Nandakumar Edamana
Share on:
@ R t f

പോയിന്റ്-ആന്‍ഡ്-ഷൂട്ട് ക്യാമറകള്‍


ഫോട്ടോഗ്രഫിയെക്കുറിച്ച് ഒന്നുമറിയാത്ത ഒരാള്‍ക്കുപോലും മുന്നില്‍ക്കാണുന്നതെന്തും പകര്‍ത്താനാകണം. അതാണ് പോയിന്റ്-ആന്‍ഡ്-ഷൂട്ട് ക്യാമറകളുടെ ഉദ്ദേശ്യം. ഇതില്‍ എന്താണിത്ര പുതുമ എന്ന് തോന്നുന്നുണ്ടെങ്കില്‍ ഡിഎസ്എല്‍ആര്‍ എടുത്ത് മാന്വല്‍ മോഡില്‍ ഒരു ഫോട്ടോ എടുത്തു നോക്കണം. ഒന്നുകില്‍ ഫോട്ടോഗ്രഫി പഠിക്കാന്‍ താല്പര്യം ജനിക്കും; അല്ലെങ്കില്‍ പോയിന്റ്-ആന്‍ഡ്-ഷൂട്ട് തന്നെ മതി എന്ന് തീരുമാനിക്കും. സാധാരണക്കാര്‍ക്ക് ഫോട്ടോകള്‍ എന്നാല്‍ ഓര്‍മകള്‍ പകര്‍ത്തുക മാത്രമാണ്. അതിന് ഏറ്റവും യോജിച്ചത് പോയിന്റ്-ആന്‍ഡ്-ഷൂട്ട് ആണ്. അക്ഷരാര്‍ത്ഥത്തില്‍ ഒറ്റ ക്ലിക്കില്‍ ഫോട്ടോ തയ്യാര്‍. മുന്തിയ ക്യാമറകളില്‍ ഓട്ടോമോഡിനും ഏതാണ്ട് ഇതേ ലാളിത്യമുണ്ടെങ്കിലും അവയ്ക്കില്ലാത്ത ഒരു ഗുണം ഇവയ്ക്കുണ്ട്: ഒതുക്കം. അതുകൊണ്ടുതന്നെ ഇവ 'കോംപാക്റ്റ് ക്യാമറകള്‍' എന്നും അറിയപ്പെടുന്നു. പല പ്രൊഫഷണല്‍, ആര്‍ട്ട് ഫോട്ടോഗ്രാഫര്‍മാരും ചെറിയ ആവശ്യങ്ങള്‍ക്കെല്ലാം കോംപാക്റ്റ് ക്യാമറകള്‍ ഉപയോഗിക്കുന്നത് ഈ ഒതുക്കം കൊണ്ടാണ്.

ഏത് പോയിന്റ്-ആന്‍ഡ്-ഷൂട്ട് ക്യാമറയിലും ഒപ്റ്റിക്കല്‍ സൂം ലഭ്യമാണ്. പോര്‍ട്രെയ്റ്റ് (ഛായാചിത്രം), ലാന്‍ഡ്സ്കേപ്പ്/നേച്ചര്‍, മാക്രോ (ചെറിയ വസ്തുക്കളുടെ വലിയ ഫോട്ടോ) എന്നിങ്ങനെ വിവിധ മോഡുകള്‍ തെരഞ്ഞെടുക്കാനാകും. വിലകൂടിയ കോംപാക്റ്റ് ക്യാമറകളില്‍ (പതിനായിരങ്ങള്‍ മുതല്‍ ഒരു ലക്ഷത്തിലേറെ രൂപ) അപര്‍ച്ചര്‍ പോലുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാനാകും. എന്നാല്‍ ലെന്‍സ് മാറ്റാനാകില്ല.

സ്മാര്‍ട്ട്ഫോണിന്റെ വരവോടെതന്നെ പോയിന്റ്-ആന്‍ഡ്-ഷൂട്ട് ക്യാമറകള്‍ വിപണിയില്‍ വെല്ലുവിളി നേരിട്ടിരുന്നു. ഫോണ്‍ ക്യാമറ കൂടുതല്‍ വികാസം പ്രാപിച്ചതോടെ പോയിന്റ്-ആന്‍ഡ്-ഷൂട്ടിന് സാധാരണക്കാരുടെയിടയില്‍ യാതൊരു പ്രാധാന്യവുമില്ലാതായി. സ്മാര്‍ട്ട്ഫോണ്‍ പോലെ ആപ്പുകളുടെയും മറ്റും ശല്യമില്ല, ഫോണിനേക്കാള്‍ മികച്ച ഒപ്റ്റിക്കല്‍ സൂം എന്നിവ മാത്രമാണ് ഇത്തരം ക്യാമറകള്‍ക്ക് ഇനിയും അവകാശപ്പെടാനുള്ളത്. എന്നാല്‍ ഉടന്‍ പ്രിന്റൌട്ട് തരുന്ന ഇന്‍സ്റ്റന്റ് ക്യാമറകള്‍ക്ക് സാധാരണക്കാരുടെ ഇടയിലും ആവശ്യക്കാരുണ്ട്. ഗുണനിലവാരത്തിനുപകരം ലാളിത്യവും കൗതുകവുമാണ് ഇവയെ ആകര്‍ഷകമാക്കുന്നത്.

ഇന്‍സ്റ്റന്റ് അല്ലെങ്കിലും ഹൈ-എന്‍ഡ് പോയിന്റ്-ആന്‍ഡ്-ഷൂട്ട് ക്യാമറകള്‍ക്കും വിപണിയുണ്ട്. ഡിഎസ്‌എല്‍ആര്‍ പോലുള്ള ഉയര്‍ന്ന ക്യാമറകളുടെ നിലവാരം പ്രതീക്ഷിക്കുന്ന, എന്നാല്‍ ഉപയോഗം ലളിതമായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്കുവേണ്ടിയുള്ളതാണിവ.

പ്രചാരമേറിയ ചില ഡിജിറ്റല്‍ പോയിന്റ്-ആന്‍ഡ്-ഷൂട്ട് ബ്രാന്‍ഡുകളാണ് നിക്കോണ്‍ കൂള്‍പിക്സ്, കാനണ്‍ പവര്‍ഷ‍ോട്ട്, സോണി സൈബര്‍ഷോട്ട് എന്നിവ. പ്രചാരമേറിയ ഒരു ഇന്‍സ്റ്റന്റ് ക്യാമറാ ബ്രാന്‍ഡാണ് ഫുജിഫിലിം ഇന്‍സ്റ്റാക്സ്.


Click here to read more like this. Click here to send a comment or query.