Nandakumar Edamana
Share on:
@ R t f

സ്വതന്ത്രസോഫ്റ്റ്‌വെയര്‍


ഫ്രീ സോഫ്റ്റ്‌വെയര്‍ എന്ന ഇംഗ്ലീഷ് വാക്ക് കേള്‍ക്കുമ്പോള്‍ ഫ്രീ ഡൗണ്‍ലോഡാവും മിക്കവരുടെയും മനസ്സിലെത്തുക. എന്നാല്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ എന്നത് 'സ്വതന്ത്രസോഫ്റ്റ്‌വെയര്‍' ആണ്, 'സൗജന്യസോഫ്റ്റ്‌വെയര്‍' അല്ല. ഉപയോക്താവിന്റെ സ്വാതന്ത്ര്യവും സ്വകാര്യതയുമെല്ലാം മാനിക്കുന്ന ഏത് സോഫ്റ്റ്‌വെയറും സ്വതന്ത്രസോഫ്റ്റ്‌വെയറാണ്. അത് സൗജന്യമാവാം, പണത്തിന് കിട്ടുന്നതാവാം.

സോഫ്റ്റ്‌വെയര്‍ നിര്‍മിക്കുമ്പോഴും വിതരണം ചെയ്യുമ്പോഴുമെല്ലാം നിര്‍മാതാക്കള്‍ക്ക് പിന്തുടരാവുന്ന ഒരാദര്‍ശമാണിത്. ഗ്നു/ലിനക്സ്, ജിമ്പ്, ഫയര്‍ഫോക്സ്, വിക്കിപീഡിയ എന്നിവയെല്ലാം ഇത്തരത്തിലുള്ളതാണ്.

'ഫ്രീ' എന്നതുകൊണ്ടുദ്ദേശിക്കുന്നത് 'ഫ്രീഡം' ആണെന്ന് മനസ്സിലായല്ലോ. എന്നാല്‍ ഇതിന്റെ അര്‍ത്ഥം ശരിയായി ഉള്‍ക്കൊള്ളാന്‍ സോഫ്റ്റ്‌വെയര്‍ ലൈസന്‍സുകളെക്കുറിച്ചറിയണം. ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനോ പരിഷ്കരിക്കാനോ പുനര്‍വിതരണം നടത്താനോ നിര്‍മ്മാതാവ് ഉപയോക്താവിന് നല്‍കുന്ന ലൈസന്‍സാണ് സോഫ്റ്റ്‌വെയര്‍ ലൈസന്‍സ്. ഒരു സോഫ്റ്റ്‌വെയര്‍ വാങ്ങുമ്പോള്‍/നിയമപരമായി ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതുപയോഗിക്കാനുള്ള ലൈസന്‍സാണ് നാം കൈവശപ്പെടുത്തുന്നത്. അത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നാം ഈ ലൈസന്‍സിനോട് യോജിക്കുകയും ചെയ്യുന്നു.

വിന്‍ഡോസ്, ഫോട്ടോഷോപ്പ് തുടങ്ങി ഒരുപാട് സോഫ്റ്റ്‌വെയറുകളുടെ ലൈസന്‍സില്‍ പറയുന്നത് അവ അനുവാദമില്ലാതെ പകര്‍പ്പെടുക്കുകയോ പരിഷ്കരിക്കുകയോ ഒന്നും ചെയ്യാന്‍ പാടില്ലെന്നാണ്. പരിമിതമായ രീതിയില്‍ ഉപയോഗിക്കാന്‍ മാത്രം അനുവാദം തരുന്ന ഇത്തരം സോഫ്റ്റ്‌വെയറുകള്‍ 'പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍' (Proprietary Software) എന്നറിയപ്പെടുന്നു. ലൈസന്‍സ് വാങ്ങാതെ ഇവ ഉപയോഗിക്കാന്‍ പാടില്ല. പകര്‍ത്തുന്നതും നിയമവിരുദ്ധമാണ്.

എന്നാല്‍ ഫ്രീ ലൈസന്‍സുകള്‍ക്കുകീഴില്‍ വരുന്ന ഫയര്‍ഫോക്സ് പോലുള്ള സോഫ്റ്റ്‌വെയറുകള്‍ പകര്‍പ്പെടുക്കാനും പരിഷ്കരിക്കാനും പുനര്‍വിതരണം ചെയ്യാനുമെല്ലാം ഉപയോക്താവിന് സ്വാതന്ത്ര്യമുണ്ട്. ഇവയുടെ സോഴ്സ് കോഡും (നിര്‍മാണരഹസ്യം) ലഭ്യമാണ്. സമൂഹനന്മയും സാങ്കേതികവികസനവും ലക്ഷ്യം വയ്ക്കുന്ന ഇത്തരം സോഫ്റ്റ്‌വെയറുകളാണ് സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍.

