Nandakumar Edamana
Share on:
@ R t f

മെഗാപിക്സലില്‍ മയങ്ങേണ്ട


എന്തിനെയും സംഖ്യകളുടെ പിന്‍ബലത്തോടെ അവതരിപ്പിക്കുക, എന്നിട്ട് സംഖ്യകളുടെ വലിപ്പം നോക്കി ഗുണനിലവാരം കണക്കാക്കുക -- വിശകലനങ്ങള്‍ക്ക് അമിതമായ 'ശാസ്ത്രീയത' കൈവന്നതിന്റെ കുഴപ്പമാണിത്. പരമാവധി നാല് ജി.ബി. റാം മാത്രം പിന്തുണയ്ക്കുന്ന ഒരു കമ്പ്യൂട്ടറില്‍ എട്ട് ജി.ബി. റാം വയ്ക്കുന്നതും മൊബൈല്‍ സ്ക്രീനില്‍ കാണാനുള്ള വീഡിയോ അള്‍ട്രാ എച്ച്.ഡി.യില്‍ത്തന്നെ ഡൗണ്‍ലോഡ് ചെയ്യുന്നതുമെല്ലാം പരിഹാസ്യമാണ്.

ഇത്തരം അനേകം ഉദാഹരണങ്ങളിലേറെയും അനാവശ്യമാണെന്നേയുള്ളൂ, അപകടകാരികളല്ല. എന്നാല്‍ ചില തെറ്റിദ്ധാരണകള്‍ ഏറെ കടുപ്പമുള്ളവയാണ്. ഡിജിറ്റല്‍ ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട അത്തരമൊന്നാണ് മെഗാപിക്സല്‍ മിഥ്യ. ക്യാമറയുടെ ഗുണനിലവാരം മെഗാപിക്സല്‍ മാത്രമുപയോഗിച്ച് കണക്കാക്കുമ്പോള്‍ റാമിന്റെയോ വീഡിയോയുടെ കാര്യം പോലെയാകില്ല. ഉള്ളതുപോലും ഉപയോഗമില്ലാതെപോയേക്കും.

മെഗാപിക്സല്‍ മാത്രമല്ല ക്യാമറയുടെ നിലവാരമളക്കുന്ന ഘടകം. മാത്രമല്ല, മെഗാപിക്സല്‍ എന്നത് പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന ഒരളവുകോലുമാണ്. ഫോട്ടോയെടുത്താല്‍ക്കിട്ടുന്ന ഫയലില്‍ എത്ര മില്യണ്‍ (ദശലക്ഷം) പിക്സലുകള്‍ ഉണ്ടെന്നതാണ് മെഗാപിക്സല്‍ പറയുന്നത് (നീളവും വീതിയും ഗുണിച്ചാല്‍ ഇതുകിട്ടും). ഇത് കൂടുന്തോറും ചിത്രത്തിന്റെ വ്യക്തത കൂടുമെന്നത് ശരിതന്നെ. എന്നാല്‍ അവയിലെല്ലാമുള്ളത് ചിത്രത്തിന്റെ യഥാര്‍ത്ഥവിശദാംശങ്ങളായാലേ കാര്യമുള്ളൂ. ഒരു ഡി.എസ്.എല്‍.ആര്‍. ക്യാമറ ഒപ്പിയെടുക്കുന്നത്ര വിശദാംശങ്ങള്‍ മൊബൈല്‍ ക്യാമറകള്‍ പകര്‍ത്തുന്നുണ്ടാവില്ല. രണ്ടിന്റെയും മെഗാപിക്സല്‍ ഒന്നാവാം, എന്നാല്‍ മൊബൈല്‍ ക്യാമറ പിക്സലുകളില്‍ നിറയ്ക്കുന്നത് പലപ്പോഴും 'ഊഹിച്ചുണ്ടാക്കിയ' വിവരങ്ങള്‍ ആയിരിക്കും.

ഇത് ബോദ്ധ്യപ്പെടാന്‍ വളരെ നല്ലൊരു ഉദാഹരണമുണ്ട്. ഫുള്‍ എച്ച്.ഡി.യുടെ കാര്യമെടുക്കുക. അവതാര്‍‌ പോലുള്ള ഒരു ചിത്രത്തിന്റെ ഫുള്‍ എച്ച്.ഡി. പതിപ്പ് സാമാന്യം വലിയ സ്ക്രീനുകളില്‍പ്പോലും ഏറെ വ്യക്തതയുള്ളതായിരിക്കും. എന്നാല്‍ ഇത് സത്യത്തില്‍ രണ്ട് മെഗാപിക്സല്‍ മാത്രമേ ഉള്ളൂ! വിശ്വാസമാകുന്നില്ലേ? 1920 x 1080 = 2073600, അതായത് രണ്ട് ദശലക്ഷം പിക്സലുകള്‍ അഥവാ 2 MP!

