Nandakumar Edamana
Share on:
@ R t f

സ്വകാര്യത കാക്കാന്‍ ടെയില്‍സ് ഒ.എസ്.


സുരക്ഷയ്ക്ക് പ്രാധാന്യം നല്കുന്നവയാണ് പൊതുവെ ഗ്നു/ലിനക്സ് പതിപ്പുകള്‍. അവയില്‍ത്തന്നെ സ്വകാര്യതയ്ക്ക് ഏറെ വിലമതിക്കുന്ന ഒന്നാണ് ടെയില്‍സ് (Tails). ഇതിന്റെ ഏറ്റവും പുതിയ പതിപ്പുകളായ 2.7, 3 Alpha എന്നിവ നവംബറില്‍ പുറത്തിറങ്ങി. സാധാരണ ഉപയോക്താക്കള്‍ക്കുള്ളതാണ് 2.7. വരാനിരിക്കുന്ന 3 എന്ന പതിപ്പിന്റെ പരീക്ഷണരൂപമാണ് 3 Alpha (ഡെവലപ്പര്‍മാര്‍ക്കുള്ളത്).

പലര്‍ക്കും അപരിചിതമാണ് ടെയില്‍സ്. അതുകൊണ്ട് പുതിയ പതിപ്പിലെ സാങ്കേതികസവിശേഷതള്‍ പട്ടികപ്പെടുത്തുന്നതിന് പകരം ടെയില്‍സുമായി ബന്ധപ്പെട്ട അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കാം.

Screenshot: http://distrowatch.com/images/slinks/tails.png

എന്താണ് ടെയില്‍സ്, എന്തിന് ഈ ഒളിച്ചുകളി?

The Amnesic Incognito Live System എന്നതാണ് Tails എന്നതിന്റെ പൂര്‍ണരൂപം. പേര് സൂചിപ്പിക്കുന്നതുപോലെ ഉപയോക്താവിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് രേഖകള്‍ സൂക്ഷിക്കാതിരിക്കുകയും ഉപയോക്താവിനെ അജ്ഞാതനായിരിക്കിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന സിസ്റ്റമാണിത്. ഹാക്കിങ് സ്വഭാവമുള്ള ഇത്തരം ഒരു സിസ്റ്റത്തെ പരിചയപ്പെടുത്തുന്നതിനോട് ചില വായനക്കാര്‍ക്കെങ്കിലും എതിര്‍പ്പുണ്ടാകാം. അവരെ തെറ്റുപറയാനാകില്ല. കാരണം, ഇന്ത്യയെപ്പോലെ സ്വാതന്ത്യമുള്ള ഒരു രാജ്യത്ത് ഇത്തരം 'ഒളിച്ചുകളികള്‍' സംശയാസ്പദമായി തോന്നാം. എന്നാല്‍ കുറ്റങ്ങള്‍ ചെയ്യാനും മറഞ്ഞിരിക്കാനും ഉള്ളതല്ല ഇത്തരം സംവിധാനങ്ങള്‍. മറിച്ച് സ്വയരക്ഷയ്ക്കുള്ളതാണ്.

ഈ ന്യായത്തിന്റെ ആഴം മനസ്സിലാക്കാന്‍ ഇന്ത്യയ്ക്കപ്പുറത്തേക്ക് ചിന്തിക്കണം. സ്വേച്ഛാധിപത്യവും ഭീകരതയും വാഴുന്ന ഒരുപാട് നാടുകളുണ്ടല്ലോ. അവിടെയൊന്നും സ്വതന്ത്രമായ ജീവിതമോ പത്രപ്രവര്‍ത്തനമോ സാദ്ധ്യമല്ല. ന്യായമായ കാര്യങ്ങള്‍ക്കുപോലും ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്താനാവില്ല. അവിടങ്ങളില്‍ കാടന്‍സര്‍ക്കാരിന്റെ കണ്ണില്‍പ്പെടാതെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാനും പത്രപ്രവര്‍ത്തനം നടത്താനും ഇത്തരം സംവിധാനങ്ങള്‍ അവശ്യമാണ്.

