ലോകത്ത് ഏറ്റവുമധികം ഉപയോഗിച്ചുവരുന്ന വെബ് സെര്‍വര്‍ സോഫ്റ്റ്‌വെയറാണ് അപാച്ചീ എച്ച്.ടി.ടി.പി. സെര്‍വര്‍ (ഉച്ചാരണം: /əˈpætʃiː/ അഥവാ ə-PA-chee). സന്ദര്‍ശകരില്‍നിന്നുള്ള അപേക്ഷകള്‍ക്ക് (HTTP Requests) മറുപടിയായി വെബ് പേജുകളും മറ്റും അയച്ചുനല്‍കുന്ന പ്രോഗ്രാമാണ് വെബ് സെര്‍വര്‍. വൈബ്‌സൈറ്റുകള്‍ ഹോസ്റ്റ് ചെയ്തിട്ടുള്ള സെര്‍വര്‍ കംപ്യൂട്ടറുകളുടെ പ്രധാനഭാഗമാണിത്.
നിലവിലുള്ള പ്രചാരത്തിനുപുറമേ അപാച്ചിക്ക് ചരിത്രപരമായ പ്രാധാന്യവുമുണ്ട്. ഇത് വേള്‍ഡ് വൈഡ് വെബ്ബിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 2009 ആയപ്പോഴേയ്ക്കും പത്തുകോടിയിലധികം (more than 100 million) വെബ് സൈറ്റുകള്‍ക്ക് സേവനം നല്‍കിക്കൊണ്ട് ആ നേട്ടം കൈവരിയ്ക്കുന്ന ആദ്യ സെര്‍വര്‍ പ്രോഗ്രാമായിമാറി. 2013 ജൂണിലെ കണക്കനുസരിച്ച് ലോകത്തെ 54.2% വെബ്‌സൈറ്റുകളും 53.3% സെര്‍വറുകളും അപാച്ചീയുടെ സേവനമാണ് ഉപയോഗപ്പെടുത്തുന്നത്.
ഏതാണ്ടെല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിപ്പിയ്ക്കുമെങ്കിലും യുണീക്സ്-ലൈക് സിസ്റ്റങ്ങളില്‍, പ്രത്യേകിച്ച് ഗ്നു/ലിനക്സില്‍ ആണ് അപാച്ചീയ്ക്ക് വേരോട്ടം. വെബ് സെര്‍വറുകളില്‍ ഗ്നു/ലിനക്സിനുള്ള പ്രാധാന്യവും ഇതിനൊരു കാരണമാണ് (സുരക്ഷ, സ്ഥിരത).
പേരുകൊണ്ട് എച്ച്.ടി.ടി.പി. സെര്‍വറാണെങ്കിലും മറ്റു പ്രൊട്ടോക്കോളുകളും കൈകാര്യം ചെയ്യാന്‍ അപാച്ചിയ്ക്കാവും. വളരെ സങ്കീര്‍ണമായ ക്രമീകരണങ്ങളും ഒട്ടേറെ പ്ലഗ്ഗിന്നുകളും (മൊഡ്യൂളുകള്‍) അപാച്ചീ പിന്തുണയ്ക്കുന്നുണ്ട്. സൗകര്യക്കൂടുതല്‍ അപാച്ചിയുടെ വേഗം കുറയാന്‍ കാരണമാകാറുണ്ട്.
പ്രധാനസവിശേഷതകള്‍:
- പേള്‍, പൈത്തണ്‍, പി.എച്ച്.പി. തുടങ്ങി പ്രധാനപ്പെട്ട എല്ലാ സ്ക്രിപ്റ്റിങ് ഭാഷകളും പിന്തുണയ്ക്കുന്നു.
- എസ്.എസ്.എല്‍., പ്രോക്സി, യു.ആര്‍.എല്‍. റീറൈറ്റിങ് തുടങ്ങിയ സംവിധാനങ്ങള്‍.
- വിവിധ വെബ്‌സൈറ്റുകള്‍ ഒരുമിച്ച് ഹോസ്റ്റ് ചെയ്യാനുള്ള വെര്‍ച്വല്‍ ഹോസ്റ്റിങ് സംവിധാനം.
- ഉപയോക്താക്കളുടെ ആധികാരികത ഉറപ്പുവരുത്താന്‍ വിവിധ ഓതന്റിക്കേഷന്‍ മൊഡ്യൂളുകള്‍.
അപാച്ചീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ മേല്‍നോട്ടം വഹിക്കുന്ന ഇത് സ്വതന്ത്രസോഫ്റ്റ്വെയറാണ്.
ഒറ്റനോട്ടത്തില്‍
എഴുതിയ ഭാഷ: സി, സി++, എക്സ്. എം. എല്‍. തുടക്കക്കാരന്‍: റോബര്‍ട്ട് മക്‌കൂള്‍ (Robert McCool) പുറത്തിറങ്ങിയ വര്‍ഷം: 1995 നിലവിലുള്ള ഉടമ: അപാച്ചീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ ലൈസന്‍സ്: അപാച്ചീ ലൈസന്‍സ് 2.0 പ്ലാറ്റ്ഫോം: ഗ്നു/ലിനക്സ്, ഒ.എസ്. X, വിന്‍ഡോസ് തുടങ്ങി പലയിനം വെബ്‌സൈറ്റ്: httpd.apache.org