Nandakumar Edamana
Share on:
@ R t f

കസേരക്കളി മതിയാക്കാം, കംപ്യൂട്ടറിനുമുന്നില്‍ നില്ക്കാം!


ലിനക്സ് കേണലിന് തുടക്കമിട്ട ലിനസ് ടൊര്‍വാള്‍ഡ്സിന്റെ ഒരു വീഡിയോ അഭിമുഖം ഏറെ ശ്രദ്ധേയമായിത്തോന്നി. അദ്ദേഹത്തിന്റെ അനുഭവങ്ങളോ സാങ്കേതികജ്ഞാനമോ ഒന്നുമായിരുന്നില്ല പ്രധാന ആകര്‍ഷണീയത. മറിച്ച് അദ്ദേഹമുപയോഗിച്ചിരുന്ന കംപ്യൂട്ടര്‍ ആയിരുന്നു. ഏറെ സാങ്കേതികമികവുള്ള ഒരു കംപ്യൂട്ടറാണ് അതെന്ന് കരുതിയെങ്കില്‍ അതും തെറ്റി. ലളിതമായ ഒരു കംപ്യൂട്ടറാണത്. അത് മുറിയില്‍ ക്രമീകരിച്ചിരിക്കുന്നതിലാണ് കൗതുകം. നിന്നാല്‍ മാത്രം ഉപയോഗിക്കാനാവുന്ന ഉയരത്തിലാണ് കംപ്യൂട്ടര്‍. അതിനുമുന്നില്‍ ഒരു ട്രെഡ്മില്‍ (നടത്തത്തിന്റെ ഗുണം തരുന്ന വ്യായാമോപകരണം). അതില്‍ 'നടന്നു'കൊണ്ടാണ് ലിനസ് കോഡെഴുതുന്നത്.

ചലിച്ചുകൊണ്ട് ടൈപ്പ് ചെയ്യുന്നത് ശരീരത്തിന് നല്ലതോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്നാല്‍ നിന്നുകൊണ്ടുള്ള കംപ്യൂട്ടര്‍ ഉപയോഗത്തിന് പ്രചാരം കിട്ടിത്തുടങ്ങിയിട്ടുണ്ടെന്ന് വ്യക്തം. ലിനസ് ഒന്നുമല്ല ഇതിന് തുടക്കമിട്ടത്. പലരുടെയും കംപ്യൂട്ടറുകള്‍ കുറച്ചുകാലമായി ആള്‍പ്പൊക്കത്തിലാണ്. ഏറെനേരം ഇരുന്നുകൊണ്ടുള്ള ജോലി അക്ഷരാര്‍ത്ഥത്തില്‍ നമ്മെ കൊല്ലുകയാണെന്ന് പഠനങ്ങള്‍ മുന്നറിയിപ്പുതരുന്നു. ഈ പശ്ചാത്തലത്തിലാണ് കംപ്യൂട്ടറുകള്‍ക്ക് പൊക്കമേറിയത്.

ഇരിപ്പിന്റെ കുഴപ്പം

ഇരിപ്പ് എന്തുകൊണ്ട് കുഴപ്പമാകുന്നു എന്ന ചോദ്യത്തിന് ഇന്നും അപൂര്‍ണമാമായ ഉത്തരമേയുള്ളൂ. എന്നാല്‍ അത് കുഴപ്പമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും ആകുലതകളും വന്നുകൊണ്ടേയിരിക്കുകയാണ്.

ഇരുത്തത്തിന്റെ ദോഷങ്ങളെ നമുക്ക് രണ്ടു ഭാഗങ്ങളായി കാണാം. ഒന്ന് ജീവിതശൈലീരോഗങ്ങളാണ്. പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം പോലുള്ള പ്രശ്നങ്ങള്‍. ഇരുത്തത്തെ അര്‍ബുദവുമായി വരെ ബന്ധപ്പെടുത്തി പഠനങ്ങള്‍ വന്നിട്ടുണ്ട്. ഇരിപ്പ് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നു എന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ.

ഇരിപ്പുശൈലി (Posture) ആണ് മറ്റൊന്ന്. ശരിയായ ആകൃതിയില്‍ ഇരിക്കാത്തതാണ് കംപ്യൂട്ടര്‍സംബന്ധമായ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണം. കറങ്ങുന്ന കസേരയിലെ വലിഞ്ഞ ഇരിപ്പും മുന്നോട്ടാഞ്ഞ് നട്ടെല്ല് വളയ്ക്കാനുള്ള പ്രവണതയുമെല്ലാം ഇരുന്ന് കംപ്യൂട്ടറുപയോഗിക്കുന്നവരില്‍ സാധാരണമാണ്. അതേസമയം സ്റ്റാന്‍ഡിങ് ഡെസ്കുകള്‍ ഇത്തരം പ്രവണതകള്‍ കുറയ്ക്കുകയും ശരിയായ നില്‍പ്പിനും നോട്ടത്തിനുമെല്ലാം സഹായിക്കുകയും ചെയ്യും.

