Nandakumar Edamana
Share on:
@ R t f

സുരക്ഷിതമാക്കാം ഓണ്‍ലൈന്‍ സ്റ്റോറേജ്


ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ ഏത് കംപ്യൂട്ടറിലും നമ്മുടെ ഫയലുകള്‍ ലഭ്യമാക്കുന്നവയാണ് ഗൂഗിള്‍ ഡ്രൈവ് പോലുള്ള ക്ലൗഡ് സേവനങ്ങള്‍. ഇവയുടെ വരവോടെ ഫയല്‍കൈമാറ്റത്തിന് പെന്‍ഡ്രൈവും മറ്റും ഉപയോഗിക്കുന്ന രീതി നാം ഉപേക്ഷിച്ചു. എന്നാല്‍ എത്രത്തോളം സുരക്ഷിതമാണ് ക്ലൗഡ് സേവനങ്ങള്‍? അവയെ സുരക്ഷിതമാക്കി മാറ്റുന്നതെങ്ങനെ?

പാസ്‌വേഡുകള്‍ അര്‍ത്ഥശൂന്യമോ?

ലോഗിന്‍ സമയത്ത് പാസ് വേഡ് പരിശോധിക്കാനുള്ള സംവിധാനം ഗൂഗിള്‍ അബദ്ധത്തില്‍ ഒഴിവാക്കിയാല്‍ എന്തുസംഭവിക്കും? ടെക് ബ്ലോഗറായ ടോം സ്കോട്ട് പോസ്റ്റുചെയ്ത ഒരു വീഡിയൊയുടെ പ്രമേയമിതാണ് (youtu.be/y4GB_NDU43Q). അങ്ങനെ വല്ലതും സംഭവിച്ചാല്‍ ഇ-മെയില്‍ വിലാസം മാത്രമുപയോഗിച്ച് ആര്‍ക്കും ആരുടെയും ഗൂഗിള്‍ അക്കൗണ്ടില്‍ പ്രവേശിക്കാം. അതുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് അക്കൗണ്ടുകളും ക്രമേണ തുറന്നെടുക്കാം. കോടിക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായിരിക്കുമത്. ഗൂഗിള്‍ എന്നല്ല, ഏതൊരു സേവനത്തിനും സംഭവിക്കാവുന്ന കാര്യമാണിത്. ചിലപ്പോള്‍ ഒരു പ്രോഗ്രമര്‍ ഒരുവരി കോഡില്‍ വരുത്തുന്ന മാറ്റം പോലും എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒറ്റയടിക്ക് ചാടിക്കടക്കുന്ന തരത്തിലുള്ളതായിരിക്കും.

ഡ്രോപ്ബോക്സിന്റെ കാര്യത്തില്‍ ഈ വീഴ്ച ഒരിക്കല്‍ സംഭവിച്ചുകഴിഞ്ഞു. 2011 ജൂലൈ രണ്ടിനായിരുന്നു അത്. പാസ് വേഡില്ലാതെതന്നെ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാമെന്നായി. പസഫിക് സമയം ഉച്ചയ്ക്ക് രണ്ടുമണിയോടടുത്ത് കോഡില്‍ വരുത്തിയ ഒരു മാറ്റമായിരുന്നു ഈ വീഴ്ചയ്ക്ക് വഴിവച്ചത്. പ്രശ്നം കണ്ടെത്തിയത് പക്ഷേ അഞ്ചേമുക്കാലിനോടടുത്തും. കണ്ടെത്തിയ ഉടന്‍തന്നെ അത് പരിഹരിക്കുകയുണ്ടായി. എങ്കിലും ഇത്രയും വലിയൊരു പഴുത് നാലുമണിക്കൂറോളം തുറന്നുകിടന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇത് കാര്യമായ ദുരന്തങ്ങളിലേക്ക് വഴിവെച്ചതായി അറിവില്ല. എങ്കിലും പാസ് വേഡിനെ മാത്രം വിശ്വസിക്കുകയും സ്വകാര്യവിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യാതെ ഓണ്‍ലൈനില്‍ സൂക്ഷിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണിത്.

