Nandakumar Edamana

Content Archives » 2017 » Oct » എന്താണ് എച്ച്ടിഎംഎല്‍ 5?

എന്താണ് എച്ച്ടിഎംഎല്‍ 5?

വെബ് പേജുകള്‍ തയ്യാറാക്കാനുള്ള ഭാഷയാണല്ലോ എച്ച്ടിഎംഎല്‍ (ഹൈപ്പര്‍ടെക്സ്റ്റ് മാര്‍ക്കപ്പ് ലാംഗ്വേജ്). ഇതിന്റെ ഏറ്റവും പുതിയ ഔദ്യോഗികപതിപ്പാണ് എച്ച്ടിഎംഎല്‍ 5. പൊതുവേ പറയുമ്പോള്‍ എച്ച്ടിഎംഎല്‍ ഭാഷയുടെ പുതിയ പതിപ്പ് എന്നതിനപ്പുറം സിഎസ്എസ്സും ജാവാസ്ക്രിപ്റ്റുമടക്കം അനുബന്ധസേവനങ്ങളില്‍ വന്ന മാറ്റങ്ങള്‍കൂടി ഇതില്‍പ്പെടും.

2007-2008 കാലത്താണ് ഇതിന്റെ കരടുരൂപം തയ്യാറാക്കാനാരംഭിച്ചത്. 2014-ല്‍ ഔദ്യോഗികസ്റ്റാന്‍ഡേഡ് നിലവില്‍വന്നു. ഇപ്പോള്‍ എല്ലാ പ്രമുഖ ബ്രൗസറുകളും എച്ച്ടിഎംഎല്‍ 5-ന്റെ പ്രധാനസവിശേഷതകള്‍ പിന്തുണയ്ക്കുന്നുണ്ട്. ഫ്ലാഷിന്റെയും ഒരുപരിധിവരെ ജാവാ അപ്പ്‌ലറ്റുകളുടെയും ആവശ്യകത ഇല്ലാതാക്കാന്‍ എച്ച്ടിഎംഎല്‍ 5-ന് കഴിഞ്ഞു.

അര്‍ത്ഥത്തിലൂന്നിയ സെമാന്റിക് മാര്‍ക്കപ്പ് (Semantic Markup) കൊണ്ടുവന്നു എന്നത് ഈ പതിപ്പിന്റെ വലിയൊരു നേട്ടമാണ്. ഇതിന്റെ ഭാഗമാണ് <main>, <section>, <article>, <header>, <footer> തുടങ്ങിയ ടാഗുകള്‍.

വെബ് പേജുകളില്‍ ശബ്ദവും ദൃശ്യവും കൊണ്ടുവരാന്‍ ഫ്ലാഷ് പോലുള്ള ബാഹ്യസേവനങ്ങള്‍ ഉപയോഗിയ്ക്കേണ്ട അവസ്ഥ ഇല്ലാതാക്കി എന്നതാണ് ഇതിന്റെ മറ്റൊരു വലിയ പ്രത്യേകത. <audio>, <video> എന്നീ ലളിതമായ ടാഗുകളിലൂടെ വെബ് പേജില്‍ ശബ്ദവും ദൃശ്യവും കൊണ്ടുവരാം.

വെബ് ആപ്പുകള്‍ നിര്‍മിക്കാന്‍ ഏറെ സഹായകമായ നല്ലൊരു എപിഐയും ഇതിന്റെ ഭാഗമായുണ്ട്. സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിയ്ക്കുന്നത് എളുപ്പമാക്കുന്ന സങ്കേതമാണ് 'എപിഐ' അഥവാ 'ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്സ്'. ക്യാന്‍വാസ്, ഡ്രാഗ്-ആന്റ്-ഡ്രോപ്പ്, വെബ് സ്റ്റോറേജ്, ജിയോലൊക്കേഷന്‍, ഡോക്യുമെന്റ് എഡിറ്റിങ് എന്നീ സംവിധാനങ്ങളെല്ലാം ഈ എപിഐയുടെ പ്രസക്തഭാഗങ്ങളാണ്.

ഫ്ലാഷ് ഒരു കമ്പനിയുടെ ഉത്പന്നമാണ് (ഇപ്പോള്‍ അഡോബിയുടെ). എന്നാല്‍ എച്ച്ടിഎംഎല്‍ 5 ആരു അന്താരാഷ്ട്രസ്റ്റാന്‍ഡേഡാണ്. വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം (W3C) ആണ് അത് നോക്കിനടത്തുന്നത്. അതുകൊണ്ടുതന്നെ ജനകീയമായ ഒരു വെബ് പടുത്തുയര്‍ത്താന്‍ എന്തുകൊണ്ടും നല്ലത് എച്ച്ടിഎംഎല്‍ 5 ആണ്. സാങ്കേതികമേന്മകൊണ്ടും ഇത് ഫ്ലാഷിനെ പിന്നിലാക്കിത്തുടങ്ങിയിരിക്കുന്നു.