ഫ്രീ സോഫ്റ്റ്‌വെയര്‍ തരുന്ന സ്വാതന്ത്ര്യങ്ങള്‍:

  • ഉപയോക്താവിന്റെ ഇഷ്ടത്തിനൊത്ത് (ഏതാവശ്യത്തിനും) സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം.
  • പ്രോഗ്രാം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പഠിക്കാനും വേണ്ട മാറ്റങ്ങള്‍ വരുത്താനുമുള്ള സ്വാതന്ത്ര്യം.
  • പ്രോഗ്രാം പകര്‍ത്താനും പുനര്‍വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം.
  • പ്രോഗ്രാം പരിഷ്കരിച്ച് പൊതുജനത്തിന് ലഭ്യമാക്കാനുള്ള സ്വാതന്ത്ര്യം. (ഇതിനെല്ലാം സോഫ്റ്റ്‌വെയറിന്റെ സോഴ്സ് കോഡ് ഉപയോക്താവിന് ലഭ്യമായിരിക്കണം).

ലിബര്‍ സോഫ്റ്റ്‌വെയര്‍, ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍, ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ (FOSS), ഫ്രീ, ലിബര്‍ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ (FLOSS) എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നത് ഏതാണ്ട് ഒരേ ആശയം തന്നെയാണ്.

കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ ശൈശവദശയില്‍ പ്രോഗ്രാമര്‍മാര്‍ തങ്ങളെഴുതിയ സോഴ്സ് കോഡ് കൈമാറുകയും മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്ക് സഹായകമായി. എന്നാല്‍ കോര്‍പ്പറേറ്റ് മത്സരങ്ങളും പകര്‍പ്പവകാശനിയമവുമെല്ലാം പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിന്റെ ഉദയത്തിനും സാങ്കേതികരംഗത്തെ കൂട്ടായ മുന്നേറ്റത്തിന്റെ അസ്തമയത്തിനും കാരണമായി.

ഇത്തരമൊരവസ്ഥ സാങ്കേതിവിദ്യയെ മുരടിപ്പിക്കും എന്ന് മനസ്സിലാക്കിയ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ (Richard Stallman) ആണ് ഫ്രീ സോഫ്റ്റ്‌വെയര്‍ എന്ന ആശയം മുന്നോട്ടുവച്ചത്. ക്രമേണ ഡെവലപ്പര്‍മാര്‍ ഏറ്റുപിടിച്ച ഇത് ഒട്ടേറെ നല്ല പ്രോഗ്രാമുകള്‍ക്ക് കാരണമായി. വിക്കിപീഡിയ പോലുള്ള ജനകീയസംരംഭങ്ങളുടെ പിന്നിലും ഫ്രീ സോഫ്റ്റ്‌വെയര്‍ എന്ന ആശയമാണ്.

ഗ്നു/ലിനക്സ്

പ്രധാനപ്പെട്ട ഒരു സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഗ്നു/ലിനക്സ്. ഗ്നു പ്രൊജക്റ്റിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത പ്രോഗ്രാമുകളും ലിനസ് ടൊര്‍വാള്‍ഡ്സിന്റെ ലിനക്സ് കേണലും ചേര്‍ന്നാണ് ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് രൂപം കൊടുക്കുന്നത്. ആഫ്രിക്കയില്‍ കാണപ്പെടുന്ന നാല്‍ക്കാലിമൃഗമായ ഗ്നു ആണ് ഗ്നു (Gnu) സംരംഭത്തിന്റെ ചിഹ്നം. ലിനക്സിന്റേതാക്കെ ടക്സ് (Tux) എന്ന പെന്‍ഗ്വിനും.

മസ്സാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബില്‍ പ്രവര്‍ത്തിച്ചിരുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 1983-ല്‍ പ്രഖ്യാപിച്ചതാണ് ഗ്നു സംരംഭം. GNU's Not Unix എന്നതിന്റെ ചുരുക്കമാണ് GNU. അക്കാലത്തെ വളരെ പ്രശസ്തമായ യൂണീക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് സമാനമായ ഒരു സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കുകയായിരുന്നു സംരംഭത്തിന്റെ ലക്ഷ്യം. 1984-ല്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങി. 1985-ല്‍ അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായി ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷനും സ്ഥാപിതമായി.

ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കാതലായ ഭാഗമാണ് കേണല്‍ (Kernel). 1991-ല്‍ ഹെല്‍സിങ്കി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരിക്കെ ഫിന്‍ലന്‍ഡുകാരന്‍ ലിനസ് ടൊര്‍വാള്‍ഡ്സ് (Linus Benedict Torvalds) എഴുതിത്തുടങ്ങിയതാണ് ലിനക്സ് കേണല്‍ (Linux Kernel). 1992-ല്‍ ഇത് ഫ്രീ സോഫ്റ്റ്‌വെയര്‍ ലൈസന്‍സിനുകീഴില്‍ ലഭ്യമാക്കി.

