ബ്രൗസറിലെ അഡ്രസ് ബാറില്‍ ഒരു വിലാസം, പിന്നെയൊരു എന്റര്‍ കീ. അതാ, മുന്നിലെത്തുകയായി വെബ്സൈറ്റ്. കണ്ണടച്ചുതുറക്കുംമുമ്പ് അനേകം ഉപകരണങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്റര്‍ ഡേറ്റ കൈമാറ്റം ചെയ്താണ് ഇത് സാധ്യമാക്കുന്നത്. എന്നാലിത് വെറും ഡേറ്റാകൈമാറ്റം മാത്രമല്ല. ഇടയില്‍ നടക്കുന്ന പ്രക്രിയകള്‍ അതിസങ്കീര്‍ണ്ണമാണ്. സാങ്കേതികവിശദാംശമെല്ലാം ഒഴിവാക്കി അതിലളിതമായ രീതിയില്‍ നമുക്കത് മനസ്സിലാക്കാം. കൂടുതലറിയാന്‍ താത്പര്യമുള്ളവര്‍ അന്വേഷണം തുടരുമല്ലോ.
നാം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഉപകരണമാണ് ക്ലയന്റ്. ഉപകരണമോ സോഫ്റ്റ്‌വെയറോ ആകാമിത്. നമുക്ക് വിവരങ്ങള്‍ തരുന്ന കംപ്യൂട്ടര്‍ സെര്‍വറും. ഉദാഹരണത്തിന്, നിങ്ങള്‍ അമേരിക്കയിലെ ഒരു കംപ്യൂട്ടറില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന example.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയാണെന്ന് കരുതുക. ഇന്ത്യയിലിരിക്കുന്ന നിങ്ങളുടെ കംപ്യൂട്ടറും അതിലെ സോഫ്റ്റ്‌വെയറുമെല്ലാം ക്ലയന്റ് ആണ്. അമേരിക്കയിലിരിക്കുന്ന ആ കംപ്യൂട്ടര്‍ ആകട്ടെ സെര്‍വറും.
നിങ്ങള്‍ക്കിടയില്‍ ആശയവിനിമയം സാധ്യമാക്കുന്നത് സുപ്രധാനകക്ഷിയായ ഇന്റര്‍നെറ്റ് സേവനദാതാവ് (Internet Service Provider) ആണ്. ബിഎസ്എന്‍എല്‍ പോലുള്ള ഒരൊറ്റ സേവനദാതാവ് നിങ്ങളെയും സെര്‍വറിനെയും നേരിട്ടു ബന്ധിപ്പിച്ചു എന്ന് വരില്ല. നിങ്ങളുടെ സേവനദാതാവ് മറ്റ് സേവനദാതാക്കളുടെ സഹായവും തേടുന്നുണ്ടാവാം. എന്തായാലും നിങ്ങള്‍ക്കും സെര്‍വറിനും ഇടയില്‍ ഒരുപാടൊരുപാട് നെറ്റ്‌വര്‍ക്കിങ് ഉപകരണങ്ങളും കേബിള്‍ ശൃംഖലയും ഉണ്ടായിരിക്കുമെന്ന് മനസ്സിലാക്കുക. കേബിളുകള്‍ പലതും കടലിനടിയിലൂടെ പോകുന്നതുമാകാം. ലാളിത്യത്തിന് വേണ്ടി നമുക്കതെല്ലാം മറന്നു കളയാം. തല്‍കാലം നിങ്ങളുടെ കംപ്യൂട്ടറും സെര്‍വറും മാത്രമാകട്ടെ ചിത്രത്തില്‍.