പുതിയ സൗകര്യങ്ങള്‍

  • അര്‍ത്ഥത്തിലൂന്നിയ മാര്‍ക്കപ്പിനായി പുതിയ ടാഗുകള്‍: <main>, <section>, <article>, <header>, <footer>, <aside>, <nav>, <figure>
  • ഓഡിയോ, വീഡിയോ ടാഗുകള്‍: <img> ടാഗുപയോഗിച്ച് ചിത്രം ഉള്‍പ്പെടുത്തുന്നതുപോലെ ലളിതമാണ് <audio>, <video> എന്നീ ടാഗുകളുപയോഗിച്ച് ശബ്ദവും ചലച്ചിത്രവും ഉള്‍പ്പെടുത്തുന്നത്. പ്ലേ, പോസ് തുടങ്ങിയ ബട്ടണുകളുമെല്ലാം ഇഷ്ടാനുസരണം പ്രദര്‍ശിപ്പിക്കുകയോ മറയ്ക്കുകയോ ചെയ്യാം. ഈ ടാഗുകളുടെ വരവിന്മുമ്പ് വെബ് പേജില്‍ ഓഡിയോയും, വീഡിയോയും ഉള്‍പ്പെടുത്തുന്നത് ഏറെ സങ്കീര്‍ണമായിരുന്നു. ഫ്ലാഷ് പോലുള്ള സ്വകാര്യസംവിധാനങ്ങള്‍ മാത്രമായിരുന്നു പോംവഴി.
  • പുതിയ ഇന്‍പുട്ട് ഏലമെന്റുകള്‍: നിറങ്ങളും തീയതിയും ഇ-മെയില്‍ വിലാസവുമെല്ലാം തിരഞ്ഞെടുത്തുനാല്‍കാവുന്നതാണ് പുതിയ ഏലമെന്റുകള്‍. ഉദാഹരണത്തിന്, ഉപയോക്താവിന് തീയ്യതി തിരഞ്ഞെടുക്കാനുള്ള ബട്ടണും കലണ്ടറും വെബ്ഡിസൈനര്‍ തന്നെ കോഡെഴുതി ഉണ്ടാക്കണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ <input type = "date"> എന്ന് കൊടുത്താല്‍ മതി - പുതിയ ബ്രൗസറുകള്‍ വേണ്ട സൗകര്യം ഒരുക്കിത്തരും. ഫയര്‍ഫോക്സ് 57 സ്വന്തം നിലയ്ക്ക് കലണ്ടര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
  • ക്യാന്‍വാസ് എലമെന്റ്: റ്റുഡി, ത്രീഡി ദൃശ്യങ്ങള്‍ സ്വന്തം നിലയ്ക്ക് കോഡെഴുതി പ്രദര്‍ശിപ്പിക്കാന്‍ പ്രോഗ്രാമറെ സഹായിക്കുന്നതാണ് ക്യാന്‍വാസ് ഏലമെന്റ്. ഗെയിറ്റുകള്‍ തയ്യാറാക്കാന്‍ വരെ ഇതുപകരിക്കും.
  • വെക്റ്റര്‍ ഗ്രാഫിക്സ്: എത്ര വലുതാക്കിയാലും വ്യക്തത കുറയാത്ത ചിത്രങ്ങളാണ് വെക്റ്റര്‍ ദൃശ്യങ്ങള്‍ (അല്ലാത്തത് റാസ്റ്റര്‍). ഫോട്ടോകളും മറ്റും വെക്റ്റര്‍ ആയി കൈകാര്യം ചെയ്യാനാവില്ലെങ്കിലും രേഖാചിത്രങ്ങളും ഐക്കണുകളും ലോഗോകളുമെല്ലാം വെക്റ്റര്‍ ആക്കുന്നതാണ് നല്ലത്. വ്യക്തത കൂടുമെന്നുമാത്രമല്ല, ഫയല്‍ സൈസും കുറഞ്ഞേക്കും. 'സ്കെയിലബിള്‍ വെക്റ്റര്‍ ഗ്രാഫിക്സ്' (എസ്‌വിജി) ഫോര്‍മാറ്റിലുള്ള ചിത്രങള്‍ പുതിയ എച്ച്ടിഎംഎല്‍ പേജുകളില്‍ ഉള്‍പ്പെടുത്താനാകും.
  • ലോക്കല്‍ സ്റ്റോറേജ്: അടുത്ത കാലം വരെ വെബ്‌സൈറ്റുകള്‍ക്ക് സന്ദര്‍ശകന്റെ കംപ്യൂട്ടറില്‍ ഡേറ്റാ സൂക്ഷിക്കാനാകുമായിരുന്നില്ല. കുക്കികള്‍ വഴി വല്ല തിരിച്ചറിയല്‍ നമ്പറും രേഖപ്പെടുത്താമെന്നുമാത്രം. എന്നാല്‍ വെബ് ആപ്പുകളുടെ ഇക്കാലത്ത് വെബ് പേജുകള്‍ക്ക് ലോക്കല്‍ സ്റ്റോറേജ് അനുവദിച്ചേ മതിയാകൂ. ഇപ്പോള്‍ ഇതിന് സൗകര്യമുണ്ട്. എസ്ക്യുഎല്‍ പിന്തുണയോടെ ഡേറ്റാബെയ്സ് വരെ കൈകാര്യം ചെയ്യാം. ബ്രൗസറിനകത്തുമാത്രം ലഭ്യമായതുകൊണ്ട് ഈ സംവിധാനം കംപ്യൂട്ടറിന്റെ സുരക്ഷയെ ബാധിക്കുകയുമില്ല.
  • വെര്‍ച്വല്‍ റിയാലിറ്റി വരെ പിന്തുണയ്ക്കുന്ന പുതിയ എപിഐകള്‍
  • പല സ്ക്രീനുകള്‍ക്ക് യോജിച്ച രീതിയില്‍ സൈറ്റ് ഒരുക്കാന്‍ മികച്ച റെസ്പോണ്‍സീവ് ഡിസൈന്‍ പിന്തുണ

