പൈത്തണ്‍ എന്ന് കേള്‍ക്കാത്തവര്‍ പ്രോഗ്രാമിങ്ങില്‍ താത്പര്യമുള്ളവര്‍ക്കിടയിലുണ്ടാവില്ല. ചിലര്‍ അത് സ്ഥിരം ഉപയോഗിക്കുന്നു, ചിലര്‍ അത് കൗതുകത്തോടെ നോക്കിക്കാണുകയും പഠിക്കാനാഗ്രഹിക്കുകയും ചെയ്യുന്നു, ചിലരാകട്ടെ ഔപചാരികവിദ്യാഭ്യാസത്തിന്റെ ഭാഗമായി പഠിച്ചുവരുന്നു. പൈത്തണ്‍ ഭാഷയെക്കുറിച്ചാവട്ടെ ഇത്തവണത്തെ ഇന്‍ഫോബിറ്റ്സ്.
എന്താണ് പൈത്തണ്‍?
ലളിതവും അതേ സമയം ശക്തവുമായ ഒരു പ്രോഗ്രാമിങ് ഭാഷയാണ് പൈത്തണ്‍. സങ്കീര്‍ണ്ണമായ പ്രോഗ്രാമുകള്‍ പോലും ലളിതമായി തയ്യാറാക്കാവുന്ന ഇതിന്റെ പ്രചാരം പഠനവും വെബ് ഡെവലപ്മെന്റും മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെ നീണ്ടുകിടക്കുന്നു.
1989-ല്‍ Guido van Rossum സാക്ഷാത്കരിച്ചതാണ് പൈത്തണ്‍. ഒരു ടെലിവിഷന്‍ പരിപാടിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പെരുമ്പാമ്പ് എന്നര്‍ത്ഥം വരുന്ന Python എന്ന പേര് സ്വീകരിച്ചത്. മറ്റനേകമാളുകള്‍ ചേര്‍ന്ന് ഇത് വികസിപ്പിച്ചു. ഇന്നിത് വിദ്യാലയങ്ങളിലും ഗവേഷണമേഖലയിലും വന്‍കിടസ്ഥാപനങ്ങളിലും ഉപയോഗിച്ചുവരുന്നു. 2015-ല്‍ പുറത്തിറങ്ങിയ പൈത്തണ്‍ 3.5.1 ആണ് ഇതിന്റെ പുതിയ പതിപ്പ്.
ഗ്നു/ലിനക്സിനൊപ്പം പൈത്തണും വരുന്നതിനാല്‍ പ്രത്യേക ഇന്‍സ്റ്റളേഷന്‍ ആവശ്യമില്ല. വിന്‍ഡോസും മറ്റും ഉപയോഗിയ്ക്കുന്നവര്‍ക്ക് പൈത്തണ്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.
കോഡ് റീഡബിലിറ്റി ആണ് പൈത്തണിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന്. മറ്റ് ഭാഷകളില്‍ എഴുതേണ്ടതിനേക്കാള്‍ കുറഞ്ഞ വരികളില്‍ ഒരാശയം പ്രകടിപ്പിക്കാനാവുക; അതും പരമാവധി ലളിതമായിരിക്കുക.
സാങ്കേതികമേന്മകള്‍
- ഒരു ക്രോസ്-പ്ലാറ്റ്ഫോം ഭാഷയായതിനാല്‍ പൈത്തണിലെഴുതിയ ഒരു പ്രോഗ്രാം ഗ്നു/ലിനക്സ്, വിന്‍ഡോസ്, മാക് ഒ.എസ്. എക്സ് തുടങ്ങി ഏതാണ്ടെല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഒരുപോലെ പ്രവര്‍ത്തിക്കുന്നു.