സേവനദാതാവിന് എല്ലാം കാണാം

നമ്മുടെ ഫയല്‍ ഒരു പാസ്‌വേഡിന്റെയോ മറ്റോ അടിസ്ഥാനത്തില്‍ കോ‍ഡുരൂപത്തിലാക്കലാണ് എന്‍ക്രിപ്ഷന്‍ എന്ന് എല്ലാവര്‍ക്കുമറിയാം. സൈബര്‍ മോഷ്ടാക്കളില്‍നിന്ന് നമ്മുടെ രേഖകളെ ഇത് സംരംക്ഷിക്കുന്നു. അതുകൊണ്ടുതന്നെ 'എന്‍ക്രിപ്റ്റഡ്' എന്ന ഒരു വാക്ക് കേള്‍ക്കുമ്പോഴേയ്ക്കും ഒരു സേവനം സുരക്ഷിതമാണെന്ന് നാം ധരിച്ചുപോവാറുണ്ട്. ഇത് ശരിയല്ല. ആര്, ഏത് ഘട്ടത്തില്‍, എങ്ങനെ നടത്തുന്നു എന്നതനുസരിച്ച് എന്‍ക്രിപ്ഷന്റെ സുരക്ഷ വ്യത്യാസപ്പെടും.

ചില സേവനങ്ങള്‍ നിങ്ങളുടെ ഡേറ്റ ഒരു രീതിയിലും എന്‍ക്രിപ്റ്റ് ചെയ്യുന്നില്ല. ഇത് തീര്‍ത്തും അരക്ഷിതമാണ്. ഒരു ഹാക്കര്‍ക്കോ അതേ സേവനത്തിലെ മര്യാദയില്ലാത്ത ഒരുദ്യോഗസ്ഥനോ നിങ്ങളുടെ ഡേറ്റ വായിക്കാം.

എന്‍ക്രിപ്റ്റ് ചെയ്യുന്ന സേവനങ്ങളുടെ കാര്യമോ? അത് എന്‍ക്രിപ്ഷനുപയോഗിക്കുന്ന രീതി അനുസരിച്ചിരിക്കും. ഉപയോക്താക്കള്‍ക്ക് നിയന്ത്രിക്കാവുന്ന എന്‍ക്രിപ്ഷന്‍ സംവിധാനത്തിന് പേരുകേട്ട സേവനമാണ് സ്പൈഡര്‍ ഓക്ക് (SpiderOak). എന്നാല്‍ പ്രചാരമുള്ള മിക്ക സേവനങ്ങളും ഫയല്‍ അപ്‌ലോഡ് ചെയ്ത ശേഷം പൂര്‍ണമായും തങ്ങളുടേതായ രീതിയില്‍ എന്‍ക്രിപ്ഷന്‍ നടത്തുന്നവരാണ്. ഇവിടെ ഹാക്കിങ്ങിന് സാദ്ധ്യത കുറവാണെങ്കിലും സേവനദാതാവിന് നിങ്ങളുടെ ഡേറ്റയില്‍ പൂര്‍ണസ്വാധീനമുണ്ട് (ഇത് ഹാക്കിങ്ങിനുള്ള പഴുതായും മാറാം). ഉദാഹരണത്തിന്, ഗൂഗിള്‍ ഡ്രൈവിന്റെ സെര്‍വറുകളില്‍ സൂക്ഷിച്ച ഫയല്‍ ഒരു ഹാക്കറിന് എടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ഗൂഗിളിന് അത് വായിക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടൊന്നുമില്ല.

ഉപയോക്താക്കള്‍ അപ്‌ലോഡ് ചെയ്യുന്ന ഡേറ്റ ഡ്രോപ്ബോക്സിന് കാണാനാകുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഡേറ്റ എന്‍ക്രിപ്റ്റുചെയ്തുതന്നെയാണ് സൂക്ഷിക്കുന്നതെങ്കിലും അതിനുപയോഗിക്കുന്ന കീ (പാസ്‌വേര്‍ഡ് പോലെ ഒരു സംവിധാനം) ഡോപ് ബോക്സിന്റെ കയ്യിലാണുള്ളത് എന്നതാണ് കാരണം (മറ്റോരാളുടെ വീട്ടിലെ പെട്ടിയില്‍ നമ്മുടെ മുതല്‍ വച്ചുപുട്ടുമ്പോള്‍ താക്കോലും അയാളുടെ കയ്യിലാകുന്ന അവസ്ഥ).

