Nandakumar Edamana
Share on:
@ R t f

നാഴികക്കല്ലായി ജംഗിള്‍ ബുക്ക്


ഓടിച്ചാടിവരുന്ന കുട്ടികള്‍ക്കിടയില്‍ മാര്‍ബിളിലെ വഴുക്കല്‍ വകവയ്ക്കാതെ നടന്നുവരുന്ന മുത്തശ്ശി... സ്ക്രീനില്‍ കുറുക്കന്മാര്‍ക്കൊപ്പം ഡോള്‍ബിയെ വെല്ലുവിളിച്ചുകൊണ്ട് ഓരിയിടാന്‍ കൂടുന്ന കാണികള്‍... നനവുവീണ ത്രീഡി കണ്ണടകള്‍... ജംഗിള്‍ ബുക്ക് പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിലെ കാഴ്ചകളാണിതെല്ലാം. കംപ്യൂട്ടറില്‍ സൃഷ്ടിച്ച മടുപ്പന്‍ സാഹസങ്ങള്‍ മാത്രമായിത്തീര്‍ന്നിരിക്കുന്നു ചലച്ചിത്രം എന്ന് തോന്നിത്തുടങ്ങിയെങ്കില്‍ ജംഗിള്‍ ബുക്ക് കാണുക. സൂപ്പര്‍ഹീറോകളുടെ ശക്തിപ്രകടനത്തില്‍ സാമാന്യബുദ്ധിക്ക് നിരക്കാത്ത വിധം പൊടിഞ്ഞുചിതറിയ ഹോളിവുഡ്ഡില്‍ നനവുവീണ്, മുളപൊട്ടി, ഒരു കാടുതന്നെ മുളച്ചുവരുന്ന വിസ്മയം അനുഭവിക്കാം.

കുറുക്കന്മാര്‍ എടുത്തുവളര്‍ത്തിയ മൗഗ്ലി എന്ന മനുഷ്യക്കുട്ടിയും കാട്ടുമൃഗങ്ങളും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ കഥയാണ് ജംഗിള്‍ ബുക്ക്. വായനയുടെ വ്യത്യസ്തമാനങ്ങള്‍ അവതരിപ്പിച്ച പുസ്തകങ്ങളുടെ കൂട്ടത്തില്‍ എക്കാലത്തും ജംഗിള്‍ ബുക്കിന് സ്ഥാനമുണ്ട്. റുഡ്യാര്‍ഡ് കിപ്ലിംങ്ങിന്റെ കഥാപാത്രങ്ങളെ വാള്‍ട്ട് ഡിസ്നി 1967-ല്‍ അനിമേഷന്‍ ചിത്രമാക്കിയപ്പോള്‍ ജംഗിള്‍ബുക്കിനുതന്നെ അത് പുതിയൊരു മാനം കൊടുത്തു. ഇപ്പോള്‍ പുതിയ 'ദ ജംഗിള്‍ ബുക്ക് ത്രീഡി' എത്തുന്നത് ചലച്ചിത്രസാങ്കേതികവിദ്യയ്ക്കുതന്നെ വേറിട്ട ഭാവം നല്‍കിക്കൊണ്ടാണ്. ആധുനികസാങ്കേതികവിദ്യയുടെ ഏറിയ, എന്നാല്‍ വിവേകപൂര്‍വമായ ഉപയോഗമാണ് അതിന്റെ പ്രത്യേകത.

മൗഗ്ലിയായി യഥാര്‍ത്ഥ മനുഷ്യക്കുട്ടിതന്നെ അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ മൃഗങ്ങളും ഒട്ടേറെ പ്രകൃതിദൃശ്യങ്ങളുമെല്ലാം കംപ്യൂട്ടറിന്റെ സംഭാവനയാണ്. മൗഗ്ലിയൊഴികെ മറ്റെല്ലാം കൃത്രിമമാണെന്ന് പറയാം. എന്നാല്‍ അവ തയ്യാറാക്കുന്നതില്‍ എടുത്തിട്ടുള്ള അധ്വാനവും ബെന്‍ കിങ്സ്‌ലി അടക്കമുള്ളവരുടെ ശബ്ദവും ചേരുമ്പോള്‍ ഏത് യഥാര്‍ത്ഥം, ഏത് കൃത്രിമം എന്ന് കാണിക്ക് തിരിച്ചറിയാനാവാതെവരുന്നു. മൊത്തത്തിലുള്ള ഈ 'ഒറിജിനാലിറ്റി' (തന്മയത്വം) ആണ് സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ചിത്രത്തിന്റെ വിജയമെന്നുപറയാം.