മാര്‍ക്യു ഇനിയില്ല (ഉണ്ടായിരുന്നുമില്ല)

വെബ് ഡിസൈനിങ് പഠിച്ചുതുടങ്ങുന്നവരുടെയും പഠിപ്പിക്കുന്നവരുടെയും ഇഷ്ട ടാഗുകളായിരുന്നു <marquee>, <blink> എന്നിവ. ഫ്ലാഷ് ന്യൂസ് മാതൃകയില്‍ സ്ക്രീനിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് എഴുത്ത് ചലിപ്പിക്കാനുള്ളതാനാണ് മാര്‍ക്യു.

ഏതായാലും ഈ ടാഗുകള്‍ എച്ച്ടിഎംഎല്‍ സ്റ്റാന്‍ഡേര്‍ഡിന്റെ ഭാഗമല്ല. ബ്രൗസര്‍ യുദ്ധത്തിന്റെ ഭാഗമായി നെറ്റ്സ്കെയ്പ് അവതരിപ്പിച്ചതാണ് ബ്ലിങ്ക് ടാഗ്. ഇതിന് ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ മറുപടിയായിരുന്നു മാര്‍ക്യു.

വായനയ്ക്ക് തടസ്സം നില്‍ക്കുന്ന ഇത്തരം അലങ്കാരങ്ങള്‍ (അലങ്കോലങ്ങള്‍) ഡബ്ല്യുത്രീസീ അടക്കം വിവരമുള്ളവരാരും തന്നെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇനിയും മാറാത്ത സര്‍ക്കാര്‍ സൈറ്റുകളില്‍ മാര്‍ക്യു കാണാം. ഇവയിലെ ലിങ്കുകള്‍ ക്ലിക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട് ചില്ലറയല്ല.

ബ്ലിങ്ക് ടാഗ് ഇപ്പോള്‍തന്നെ ഉപയോഗശൂന്യമാണ്. മാര്‍ക്യൂ മിക്ക ബ്രൗസറുകളും പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഈ പിന്തുണ എപ്പോള്‍ വേണമെങ്കിലും എടുത്തുകളയാം. ഏതെങ്കിലും കാരണവശാല്‍ ബ്ലിങ്കിനോ മാര്‍ക്യൂവിനോ സമാനമായ പ്രതീതിയുളവാക്കേണ്ടിവന്നാല്‍ സിഎസ്എസ് അനിമേഷനുകളോ ജാവാ സ്ക്രിപ്റ്റോ ഉപയോഗിക്കാം.

Original Publication Info
ഇന്‍ഫോകൈരളി
ഇന്‍ഫോകൈരളി
ഇന്‍ഫോബിറ്റ്സ്
2017-10-01

Copyright © Nandakumar Edamana.