ഇതുകൊണ്ടുള്ള പ്രശ്നങ്ങള്‍ പലതാണ്. ഫയലുകള്‍ നിരീക്ഷിക്കാനാകുന്നതുകൊണ്ടുതന്നെ ഡ്രോപ്ബോക്സിന്റെ കംപ്യൂട്ടറുകള്‍ അവ പരിശോധിക്കുന്നുണ്ട്. ഒരേ ഫയലിന്റെ പല പകര്‍പ്പുകള്‍ ഡിസ്കിലെ സ്ഥലം നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാനും പൈറസി തടയാനുമെല്ലാമാണിത്. ഇത്തരത്തിലുള്ള വിശകലനം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് എതിരാണെന്നാണ് ചിലരുടെ വാദം. സേവനദാതാവിന് ലഭ്യമായ ഡേറ്റ അവരുടെ സെര്‍വറില്‍ നുഴഞ്ഞുകയറുന്ന ഒരു ഹാക്കര്‍ക്കും ലഭ്യമാകും എന്നതാണ് അടുത്ത പ്രശ്നം. അപ്‌ലോഡ് ചെയ്യും മുമ്പ് ഉപയോക്താവു തന്നെ എന്‍ക്രിപ്ഷന്‍ നടത്തിയാലേ ഇതിനെയെല്ലാം മറികടക്കാനാകൂ.

സര്‍ക്കാരിന്റെ നിരീക്ഷണത്തെക്കുറിച്ചാണ് എഡ്വേഡ് സ്നോഡന് പറയാനുള്ളത്. ഉപയോക്താക്കളുടെ ഡേറ്റ ഡ്രോപ്ബോക്സിന് വായിക്കാനാവുന്ന രൂപത്തിലാണല്ലോ ഉള്ളത്. അതുകൊണ്ടുതന്നെ എന്‍.എസ്.എ. പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ ആവശ്യത്തിനുവഴങ്ങി ഡ്രോപ്ബോക്സ് ഈ ഡേറ്റ കൈമാറേണ്ടിവരും. സ്പൈഡര്‍ ഓക്ക് പോലുള്ള ബദല്‍സംവിധാനങ്ങളിലേക്ക് നീങ്ങാനാണ് സ്നോഡന്‍ നിര്‍ദേശിച്ചത്. അവിടെ ഉപയോക്താക്കള്‍ക്ക് എന്‍ക്രിപ്ഷന്‍ കീകള്‍ക്കുമേല്‍ അധികാരമുണ്ട്. ഇത്തരമൊരു രീതിയിലേക്ക് ഡ്രോപ്ബോക്സും മാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പുരോഗതിയുണ്ടായതായി അറിവില്ല.

ഇന്റര്‍നെറ്റ് ചാരവൃത്തി നടത്താനുള്ള് എന്‍.എസ്.എ.യുടെ പ്രിസം സംരഭത്തില്‍ ഡ്രോപ്ബോക്സിനെയും ഉള്‍പ്പെടുത്താന്‍ പദ്ധതിയുണ്ടായിരുന്നതായി പ്രമുഖ പത്രങ്ങള്‍ 2013-ല്‍ വാര്‍ത്ത നല്‍കിയിരുന്നു. സ്നോഡനെപ്പോലുള്ളവരുടെ അഭിപ്രായത്തെ ഇത് ബലപ്പെടുത്തുന്നു.

എന്താണ് പോംവഴി?

സ്നോഡന്‍ പറഞ്ഞപോലെ സ്പൈഡര്‍ ഓക്ക് പോലുള്ള ബദല്‍സംവിധാനങ്ങള്‍ പരിശോധിക്കാം. നിലവിലുള്ള സേവനം തന്നെ തുടരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ സ്വന്തം നിലയില്‍ എന്‍ക്രിപ്ഷന്‍ നടത്താം.

