നല്ലൊരു മധുരപലഹാരം പ്രമേഹമുള്ളയാളെ കാണിച്ചാലുള്ള അവസ്ഥ ഊഹിക്കാമല്ലോ. ഇതുതന്നെയാണ് സൈബര്‍സിക്ക്നെസ്സ് അനുഭവിക്കുന്നവരുടെ കാര്യവും. വെര്‍ച്വല്‍ റിയാലിറ്റി എന്നത് വിസ്മയകരമായ ഒരു സാങ്കേതികവിദ്യ. എന്നാല്‍ സൈബര്‍സിക്ക്നെസ്സ് അനുഭവിക്കുന്നതിനാല്‍ ചിലര്‍ക്കത് ആസ്വദിക്കാനാവുന്നില്ല.
മോഷന്‍ സിക്ക്നെസ്സ് എന്താണെന്നും വെര്‍ച്വല്‍ റിയാലിറ്റിയ്ക്ക് അതെങ്ങനെ വെല്ലുവിളിയാകുന്നു എന്നും കഴിഞ്ഞ ലക്കത്തില്‍ വിശദമായിത്തന്നെ പറഞ്ഞിരുന്നു. കാഴ്ചയിലെ ചലനവും ശരീരമനുഭവിക്കുന്ന ചലനവും തമ്മില്‍ പൊരുത്തക്കേടുണ്ടാവുമ്പോള്‍ മനംപുരട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ വരുന്നതാണ് മോഷന്‍ സിക്ക്നെസ്സ്. വണ്ടിക്കുള്ളില്‍ അടഞ്ഞിരുന്ന് യാത്ര ചെയ്യുമ്പോഴും വീഡിയോ ഗെയിം കളിക്കുമ്പോഴുമെല്ലാം ചിലര്‍ക്ക് ഛര്‍ദി വരുന്നത് ഇതുകൊണ്ടാണ്. വെര്‍ച്വല്‍ റിയാലിറ്റിയിലെ ചലനങ്ങള്‍ ഏറെ അയഥാര്‍ത്ഥമായതുകൊണ്ട് ഈ രംഗത്ത് ഇത് വലിയൊരു വെല്ലുവിളിയായി മാറുന്നു. ഇത്തരം മോഷന്‍ സിക്ക്നെസ്സാണ് വെര്‍ച്വല്‍ റിയാലിറ്റി സിക്ക്നെസ്സ് അഥവാ സൈബര്‍സിക്ക്നെസ്സ് (നിര്‍വചനങ്ങളുടെ കൃത്യതയില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം).
ചെറിയ പൊടിക്കൈകള്‍ മാത്രമാണ് ഇതിനെല്ലാം പരിഹാരമായി ഉപയോഗിച്ചുവന്നിരുന്നത്. എന്നാല്‍ വെര്‍ച്വല്‍ റിയാലിറ്റി ഒരു സാധാരണസംഭവമായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിക്ക് സൈബര്‍സിക്ക്നെസ്സിന് കൃത്യമായ പരിഹാരം ആവശ്യമാണ്. മോഷന്‍ സിക്ക്നെസ്സ് ചെറിയൊരു വിഭാഗം ആളുകളുടെ മാത്രം പ്രശ്നമല്ല എന്നത് ഈ ആവശ്യത്തിന്റെ തീവ്രത കൂട്ടുന്നു.
ഈ ദിശയില്‍ ശ്രദ്ധേയമായ ചുവടുവയ്പാണ് കഴിഞ്ഞ മാസം പുറത്തുവന്ന വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യുന്നത്. കൊളംബിയ സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ ഗ്രാഫിക്സ് ആന്‍ഡ് യൂസര്‍ ഇന്റര്‍ഫെയ്സസ് ലാബിലെ പ്രൊഫസര്‍ സറ്റീവന്‍ കെ. ഫീനറും (Steven K. Feiner) എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അജോയ് ഫെര്‍ണാണ്ടസ്സുമാണ് (Ajoy Fernandes) കണ്ടെത്തലിനുപിന്നില്‍.
സംഗതി വളരെ ലളിതമാണ് -- വെര്‍ച്വല്‍ റിയാലിറ്റിയില്‍ ഉപയോക്താവ് അനുഭവിക്കുന്ന 'ഫീല്‍ഡ് ഓഫ് വ്യൂ' അഥവാ ദൃശ്യമണ്ഡലം ചെറുതാക്കുക. വ്യക്തമായിപ്പറഞ്ഞാല്‍ എന്തിലേക്കാണോ നോക്കുന്നത്, അത് വ്യക്തമായി കാണിക്കുകയും ചുറ്റുപാടുമുള്ള വിശദാംശങ്ങള്‍ക്ക് പ്രാധാന്യം കുറയ്ക്കുകയും ചെയ്യുക. ഇത് പ്രേക്ഷകര്‍ക്ക് ഏറെ സുഖപ്രദമായി അനുഭവപ്പെട്ടു എന്നാണ് ഇരുവരും പറയുന്നത്.
കൃത്രിമമായി കണ്ണുകള്‍ക്ക് തൊട്ടടുത്ത് വിളമ്പുന്ന വെര്‍ച്വല്‍ ദൃശ്യങ്ങള്‍ ഏറെ വിശദാംശങ്ങളുള്ളതാണ്. ഇതാകട്ടെ പെരിഫറല്‍ വ്യൂവിലെ (എന്തിലേക്കാണോ നോക്കുന്നത്, അതിന് ചുറ്റുമുള്ള കാഴ്ച) ചലനങ്ങള്‍ പോലും നാം ശ്രദ്ധിക്കാനിടയാക്കും. കാഴ്ചയിലെ ചലനങ്ങള്‍ കൂടുന്നത് മോഷന്‍ സിക്ക്നെസ്സിനും കാരണമാകും. ഈ പ്രശ്നമാണ് ഫീല്‍ഡ് ഓഫ് വ്യൂ ചുരുക്കുകവഴി പരിഹരിക്കപ്പെട്ടിരിക്കുന്നത്.
ഒരു കംപ്യൂട്ടര്‍ മോണിറ്ററില്‍ ഈ വിശദാംശക്കുറവ് വ്യക്തമാവുമെങ്കിലും വി.ആര്‍. ഹെഡ്സെറ്റ് ധരിക്കുന്നവര്‍ ഇത്തരമൊരു കുറവ് ശ്രദ്ധിക്കുന്നതേയില്ല. അവരെസ്സംബന്ധിച്ച് സാധാരണ കിട്ടുന്ന വ്യക്തത ഇപ്പോഴും കിട്ടുന്നു. എന്നാലോ, സൈബര്‍സിക്ക്നെസ്സ് ഗണ്യമായി കുറയുകയും ചെയ്യുന്നു.
കൂടുതല്‍ ആളുകളെയും പലതരം സെറ്റിംഗ്സും ഉള്‍പ്പെടുത്തി പഠനം മുന്നോട്ടുകൊണ്ടുപോകേണ്ടിയിരിക്കുന്നു. പരിപൂര്‍ണവിജയമായാല്‍ വെര്‍ച്വല്‍ റിയാലിറ്റിയില്‍നിന്ന് ഒരു വിഭാഗമാളുകള്‍ മാറിനില്‍ക്കേണ്ട അവസ്ഥ ഒഴിവാകും.