Nandakumar Edamana
Share on:
@ R t f

ടോപ്പ് ലെവല്‍ ഡൊമെയ്നുകള്‍


Wikipedia.org, Google.com തുടങ്ങിയ വെബ്സൈറ്റ് വിലാസങ്ങള്‍ ഡൊമെയ്ന്‍ നാമങ്ങള്‍ എന്നറിയപ്പെടുന്നു. ഇവയിലെ .org, .com പോലുള്ള വാലുകളാണ് ടോപ്പ് ലെവല്‍ ഡൊമെയ്നുകള്‍ (Top Level Domains) അഥവാ ടി.എല്‍.ഡി.കള്‍.

  • ഓപ്പണ്‍ ടി.എല്‍.ഡി. -- ആര്‍ക്കും ഇത്തരം നെയിമുകള്‍ രജിസ്റ്റര്‍ ചെയ്യാം. .com, .net, .org എന്നിവ ഇക്കൂട്ടത്തില്‍പ്പെടും.

  • ലിമിറ്റഡ് ടി.എല്‍.ഡി. -- ചിലര്‍ക്കുമാത്രമേ ഇത് രജിസ്റ്റര്‍ ചെയ്യാനാവൂ. ഉദാഹരണത്തിന് .gov വെബ്സൈറ്റുകള്‍ യു.എസ്. സര്‍ക്കാരിനും .gov.in വെബ്സൈറ്റുകള്‍ ഭാരതസര്‍ക്കാരിനും മാത്രം അവകാശപ്പെട്ടതാണ്.

  • ഒറിജിനല്‍ ടി.എല്‍.ഡി.കള്‍ -- ഇന്റര്‍നെറ്റിന്റെ ആദ്യകാലത്ത് സൃഷ്ടിക്കപ്പെട്ടതാണിവ.

.com - കൊമേഴ്സ്യല്‍. സാമ്പത്തികലാഭമുദ്ദേശിച്ചോ പലവക ആവശ്യങ്ങള്‍ക്കോ. .org - ഓര്‍ഗനൈസേഷന്‍. നോണ്‍-പ്രോഫിറ്റ് സംഘടനകളെ ഉദ്ദേശിച്ചുള്ളത്. .net - നെറ്റ്‌വര്‍ക്ക്. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് തുറക്കുന്ന ഡൊമൈയ്നുകളെ ഉദ്ദേശിച്ച്. .int - അന്താരാഷ്ട്രസംഘടനകള്‍. .edu - വിദ്യാഭ്യാസസ്ഥാപനങ്ങള്‍. .gov - യു.എസ്. സര്‍ക്കാര്‍. .mil - യു.എസ്. സേന.

  • കണ്‍ട്രി കോഡ് ടി.എല്‍.ഡി.കള്‍ -- രണ്ടക്ഷര കണ്‍ട്രി കോഡുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ടി.എല്‍.ഡി.കളാണിവ. INRegistry മേല്‍നോട്ടം വഹിക്കുന്ന .in ആണ് ഇന്ത്യയുടെ ടി.എല്‍.ഡി. 1989-ല്‍ ആണ് ഇത് നിലവില്‍ വന്നത്. സാധാരണഗതിയില്‍ ഒരു രാജ്യത്തിന്റെ ടി.എല്‍.ഡി. വിദേശികള്‍ക്കും ഉപയോഗിക്കാം.

ചില പ്രധാനപ്പെട്ട കണ്‍ട്രി ടി.എല്‍.ഡി.കള്‍:

.ae - യുനൈറ്റഡ് അറബ് എമിറേറ്റ്സ് .ar - അര്‍ജന്റീന .au - ഓസ്ട്രേലിയ .br - ബ്രസീല്‍ .ca - കാനഡ .cn - ചൈന .de - ജര്‍മനി .eu - യൂറോപ്യന്‍ യൂണിയന്‍ .fr - ഫ്രാന്‍സ് .in - ഇന്ത്യ .it - ഇറ്റലി .jp - ജപ്പാന്‍ .uk - യുനൈറ്റഡ് കിങ്ഡം .us - യുനൈറ്റഡ് സ്റ്റേറ്റ്സ് .tv - തൂവലൂ (Tuvalu)

  • ജിയോഗ്രാഫിക് ടി.എല്‍.ഡി.കള്‍ -- രാജ്യങ്ങള്‍ക്കുപുറമെ ഭൂപ്രദേശങ്ങളെ സൂചിപ്പിക്കുന്നതാണിവ. .asia, .berlin (ബര്‍ലിന്‍, ജര്‍മനി), .london, .paris എന്നിവയാണ് ഇക്കൂട്ടത്തിലെ പ്രധാനപ്പെട്ടവ.

  • ജനറിക് ടി.എല്‍.ഡി.കള്‍ -- വെബ്സൈറ്റിന്റെ സ്വഭാവം സൂചിപ്പിക്കുന്നു. ഐകാന്‍ (ICANN) അടുത്തകാലത്തായി ഒട്ടേറെ പുതിയ ജനറിക് ടി.എല്‍.ഡി.കള്‍ അവതരിപ്പിച്ചിട്ടുണ്ട്. .academy, .app (phone apps), .bike, .biz (business), .club, .email, .guru എന്നിവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു.

  • ഇന്‍ഫ്രാസ്ട്രക്ചര്‍ ടി.എല്‍.ഡി. -- .arpa ആണ് ഈ പേരില്‍ അറിയപ്പെടുന്നത്. ഇന്റര്‍നെറ്റിലെ ആദ്യത്തെ ടി.എല്‍.ഡി. ആണിത്. ഇന്റര്‍നെറ്റിന്റെ രൂപപ്പെടലില്‍ പങ്കുവഹിച്ച ARPANET-നു പിന്നിലെ ഏജന്‍സിയാണ് ARPA (Advanced Research Projects Agency).

  • ഇന്റര്‍നാഷണലൈസ്ഡ് ടി.എല്‍.ഡി.കള്‍ -- ഇംഗ്ലീഷ്-ഇതര ഭാഷകളിലുള്ള ടി.എല്‍.ഡി.കളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. മുകളില്‍ കൊടുത്ത പല വിഭാഗത്തിലും ഇത്തരം ടി.എല്‍.ഡി.കള്‍ ഉണ്ട്. ദേവനാഗരി ലിപിയിലെ .भारत ഇന്ത്യയ്ക്കായുള്ള ടി.എല്‍.ഡി.യാണ്.


Keywords (click to browse): tld top-level-domains web internet domains icann general-knowledge mathrubhumi exams technology information facts current-affairs