ഇനി 2K, 4K തുടങ്ങി തീയറ്ററുകളില്‍ ഉപയോഗിക്കുന്ന ഫോര്‍മാറ്റുകള്‍ പരിഗണിച്ചുനോക്കൂ. മൂന്നും എട്ടും ഒക്കെയാണ് ഇവയുടെ മെഗാപിക്സലുകള്‍. ചലനാത്മകമായ വീഡിയോ ആയതുകൊണ്ടാണ് കുറഞ്ഞ റെസല്യൂഷന്‍ എന്ന് വാദിക്കാന്‍ വരട്ടെ, നല്ലൊരു ക്യാമറ ഉപയോഗിച്ചാണ് എടുത്തതെങ്കില്‍ നിശ്ചലദൃശ്യത്തിനും അഞ്ചോ എട്ടോ മെഗാപിക്സല്‍ തന്നെ ധാരാളമാണ്. മാത്രമല്ല, എട്ട് മെഗാപിക്സലിന്റെ മൊബൈല്‍ ക്യാമറ ഉപയോഗിച്ചെടുത്ത ദൃശ്യങ്ങള്‍ക്ക് പലപ്പോഴും രണ്ട് മെഗാപിക്സല്‍ ഫുള്‍ എച്ച്.ഡി. സിനിമയുടെ നിലവാരം ഉണ്ടാകാറുമില്ല.

എന്തുകൊണ്ടാണ് മെഗാപിക്സലിനൊപ്പം വ്യക്തതയും വര്‍ദ്ധിക്കാത്തത് എന്ന് നാം പറഞ്ഞു. പിക്സലുകള്‍ കൂടുന്നതോടൊപ്പം അവയില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നിറയ്ക്കുന്നില്ല. ഇതൊന്ന് വ്യക്തമാക്കാം.

സെന്‍സറാണ് ക്യാമറയുടെ കണ്ണ്. സെന്‍സറിലേക്ക് പരമാധി വെളിച്ചമെത്തുമ്പോഴാണ് ഒരു നല്ല ചിത്രം രൂപപ്പെടുന്നത്. സെന്‍സറില്‍ത്തന്നെയുള്ള പിക്സലുകളാണ് ഫയലിലെ പിക്സലുകളായി മാറുന്നതു്. അതുകൊണ്ട് ഓരോ പിക്സലിലും പരമാവധി വിശദാംശമെത്തണം. ഇതിന് ഒരുവഴിയേയുള്ളൂ: സെന്‍സര്‍ വലുതായിരിക്കുക. തീപ്പെട്ടിയുടെ വലിപ്പമുള്ള സെന്‍സറിനെയും നഖത്തിന്റെ വലിപ്പമുള്ള സെന്‍സറിനെയും എണ്‍പതുലക്ഷം പിക്സലുകള്‍ വീതമായി മുറിച്ചാല്‍ ഏതിലെ പിക്സലുകളിലായിരിക്കും കൂടുതല്‍ വിശദാംശങ്ങള്‍ എന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. ഇതുതന്നെയാണ് എട്ട് മെഗാപിക്സലിന്റെ ഒരു ഡി.എസ്.എല്‍.ആറും അത്രതന്നെ മെഗാപിക്സലിന്റെ ഒരു മൊബൈല്‍ ക്യാമറയും തമ്മിലുള്ള വ്യത്യാസം.

മാത്രമല്ല, പല നിലവാരമില്ലാത്ത ക്യാമറകളും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ സെന്‍സറിലില്ലാത്ത പിക്സലുകള്‍ കൃത്രിമമായി ചേര്‍ക്കുന്നുണ്ടെന്നുതോന്നുന്നു. കുറഞ്ഞ വിലയ്ക്ക് ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ മുപ്പത് മെഗാപിക്സലിന്റെയും മറ്റും ക്യാമറകള്‍ കിട്ടാനുണ്ട്. ഇവയിലെടുത്ത ചിത്രത്തിന്റെ കുറഞ്ഞ നിലവാരത്തിന് കാരണം അനാവശ്യമായി പിക്സലുകള്‍ കുഴിച്ച ഒരു ചെറിയ സെന്‍സറിനൊപ്പം കൃത്രിമമായ സൂം ചെയ്യലുമാവാം.

ചുരുക്കത്തില്‍ മെഗാപിക്സലിനേക്കാളേറെ പ്രാധാന്യം സെന്‍സര്‍, ഇമേജ് പ്രൊസസര്‍, ലെന്‍സ് തുടങ്ങിയവയ്ക്കെല്ലാമുണ്ട്. അതോടൊപ്പം കൂടുതല്‍ മെഗാപിക്സലും അവയിലെല്ലാം യഥാര്‍ത്ഥവിശദാംശങ്ങളുമാണുള്ളതെങ്കില്‍ എഡിറ്റിങ്ങിനും പ്രിന്റിങ്ങിനും ഏറെ ഗുണം ചെയ്യും.

പ്രിന്റിങ്ങുമായി ബന്ധപ്പെട്ട് ഇതേ വിഷയം കൈകാര്യം ചെയ്യുന്ന ഒരു ലേഖനമിതാ: http://www.kenrockwell.com/tech/mpmyth.htm


Click here to read more like this. Click here to send a comment or query.