Nandakumar Edamana

Guidelines for Malayalam Technology Writers

I know this is long. If you can't read the whole, probably writing isn't for you.

1. വിഷയം

ആളുകള്‍ ഇപ്പോള്‍ തന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതോ അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്നതോ ആയ വിഷയങ്ങള്‍ക്കുവേണം പ്രാധാന്യം കൊടുക്കാന്‍. ഭാവിസ്വപ്നങ്ങള്‍, ഗവേഷണവാര്‍ത്തകള്‍ എന്നിവയൊന്നും വേണ്ടെന്നല്ല, തീര്‍ച്ചയായും വേണം. എന്നാല്‍ അവ വായനക്കാര്‍ക്ക് പുതിയ അറിവോ പ്രത്യാശയോ ആശങ്കയോ പകരണം. അതും ചുരുങ്ങിയ വാക്കുകളില്‍. ഉദാഹരണത്തിന്, അമേരിക്കയില്‍ മാത്രം ലഭ്യമായ ഒരു ഫോണിന്റെ വിശദമായ റിവ്യൂ ഇവിടെ കൊടുക്കുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ മറ്റൊരു ഫോണിനും ഇല്ലാത്ത ഒരു സവിശേഷത അതിനുണ്ടെങ്കില്‍ അതിന്റെ സാങ്കേതിക വിശദാംശങ്ങള്‍ എഴുതാം.

ഏതെങ്കിലും ഒരു ഉത്പന്നത്തെക്കുറിച്ച് എഴുതുന്നതിനു പകരം അതുള്‍പ്പെടുന്ന ഒരു വിഭാഗത്തെക്കുറിച്ച് പറഞ്ഞ് ഒരു ഉദാഹരണമെന്ന നിലയില്‍ നിങ്ങള്‍ ഉദ്ദേശിച്ച ഉപകരണം അവതരിപ്പിക്കാനാകുമോ എന്ന് നോക്കുക. എന്നാല്‍ നിങ്ങള്‍ ഉദ്ദേശിച്ച ഉത്പന്നം അത്രയേറെ വേറിട്ട് നില്‍ക്കുന്നതാണെങ്കില്‍ അതേക്കുറിച്ചുമാത്രം എഴുതിയാല്‍ മതി. ബദലുകള്‍ അവസാനം പറഞ്ഞുവയ്ക്കാം.

2. വസ്തുതകള്‍

ഒര വെബ്‌സൈറ്റിനെക്കുറിച്ചാണ് എഴുതുന്നതെങ്കില്‍ അത് വെബ്‌സൈറ്റാണെന്നതും വിലാസം എന്താണെന്നതും വ്യക്തമാക്കണം. നടത്തുന്നത് ആരാണെന്നതും പറയണം.

അതുപോലെ ആപ്പുകളെക്കുറിച്ചെഴുതുമ്പോള്‍ അതിന്റെ ശരിയായ പേര്, ഏതെല്ലാം ഉപകരണങ്ങളിലും ഓഎസ്സുകളിലും പ്രവര്‍ത്തിക്കും, എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം, ഏതാണ് പുതിയ വേര്‍ഷന്‍, സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആണോ, സൗജന്യമാണോ, വിലയുണ്ടെങ്കില്‍ എത്ര, നമ്മുടെ രാജ്യത്തു കിട്ടുമോ തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെടുത്തുക.

3. ഉത്തരവാദിത്തം

ഉത്പന്നങ്ങളും സേവനവും ഉപയോക്താക്കളുടെ സ്വാതന്ത്ര്യവും സ്വകാര്യതയും മാനിക്കുന്നുണ്ടോ, സുരക്ഷിതമാണോ എന്നെല്ലാം പരിശോധിക്കുക. കുറവുകള്‍ ഉണ്ടെങ്കിലും വിഷയം തള്ളിക്കളയണമെന്നില്ല. ഇക്കാര്യം വ്യക്തമാക്കിയാല്‍ മതി.

സ്വയം പരീക്ഷിച്ചു കണ്ടെത്തിയ കാര്യങ്ങള്‍ എഴുതുകയോ, ആധികാരികമായ പല സ്രോതസ്സുകളില്‍നിന്ന് വായിച്ചു മനസ്സിലാക്കിയ ശേഷം സ്വന്തം നിലയ്ക്ക് എഴുതുകയോ ചെയ്യുക. പച്ചയായ മൊഴിമാറ്റം വേണ്ട. ആശ്രയിച്ച ലേഖനങ്ങളുടെയും മറ്റും പട്ടിക സൂക്ഷിക്കുക.

ലേഖനത്തിനു പറ്റിയതും ഉദാരമായ പകര്‍പ്പവകാശ നിബന്ധനകള്‍ ഉള്ളതുമായ ചിത്രങ്ങള്‍ കണ്ടെത്തി വയ്ക്കുക.