നിങ്ങള്‍ ബ്രൗസറിലെ അഡ്രസ് ബാറില്‍ example.com പോലെ ഒരു വിലാസം ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുന്നു. മനുഷ്യന് കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള ഈ വിലാസം അറിയപ്പെടുന്നത് 'ഡൊമൈന്‍ നെയിം' എന്നാണ്. എന്നാല്‍ കംപ്യൂട്ടറിനാവശ്യം ഈ സൈറ്റ് ഹോസ്റ്റ് ചെയ്തിട്ടുള്ള (സജ്ജമാക്കിയിട്ടുള്ള) സെര്‍വറിന്റെ ഐപി വിലാസം ആണ്. ഡൊമൈന്‍ നാമങ്ങളെ ഐപി വിലാസങ്ങളാക്കിമാറ്റുന്നത് ഡിഎന്‍എസ് (ഡൊമൈന്‍ നെയിം സിസ്റ്റം) എന്ന സംവിധാനമാണ്. നിങ്ങള്‍ ഒരു ഡൊമൈന്‍ നെയിം ടൈപ്പ് ചെയ്തു നല്‍കുന്നതോടെ അതിന്റെ ഐപി വിലാസം എന്താണെന്ന് ബ്രൗസര്‍, ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഭാഗമായ ഡിഎന്‍എസ് റിസോള്‍വറിനോട് ചോദിക്കുന്നു. ഒരിക്കല്‍ സന്ദര്‍ശിച്ച സൈറ്റുകളുടെയെല്ലാം ഡിഎന്‍എസ് വിവരം കംപ്യൂട്ടറിന്റെ ഡിഎന്‍എസ് ക്യാഷില്‍ (Cache) ഉണ്ടായിരിക്കും. ഇത് ഇടയ്ക്കെല്ലാം പുതുക്കുന്നുമുണ്ടായിരിക്കും. ക്യാഷില്‍ നമുക്ക് വേണ്ട സൈറ്റിന്റെ ഐപി വിലാസം കണ്ടെത്താനായില്ലെങ്കില്‍ ഡിഎന്‍എസ് റിസോള്‍വര്‍ ഒരു ഡിഎന്‍എസ് സെര്‍വറുമായി ബന്ധപ്പെടുന്നു. ഇന്റര്‍നെറ്റില്‍ ഒരുപാട് ഡിഎന്‍എസ് സെര്‍വറുകള്‍ ലഭ്യമാണ്. ഇന്റര്‍നെറ്റ് സേവനദാതാവ് നിര്‍ദേശിക്കുന്ന ഡിഎന്‍എസ് സെര്‍വറായിരിക്കും സാധാരണ ഗതിയില്‍ നമ്മുടെ കണക്ഷനൊപ്പം ക്രമീകരിച്ചിട്ടുണ്ടാവുക. ഇത് നമുക്ക് വേണമെങ്കില്‍ മാറ്റാം.
ഡിഎന്‍എസ് റിസോള്‍വറില്‍നിന്ന് നിന്ന് നമുക്ക് ആവശ്യമുള്ള സൈറ്റിന്റെ ഐപി വിലാസം ലഭിച്ചു കഴിഞ്ഞാല്‍ ബ്രൗസറിന് ആ വിലാസത്തിലുള്ള സെര്‍വറുമായി നേരിട്ടു ബന്ധപ്പെടാം. സാധാരണ കണക്ഷന്‍ (HTTP) ആണെങ്കില്‍ ബ്രൗസറിന്റെ പോര്‍ട്ട് നമ്പര്‍ 80-ലേക്കും സെക്വര്‍ കണക്ഷന്‍ (HTTPS) ആണങ്കില്‍ സെര്‍വറിന്റെ പോര്‍ട്ട് നമ്പര്‍ 443 ലേക്കും ആകും അപേക്ഷ അയയ്ക്കുക (സോഫ്റ്റ്‌വെയര്‍ തലത്തിലുള്ള ആശയമാണ് പോര്‍ട്ടുകള്‍).
ഒരേ സെര്‍വറില്‍ത്തന്നെ ഒന്നിലേറെ സൈറ്റുകള്‍ ഉണ്ടാകാം എന്നതുകൊണ്ട് ഡൊമൈന്‍ നെയിമും നമുക്ക് വേണ്ട പേജിന്റെ വിലാസവുമെല്ലാം റിക്വസ്റ്റിന്റെ ഭാഗമായി ഉള്‍പ്പെടുത്തും. ഒപ്പം നമ്മുടെ ബ്രൗസറിന്റെ കഴിവുകള്‍, പരിമിതികള്‍, ഓപ്പറേറ്റിങ് സിസ്റ്റം തുടങ്ങിയ അധിക വിവരങ്ങളും ഉണ്ടാകും. എച്ച്ടിടിപി റിക്വസ്റ്റ് എന്നാണിതറിയപ്പെടുന്നത്.
