Nandakumar Edamana
Share on:
@ R t f

വീണ്ടെടുക്കാം, റൈറ്റ്-പ്രൊട്ടക്റ്റഡ് മെമ്മറി കാര്‍ഡ്


ഒരു കുഴപ്പവുമില്ലാതെ ഉപയോഗിച്ചിരുന്ന മെമ്മറി കാര്‍ഡ് പെട്ടെന്നൊരു ദിവസം റൈറ്റ്-പ്രൊട്ടക്റ്റഡായി മാറുന്നു. ഫയലുകള്‍ ചേര്‍ക്കാനോ ഡിലീറ്റ് ചെയ്യാനോ ഒന്നുമാകാത്ത അവസ്ഥ. പലരും നേരിട്ടിട്ടുള്ള ഒരു സാഹചര്യമാണിത്. പുതുതായി വാങ്ങിയ കാര്‍ഡും പെന്‍ഡ്രൈവുമെല്ലാം ഒരാഴ്ച തികയും മുമ്പേ ഉപേക്ഷിക്കേണ്ടിവരുന്നു എന്നു കേള്‍ക്കുമ്പോഴാണ് സംഗതിയുടെ തീവ്രത മനസ്സിലാവുക.

ഇവിടെ മിക്കവരും പയറ്റുന്ന അടവ് ഫോര്‍മാറ്റിങ് ആയിരിക്കും. പലപ്പോഴും അത് ഫലിക്കുകയും ചെയ്യും. എന്നാല്‍ ചിലപ്പോള്‍ അതു നടക്കില്ല. ഫോര്‍മാറ്റിങ് നടന്നാലും മെമ്മറി റീഡ്-ഓണ്‍ലി ആയിത്തന്നെ തുടരും. ഒരു സാധാരണ ഉപയോക്താവിനെസ്സംബന്ധിച്ച് ഫോര്‍മാറ്റിങ്ങിലും വലിയ മരുന്നില്ല. അതുകൊണ്ടുതന്നെ ഫോര്‍മാറ്റിങ് പരാജയപ്പെടുമ്പോള്‍ കാര്‍ഡ്/ഡ്രൈവ് ഉപേക്ഷിക്കുക എന്ന തീരുമാനത്തില്‍ അയാള്‍ എത്തിച്ചേരുന്നു.

ഇത്തരമൊരു എടുത്തുചാട്ടത്തിന്റെ ആവശ്യമില്ല എന്നതാണ് സത്യം. ഫോര്‍മാറ്റിങ്ങിനേക്കാള്‍ ലളിതവും കഠിനവുമായ പല വഴികളുണ്ട് പരീക്ഷിക്കാന്‍ ബാക്കി. അവയേതെല്ലാമെന്നാണ് ഈ ലക്കം ഇന്‍ഫോഹെല്‍ത്ത് ചര്‍ച്ച ചെയ്യുന്നത്. ഇവയും പരാജയപ്പെട്ടാല്‍ വിദഗ്ധരെ സമീപിക്കുകയോ വാറന്റി പോലുള്ള സാദ്ധ്യതകള്‍ തേടുകയോ ചെയ്യാം.

മുന്‍കരുതല്‍

മെമ്മറി ഉപകരണങ്ങള്‍ സംബന്ധിച്ച പരീക്ഷണങ്ങള്‍ക്കുമുമ്പ് പ്രധാനമായും രണ്ടു മുന്‍കരുതലുകളാണ് എടുക്കാനുള്ളത്.

ഒന്നാമത്തേത് ബാക്കപ്പ് സൂക്ഷിക്കല്‍ തന്നെ. റൈറ്റ്-പ്രൊട്ടക്റ്റഡായാലും മെമ്മറിയില്‍നിന്ന് ഫയലുകള്‍ കോപ്പി ചെയ്യാനാവും. ഈ സൗകര്യം പാഴാക്കേണ്ട. പരീക്ഷണത്തിനുമുമ്പ് ആവശ്യമുള്ളതെല്ലാം കോപ്പി ചെയ്യുക. ഇനി ലളിതമായ ക്രമീകരണങ്ങള്‍ മുതല്‍ ഫോര്‍മാറ്റിങ് വരെ എന്തും പരീക്ഷിക്കാമല്ലോ.

