Nandakumar Edamana
Share on:
@ R t f

ടൈസന്‍ ഓ. എസ്.


ലിനക്സ് അധിഷ്ഠിതമായ ഒരു സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ടൈസന്‍. ലിനക്സ് ഫൗണ്ടേഷന്റെ കീഴിലുള്ള ഒരു സംരംഭമാണിത്. ടൈസന്‍ അസോസിയേഷന്‍, സാംസങ്, ഇന്റല്‍ തുടങ്ങിയ ഒരുകൂട്ടം സംഘടനകളുടെ പിന്തുണയും ഇതിനുണ്ട്. 2012-ല്‍ പുറത്തിറങ്ങിയ ഇതിന് വിവിധ സാംസങ് ഫോണുകളിലാണ് നിലവില്‍ വേരോട്ടമുള്ളത്. സാംസങ് ടൈസന്‍ ഫോണുകള്‍ പ്രമുഖ ഷോപ്പിങ് സൈറ്റുകളില്‍ ലഭ്യമാണ്. ടൈസന്‍ ഓ.എസ്സിന്റെ പുതിയ പതിപ്പ് ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

ആന്‍ഡ്രോയിഡിനെപ്പോലെ ഒരുപാടു തരം ഉപകരണങ്ങളെ ലക്ഷ്യമാക്കുന്നുണ്ട് ടൈസന്‍. മൊബൈല്‍, വെയറബിള്‍സ് (വാച്ചും മറ്റും), ടെലിവിഷന്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിലത്. വാഹനങ്ങളില്‍ ഇന്റര്‍നെറ്റും മള്‍ട്ടിമീഡിയയും അവതരിപ്പിക്കുന്ന ഇന്‍-വെഹിക്കിള്‍ ഇന്‍ഫോടെയ്ന്‍മെന്റ് (In-Vehicle Infotainment - IVI) ആണ് ടൈസന്‍ ലക്ഷ്യമാക്കുന്ന മറ്റൊരു പ്രവര്‍ത്തനമേഖല.

ഗൂിഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവും ലിനക്സ് അധിഷ്ഠിതമാണ്. ലിനക്സ് കേണലിനെ ഉപയോഗപ്പെടുത്തുന്നു എന്നതൊഴിച്ചാല്‍ ആന്‍ഡ്രോയിഡിന് ഗ്നു/ലിനക്സുമായി വലിയ സാമ്യമൊന്നുമില്ല. എന്നാല്‍ സി ലൈബ്രറിയുടെ കാര്യത്തിലും പാക്കേജ് മാനേജ്മെന്റിന്റെ (ആപ്പുകള്‍) കാര്യത്തിലുമെല്ലാം പ്രചാരമുള്ള ഗ്നു/ലിനക്സ് ഡിസ്ട്രോകളോട് സാമ്യം പുലര്‍ത്തുന്നുണ്ട് ടൈസന്‍. ഇതേ പാതയിലായിരുന്നു ലിനക്സ് ഡിസ്ട്രിബ്യൂഷന്റെ Moblin, MeeGo എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളും. എന്നാല്‍ ഇവ വേണ്ടത്ര വിജയം കണ്ടില്ല. ടൈസന്‍ കുറേക്കൂടി വിജയകരമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വെബ് ആപ്ലിക്കേഷന്‍ ശൈലിയില്‍ നിര്‍മിച്ച ആപ്പുകളെ പിന്തുണയ്ക്കുന്നു എന്നതാണ് ടൈസന്‍ ഓ.എസ്സിന്റെ എടുത്തുപറയേണ്ട പ്രത്യേകത. ഫയര്‍ഫോക്സ് ഓ. എസ്സും സമാനമായ രീതിയാണ് പിന്തുടര്‍ന്നിരുന്നത്. പല പുതിയ മൊബൈല്‍ ഓ.എസ്സുകളും ഇതേ പാതയിലാണ്.

എച്ച്.ടി.എം.എല്ലും ജാവാസ്ക്രിപ്റ്റും ഉപയോഗിച്ച് തയ്യാറാക്കിയ, വെബ് ബ്രൗസറില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളാണ് വെബ് ആപ്പുകള്‍. ഓരോ ഓപ്പറേറ്റിങ് സിസ്റ്റത്തിനും വേണ്ടി പ്രത്യേകം പ്രത്യേകം ആപ്ലിക്കേഷനുകള്‍ തയ്യാറാക്കേണ്ട ബുദ്ധിമുട്ട് ഇവ ഒഴിവാക്കുന്നു. ബ്രൗസറുകളില്‍ സാധാരണ വെബ്‌സൈറ്റുകള്‍ പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇന്‍സ്റ്റളേഷനൊന്നുമില്ലാതെതന്നെ ഓഫ്‌ലൈനോ ഓണ്‍‌ലൈനോ ആയി നേരിട്ട് ഉപയോഗിക്കാം.

ഈ ശൈലിയുടെ ഒരു വകഭേദമാണ് ടൈസന്‍ ഓ.എസ്സില്‍ ഉപയോഗിച്ചിട്ടുള്ളത്. നിലവിലെ വെബ് സ്റ്റാന്‍ഡേഡുകള്‍ക്കൊപ്പം ടൈസന്‍ കൂട്ടിച്ചേര്‍ക്കുന്ന സംവിധാനങ്ങളും ഉപകരണങ്ങളും ചേരുന്നതാണിത്. വെബ് ഡെവലപ്പര്‍മാര്‍ക്ക് ഇത് പരിചയപ്പെടാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല.

എന്നാല്‍ പരമ്പരാഗതശൈലിയില്‍ കംപൈല്‍ ചെയ്തുണ്ടാക്കുന്ന ആപ്പുകളെ അപേക്ഷിച്ച് വെബ് ആപ്പുകള്‍ക്ക് വേഗം കുറവാണ്. സാധാരണ ആവശ്യങ്ങള്‍ക്ക് ഇതൊരു പ്രശ്നമാകില്ലെങ്കിലും കാര്യക്ഷമത ആവശ്യമുള്ള ആപ്പുകള്‍ക്ക് ഇതൊരു പരിമിതിയാകും. അതുകൊണ്ടുതന്നെ സിയിലും മറ്റും പ്രോഗ്രാമെഴുതാനുള്ള സൗകര്യവും ടൈസന്‍ ഒരുക്കുന്നു.

ആപ്പ് ഡെവലപ്മെന്റ് സുഗമമാക്കാന്‍ ടൈസന്‍ സ്റ്റുഡിയോ എന്ന പാക്കേജ് ലഭ്യമാണ്. ഓദ്യോഗിക വെബ്സൈറ്റില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഇത് ഗ്നു/ലിനക്സ് (ഉബുണ്ടു), മാക് ഒ.എസ്., വിന്‍ഡോസ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കും.

ഒരു സാധാരണ ഉപയോക്താവിനെസ്സംബന്ധിച്ച് യൂസര്‍ ഇന്റര്‍ഫെയ്സില്‌ ആന്‍ഡ്രോയിഡും ടൈസനും അത്ര വ്യത്യസ്തമാവണമെന്നില്ല. ടൈസന്‍ ഒരല്പം കൂടി ലൈറ്റ്‌വെയിറ്റും വേഗമേറിയതുമാണെന്ന് പറയപ്പെടുന്നു.

ഔദ്യോഗിക വെബ്സൈറ്റ്: tizen.org


Click here to read more like this. Click here to send a comment or query.