പല ഡൗണ്‍ലോഡ് ലിങ്കുകള്‍ക്കൊപ്പവും MD5 എന്നൊരു ഡൗണ്‍ലോഡ് കൂടെ കാണാമല്ലോ. ഇതെന്താണെന്ന് മനസ്സിലാക്കാം.
കാലത്തിനൊന്ന് മാറ്റം വരില്ല എന്നതാണ് ഡിജിറ്റല്‍ ഫയലുകളുടെ വലിയൊരു മേന്മയായി പറയാറുള്ളത്. പഴയ ഫോട്ടോഗ്രാഫുകളും കംപ്യൂട്ടറിലെ ഡിജിറ്റല്‍ ചിത്രങ്ങളും താരതമ്യം ചെയ്താല്‍ ഇത് ബോദ്ധ്യമാവുകയും ചെയ്യും. സംഗീതത്തിന്റെയും ചലച്ചിത്രത്തിന്റെയും കാര്യത്തിലെല്ലാം ഇത് ശരിതന്നെ. എന്നാല്‍ ഡിജിറ്റല്‍ ഫയലുകള്‍ക്കും കേട് സംഭവിക്കാം. ഡേറ്റ കൈമാറ്റം ചെയ്യാനും സംഭരിക്കാനും ഉപയോഗിക്കുന്ന മാദ്ധ്യമങ്ങളുടെ പരിമിതികളാണ് ഇവിടെ പ്രശ്നമാവുന്നത്.
പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ ബിറ്റുകളാണല്ലോ ഒരു ശരാശരി ഡിജിറ്റല്‍ ഫയലില്‍ ഉണ്ടായിരിക്കുക. ഇതിലേതെങ്കിലുമൊന്ന് തെറ്റിയാല്‍ ഫയല്‍ പാടേ ഉപയോഗശൂന്യമാകാം. ചിലപ്പോള്‍ തെറ്റുപറ്റിയിട്ടും ഫയല്‍ പ്രവര്‍ത്തിച്ചെന്നും വരാം (വലിയൊരു സുരക്ഷാപ്പിഴവാണിത്). ഡിസ്കുകളുടെ കാലപ്പഴക്കം കൊണ്ടും ഇന്റര്‍നെറ്റിലെ അനേകം ഉപകരണങ്ങളിലൂടെയുള്ള യാത്രയ്ക്കിടയിലുമെല്ലാം ഫയലുകള്‍ 'കറപ്റ്റഡ്' ആകാനുള്ള സാദ്ധ്യത ഏറെയാണ്. ഇവിടെയാണ് 'ചെക്ക്സം' (Checksum) എന്ന ആശയത്തിന്റെ പ്രാധാന്യം.
ഒരു വലിയ ഡിജിറ്റല്‍ ഡേറ്റയുടെ തീരെച്ചെറിയ വിരലടയാണമാണ് ചെക്ക്സം. ഇതുപയോഗിച്ച് പരിശോധിച്ചാല്‍ ഒരു ഫയലില്‍ മാറ്റം വന്നിട്ടുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാം.
ഇതിന്റെ പ്രവര്‍ത്തനം ഇങ്ങനെയാണ്. വലിയൊരു ഫയല്‍ അപ്‌ലോഡ് ചെയ്യുന്നയാള്‍ അതിന്റെ ചെക്ക്സം കൂടെ അപ്‌ലോഡ് ചെയ്യുന്നു. യഥാര്‍ത്ഥഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നയാള്‍ ചെക്ക്സമും ഡൗണ്‍ലോഡ് ചെയ്യണം. തീരെച്ചെറുതായതുകൊണ്ട് ചെക്ക്സം യാത്രയ്ക്കിടെ കേടാകാനുള്ള സാദ്ധ്യത കുറവാണ്. ഇനി അനുയോജ്യമായ ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്ത ഫയലും അതിന്റെ ചെക്ക്സമും താരതമ്യം ചെയ്യാം (ഡൗണ്‍ലോഡ് ചെയ്ത ഫയലിന്റെ ചെക്ക്സം പുതുതായി സൃഷ്ടിക്കുകയും അത് ഡൗണ്‍ലോഡ് ചെയ്തുകിട്ടിയ യഥാര്‍ത്ഥ ചെക്ക്സമുമായി താരതമ്യം ചെയ്യുകയാണ് സോഫ്റ്റ്‌വെയറിന്റെ ഉള്ളില്‍ നടക്കുന്നത്).
MD5 എന്ന ഹാഷിങ് അല്‍ഗൊരിതം (Hashing algorithm) ഉപയോഗിച്ച് സൃഷ്ടിക്കുന്നതാണ് MD5 ചെക്ക്സം. ഈ അല്‍ഗൊരിതം അത്ര സുരക്ഷിതമല്ലെങ്കിലും സാധാരണ പരിശോധനകള്‍ക്ക് ഇത് ധാരാളം.
MD5 ചെക്ക്സം സൃഷ്ടിക്കുകയും താരതമ്യം ചെയ്യുകയും ചെയ്യുന്ന സോഫ്റ്റ്‌വെയറുകള്‍ക്കായി ഗൂഗിളില്‍ md5 utility എന്ന് തിരയാം. ഗ്നു/ലിനക്സില്‍ താഴെപ്പറയുന്ന കമാന്‍ഡ് ഉപയോഗിച്ച് ഒരു ഫയലിന്റെ ചെക്ക്സം സൃഷ്ടിക്കാം. പിന്നീട് ഇത് ഡൗണ്‍ലോഡ് ചെയ്ത ചെക്ക്സമുമായി താരതമ്യം ചെയ്യാം:
md5sum FILENAME