ഡ്രൈവ് ലേബലുകളെപ്പറ്റിയും മറ്റും ഒരു ധാരണയുണ്ടാക്കുക എന്നതാണ് അടുത്തത്. വിന്‍ഡോസിലെ C, D, E എന്നിങ്ങനെയുള്ള ഡ്രൈവ് ലെറ്ററിങ് മിക്കവര്‍ക്കും പരിചിതമാണ്. ഉബുണ്ടു പോലുള്ള ഗ്നു/ലിനക്സ് പതിപ്പുകളില്‍ കാര്‍ഡിന്റെ പേര് നേരിട്ട് കാണിക്കുമെങ്കിലും /dev/sdb പോലുള്ള കോഡുകള്‍ ഉള്ളില്‍ ഉപയോഗിക്കുന്നുണ്ട് (വിഷമിക്കേണ്ട, എങ്ങനെ മനസ്സിലാക്കാമെന്ന് പറയാം). ഇതിനെപ്പറ്റിയെല്ലാം ശാസ്ത്രീയ ധാരണ വേണമെന്നില്ല. എന്നാല്‍ ബോധം വേണം. G: ആണ് നിങ്ങളുടെ പെന്‍ഡ്രൈവെങ്കില്‍ C: എടുത്ത് ഫോര്‍മാറ്റ് ചെയ്യരുത് (പരിചിതരായ ഉപയോക്താക്കള്‍ക്ക് ഈ ഉപദേശം ബാലിശമായി തോന്നാം. എന്നാല്‍ ഡ്രൈവിന്റെ പേരും മറ്റും കാണാത്ത അഡ്വാന്‍സ്ഡ് മോഡുകളില്‍ ഇത്തരം അബദ്ധങ്ങള്‍ പതിവാണ്).

ഇനി നമുക്ക് പല തരത്തിലുള്ള പരീക്ഷണങ്ങളിലേക്ക് കടക്കാം.

1. ഫിസിക്കല്‍ ലോക്ക്

മിക്ക എസ്.ഡി. കാര്‍ഡുകളിലും അഡാപ്റ്ററുകളിലും ഒരു ഫിസിക്കല്‍ റൈറ്റ് ലോക്ക് ഉണ്ടായിരിക്കും. ഫ്ലോപ്പി ഡിസ്കുകളിലും ഓഡിയോ കാസറ്റുകളിലുമെല്ലാം ഉണ്ടായിരുന്ന റൈറ്റ് പ്രൊട്ടക്ഷന്‍ ദ്വാരത്തിന് തുല്യമാണിത്. കാഴ്ചയില്‍ തീരെ ചെറിയ ഒരു സ്ലൈഡിങ് സ്വിച്ച് ആയിരിക്കുമെന്നുമാത്രം. ഇത് അങ്ങോട്ടുമിങ്ങോട്ടും നീക്കിയാണ് റൈറ്റ് പ്രൊട്ടക്ഷന്‍ ഏര്‍പ്പാടാക്കുന്നതും ഒഴിവാക്കുന്നതും. അബദ്ധത്തില്‍ ഡേറ്റ നഷ്ടപ്പെടുന്നത് തടയാനും വൈറസ്സുകളുടെ ആക്രമണം ചെറുക്കാനുമാണ് ഇത് മനപ്പൂര്‍വം ഓണാക്കിയിടുന്നത്.

