Nandakumar Edamana
Share on:
@ R t f

ജംഗിള്‍ ബുക്കിലെ സൂത്രങ്ങള്‍


ഈയിടെ പുറത്തിറങ്ങിയ ജംഗിള്‍ ബുക്ക് കാണാത്തവരുണ്ടാവില്ല. നല്ല കഥയ്ക്കും സവിധാനത്തിനും പുറമെ ജംഗിള്‍ ബുക്കിനെ വലിയൊരു സംഭവമാക്കി മാറ്റുന്നത് അതിലെ 'വിഷ്വല്‍ ഇഫക്റ്റ്സ്' ആണ്. മൗഗ്ലിക്കുപുറമെ മറ്റെല്ലാം കമ്പ്യൂട്ടറിലാണുണ്ടാക്കിയത്. ജംഗിള്‍ ബുക്കിലും മറ്റും ഉപയോഗിച്ചിട്ടുള്ള ചില 'സിനിമാസൂത്രങ്ങള്‍' അറിയേണ്ടേ?

ബ്ലൂ സ്ക്രീന്‍

അഭിനേതാക്കളുടെ പശ്ചാത്തലം (background) മാറ്റാനുള്ള എളുപ്പവിദ്യയാണിത്. അഭിനയിക്കുന്നവര്‍ക്കുപിന്നില്‍ വലിയൊരു തുണി തൂക്കിയിടുന്നു. തുണിയുടെ നിറത്തിനനുസരിച്ച് ബ്ലൂ സ്ക്രീന്‍, ഗ്രീന്‍ സ്ക്രീന്‍ എന്നൊക്കെയാണ് ഇതിന് പേര്. ഉദാഹരണത്തിന്, മൗഗ്ലിയെ വലിയൊരു ബ്ലൂ സ്ക്രീനിനുമുന്നില്‍ അഭിനയിപ്പിക്കുന്നു. ഇനി കമ്പ്യൂട്ടറില്‍ തുണിയുടെ നീലനിറത്തിനുപകരം വല്ല കാടോ പുഴയോ സംസാരിക്കുന്ന മൃഗങ്ങളോ ഒക്കെ വച്ചുകൊടുക്കാം. 'ക്രോമാ കീ' (chroma key) എന്നും ഇതിന് പേരുണ്ട്.

കമ്പ്യൂട്ടറെല്ലാം വരുന്നതിനുമുമ്പും ബ്ലൂ സ്ക്രീന്‍ ഉപയോഗിച്ചിരുന്നു. പഴയ സൂപ്പര്‍മാന്‍ സിനിമയില്‍ സൂപ്പര്‍മാന്‍ പറക്കുന്നതിങ്ങനെയാണ്.

Fetched from Wikimedia Commons. See https://commons.wikimedia.org/wiki/File:Chroma_key_hero.jpg for copyright details.

സി.ജി.ഐ.

വലിയൊരു കാടാണ് ജംഗിള്‍ ബുക്കിലുള്ളത്, അല്ലേ? എന്നാല്‍ ജംഗിള്‍ ബുക്ക് മുഴുവനും ഷൂട്ടുചെയ്തത് സ്റ്റുഡിയോയിലെ ഒരു മുറിക്കുള്ളിലാണെന്നറിയാമോ? ബാക്കി കാടും പുഴയും മൃഗങ്ങളും തീയുമെല്ലാം കമ്പ്യൂട്ടറിലുണ്ടാക്കിയതാണ്. ലൈഫ് ഓഫ് പൈയിലെ കടുവയും നാര്‍ണിയയിലെ സിംഹവുമെല്ലാം കമ്പ്യൂട്ടറാണ്. ഇങ്ങനെ കമ്പ്യൂട്ടറില്‍ ഉണ്ടാക്കുന്ന ചിത്രങ്ങളാണ് സി.ജി.ഐ. (കമ്പ്യൂട്ടര്‍-ജനറേറ്റഡ് ഇമേജറി).

ത്രീഡി അനിമേഷന്‍

ഒരു കഥാപാത്രത്തിന്റെ വിവിധ ദിശയില്‍നിന്നുള്ള ചിത്രങ്ങള്‍ ഓരോ ഷോട്ടിനും പ്രത്യേകം വരച്ച് അതിനെ ചലിപ്പിക്കുന്നതാണ് റ്റുഡി അനിമേഷന്‍. പഴയ ടോം ആന്റ് ജെറി, ഛോട്ടാ ഭീം തുടങ്ങിയവയൊക്കെ റ്റുഡി ആണ്.

കളിമണ്ണ് കുഴച്ചുണ്ടാക്കുന്നതുപോലെ കമ്പ്യൂട്ടറില്‍ കഥാപാത്രങ്ങളെ ഒറ്റത്തവണ ഉണ്ടാക്കിയെടുത്ത് ഇഷ്ടംപോലെ ചലിപ്പിക്കുന്നതാണ് ത്രീഡി അനിമേഷന്‍. പുതിയ ജംഗിള്‍ ബുക്കിലെ മൃഗങ്ങളെല്ലാം ത്രീഡി അനിമേഷന്‍ ആണ് (ശബ്ദം കൊടുത്തത് മനുഷ്യരും).

എന്നാല്‍ കണ്ണട വച്ച് കാണുന്ന, അടുത്തേക്ക് വരുന്ന ത്രീഡി വേറെയാണ്.