സ്വാതന്ത്ര്യമുണ്ടെന്നുകരുതി നമ്മുടെ നാട്ടില്‍ ഇവ ഉപയോഗശൂന്യമാവുന്നില്ല. ഇവിടെയും നമുക്ക് രക്ഷ ആവശ്യമുണ്ട്. സ്വേച്ഛാധിപത്യത്തിനുപകരം കുറ്റവാളികളില്‍നിന്നാണെന്നുമാത്രം. നമ്മുടെ സ്വകാര്യവിവരങ്ങള്‍ മോഷ്ടിക്കാനും ദുരുപയോഗം ചെയ്യാനും നടക്കുന്ന ബ്ലാക്ക് ഹാറ്റ് ഹാക്കര്‍മാര്‍ എപ്പോഴും നമുക്ക് ചുറ്റിലുമുണ്ട്. അവരില്‍നിന്ന് രക്ഷ നേടാന്‍ എന്‍ക്രിപ്ഷനും ടെയില്‍സ് പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ചില സമയങ്ങളില്‍ അത്യാവശ്യമായിവരും.

എങ്ങനെ ലഭ്യമാക്കാം

ഡെബീയന്‍ ഗ്നു/ലിനക്സ് പരിഷ്കരിച്ച് തയ്യാറാക്കിയ ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണ് ടെയില്‍സ്. സ്വതന്ത്രസോഫ്റ്റ്‌വെയറായ ഇത് നമുക്ക് ഉപയോഗിക്കുകയും പങ്കുവയ്ക്കുകയും പരിഷ്കരിക്കുകയുമെല്ലാം ചെയ്യാം.

ചിത്രം: tails-free-software.png

ലൈവ് സി.ഡി. രൂപത്തില്‍ ടെയില്‍സ് ലഭ്യമാണ്. അതായത്, ഇതിന്റെ ഡിസ്ക് ഇമേജ് ഉപയോഗിച്ച് ഒരു ഡി.വി.ഡി.യോ യു.എസ്.ബി. സ്റ്റിക്കോ തയ്യാറാക്കിയാല്‍ ഏത് കംപ്യൂട്ടറില്‍ ഘടിപ്പിച്ചും അതിലേക്ക് ബൂട്ട് ചെയ്ത് കയറാം. പ്രത്യേ ഇന്‍സ്റ്റളേഷന്റെ ആവശ്യമില്ല. കംപ്യൂട്ടറില്‍ മാറ്റമൊന്നും വരുത്തുകയുമില്ല. ഏതാണ്ട് 1.1 GB ഡൗണ്‍ലോഡ് വരുന്ന ഇത് ലൈവ് രൂപത്തില്‍ കൊണ്ടുനടക്കാന്‍ നാല് ജി.ബി. ഡ്രൈവാണ് വേണ്ടത്.

tails.boum.org എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങളറിയാം. ഡൗണ്‍ലോഡ് ചെയ്യാന്‍ Install Tails 2.7 എന്ന ലിങ്കാണ് ക്ലിക്ക് ചെയ്യേണ്ടത്. വളരെ ആകര്‍ഷകമായ ഡൗണ്‍ലോഡിങ് പ്രക്രിയയാണ് ആ സൈറ്റിലുള്ളത്. നാം നിലവിലുപയോഗിക്കുന്ന സിസ്റ്റം തെരഞ്ഞെടുത്താല്‍ അതിനനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ സ്ക്രീനിലെത്തും.

ചിത്രം: tails-download.png

അടിക്കുറിപ്പ്: ടെയില്‍സ് വെബ്സൈറ്റിലെ ആകര്‍ഷകമായ ഡൗണ്‍ലോഡ് സംവിധാനം

സവിശേഷതകള്‍

ഒട്ടേറെ സവിശേഷതകളുള്ള ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണ് ടെയില്‍സ്. അനോണിമിറ്റി നെറ്റ്‌വര്‍ക്കുകളും എന്‍ക്രിപ്ഷന്‍ ഉപകരണങ്ങളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ പരമാവധി സ്വകാര്യത ഉപയോക്താവിന് ലഭിക്കുന്നുണ്ട്.

അനോണിമിറ്റി നെറ്റ് വര്‍ക്കുകള്‍

അദൃശ്യനായി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സഹായിക്കുന്ന സംവിധാനങ്ങളാണ് അനോണിമിറ്റി നെറ്റ്‌വര്‍ക്കുകള്‍. ഇവ വഴി ഒരു വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ നിന്‍ങ്ങളുടെ ഐ.പി. വിലാസവും സ്ഥലമൊന്നും ആ സൈറ്റിന്റെ സെര്‍വറിന് കണ്ടെത്താനവില്ല. സെന്‍സര്‍ ചെയ്യപ്പെട്ട വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാനും ഇത്തരം നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ചുവരുന്നു.