കാര്‍ട്ടൂണ്‍ ചിത്രമല്ല, മറിച്ച് ഫോട്ടോറിയലിസ്റ്റിക് ചിത്രമാണ് ജംഗിള്‍ ബുക്ക്. അതുകൊണ്ടുതന്നെ ക്ലാസിക് ഡിസ്നി ചിത്രങ്ങളിലെ തമാശയുള്ള വിരോധാഭാസങ്ങള്‍ ഇതിലില്ല. എന്നിട്ടും സംഭാഷണങ്ങളിലും കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലുമെല്ലാം കുസൃതി കൊണ്ടുവരുന്നതില്‍ ശില്‍പ്പികള്‍ വിജയിച്ചിട്ടുണ്ട്. കുട ചൂടുന്ന തവളയെ നിങ്ങള്‍ക്ക് കാര്‍ട്ടൂണില്‍ കാണാം. ശരിക്കുള്ള തവളയെ വീട്ടുപറമ്പിലോ ഡിസ്കവറി ചാനലിലോ കാണാം. ഇതു രണ്ടും കൂട്ടിയിണക്കി തലയിലെ മഴവെള്ളം കൈകൊണ്ട് തുടച്ചുമാറ്റുന്ന ഒരു ഫോട്ടോറിയലിസ്റ്റിക് തവളയെ സങ്കല്‍പ്പിച്ചുനോക്കൂ. അത്തരം ദൃശ്യങ്ങള്‍ ഏറെയുണ്ട് ഈ ചിത്രത്തില്‍.

ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും യഥാര്‍ത്ഥമായ സി.ജി.ഐ. മൃഗങ്ങളും പ്രകൃതിദൃശ്യങ്ങളും ജംഗിള്‍ ബുക്കിലാണുള്ളതെന്ന് തോന്നിപ്പോകും (ഫോട്ടോറിയലിസ്റ്റിക്കാണെങ്കിലും യാഥാര്‍ത്ഥ്യത്തിലുപരി അതൊരു സര്‍റിയലിസ്റ്റിക് അനുഭൂതിയാണ്). ചിത്രത്തിലെ തീയും വെള്ളവുമെല്ലാം പാര്‍ട്ടിക്കിള്‍ സിസ്റ്റം സങ്കേതത്തില്‍ വന്ന പുരോഗതിയെ സൂചിപ്പിക്കുന്നു. കൃത്യമായ ലൈറ്റിങ്ങും ഫോട്ടോറിയലിസ്റ്റിക് റെന്‍ഡറിങ്ങുമാണ് ഉപയോഗിച്ചിട്ടുള്ളത്. ചലനങ്ങള്‍ക്ക് യാന്ത്രികത ഒഴിവാക്കാന്‍ പ്രത്യേകശ്രദ്ധ നല്‍കിയിട്ടുണ്ട്. 'മൂവിങ് പിക്ചര്‍ കമ്പനി'യും അവതാറൊരുക്കിയ 'വീറ്റാ ഡിജിറ്റലും' ചേര്‍ന്നാണ് വിഷ്വല്‍ എഫക്റ്റ് ജോലികള്‍ ചെയ്തിട്ടുള്ളത്.

വിഷ്വല്‍ ഏഫക്റ്റിനൊപ്പം ഇത്രയേറെ വികാരതീവ്രത സമ്മാനിച്ച ചിത്രങ്ങള്‍ കുറവാണ്. കുഴിയില്‍ വീണ ആനക്കുട്ടിയെ രക്ഷിക്കുമ്പോഴും കഥാന്ത്യത്തില്‍ അതേ ആനക്കുട്ടിയുടെ പുറത്ത് ഇരിക്കുമ്പോഴുമെല്ലാം മൗഗ്ലിയുടെ മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ ആരിലും ആനന്ദക്കണ്ണീരുണ്ടാക്കും. കയ്യിലെ തീപ്പന്തം വെള്ളത്തിലേക്ക് വലിച്ചെറിയുമ്പോഴും 'ഞാന്‍ നിന്നെ ഭയക്കുന്നില്ലെ'ന്ന് ഷേര്‍ഖാന്‍ എന്ന കടുവയുടെ മുഖത്തുനോക്കി പറയുമ്പോഴും അവന്‍ ധീരനാവുന്നു. എന്നാല്‍ ആ ധീരത അടിസ്ഥാനരഹിതമായ സൂപ്പര്‍ഹീറോ പരിവേഷത്തിലേക്ക് മൗഗ്ലിയെ എത്തിക്കുന്നില്ല. കഥയിലുടനീളം അവന്‍ നിസ്സഹായനായ 'വെറുമൊരു മനുഷ്യക്കുട്ടി' തന്നെയാണ്. ഇതെല്ലാം സൂചിപ്പിച്ചത് വിഷ്വല്‍ ഇഫക്റ്റ്സ് ഒരു ടൂള്‍ മാത്രമാണെന്ന് സൂചിപ്പിക്കാനാണ്.