- സി പോലുള്ള മറ്റ് ഹൈലെവല്‍ ഭാഷകളില്‍ വേണ്ടതിനേക്കാള്‍ കുറച്ച് നിര്‍ദേശങ്ങള്‍ മതി പൈത്തണില്‍ ഒരു പ്രോഗ്രാമെഴുതാന്‍. മറ്റ് ഭാഷകളേക്കാള്‍ മനസ്സിലാക്കാനും എളുപ്പമാണ്.
- ഒബ്ജക്റ്റ്-ഓറിയന്റേഷന്‍ അടക്കം വിവിധ പ്രോഗ്രാമിങ് പാരഡൈമുകള്‍ (രീതിശാസ്ത്രങ്ങള്‍) പിന്തുണയ്ക്കുന്നു.
- സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആയതിനാല്‍ പൈത്തണ്‍ ആര്‍ക്കും പഠിക്കാം, പരിഷ്കരിക്കാം, വിതരണം ചെയ്യാം.
പൈത്തണ്‍ പവേഡ്
പൂര്‍ണമായോ ഭാഗികമായോ പൈത്തണിലെഴുതിയ പ്രോഗ്രാമുകള്‍ ധാരാളമാണ്. ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്റര്‍ ഇത്തരത്തിലൊന്നാണ്. ബ്ലെന്‍ഡര്‍, മായ, ജിമ്പ്, ഇങ്ക്സ്കെയ്പ് തുടങ്ങിയ പ്രോഗ്രാമുകളിലും പൈത്തണിന്റെ പിന്തുണയുണ്ട്. ഗ്നു/ലിനക്സ് വിതരണങ്ങളില്‍ (ഡെബീയന്‍, ഉബുണ്ടു, ഫെഡോറ, ...) പൈത്തണ്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാനുപയോഗിയ്ക്കുന്ന ഇന്‍സ്റ്റളേഷന്‍ പ്രോഗ്രാം 'ഉബിക്യുറ്റി'യും പൈത്തണിലാണ് എഴുതിയിട്ടുള്ളത്. ഇതു കൂടാതെ വെബ്സെര്‍വറുകളില്‍ സ്ക്രിപ്റ്റുകള്‍ തയ്യാറാക്കാനും പൈത്തണ്‍ ഉപയോഗിച്ചുവരുന്നു.
ഒരു സ്ക്രിപ്റ്റിങ് ഭാഷ എന്ന നിലയിലാണ് ബ്ലെന്‍ഡര്‍, മായ, നൂക്ക് തുടങ്ങിയ മള്‍ട്ടിമീഡിയ പ്രോഗ്രാമുകളില്‍ പൈത്തണ്‍ ഉപയോഗിച്ചുവരുന്നത്. ഉപയോക്താക്കള്‍ക്ക് അനിമേഷന്‍, ഗെയിം നിര്‍മ്മാണസമയത്ത് സ്ക്രിപ്റ്റിങ് ഭാഷ ഉപയോഗിക്കാനാവും.
പൈത്തണ്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ പേര് പട്ടികപ്പെടുത്തുന്നതായിരിക്കും അതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ കൂടുതല്‍ നല്ലത്. ഇക്കൂട്ടത്തില്‍ ഗൂഗ്ള്‍, യാഹൂ!, നാസ, സേണ്‍, ഐ.എല്‍.എം. എന്നിവ പെടുന്നു.
ഹലോ വേള്‍ഡ് പ്രോഗ്രാം
പൈത്തണിന്റെ ലാളിത്യം വിളിച്ചോതുന്ന ഹലോ വേള്‍ഡ് പ്രോഗ്രാം ഇതാ:
print "Hello, world!"
ലിങ്കുകള്‍
- പൈത്തണ്‍ പഠിക്കാന്‍ learnpython.org സന്ദര്‍ശിക്കാം. ഇവിടെ ഓണ്‍ലൈനായിത്തന്നെ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യമുണ്ട്.
- പൈത്തണ്‍ ഡൗണ്‍ലോഡ് ചെയ്യാനും മറ്റും python.org സന്ദര്‍ശിക്കുക.