ഓണ്‍ലൈന്‍ സ്റ്റോറേജിലേക്ക് അപ്‌ലോഡ് ചെയ്യുംമുമ്പ് നാംതന്നെ ഫയല്‍ എന്‍ക്രിപ്റ്റ് ചെയ്യുക. സിപ്പ് ഫയലിലെ പാസ്‌വേഡ് സംവിധാനം വേണ്ടത്ര സുരക്ഷിതമല്ല. പകരം GPG (GNU Privacy Guard), PGP (Pretty Good Privacy) മുതലായ ടൂളുകള്‍ ഉപയോഗിക്കാം. ഇവ നേരിട്ടുപയോഗിക്കുന്നത് ബുദ്ധിമുട്ടാണെങ്കില്‍ EncryptPad ഗ്രാഫിക്കല്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കാം.

സിപ്പ് അത്ര സുരക്ഷിതമല്ലെന്ന് നാം പറഞ്ഞു. എന്നാല്‍ സിപ്പിന് സമാനമായ 7z എന്ന കംപ്രഷന്‍ ഫോര്‍മാറ്റ് കുറേക്കൂടി നല്ല സുരക്ഷ തരുന്നുണ്ട്. മേല്‍പ്പറഞ്ഞ പോലുള്ള എന്‍ക്രിപ്ഷന്‍ ടൂളുകളേക്കാള്‍ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണിത്. സാധാരണ ഫയലുകള്‍ കംപ്രസ് ചെയ്യുന്ന അതേ രീതി (റൈറ്റ് ക്ലിക്ക് ചെയ്ത് കംപ്രസ് കൊടുക്കുന്നതും മറ്റും) പിന്തുടരാം. ഫോര്‍മാറ്റായി .zip-ന് പകരം .7z എടുക്കണമെന്നുമാത്രം. അഡ്വാന്‍സ് ഓപ്ഷനുകളുടെ കൂട്ടത്തില്‍ പാസ്‌വേഡും ക്രമീകരിക്കണം.

പങ്കുവയ്ക്കുമ്പോള്‍

അപ്‌ലോഡ് ചെയ്ത ഫയലുകള്‍ പങ്കുവയ്ക്കാന്‍ ക്ലൗഡ് സേവനങ്ങള്‍ സൗകര്യമൊരുക്കുന്നുണ്ട്. ഇതുകൊണ്ടുള്ള പ്രധാനപ്പെട്ട ചില ഗുണങ്ങള്‍ ഇവയാണ്:

  • പങ്കുവച്ച ശേഷവും ഫയലില്‍ മാറ്റം വരുത്താനാവുന്നു
  • ഒരേ ഫയല്‍ ഒന്നിലേറെപ്പേര്‍ക്ക് മെയിലയയ്ക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകുന്നു
  • ഇന്റര്‍നെറ്റ്‌വഴി ഒരു ഫയല്‍ കൂട്ടായി തിരുത്താനാകുന്നു

എന്നാല്‍ 'ഷെയറിങ്' എന്ന വാക്കിനൊപ്പം സുരക്ഷാഭീഷണികളും നിഴലുപോലെയുണ്ട്. അതുകൊണ്ട് ക്ലൗഡ് സേവനങ്ങളിലെ പങ്കുവയ്ക്കല്‍ സംവിധാനം ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധ വേണം.

ഒരു പ്രത്യേക ജീമെയില്‍ വിലാസക്കാരനുമായി ഫയല്‍ പങ്കുവയ്ക്കാന്‍ സൗകര്യമൊരുക്കുന്നുണ്ട് ഗൂഗിള്‍ ഡ്രൈവ്. ഗൂഗിള്‍ അക്കൗണ്ടിലേക്ക് അയാള്‍ ലോഗിന്‍ ചെയ്താല്‍ മാത്രമേ ഫയല്‍ കാണാനാകൂ എന്നതുകൊണ്ട് ഇത് സുരഷിതമാണെന്നു പറയാം (അയാളുടെ ഗൂഗിള്‍ അക്കൗണ്ടില്‍ ആരും നുഴഞ്ഞുകയറാത്തിടത്തോളം കാലം).