ഏറെ നേരം ഇരുന്ന് എഴുതുകയോ വായിക്കുകയോ എല്ലാം ചെയ്യുന്നതിനേക്കാള്‍ തീവ്രമാണ് ഇരുന്നുള്ള കംപ്യൂട്ടര്‍ ഉപയോഗം. മിക്ക ഓഫീസ് ജോലികളും ഇന്ന് കംപ്യൂട്ടര്‍ അധിഷ്ഠിതമായതിനാല്‍ ഫാക്റ്ററിത്തൊഴിലാളികളല്ലാത്തവരെല്ലാം കംപ്യൂട്ടര്‍സന്ന്യാസികളാവുന്നു. അതുകൊണ്ടുതന്നെ ഇരിപ്പിന്റെ ദോഷങ്ങള്‍ ഇന്ന് ഏറെപ്പേര്‍ക്കും ബാധകമാണ്.

ദിവസം ആറുമണിക്കൂറില്‍ക്കൂടുതല്‍ ഇരിക്കുന്നത് ആത്മഹത്യാപരമാണെന്ന് പഠനങ്ങള്‍ പറയുമ്പോള്‍ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും തങ്ങളുടെ അന്തരീക്ഷം പുനരവലോകനം ചെയ്തേ മതിയാകൂ.

സ്റ്റാന്‍ഡിങ് ഡെസ്കുകള്‍

ജോലിക്കിടെ കൃത്യമായ ഇടവേളകളില്‍ എഴുന്നേറ്റുനില്ക്കുകയും നടക്കുകയും ചെയ്യുക എന്നതാണ് ഇരിപ്പുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമായി പറയുന്നത്. ഇതിനൊരു 20-8-2 റൂള്‍ വരെയുണ്ട്. ഇരുപത് മിനിറ്റ് ഇരുന്ന് ജോലി ചെയ്യുക, എട്ടുമിനിറ്റ് നില്‍ക്കുക, രണ്ടുമിനിറ്റ് നടക്കുക. എന്നാല്‍ ഈ രീതിയിലുള്ള ആരോഗ്യസംരക്ഷണമൊന്നും തിരക്കേറിയ ജോലിസ്ഥലങ്ങളില്‍ പ്രായോഗികമല്ല.

ഇവിടെയാണ് സ്റ്റാന്‍ഡിങ് ഡെസ്കുകളുടെ പ്രാധാന്യം. ജോലി ചെയ്യുമ്പോള്‍ത്തന്നെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഇവയുടെ ആശയം. നിന്നുപയോഗിക്കാവുന്ന ഉയരത്തില്‍ കംപ്യൂട്ടറിനെയും മറ്റും ഉയര്‍ത്തുന്ന മേശകളാണിവ.

സ്റ്റാന്‍ഡിങ് ഡെസ്കുണ്ടെന്നുകരുതി ഇടവേളകളും വ്യായാമവും ഒഴിവാക്കുന്നത് മണ്ടത്തരമാണെങ്കിലും പ്രായോഗികമായി ചിന്തിക്കുമ്പോള്‍ ഇവ ഏറെ ഉപകാരപ്രദമാണ്.

സ്റ്റാന്‍ഡിങ് ഡെസ്കുള്‍ പലതരമുണ്ട്. ചിലത് നിന്നുമാത്രം കംപ്യൂട്ടറുപയോഗിക്കാവുന്ന രീതിയിലുള്ളതാണ്. അപ്പോള്‍ ഇരുന്നുപയോഗിക്കാവുന്ന രീതിയില്‍ മറ്റൊരു കംപ്യൂട്ടറോ മേശയോ കൂടി വേണ്ടിവരും, മാറിമാറി ഉപയോഗിക്കാന്‍.

ചിലതാകട്ടെ സാധാരണ മേശപ്പുറത്ത് കംപ്യൂട്ടറിന്റെ ഉയരം കൂട്ടുന്നവയാണ്. ഇവയ്ക്കും നേരത്തെ പറഞ്ഞ പ്രശ്നമുണ്ട്.

