കൊണ്ട് എന്‍കാര്‍ട്ടയിലോ, വെറും 62,000-ഉം. എന്‍കാര്‍ട്ട ഇറങ്ങിയ ഭാഷകളും വളരെക്കുറവായിരുന്നു.

വിക്കിപീഡിയ പൂര്‍ണ്ണമായും സ്വതന്ത്രവും സൗജന്യവുമാണ്. അതായത്, ഉപയോക്താക്കള്‍ക്ക് ഈ വിജ്ഞാനകോശത്തിലേയ്ക്ക് പുതിയ ലേഖനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ നിലവിലുള്ള ലേഖനങ്ങള്‍ തിരുത്തുകയോ ചെയ്യാം (ഒരു സേവനപ്രവര്‍ത്തനമാണിത്). ഇത് വിജ്ഞാനകോശത്തിന്റെ ആധികാരികതയെ ബാധിക്കാതിരിക്കാന്‍ ലോകമെമ്പാടുമുള്ള വളണ്ടിയര്‍മാരും വിക്കിമീഡിയ ഫൗണ്ടേഷനിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ശുദ്ധീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുമുണ്ട്. പക്ഷേ എന്‍കാര്‍ട്ട ‘റീഡ് ഒണ്‍ലി’ ആയിരുന്നു. 2005-ഓടെ ഇതിന് ചില അയവുകള്‍ വന്നു. ഉള്ളടക്കത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശിക്കാം. മൈക്രോസോഫ്റ്റിന്റെ പത്രാധിപസമിതി അത് വിശകലനം ചെയ്ത്. തീരുമാനമെടുത്ത് സാവധാനം മാറ്റിക്കോളും. എന്നാല്‍ പണം കൊടുത്തുവാങ്ങേണ്ട എന്‍കാര്‍ട്ടയിലേയ്ക്ക് സംഭാവന ചെയ്തവര്‍ക്കാര്‍ക്കും മൈക്രോസോഫ്റ്റ് പ്രതിഫലമൊന്നും നല്‍കിയില്ലെന്നതാണ് രസകരം.

ഒടുവില്‍ 2009 മാര്‍ച്ചില്‍ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് മൈക്രോസോഫ്റ്റ് അത് പ്രഖ്യാപിച്ചു—എന്‍കാര്‍ട്ടയ്ക്ക് ഇനിയൊരു പതിപ്പുണ്ടാകില്ല! ഡിസ്ക്, ഓണ്‍ലൈന്‍ എന്നീ രണ്ട് രൂപങ്ങള്‍ക്കും അത് ബാധകമായിരുന്നു (വാര്‍ഷികവരിസംഖ്യയുടെ അടിസ്ഥാനത്തിലായിരുന്നു ഓണ്‍ലൈന്‍ എന്‍കാര്‍ട്ടയുടെ ഉപയോഗം). ഈയൊരു തീരുമാനമെടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചത് ആളുകള്‍ വിവരം സമ്പാദിക്കുന്ന രീതികളിലും വിജ്ഞാനകോശവിപണിയിലും വന്ന മാറ്റങ്ങളാണെന്നാണ് മൈക്രോസോഫ്റ്റ് പറഞ്ഞത്. ബ്രിട്ടാനിക്ക ഒരിയ്ക്കലും എന്‍കാര്‍ട്ടയ്ക്ക് ഒരു തടസമായിരുന്നില്ലെന്ന് വ്യക്തം. സോഫ്റ്റ്‌വെയര്‍, വിപണനതന്ത്രങ്ങള്‍ എന്നിവയിലും മൈക്രോസോഫ്റ്റിന് എതിരാളികളില്ല. അപ്പോള്‍പ്പിന്നെ മൈക്രോസോഫ്റ്റിന് വിലങ്ങുതടിയായത് സ്വതന്ത്രസോഫ്റ്റ്‌വെയറായ വിക്കിപീഡിയ തന്നെയാണെന്ന് മനസ്സിലാക്കാം.

ലൈസന്‍സിങ്

സൗജന്യമെന്നതിലുപരി വിക്കിപീഡിയയുടെ പ്രത്യേകത സ്വാതന്ത്ര്യമാണ്. ജനങ്ങള്‍ തുന്നിച്ചേര്‍ത്തുണ്ടാക്കിയ ആ വിജ്ഞാനശേഖരത്തിലെ വിഭവങ്ങള്‍ സ്വതന്ത്രലൈസന്‍സുകള്‍ക്കു കീഴിലാണ് (free/libre license) പ്രസിദ്ധീകരിച്ചുവരുന്നത്. ഇതാണ് വിക്കിപീഡിയയിലെ ഉള്ളടക്കം ആര്‍ക്കും പകര്‍ത്താം എന്നു പറയുന്നതിനുകാരണം. ഉറവിടം വിക്കിപീഡിയയാണെന്നു കാണിക്കുകയും പകര്‍പ്പിന്റെ പകര്‍പ്പെടുക്കാന്‍ മറ്റുള്ളവര്‍ക്കും അവസരം നല്‍കുകയും ചെയ്യണമെന്നതുമാത്രമാണ് നിബന്ധന.

വിക്കിപീഡിയയിലെ ലേഖനങ്ങള്‍ക്ക് സാധാരണയായി ഉപയോഗിക്കുന്ന ലൈസന്‍സ് Creative Commons Attribution-ShareAlike License ആണ്. സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ ഈ ലൈസന്‍സ് ഇങ്ങനെ അവതരിപ്പിക്കാം:

ഇതിനെല്ലാം നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്:

  • ലേഖനത്തിന്റെ പകര്‍പ്പെടുക്കാനും വിതരണം ചെയ്യാനും (to Share).
  • രൂപമാറ്റം വരുത്തിയ പകര്‍പ്പുകള്‍ സൃഷ്ടിക്കാന്‍ (to Remix/Adapt).

ഇതെല്ലാമാണ് നിബന്ധനകള്‍:

  • Attribution—സൃഷ്ടിയുടെ ഉടമ ആരെന്നതുള്‍പ്പെടെയുള്ള പകര്‍പ്പവകാശ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം.
  • Share Alike—ഇതില്‍‌നിന്നുണ്ടാക്കിയെടുക്കുന്ന സൃഷ്ടികളും പകര്‍പ്പുകളുമെല്ലാം സമമോ സമാനമോ (same or similar) ആയ ലൈസന്‍സില്‍ വേണം വിതരണം ചെയ്യാന്‍.

ഇതോടൊപ്പം സ്രഷ്ടാവിന്റെ മൗലികാവകാശങ്ങള്‍, ഫെയര്‍ യൂസ് പോലുള്ള സാധാരണ പകര്‍പ്പവകാശനിബന്ധനകളും പെടും.


Click here to read more like this. Click here to send a comment or query.