എന്നാല്‍ ഗൂഗിള്‍ അക്കൗണ്ട് (മറ്റു സേവനങ്ങളുടെ കാര്യത്തില്‍ അവയിലെ അക്കൗണ്ടുകള്‍) ഇല്ലാത്തവരും ഉണ്ടാക്കാന്‍ താത്പര്യമില്ലാത്തവരുമായി ഒരുപാടുപേരുണ്ട്. അവരുമായി ഫയല്‍ പങ്കുവയ്ക്കാന്‍ 'ഷെയറബിള്‍ ലിങ്ക്' എന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്. ഈ രഹസ്യ ലിങ്ക് ലഭിച്ച ആര്‍ക്കും ഡ്രൈവില്‍ ലോഗിന്‍ ചെയ്യാതെ തന്നെ ഫയല്‍ കാണാം. വെബ്സൈറ്റുകളില്‍ പൊതുജനത്തിന് ഉപയോഗിക്കാനുള്ള ഡൗണ്‍ലോഡ് ലിങ്കുകള്‍ സൃഷ്ടിക്കാനും ഈ സംവിധാനം ഉപയോഗിച്ചുവരുന്നു.

ഷെയറബിള്‍ ലിങ്കുകള്‍ക്ക് ഒരു കുഴപ്പമുണ്ട്. അവ വെബ് വിലാസങ്ങളിലും ഹിസ്റ്ററിയിലും മറ്റും പ്രത്യക്ഷപ്പെടുന്നവയാണ്. ട്രാഫിക് നിരീക്ഷിക്കുന്ന പല സംവിധാനങ്ങളിലും ഈ ലിങ്കുകള്‍ പതിയും. അതുകൊണ്ടുതന്നെ ചാരവൃത്തി നടത്തുന്ന മാല്‍വെയറുകള്‍ക്കും ഹാക്കര്‍മാര്‍ക്കും ലിങ്കുകള്‍ മോഷ്ടിച്ച് ഫയല്‍ തുറക്കാം. സുരക്ഷിതമായ സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുക, കംപ്യൂട്ടറില്‍ സ്പൈവെയര്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക, ഏറെ പ്രാധാന്യമുള്ള ഫയലുകള്‍ പങ്കുവയ്ക്കാന്‍ ലിങ്ക് ഷെയറിങ് ഉപയോഗിക്കാതിരിക്കുക എന്നിവയാണ് പോംവഴികള്‍. ഫയലുകള്‍ പങ്കുവയ്ക്കുമ്പോള്‍ എന്തു തരത്തിലുള്ള ആക്സസ് (റീഡ്/എഡിറ്റ്) അനുവദിക്കുന്നു എന്നതും ശ്രദ്ധിക്കാന്‍ മറക്കരുത്.

അടുത്തതായി പറയാനുള്ളത് ഏറെ പ്രാധാന്യമുള്ള ഒരു സ്വകാര്യതാ പ്രശ്നത്തെക്കുറിച്ചാണ്. കുറച്ചുപേരുടെ കയ്യില്‍നിന്ന് ഒരേ തരത്തിലിലുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്ന് ഏറെപ്പേര്‍ ഉപയോഗിക്കുന്നത് 'ഗൂഗിള്‍ ഷീറ്റ്‌സ്' സംവിധാനമാണ്. ലഭിക്കേണ്ട വിവരങ്ങള്‍ കോളം ഹെഡ്ഡിങ്ങുകളായി വരുന്ന ഒരു ഷീറ്റ് സൃഷ്ടിക്കുന്നു, അത് ആവശ്യമുള്ളവരുമായി പങ്കുവയ്ക്കുന്നു. ഓരോരുത്തരും ഈ ഷീറ്റ് തുറന്ന് തങ്ങള്‍ക്കനുവദിച്ച വരിയില്‍ വിവരങ്ങള്‍ ചേര്‍ക്കണം. ഉദാഹരണത്തിന്, ടൂര്‍ കോഡിനേറ്ററായ ഒരധ്യാപകര്‍ ഒരു ഷീറ്റ് സൃഷ്ടിക്കുന്നു. ഇതില്‍ പേര്, രക്ഷിതാവിന്റെ പേര്, ഫോണ്‍ തുടങ്ങിയ കോളങ്ങള്‍ ഉണ്ടായിരിക്കും. ഇനി ഈ ഷീറ്റ് യാത്രയ്ക്കുവരുന്ന എല്ലാ വിദ്യാര്‍ത്ഥികളുമായും എഡിറ്റ് ആക്സസോടെ പങ്കുവയ്ക്കുന്നു. ഓരോരുത്തരും ലോഗിന്‍ ചെയ്ത് തങ്ങളുടെ റോള്‍ നമ്പര്‍ ഉള്ള വരിയില്‍ വിവരങ്ങള്‍ ചേര്‍ക്കണം. അധ്യാപകനെ സംബന്ധിച്ച് ഏറെ എളുപ്പമുള്ള പ്രക്രിയ. വിദ്യര്‍ത്ഥികള്‍ക്കോ, സ്വയം പൂരിപ്പിക്കുന്നതിനാല്‍ തെറ്റുകള്‍ കുറയുമെന്ന സമാധാനവും.

