Nandakumar Edamana
Share on:
@ R t f

ഓണ്‍ലൈന്‍ പണമിടപാട് സുരക്ഷിതമാക്കാം


കാശിനെ ആശയം മാത്രമാക്കി മാറ്റിയ അത്ഭുതമാണ് ഓണ്‍ലൈന്‍ പണമിടപാട്. പണം കടലാസോ ലോഹമോ അല്ലാതായപ്പോള്‍ വരി നില്ക്കാതെ ബില്ലടയ്ക്കാമെന്നും വീട്ടിലിരുന്നുതന്നെ എല്ലാം വാങ്ങിക്കൂട്ടാമെന്നുമായി. എന്നാല്‍ തുടര്‍ച്ചയായി വരുന്ന ഹാക്കിങ് വാര്‍ത്തകള്‍ ആരെയും ഞെട്ടിക്കുന്നതാണ്. ടെക്കികള്‍ പോലും വെട്ടിലാവുന്നു. എന്നുകരുതി ഓണ്‍ലൈന്‍ പണമിടപാടിന്റെ സൗകര്യം ഉപേക്ഷിക്കാനാവില്ലല്ലോ.

ഹാക്കറുടെ കഴിവിനേക്കാളേറെ സാധാരണക്കാരന്റെ അറിവില്ലായ്മയാണ് മിക്ക കുഴപ്പങ്ങളുമുണ്ടാക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒരല്പം കരുതിയിരുന്നാല്‍ ഏതു ഹാക്കറെയും നമുക്ക് വഴിതടയാം! അതിനുള്ള ചില സൂത്രവിദ്യകളിതാ...

സോഫ്റ്റ്‌വെയര്‍

  • വിന്‍ഡോസിനുപകരം കുറേക്കൂടി സുരക്ഷിതമായ ഉബുണ്ടു പരീക്ഷിക്കാം. വിന്‍ഡോസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ കാശുകൊടുത്തുവാങ്ങിയ ഒരു ഇന്റര്‍നെറ്റ് സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ (+ആന്റിവൈറസ്) നിര്‍ബന്ധം.
  • ബ്രൗസിങ്ങിന് ഫയര്‍ഫോക്സോ ക്രോമോ ഉപയോഗിക്കാം. എന്നാല്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ യാതൊരു കാരണവശാലും ഉപയോഗിക്കരുത്.
  • കമ്പ്യൂട്ടറിലെ അനാവശ്യപ്രോഗ്രാമുകളെല്ലാം അണ്‍-ഇന്‍സ്റ്റാള്‍ ചെയ്യുക. ബ്രൗസറിലെ സംശയാസ്പദമായ എല്ലാ ആഡ്-ഓണും ഡിസേബിള്‍ ചെയ്യുക.

സൗജന്യത്തെ സൂക്ഷിക്കുക

  • ഫ്രീയായി കിട്ടുന്ന എന്തും -- പ്രത്യേകിച്ച് പൈറേറ്റഡ് ആപ്പുകളും ഡൗണ്‍ലോഡറുകളും -- ഇന്‍സ്റ്റാള്‍ ചെയ്യുന്ന ശീലം ഒഴിവാക്കുക. പൈറേറ്റഡ് സിനിമയും വേണ്ട. ഇവയോടൊപ്പമെല്ലാം വരുന്ന പ്രോഗ്രാമുകളില്‍ പലതും മാല്‍വെയര്‍ (അപകടകാരി) ആയിരിക്കും.

സൈറ്റുകളുടെ ആള്‍മാറാട്ടം

ബാങ്കിന്റെ സൈറ്റെന്ന വ്യാജേന പ്രത്യേക്ഷപ്പെട്ടാണ് ഹാക്കര്‍മാരുടെ സൈറ്റുകള്‍ നമ്മുടെ പാസ്‌വേഡും മറ്റും ചോര്‍ത്താറുള്ളത്. യഥാര്‍ത്ഥസൈറ്റും വ്യാജസൈറ്റും തിരിച്ചറിയാന്‍ ഈ സുത്രങ്ങള്‍ ഉപയോഗിക്കാം.