സ്റ്റീരിയോസ്കോപ്പിക് ത്രീഡി

ജംഗിള്‍ ബുക്കിലെ പെരുമ്പാമ്പ് അടുത്തേക്ക് വന്നതോര്‍മയില്ലേ? ഇതുപോലെ അടുപ്പമോ അകലമോ തോന്നിപ്പിക്കലാണ് സ്റ്റീരിയോസ്കോപ്പിക് ത്രീഡി (stereoscopic 3D). രണ്ടു കണ്ണും അല്‍പം വ്യത്യാസമുള്ള റ്റുഡി കാഴ്ചകള്‍ കാണുകയും തലച്ചോര്‍ അതിനെ ഒറ്റ ത്രീഡി കാഴ്ചയയാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. ഇതിനാണ് ത്രീഡി കാണുമ്പോള്‍ കണ്ണട വയ്ക്കുന്നത് (സിനിമയ്ക്കേ കണ്ണട വേണ്ടൂ, നാം ചുറ്റും കാണുന്നതെല്ലാം അല്ലാതെ തന്നെ ത്രീഡിയാണ്!).

ത്രീഡി അനിമേഷനും സ്റ്റീരിയോസ്കോപ്പിക് ത്രീഡിയും ഒരുമിച്ചുപയോഗിച്ചിട്ടുണ്ട് പുതിയ ജംഗിള്‍ ബുക്കില്‍.

മോഷന്‍ ക്യാപ്ചര്‍

ത്രീഡി അനിമേഷനുവേണ്ടി കമ്പ്യൂട്ടറില്‍ കഥാപാത്രങ്ങളെ ഉണ്ടാക്കിയാല്‍ അവയുടെ കയ്യും കാലുമെല്ലാം മൗസുപയോഗിച്ച് ചലിപ്പിക്കാം. എന്നാല്‍ ഏറ്റവും എളുപ്പമുള്ള പരിപാടി നാം തന്നെ അഭിനയിക്കുകയാണ്. അതായത്, സ്റ്റുഡിയോയില്‍ ഒരാള്‍ അഭിനയിക്കുന്നു, അയാള്‍ ചെയ്യുന്നതെല്ലാം കമ്പ്യൂട്ടറിലെ ത്രീഡി മോഡലും ചെയ്യുന്നു! ഇതാണ് മോഷന്‍ ക്യാപ്ചര്‍ (motion capture) അഥവാ പെര്‍ഫോമന്‍സ് ക്യാപ്ചര്‍. കിംഗ് കോങ്ങിലെ കുരങ്ങും അവതാറിലെ നീലമനുഷ്യരുമെല്ലാം ചലിക്കുന്നത് ഇങ്ങനെയാണ്.

കൃത്രിമത്വം തോന്നിക്കുമെന്നതുകൊണ്ട് ജംഗിള്‍ ബുക്കില്‍ മോഷന്‍ ക്യാപ്ചര്‍ വളരെ കുറച്ചേ ഉപയോഗിച്ചിട്ടുള്ളൂ.

Probably copyrighted image from cdn.wolfire.com. Imaged fetched from their own server(s). Source: http://cdn.wolfire.com/david/animation_posts/serkis.jpg

മിനിയേച്ചര്‍ ഇഫക്റ്റ്

ടെര്‍മിനേറ്ററിലെ പൊട്ടിത്തെറിക്കുന്ന ട്രക്കിനും ടൈറ്റാനിക്കില്‍ പലപ്പോഴും കാണിച്ചിട്ടുള്ള കപ്പലിനുമെല്ലാം സത്യത്തില്‍ ഒരു ഓട്ടോറിക്ഷയുടെ വലിപ്പമേയൂള്ളൂ! ക്യാമറാ ട്രിക്കുകളും കമ്പ്യൂട്ടര്‍ സൂത്രങ്ങളുമെല്ലാമുപയോഗിച്ചാണ് ഇവയെ വലുതായി തോന്നിക്കുന്നത്. ഈ സൂത്രമാണ് മിനിയേച്ചര്‍ ഇഫക്റ്റ് (miniature effect).

അനിമട്രോണിക്സ്

ആദ്യത്തെ ജുറാസിക് പാര്‍ക്ക് സിനിമയിലെ പല ദിനോസറുകളും പാവകള്‍ ആയിരുന്നു. കേബിളുകളും ഇലക്ട്രോണിക് സംവിധാനങ്ങളുമെല്ലാമുപയോഗിച്ചാണ് ഇവയെ ചലപ്പിച്ചത്. ഈ വിദ്യയാണ് അനിമട്രോണിക്സ് (animatronics). കമ്പ്യൂട്ടറിന് ശക്തി കൂടിയതോടെ ഇതൊന്നം ഉപയയോഗിക്കാതായി. പുതിയ ജുറാസിക് വേള്‍ഡ് സിനിമയില്‍ ചാകാന്‍ കിടക്കുന്ന ദിനോസറിന്റെ തല മാത്രമാണ് അനിമട്രോണിക്സ്.

Probably copyrighted image from stanwinstonschool.com. Imaged fetched from their own server(s). Source: https://www.stanwinstonschool.com/ckeditor_assets/pictures/1156/content_amy-whetsel-chris-swift-patching-raptor-jurassic-park-iii-stan-winston-studio-special-effects-makeup-artist-thumbnail.jpg?1358883528


Keywords (click to browse): jungle-book jungle-book-2016 vfx visual-effects cgi 3d animation disney kids children fun education edutainment