ഗ്രാഫിക്സിന്റെയും ത്രീഡി ചിത്രീകരണത്തിന്റെയും കാര്യത്തില്‍ അവതാര്‍, ഗ്രാവിറ്റി തുടങ്ങിയ ചിത്രങ്ങളോടാണ് നിരൂപകര്‍ ജംഗിള്‍ ബുക്കിനെ താരതമ്യപ്പെടുത്തുന്നത്. ലോസ് ആഞ്ജലസിലെ 'സെന്റര്‍ സ്റ്റുഡിയയോസി'ലാണ് ചിത്രീകരണം നടന്നത് (ബ്ലൂസ്ക്രീന്‍ പശ്ചാത്തലമാക്കി). കാടും മൃഗങ്ങളുമെല്ലാം പൂര്‍ണമായും കംപ്യൂട്ടറിന്റെ സൃഷ്ടിയാണ്. യഥാര്‍ഥമൃഗങ്ങളുടെ ചലനവും ഒരല്‍പ്പം മോഷന്‍ ക്യാപ്ചറുമെല്ലാം ആധാരമാക്കി 'കീ ഫ്രേം' അടിസ്ഥാനത്തില്‍ (keyframe animation) ഉണ്ടാക്കിയെടുത്തതാണ് മൃഗങ്ങളുടെ ചലനം (അവതാറിലുള്ളതുപോലെ പൂര്‍ണമായും മോഷന്‍ ക്യാപ്ചര്‍ അല്ലെന്നര്‍ഥം). ഇതിനോടൊപ്പം അഭിനേതാക്കളുടെ ശബ്ദം കൂടിയാവുമ്പോള്‍ അവയ്ക്ക് ജീവന്‍ വയ്ക്കുന്നു. സ്ക്രീനില്‍ അതിമനോഹരമായ കാടൊരുക്കാന്‍ ഇന്ത്യയിലെ ചിലയിടങ്ങളുടെ ചിത്രീകരണം സഹായകമായിട്ടണ്ട് (യഥാര്‍ത്ഥമെന്നു തോന്നിപ്പിക്കാന്‍ കംപ്യൂട്ടര്‍ ജനറേറ്റഡ് ദൃശ്യങ്ങളുടെ ടെക്സ്ചറും പശ്ചാത്തലവുമായി പലപ്പോഴും ശരിക്കുള്ള ഫോട്ടോകളാണ് ഉപയോഗിക്കാറുള്ളത്).

ജോണ്‍ ഫവ്റൗ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ബ്രിഗാം ടെയ്ലറുമായി ചേര്‍ന്ന് ഇദ്ദേഹം തന്നെ നിര്‍മിച്ച ചിത്രം എഴുതിയത് ജസ്റ്റിന്‍ മാര്‍ക്സ് ആണ്. വാള്‍ട്ട് ഡിസ്നി പിക്ചേഴ്സും ഫെയര്‍വ്യൂ എന്റര്‍ടെയ്ന്മെന്റുമാണ് പ്രൊഡക്ഷന്‍‌ കമ്പനികള്‍. പതിമൂന്നുകാരനായ നീല്‍ സേഥി ആണ് മൗഗ്ലിയെ അവതരിപ്പിക്കുന്നത്. മൗഗ്ലിയുടെ പിതാവായി റിതേഷ് രാജനും അഭിനയിക്കുന്നു. പിന്നെയെല്ലാം ഡിജിറ്റല്‍ മൃഗങ്ങളാണ്. 105 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.


Keywords (click to browse): jungle-book vfx cgi disney motion-capture mowgli technology computer articles reviews