പ്രധാനപ്പെട്ട രണ്ട് അനോണിമിറ്റി നെറ്റ്‌വര്‍ക്കുകള്‍ക്ക് ടെയില്‍സില്‍ സ്വതവേ തന്നെ പിന്തുണയുണ്ട്. Tor, I2P എന്നിവയാണവ. Tor നെറ്റ്‌വര്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധാരണ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ ടോര്‍ ബ്രൗസര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം (torproject.org). എന്നാല്‍ ടെയില്‍സ്സിനെസ്സംബന്ധിച്ച് ടോര്‍ അതിന്റെ സുപ്രധാനഘടകമാണ്.

മറവിക്കാരന്‍ ടെയില്‍സ്

മറവിക്കാരന്‍ (Amnesic) എന്നാണ് ടെയില്‍സ് ഒ.എസ്. അറിയപ്പെടുന്നത്. ഇത് എന്തുകൊണ്ടാണെന്ന് നോക്കാം.

നാം ഒരു തവണ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ച് ഷട്ട് ഡൗണ്‍ ചെയ്യുമ്പോഴേക്കും ഓപ്പറേറ്റിങ് സിസ്റ്റവും മറ്റു പ്രോഗ്രാമുകളും ചേര്‍ന്ന് ഹാര്‍ഡ് ഡിസ്കില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാവും. ഉപയോക്താവ് നേരിട്ട് തയറാക്കി സേവ് ചെയ്യുന്ന ഫയലുകള്‍ക്ക് പുറമെയുള്ളതാണ് ഈ മാറ്റങ്ങള്‍. ഇത്തരത്തിലുള്ള 'അദൃശ്യരേഖപ്പെടുത്തലുകള്‍' നടത്തുന്നില്ല എന്നതാണ് ടെയില്‍സിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ഏതു കംപ്യൂട്ടറിലും നിങ്ങള്‍ക്ക് ഒരു ടെയില്‍സ് യു.എസ്.ബി. സ്റ്റിക്ക് ധൈര്യമായി ഉപയോഗിക്കാം.

റാമില്‍ സ്ഥലം തികയാതെ വരുമ്പോള്‍ അത്യാവശ്യമല്ലാത്ത ഡേറ്റ ഹാര്‍ഡ് ഡിസ്കിലേക്ക് മാറ്റി സ്ഥലമുണ്ടാക്കുന്ന ഒരു പരിപാടിയുണ്ട് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക്. സ്വാപ്പിങ്ങ് (Swapping) എന്നാണ് ഇതിനു പേര്. ഇതുപോലും ചെയ്യാതിരിക്കാന്‍ ടെയില്‍സ് ശ്രദ്ധ ചെലുത്തുന്നുണ്ട്. ഫയല്‍ റിക്കവറി പ്രക്രിയകള്‍ വഴി ഡേറ്റ വീണ്ടെടുക്കാതിരിക്കാനണ്‍ത്.

ഷട്ട്ഡൗണ്‍ ചെയ്യുന്നതോടെ റാമിലെ ഡേറ്റ സ്വയം മാഞ്ഞുപോകേണ്ടതാണ്. എന്നാല്‍ 'കോള്‍ഡ് ബൂട്ട്' (Cold Boot) എന്ന ആക്രമണരീതി വഴി ഇത് വീണ്ടെടുക്കാന്‍ കഴിയാറുണ്ട്. ഇതു തടയാനും ടെയില്‍സ് മുന്‍കരുതലെടുക്കുന്നു. ഷട്ട്ഡൗണ്‍ സമയത്ത് റാമിലെ ഡേറ്റ മാറ്റിയെഴുതുകയാണ് (Overwrite) പരിപാടി.

ചുരുക്കിപ്പറഞ്ഞാല്‍, ഉപയോഗിച്ചതിന്റെ 'ഓര്‍മ' കംപ്യൂട്ടറില്‍ നിലനിര്‍ത്തുന്നില്ല ടെയില്‍സ്. ഇതുകൊണ്ടുതന്നെയാണ് ടെയില്‍സ്, 'അമ്നെസിക്' എന്നറിയപ്പെടുന്നതും.