ഈ സൗകര്യത്തിന്റെ മറുവശമെന്താണ്? സ്വകര്യതാപ്രശ്നം തന്നെ. പങ്കുവയ്ക്കപ്പെട്ട ഈ ഷീറ്റില്‍ ആര്‍ക്കും ആരുടെയും വിവരങ്ങള്‍ കാണുകയും തിരുത്തുകയും ചെയ്യാമെന്നതാണ് പ്രശ്നം. ഫോണ്‍നമ്പരും മറ്റും ചോരാനും ബാങ്ക് അക്കൗണ്ട് നമ്പര്‍ തിരുത്തപ്പെടാനുമെല്ലാം സാദ്ധ്യതയുണ്ടിവിടെ. മനഃപൂര്‍വ്വമാവണമെന്നില്ല, അബദ്ധത്തിലും ഒരാള്‍ മറ്റുള്ളവരുടെ വിവരങ്ങള്‍ തിരുത്താമല്ലോ.

റോയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Protect Range എന്ന ഓപ്ഷന്‍ എടുത്താല്‍ എഡിറ്റ് ആക്സസ് ഒഴിവാക്കാം. എന്നാല്‍ അപ്പോഴും റോ എല്ലാവര്‍ക്കും വായിക്കാം. ഹൈഡ് എന്ന സംവിധാനവും വേണ്ടത്ര സുരക്ഷിതമല്ല. അതുകൊണ്ടുതന്നെ ഇത്തരം വിവരശേഖരണങ്ങള്‍ക്ക് ഗൂഗിള്‍ ഷീറ്റ് ഉപയോഗിക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തണം.

ഗൂഗിളിന്റെ തന്നെ ഫോംസ് സേവനം (forms.google.com) ഉപയോഗിച്ചാല്‍ വ്യക്തിഗത ഫോമുകള്‍ വിതരണം ചെയ്യാം. ഒടുവില്‍ ഡേറ്റയെല്ലാം വാരിക്കൂട്ടുകയുമാവാം അതിലും ഡേറ്റ കൈകാര്യം ചെയ്യുന്നത് ഗൂഗിള്‍ എന്ന 'തേഡ് പാര്‍ട്ടി' ആണെന്ന് മറക്കരുത്. ഏറ്റവും സുരക്ഷിതം സ്വന്തം നിലയ്ക്കുള്ള വിവരശേഖരണം തന്നെ.

എന്നാല്‍ അന്തിമമായി പറയാനുള്ളത് ഒന്നുമാത്രം: അത്രമേല്‍ സുപ്രധാനമോ വ്യക്തിപരമോ ആയ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കുക. ഉപയോഗിക്കുന്ന കാര്യങ്ങള്‍ക്കാകട്ടെ സ്വന്തം നിലയില്‍ സുരക്ഷ ഏര്‍പ്പെടുത്താനും ശ്രമിക്കുക.


Click here to read more like this. Click here to send a comment or query.