നിരവധി വിദഗ്ധരുടെയും സ്ഥാപനങ്ങളുടെയും ഉപയോക്താക്കളുടെയും അദ്ധ്വാനഫലമാണ് ഗ്നു/ലിനക്സ്. ഇന്ന് ഏതാണ്ടെല്ലാ സൂപ്പര്‍കമ്പ്യൂട്ടറുകളിലും (ഏതാണ്ട് 97%) പകുതിയോളം വെബ് സെര്‍വറുകളിലും ഗ്നു/ലിനക്സ് ഉപയോഗിച്ചുവരുന്നു. എന്നാല്‍ ഡെസ്ക്ടോപ്പ് രംഗത്ത് ഇന്നും മേല്‍ക്കോയ്മ വിന്‍ഡോസിനാണ് (ഭൂരിഭാഗവും നിയമവിരുദ്ധമായി പകര്‍ത്തിയത്).

നിരവധി വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും തങ്ങളുടേതായ ഗ്നു/ലിനക്സ് പതിപ്പുകള്‍ പുറത്തിറക്കുന്നുണ്ട്. ‘വിതരണങ്ങള്‍’ (distributions) എന്നാണ് ഇവ അറിയപ്പെടുന്നത്. ഡെബീയന്‍ (Debian), ഉബുണ്ടു (Ubuntu), ഫെഡോറ (Fedora), ട്രൈസ്ക്വെല്‍ (Trisquel), റെഡ് ഹാറ്റ് (Red Hat) എന്നിവ പ്രധാനപ്പെട്ട ചില ഗ്നു/ലിനക്സ് വിതരണങ്ങളാണ്.

ചില ഫ്രീ സോഫ്റ്റ്‌വെയര്‍ ലൈസന്‍സുകള്‍

  • GNU GPL (General Public License)
  • GNU LGPL (Lesser GPL)
  • Creative Commons
  • Apache License
  • MIT License

ഓപ്പണ്‍ സോഴ്സ്

ഫ്രീ സോഫ്റ്റ്‌വെയറിന്റെ എല്ലാ സ്വാതന്ത്ര്യവും തരുന്നതാണ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറും (OSS). എന്നാല്‍ ഫ്രീ സോഫ്റ്റ്‌വെയറില്‍ ഈ സ്വാതന്ത്ര്യങ്ങള്‍ സാമൂഹികപുരോഗതി ലക്ഷ്യമാക്കുമ്പോള്‍ സോഫ്റ്റ്‌വെയര്‍നിര്‍മാണത്തില്‍ ഒരുപാടുപേരെ ഉള്‍പ്പെടുത്തി ഉല്‍പ്പന്നം മെച്ചപ്പെടുത്തലാണ് ഒ.എസ്.എസ്സിന്റെ ലക്ഷ്യം.

ഫ്രീ സോഫ്റ്റ്‌വെയര്‍, ഓപ്പണ്‍ സോഴ്സ് എന്നീ വാക്കുകള്‍ ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിച്ചുവരുന്നുണ്ട്. രണ്ട് രീതിയിലും ഉപയോഗിക്കുന്ന ലൈസന്‍സുകളും മിക്കപ്പോഴും ഒന്നുതന്നെ.

ഫ്രീ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍

ഫ്രീ സോഫ്റ്റ്‌വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുകയോ ഈ ആശയത്തില്‍ ശ്രദ്ധയൂന്നിയോ ലാഭമുണ്ടാക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. റെഡ് ഹാറ്റ്, കനോണിക്കല്‍, മോസില്ല കോര്‍പ്പറേഷന്‍ എന്നിവ ഇവയില്‍ച്ചിലതാണ്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍

വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ നയം പിന്തുടരുകയും പ്രസ്തുതമേഖലയില്‍ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഭാരതസര്‍ക്കാര്‍ ഈ നയം എടുത്തിട്ടുണ്ട്. 2001-ല്‍ സ്വതന്ത്രസോഫ്റ്റ്‌വെയറിനെ ഔദ്യോഗികമായി പിന്തുണച്ചുകൊണ്ട് ഇത്തരത്തിലുള്ള ആദ്യ ഇന്ത്യന്‍സംസ്ഥാനമായി കേരളം. തുടര്‍ന്ന് കേരളസര്‍ക്കാര്‍ രൂപംകൊടുത്തതാണ് ICFOSS (International Centre for Free and Open Source Software). സ്വതന്ത്രസോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 2005 ഏപ്രിലില്‍ ഇന്ത്യയുടെ ഐ.ടി. വകുപ്പ് സ്ഥാപിച്ചതാണ് National Resource Centre for Free/Open Source Software (NRCFOSS).


Keywords (click to browse): free-software foss floss oss gnu linux software-licenses gpl icfoss nrcfoss richard-satllman linus-torvalds general-knowledge mathrubhumi exams technology information facts current-affairs