കുറിപ്പ്: വെര്‍ച്വല്‍ മെഷീനുകളില്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ടെയില്‍സിന് ഇക്കാര്യത്തിലൊന്നും നൂറുശതമാനം ഉറപ്പുതരാനാകില്ല. ഗൗരവമേറിയ ഉപയോഗങ്ങള്‍ക്ക് ടെയില്‍സ് സ്വതന്ത്രമായി (നേരിട്ടുള്ള ബൂട്ടിങ് വഴി) പ്രവര്‍ത്തിപ്പിക്കുന്നതാണ് നല്ലത്.

ക്രിപ്റ്റോഗ്രാഫിക് ഉപകരണങ്ങള്‍

ഫയലുകളും ആശയവിനിമയുമെല്ലാം രഹസ്യമാക്കി സൂക്ഷിക്കാനുള്ള ക്രിപ്റ്റോഗ്രാഫിക് ടൂളുകള്‍ ഒരുപാടുണ്ട് ടെയില്‍സില്‍. മറ്റ് ഗനു/ലിനക്സ് പതിപ്പുകളിലും ഇവ ലഭ്യമാക്കാമെങ്കിലും പ്രത്യേക ഇന്‍സ്റ്റളേഷനോ കോണ്‍ഫിഗറേഷനോ കൂടാതെ ഇവ ഉപയോഗിക്കാനവുന്നു എന്നതാണ് ടെയില്‍സിന്റെ മേന്മ.

ടെയില്‍സില്‍ ലഭ്യമായ ചില പ്രധാനപ്പെട്ട ക്രിപ്റ്റോഗ്രാഫിക് സംവിധാനങ്ങള്‍ ഇതാ.

  • എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്കുകളും യു. എസ്. ബി. സ്റ്റിക്കുകളുമെല്ലാം എന്‍ക്രിപ്റ്റ് ചെയ്യാന്‍ LUKS.
  • എല്ലാ സൈറ്റുകളിലും HTTPS സാധ്യമാക്കുന്ന ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ HTTPS Everywhere. ഇലക്ട്രോണിക് ഫ്രണ്ടിയര്‍ ഫൗണ്ടേഷന്‍ വികസിപ്പിച്ചെടുത്തതാണിത്.
  • ഇ-മെയില്‍ ക്ലയന്റ്, ടെക്സ്റ്റ് എഡിറ്റര്‍, ഫയല്‍ ബ്രൗസര്‍ എന്നിവയില്‍ നിന്ന് ഇ-മെയിലും ഡോക്യുമെന്റുകളും എന്‍ക്രിപ്റ്റ് ചെയ്യാന്‍ Open PGP.
  • ഇന്‍സ്റ്റന്റ് മെസേജിങ് (ചാറ്റിങ്) സുരക്ഷിതമാക്കാന്‍ OTR (Off-the-Record).
  • റിക്കവര്‍ ചെയ്യാനാവത്തവിധം ഫയലുകള്‍ ഡിലീറ്റ് ചെയ്യാന്‍ Nautilus Wipe.

മറ്റ് സെക്യൂരിറ്റി ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍

സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം നല്കുന്ന ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ വേറെയുമുണ്ട്. ഡെബീയന്‍ പോലുള്ള ചില ഗ്നു/ലിനക്സ് വിതരണങ്ങള്‍ സുരക്ഷയ്ക്ക് നേരിട്ട് പ്രാധാന്യം കൊടുക്കുമ്പോള്‍ ഉബുണ്ടു പ്രൈവസി റീമിക്സ് പോലുള്ള സംരംഭങ്ങള്‍ പ്രചാരമേറിയ ഗ്നു/ലിനക്സ് പതിപ്പുകളെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്നു. ഗ്നു/ലിനക്സ് അല്ലാത്ത ഓപ്പറേറ്റിങ് സിസ്റ്റങ്ങളുമായി ബന്ധപ്പെട്ടും ഇത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം സംരംഭങ്ങള്‍ പട്ടികപ്പെടുത്തുന്ന വിക്കിപീഡിയ പേജ് ലഭിക്കാന്‍ Security-focused operating system എന്ന വിക്കിപീഡിയ പേജ് സന്ദര്‍ശിക്കാം.


Keywords (click to browse): tails tails-os security-focused operating-system tor i2p encryption privacy security cyber-security anonymity incognito technology computer articles reviews