യൂണീകോഡ് മലയാളം ഫോണ്ടുകളുടെ നിരയിലേക്ക് ഒരു പുതിയ അംഗം കൂടി. തലക്കെട്ടുകള്‍ക്ക് യോജിച്ച ഈ പുതിയ ഫോണ്ടിന് ‘ഉറൂബ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഉറൂബ് എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന മലയാളസാഹിത്യകാരനാണ് പി.സി. കുട്ടികൃഷ്ണന്‍. അദ്ദേഹത്തിന്റെ നോവല്‍ ‘ഉമ്മാച്ചു’വിന്റെ അറുപതാം വാര്‍ഷികം പ്രമാണിച്ചാണ് ഫോണ്ടിന് ഈ പേരിട്ടിരിക്കുന്നത്.
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് (smc.org.in) അവതരിപ്പിക്കുന്ന ഫോണ്ടിന് സാമ്പത്തികപിന്തുണ നല്‍കിയത് കേരളസര്‍ക്കാര്‍ സംരംഭമായ ഐസിഫോസ് (icfoss.in) ആണ്. മീര, രചന തുടങ്ങിയ ഫോണ്ടുകളുടെ നിര്‍മ്മാണത്തിലൂടെ ശ്രദ്ധേയനായ ഹുസൈന്‍ കെ.എച്ച്. തന്നെയാണ് ഈ ഫോണ്ടിന്റെയും ശില്‍പ്പി.
http://smc.org.in/fonts/ എന്ന പേജില്‍നിന്നും ഫോണ്ട് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഓപ്പണ്‍ ഫോണ്ട് ലൈസന്‍സിനുകീഴില്‍ സ്വതന്ത്രസോഫ്റ്റ്‌വെയറായാണ് ഇത് പുറത്തിറക്കിയിട്ടുള്ളത്. ഇതേ താളില്‍ത്തന്നെ സ്വമകയുടെ വേറെയും ഫോണ്ടുകള്‍ ലഭ്യമാണ്. ഇക്കൂട്ടത്തില്‍ കയ്യെഴുത്തുശൈലിയിലുള്ള ചിലങ്ക (സന്തോഷ് തോട്ടിങ്ങല്‍), മറ്റൊരു തലക്കെട്ടുഫോണ്ടായ കേരളീയം (ഹുസൈന്‍ കെ.എച്ച്.) എന്നിവയും താരതമ്യേന പുതിയവയാണ്.
സി-ഡാക് പോലുള്ള സ്ഥാപനങ്ങള്‍ പുറത്തിറക്കിയ ഒട്ടേറെ മലയാളം ഫോണ്ടുകള്‍ ലഭ്യമാണെങ്കിലും അവയൊന്നും യൂണീകോഡിലല്ല. ആധുനിക പ്രാദേശികഭാഷാകമ്പ്യൂട്ടിങ്ങിന്റെയും ഇന്റര്‍നെറ്റിന്റെയും അടിസ്ഥാനം യൂണീകോഡ് ആണ്. അതുകൊണ്ട് കൂടുതല്‍ യൂണീകോഡ് ഫോണ്ടുകള്‍ ഉണ്ടാവേണ്ടത് ആവശ്യമാണ്. ഇവ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആയാല്‍ അതിന്റെ ഗുണം ഒരു സമൂഹത്തിനുമൊത്തം കിട്ടുകയും ചെയ്യും. ഇവിടെയാണ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് പോലുള്ള സന്നദ്ധസംഘടനകളുടെ പ്രസക്തി.