ഉയരം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന തരമാണ് അടുത്തത്. മാറിമാറി നിന്നു ഇരുന്നും ഉപയോഗിക്കാന്‍ ഇതു സഹായിക്കും. കംപ്യൂട്ടറും മേശയുമെല്ലാം ഒന്നുമതി.

അല്പം 'ഓവര്‍സ്മാര്‍ട്ട്' ആണ് അടുത്ത തരം -- ട്രെ‍ഡ്മില്‍ (Treadmill) ഉള്ളത്. ട്രെഡ്മില്‍ ഡെസ്ക്, വാക്കിങ് ഡെസ്ക് എന്നെല്ലാം ഇതിന് പേരുണ്ട്. മണിക്കൂറില്‍ രണ്ട് മൈലില്‍ താഴെ വേഗം ക്രമീകരിച്ചാല്‍ ഇത് കുഴപ്പമില്ലാതെ ഉപയോഗിക്കാം എന്നാണ് പറയപ്പെടുന്നത്. ടൈപ്പിങ് കൂടുതലുള്ള ജോലികള്‍ക്ക് ഇത് എത്രത്തോളം തടസ്സമുണ്ടാക്കും എന്ന് വ്യക്തമല്ല. എന്തായാലും ഏറെപ്പേര്‍ ഇന്നിത് ഉപയോഗിക്കുന്നുണ്ട്.

ശ്രദ്ധ വേണം

പൊണ്ണത്തടി ഭയന്ന് പട്ടിണികിടക്കുന്നതുപോലുള്ള മണ്ടത്തരങ്ങള്‍ കംപ്യൂട്ടര്‍ എര്‍ഗണോമിക്സിലും കാണാം. സ്റ്റാന്‍ഡിങ് ഡെസ്കുകള്‍ പ്രയോജനപ്രദമാണെങ്കിലും അവകൊണ്ടുമാത്രം കാര്യമില്ല. യഥാര്‍ത്ഥ നില്‍പ്പും നടപ്പും എല്ലാം വേണം.

ഏറെനേരത്തെ നില്‍പ്പ് വെരിക്കോസ് വെയിന്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. കാലിന് തുണ​യേകുന്ന ചവിട്ടികളും മറ്റും സ്റ്റാന്‍ഡിങ് ഡെസ്കുകളോടൊപ്പം ഉപയോഗിക്കണം എന്ന് പറയപ്പെടുന്നത് ഇതുകൊണ്ടാണ്.

ഒറ്റയടിക്ക് നില്‍പ്പിലേക്കുള്ള മാറ്റം നല്ലതല്ല. പതുക്കെയാണെങ്കിലും പൂര്‍ണമായ മാറ്റവും നല്ലതല്ല. നില്‍പ്പിനും അതിന്റേതായ ദോഷങ്ങളുണ്ട്. ഒരു സന്തുലിതാവസ്ഥയാണ് ആവശ്യം.

സ്റ്റാന്‍ഡിങ് ഡെസ്കുകളിലും ഉപകരണങ്ങളുടെ ക്രമീകരണം പ്രധാനപ്പെട്ടതാണ്. കണ്ണിന്റെ നില (Eye level) മോണിറ്ററിന്റെ മേല്‍ഭാഗത്തിന് നേരെയാവണം. കുനിഞ്ഞുനോക്കേണ്ട അവസ്ഥ ഉണ്ടാവരുത്. കണ്ണില്‍നിന്ന് ഏകദേശം അര മീറ്റര്‍ ദൂരമായിരിക്കും കാഴ്ചയ്ക്ക് സുഖകരം.

ടൈപ്പുചെയ്യുമ്പോള്‍ കൈ 90 ഡിഗ്രിയില്‍ മടങ്ങുന്ന നിലയിലാവണം കീബോഡ്. കൈപ്പത്തികള്‍ കൈമുട്ടിനേക്കാള്‍ ഉയരേണ്ട അവസ്ഥ വരരുതെന്നര്‍ത്ഥം.

ഏറെനേരത്തെ ജോലി നമുക്ക് ഒഴിവാക്കാനാവില്ല. എന്നാല്‍ ആ സമയം വ്യത്യസ്ത ശാരീരികഭാവങ്ങളോടെ ചെലവഴിക്കാന്‍ ശ്രമിക്കാവുന്നതേയുള്ളൂ.


Keywords (click to browse): standing-desk walking-desk treadmill-desk ergonomics health-risks-of-prolonged-sitting sitting standing excersise linus-torvalds technology computer health cyber-security infokairali