എന്നാല്‍ ഈ സ്വിച്ച് അബദ്ധത്തില്‍ നീങ്ങിപ്പോയതാവാം നമ്മുടെ കാര്യത്തില്‍ പ്രശ്നം. അതുകൊണ്ട് ഈ ലോക്ക് നീക്കി പരീക്ഷിക്കുക. ഈ ചെറിയ വിദ്യ പലര്‍ക്കും ഫലപ്രദമായിട്ടുണ്ട്. ഇനി ഫലിക്കുന്നില്ലെങ്കില്‍ യഥാര്‍ത്ഥ അണ്‍ലോക്ക്ഡ് പൊസിഷനില്‍ത്തന്നെ സൂക്ഷിക്കുക.

2. കാര്‍ഡ് റീഡര്‍ മാറ്റിനോക്കുക

ചില കാര്‍ഡ് റീഡറുകള്‍ പ്രശ്നമുണ്ടാക്കാറുണ്ട്. അവയ്ക്ക് സംഭവിച്ച കേടുപാടോ കാര്‍ഡിന്റെ വേര്‍ഷന്‍ സപ്പാര്‍ട്ടാകാത്തതോ ഒക്കെയാവാം കാരണം (HC ഫോര്‍മാറ്റിലുള്ള പുതിയ കാര്‍ഡുകള്‍ പഴയ റീഡറുകളില്‍ എടുക്കാറില്ല). അതുകൊണ്ട് റീഡര്‍ മാറ്റിനോക്കുക. ചിലപ്പോള്‍ റീഡര്‍ മാറ്റിയ ശേഷം ഒരു ഫോര്‍മാറ്റിങ് കൂടി ആവശ്യമായി വരാം.

3. ഗ്നു/ലിനക്സിലെ റീമൗണ്ടിങ്

ഉപകരണം റീഡ്-ഓണ്‍ലി മോഡില്‍ മൗണ്ട് ആയതാവാം ഗ്നു/ലിനക്സിലെ പ്രശ്നം (മെമ്മറി ഉപകരണങ്ങള്‍ ഘടിപ്പിക്കുമ്പോള്‍ മൗണ്ടിങ് (Mounting) പ്രക്രിയ നടത്തിയാണ് അവയിലെ ഉള്ളടക്കം ഫോള്‍ഡറുകളായി ലഭ്യമാക്കുന്നത്). റീഡ്-റൈറ്റ് മോഡില്‍ ഇതേ ഉപകരണം റീമൗണ്ട് ചെയ്താല്‍ പ്രശ്നം പരിഹരിക്കപ്പെടാം. അതിനായി ഉപകരണം ഘടിപ്പിച്ച ശേഷം ടെര്‍മിനലില്‍ താഴെ കാണുന്ന കമാന്‍ഡ് കൊടുക്കണം. (ടെര്‍മിനല്‍ കിട്ടാന്‍ പ്രധാന മെനുവില്‍ ആക്സസറീസിലോ മറ്റോ തിരയുകയോ Ctrl + Alt + T അമര്‍ത്തുകയോ ചെയ്യാം).

sudo mount -o remount,rw DEVICE

ഇവിടെ DEVICE എന്നതിനുപകരം ഉപകരണത്തിന്റെ കോഡാണ് കൊടുക്കേണ്ടത്. ഒരു ഹാര്‍ഡ് ഡിസ്കിനുപുറമേ മറ്റൊരു മെമ്മറി ഉപകരണവും നിങ്ങളുടെ കംപ്യൂട്ടറിലില്ലെങ്കില്‍ ഇത് /dev/sdb1 എന്നായിരിക്കും. ഇത് കണ്ടെത്താന്‍ ഡിസ്ക് യൂട്ടിലിറ്റി പോലുള്ള പ്രോഗ്രാമുകള്‍ ഉപയോഗിക്കാം (ഡിസ്ക് യൂട്ടിലിറ്റി പ്രധാന മെനുവിലെ ആക്സസറീസിലോ സിസ്റ്റം വിഭാഗത്തിലോ തിരഞ്ഞാല്‍ കിട്ടും).