  • ഓണ്‍ലൈന്‍ പണമിടപാട് സൈറ്റുകളുടെ വിലാസം http-യ്ക്ക് പകരം https-ലാവും തുടങ്ങുക (ബ്രൗസറിനുമുകളില്‍ അഡ്രസ്ബാര്‍ നോക്കുക). ഇതിനരികില്‍ ഒരു പച്ചപ്പൂട്ടും അടുത്തുതന്നെ സ്ഥാപനത്തിന്റെ പേരും കാണാം. ഉദാഹരണത്തിന് കനറാ ബാങ്കിന്റെ നെറ്റ്ബാങ്കിങ് പോര്‍ട്ടലെടുത്താല്‍ അഡ്രസ്ബാറില്‍ https://www.canarabank.in/ എന്നും അടുത്ത് പച്ചപ്പൂട്ടിനൊപ്പം Canara Bank [IN] എന്നുമുണ്ടാകും.
  • mywot.com, webutation.net എന്നീ സൈറ്റുകളില്‍നിന്നുള്ള ആഡ്-ഓണുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ തട്ടിപ്പുസൈറ്റുകള്‍ക്കെതിരെ തത്സമയം അറിയിപ്പ് ലഭിക്കും.
  • ചില പ്രധാനപ്പെട്ട പണമിടപാട് സൈറ്റുകളുടെ വിലാസങ്ങള്‍ താഴെ കൊടുക്കുന്നു. ഇത്തരം യഥാര്‍ത്ഥ വിലാസങ്ങള്‍ കണ്ടെത്തി അവ അഡ്രസ്ബാറില്‍ നേരിട്ട് ടൈപ്പുചെയ്തുവേണം കയറാന്‍‌. എവിടെയെങ്കിലും കാണുന്ന ലിങ്കുകള്‍ പിന്തുടരേണ്ട.

https://canarabank.in/, https://www.sbtonline.in/, https://www.onlinesbi.com/, https://www.paypal.com/, https://www.payumoney.com/, https://paytm.com/

പാസ്‌വേഡാണ് മുഖ്യം

ഓണ്‍ലൈന്‍ പണമിടപാടിന്റെ തൊണ്ണൂറുശതമാനം സുരക്ഷയും പാസ്‌വേഡുകളിലോ പിന്‍ നമ്പറുകളിലോ ആണുള്ളതെന്നുപറയാം. ശക്തമായ പാസ്‌വേഡുകള്‍ സൃഷ്ടിക്കുക, അവ രഹസ്യമായി സൂക്ഷിക്കുക, ഇടയ്ക്കിടെ മാറ്റുക -- ഇത്രയുമായാല്‍ത്തന്നെ വലിയ രക്ഷയായി.

ഇത്തരം രഹസ്യവിവരങ്ങള്‍ ആര് ചോദിച്ചാലും കൊടുക്കില്ല എന്ന് പ്രതിജ്ഞയെടുക്കണം. ബാങ്കില്‍നിന്നെന്ന വ്യാജേന പാസ്‌വേഡ് ചോദിച്ച് വിളിക്കുന്നവര്‍ നമ്മെ വിശ്വസിപ്പിക്കാന്‍ പല വിവരങ്ങളും ഇങ്ങോട്ടുപറഞ്ഞെന്നിരിക്കും. അതിലൊന്നും വീഴരുത്. മാത്രമല്ല, ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ പിന്നും മറ്റും കൊടുക്കുമ്പോള്‍ ബ്രൗസര്‍, കാര്‍ഡിന്റെ സൈറ്റിലേക്ക് മാറിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം (അതായത്, സ്നാപ്ഡീല്‍ വഴി സാധനം വാങ്ങി പണമടയ്ക്കാന്‍ പിന്‍ കൊടുക്കുമ്പോള്‍ സ്നാപ്ഡീലിനുപകരം ബാങ്കിന്റെയോ മാസ്ട്രോ, വിസ തുടങ്ങിയ കാര്‍ഡുകളുടെയോ ഒക്കെ പേജാവണം സ്ക്രീനിലുണ്ടാവേണ്ടത്).

പാസ്‌വേഡുകള്‍ മൊബൈലിലും മറ്റും സൂക്ഷിക്കുന്ന ശീലം ഒഴിവാക്കണം. നെറ്റ്ബാങ്കിങ്ങിന് കഴിവതും മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. ആന്‍ഡ്രോയ്ഡ് സുരക്ഷയെപ്പറ്റി ടെക് ലോകം ഇനിയും മനസ്സിലാക്കിവരുന്നതേയുള്ളൂ.

പതിവായി നിരീക്ഷിക്കാം

സ്വന്തം ബാങ്ക് അക്കൗണ്ടിനെ ഒരു രഹസ്യാന്വേഷകന്റെ മട്ടില്‍ പിന്തുടരണം. ഇടയ്ക്കിടെ ബാലന്‍സ് പരിശോധിക്കുന്നതും എസ്.എം.എസ്. അലേര്‍ട്ടുകളും മറ്റും ഓണാക്കിയിടുന്നതും ഏറെ ഉപകരിക്കും.


Keywords (click to browse): online-money-transaction e-payment online-transfer money finance e-commerce online-shopping internet web cyber-security security safety-tips tips atm debit-card credit-card grihalakshmi mathrubhumi