4. യാന്ത്രികമാവരുത്

പൂര്‍ണമായും സ്വന്തം വാക്കുകളില്‍ എഴുതിയതാവണം ലേഖനം. ചാറ്റ് ജിപിടി പോലുള്ള ടൂളുകളെക്കൊണ്ട് എഴുതിച്ചതോ ഗൂഗിള്‍ ട്രാന്‍സ്‍ലേറ്റ് പോലുള്ള സംവിധാനങ്ങള്‍ വഴി മൊഴിമാറ്റം നടത്തിയെടുത്തതോ ആയ കുറിപ്പുകള്‍ നമുക്കു വേണ്ട. രണ്ട് പ്രശ്നങ്ങളാണ് ഇത്തരം ടൂളുകള്‍ ഉപയോഗിക്കുമ്പോഴുള്ളത്. ഒന്ന്, പകര്‍പ്പവകാശം. ഗൂഗിള്‍ ട്രാന്‍സ്‍ലേറ്റ് എന്നല്ല, സ്വന്തം നിലയ്ക്കുപോലും മൊഴിമാറ്റാന്‍ മിക്ക ലേഖനങ്ങളുടെയും ലൈസന്‍സ് അനുവദിക്കുന്നുണ്ടാവില്ല.

ഭാഷ യാന്ത്രികമായിപ്പോവുന്നു എന്നതാണ് അടുത്ത പ്രശ്നം. ഈ ഉദാഹരണം നോക്കൂ:

ഇംഗ്ലീഷ്:

You can easily enable the autosave feature by toggling the appropriate button.

ഗൂഗിള്‍ ട്രാന്‍സ്‍ലേറ്റ്:

ഉചിതമായ ബട്ടൺ ടോഗിൾ ചെയ്തുകൊണ്ട് നിങ്ങൾക്ക് ഓട്ടോസേവ് ഫീച്ചർ എളുപ്പത്തിൽ പ്രവർത്തനക്ഷമമാക്കാം.

ഉദ്ദേശിക്കുന്നത്:

ഓട്ടോസേവ് സംവിധാനം ഏര്‍പ്പാടാക്കാന്‍ അതിന്റെ ബട്ടണമര്‍ത്തുകയേ വേണ്ടൂ.

(വേണമെങ്കില്‍ ഒരു വിശദീകരണവും ചേര്‍ക്കാം: "ചെയ്തുകൊണ്ടിരിക്കുന്ന കാര്യം ഇടയ്ക്കിടെ സ്വയം സേവ് ആകാനുള്ളതാണ് ഈ സംവിധാനം.")

ഏറെ ശ്രദ്ധിക്കേണ്ട കാര്യം "നിങ്ങള്‍" എന്ന പ്രയോഗമാണ്. ഇംഗ്ലീഷില്‍ ട്യൂട്ടോറിയലുകളെഴുതുമ്പോള്‍ you, your എന്നൊക്കെ പതിവായി ഉപയോഗിക്കുന്നത് സ്വാഭാവികമാണ്. മലയാളത്തില്‍ പക്ഷേ ഇത് അരോചകമാണ്. "നിങ്ങള്‍" എന്നത് വേണമെങ്കില്‍ "നമ്മള്‍" എന്നാക്കാം. പക്ഷേ കഴിവതും ഒന്നും ഉപയോഗിക്കാതിരിക്കുന്നതാണ് വൃത്തി. ഉദാഹരണത്തിന്, "നിങ്ങള്‍ക്കിപ്പോള്‍ നിങ്ങളുടെ സ്ക്രീന്‍ ഓഫാക്കാം" (You can now turn off your screen) എന്നതിനുപകരം "ഇനി സ്ക്രീന്‍ ഓഫാക്കാം" എന്നു മാത്രം എഴുതുക.

5. ശൈലി

'പണ്ടൊക്കെ ഒരു കാര്യം പറയാന്‍ എഴുത്തെഴുതി കാത്തിരിക്കണമായിരുന്നു', 'ഇന്നിപ്പോള്‍ എല്ലാ വീട്ടിലും നെറ്റ് ഉണ്ട്' പോലുള്ള തുടക്കങ്ങള്‍ ഒഴിവാക്കുക. സാധാരണക്കാരെ ഉദ്ദേശിച്ചാണ് നമ്മള്‍ എഴുതുന്നത്. ശരി തന്നെ. എന്നാല്‍ കംപ്യൂട്ടര്‍ എന്ന് കേട്ടിട്ടുപോലുമില്ലാത്തവരെ ഉദ്ദേശിച്ചല്ലല്ലോ. അതുകൊണ്ട് നേരിട്ട് കാര്യത്തിലേക്കു കടക്കുക. അല്ലെങ്കില്‍ സര്‍ഗാത്മകമായ മറ്റേതെങ്കിലും രീതിയില്‍ സമീപിക്കുക.

യന്ത്രങ്ങളെക്കുറിച്ചാണ് എഴുതുന്നത്, യന്ത്രങ്ങള്‍ക്കുവേണ്ടിയല്ല, അതുകൊണ്ട് ലളിതമായ വാക്കുകളും നീളം കുറഞ്ഞ വാചകങ്ങളും ഉപയോഗിക്കുക. സാങ്കേതികവാക്കുകള്‍ അനാവശ്യമായി മൊഴിമാറ്റം ചെയ്യാതിരിക്കുക.

സര്‍ഗ്ഗാത്മകത വേണം, എന്നു കരുതി സാഹിത്യസൃഷ്ടിയാവരുത്. വസ്തുതകള്‍ക്കും വിശകലനത്തിനുമാണ് പ്രാധാന്യം.

അതിവൈകാരികത വേണ്ട. ഉദാഹരണത്തിന് രണ്ടു കമ്പനികള്‍ക്കിടയിലെ തര്‍ക്കം സൂചിപ്പിക്കാന്‍ തലക്കെട്ടില്‍ 'യുദ്ധവും' 'കൊമ്പുകോര്‍ക്കലും' ഒക്കെയാകാം. ഉള്ളില്‍ കാര്യം മാത്രം മതി.