കമാന്‍ഡ് നല്കിയ ശേഷം എന്റര്‍ കീ അമര്‍ത്തണം. പാസ്‌വേഡ് ചോദിച്ചാല്‍ അതും കൊടുത്ത് എന്ററമര്‍ത്തുക. ടെര്‍മിനലില്‍ പാസ്‌വേഡ് ടൈപ്പ് ചെയ്യുമ്പോള്‍ അത് എഴുതിക്കാണിക്കില്ല എന്നോര്‍ക്കുക.

ചില കാര്‍ഡ് റീഡറുകള്‍ മെമ്മറിയെ ലോക്കാക്കുന്നതിനാല്‍ ഈ വിദ്യ ഫലിക്കാന്‍ വേറെ റീഡറും ഫോര്‍മാറ്റിങ്ങുമെല്ലാം ഒപ്പം ഉപയോഗിക്കേണ്ടി വന്നേക്കാം.

4. വിന്‍ഡോസ്: രെജിസ്ട്രി

വിന്‍ഡോസില്‍ റൈറ്റ്-പ്രൊട്ടക്ഷന് പരിഹാരമായി പറഞ്ഞുകണ്ടിട്ടുള്ള ഒരു രീതിയാണിത്.

വിന്‍ഡോസ് രെജിസ്ട്രി തുറക്കുക. ഇതിനായി സ്റ്റാര്‍ട്ട് മെനുവില്‍ regedit എന്ന് തിരഞ്ഞാല്‍ മതി. തുടര്‍ന്ന് ഇടതുവശത്തെ ട്രീ ഉപയോഗിച്ച് ഈ കീ തുറക്കണം: Computer\HKEY_LOCAL_MACHINE\SYSTEM\CurrentControlSet\Control\StorageDevicePolicies. ഇതിലെ WriteProtect എന്നത് 1 ആയിക്കിടക്കുന്നുണ്ടാവും. അത് ഡബിള്‍ ക്ലിക്ക് ചെയ്ത് തുറന്ന് പൂജ്യമാക്കി മാറ്റുക.

റീസ്റ്റാര്‍ട്ട് ചെയ്ത് മെമ്മറി ഘടിപ്പിച്ചാല്‍ റൈറ്റ് പ്രൊട്ടക്ഷന്‍ ഒഴിവായിട്ടുണ്ടാകും.

5. വിന്‍ഡോസ്: മാല്‍വെയര്‍

വൈറസ്സുകളും മറ്റും മെമ്മറികളെ റീഡ്-ഓണ്‍ലി ആക്കി മാറ്റാം. അതുകൊണ്ട് ഒരു സ്കാനിങ് പ്രയോജനം ചെയ്യും. ശേഷം ഫോര്‍മാറ്റിങ്ങും വീണ്ടിവന്നേക്കാം.

എങ്ങനെ തടയാം?

കാര്‍ഡുമായി/പെന്‍ഡ്രൈവുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തി (കോപ്പി, മൂവ്, ഫോര്‍മാറ്റിങ് പോലുള്ളവ) നടന്നുകൊണ്ടിരിക്കെ ഉപകരണം നീക്കം ചെയ്യപ്പെടുന്നതാണ് റൈറ്റ്-പ്രൊട്ടക്ഷന്‍ വരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. അതുകൊണ്ട് അത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായശേഷമോ ശരിയായി ക്യാന്‍സല്‍ ചെയ്തശേഷമോ മാത്രമേ ഉപകരണം നീക്കം ചെയ്യാവൂ. അതും റൈറ്റ് ക്ലിക്ക് ചെയ്ത് അണ്‍മൗണ്ട്/ഇജക്റ്റ്/സേഫ്‌ലി റിമൂവ് നല്കിയ ശേഷം.


Click here to read more like this. Click here to send a comment or query.