റിക്വസ്റ്റ് ലഭിച്ചു കഴിഞ്ഞാല്‍ സെര്‍വറിലെ വെബ് സെര്‍വര്‍ സോഫ്റ്റ്‌വെയര്‍ (ഉദാ: അപ്പാച്ചെ) അത് പരിശോധിക്കുന്നു. ആവശ്യമെങ്കില്‍ സ്ക്രിപ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു (സെര്‍വര്‍-സൈഡ് സ്ക്രിപ്റ്റിങ്). ഇതേത്തുടര്‍ന്ന് ബ്രൗസറിലേക്ക് അയച്ചുതരുന്നതാണ് എച്ച്ടിടിപി റെസ്പോണ്‍സ്.
ഇല്ലാത്തതോ നമുക്ക് അനുവാദമില്ലാത്തതോ ആയ ഒരു പേജ് ആണ് നാം ആവശ്യപ്പെട്ടതെങ്കില്‍ എറര്‍ മെസേജ് ആയിരിക്കും റെസ്പോണ്‍സ്. മറ്റുതരത്തില്‍പ്പട്ട എററുകളും ഉണ്ടാകാം. ഇത്തരം പ്രശ്നമൊന്നും ഇല്ലെങ്കില്‍ നാം ആവശ്യപ്പെട്ട പേജിന്റെ എച്ച്ടിഎംഎല്‍ കോഡ് റെസ്പോണ്‍സിന്റെ ഭാഗമായി അയച്ചുതരും. പിഡിഎഫ് പോലുള്ള ഒരു ഫയലാണ് നാം ആവശ്യപ്പെട്ടതെങ്കില്‍ ആ ഫയല്‍ അതേപടി അയച്ചുതരുന്നതും ഈ ഘട്ടത്തിലാണ് (അതിന്റെ തുടക്കത്തിലും റെസ്പോണ്‍സ് ഹെഡര്‍ ഉണ്ടായിരിക്കും).
അടുത്തത് ബ്രൗസറിന്റെ ഊഴമാണ്. പിഡിഎഫോ സിപ്പോ പോലുള്ള ഒരു ഫയലാണ് ലഭിച്ചതെങ്കില്‍ ബ്രൗസറിന് അത് സേവ് ചെയ്യുകയോ നേരിട്ട് തുറക്കാന്‍ നമ്മെ അനുവദിക്കുകയോ ചെയ്യാം. എന്നാല്‍ ഒരു വെബ് പേജ് എച്ച്ടിഎംഎല്‍ കോഡ് രൂപത്തിലാണ് ലഭിച്ചതെങ്കില്‍ കുറെക്കൂടി ജോലി ബാക്കിയുണ്ട്. ഈ എച്ച്ടിഎംഎല്‍ കോഡ് വിശദമായി പരിശോധിക്കുകയും അതില്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റ് ഫയലുകള്‍ (സിഎസ്എസ് സ്റ്റൈലുകള്‍, ജാവാസ്ക്രിപ്റ്റ് കോഡ്, ചിത്രങ്ങള്‍, ഫോണ്ടുകള്‍) സെര്‍വറിലേക്ക് പ്രത്യേകം പ്രത്യേകം റിക്വസ്റ്റുകള്‍ അയച്ച് ലോഡ് ചെയ്യുകയും വേണം. ആവശ്യമുള്ള ഘടകങ്ങള്‍ കിട്ടുന്ന മുറയ്ക്ക് ബ്രൗസറിന് പേജ് പ്രദര്‍ശിപ്പിച്ച് തുടങ്ങാം.
പേജില്‍ ജാവാസ്ക്രിപ്റ്റ് ഉണ്ടെങ്കില്‍ അത് പ്രവര്‍ത്തിക്കുക ഇനിയാണ് (ക്ലയന്റ്-സൈഡ് സ്ക്രിപ്റ്റിങ്). പേജ് പൂര്‍ണ്ണമായും പ്രദര്‍ശിപ്പിച്ച ശേഷവും ജാവാസ്ക്രിപ്റ്റിന്റെ പ്രവര്‍ത്തനം തുടരാം. ഉപയോക്താവ് മൗസ് അമര്‍ത്തുക, കീബോഡില്‍ വല്ലതും ചെയ്യുക പോലുള്ള 'ഇവന്റു'കളിലാണ് മിക്കപ്പോഴും ജാവാസ്ക്രിപ്റ്റ് കോഡ് പ്രവര്‍ത്തിക്കുക.