ഒരു കുറിപ്പിന്റെ വികാരം വ്യക്തമാക്കുന്നതില്‍ അതെഴുതാനുപയോഗിക്കുന്ന ഫോണ്ടിന് വലിയ പങ്കുണ്ട്. യോജിച്ച ഫോണ്ടുപയോഗിക്കുമ്പോള്‍ എഴുത്ത് വളരെ ഫലപ്രദമായി ആശയം പ്രകാശിപ്പിക്കുന്നു. ഭംഗി മാത്രം മുന്‍നിര്‍ത്തി ആശയവുമായി ബന്ധമില്ലാത്ത ഫോണ്ടുപയോഗിച്ചാലോ, എഴുത്തേ പാഴാകുന്നു. ഇതിനൊരുദാഹരണമാണ് കോമിക്/ഫാന്‍സി ഫോണ്ടുകളുടെ ഉപയോഗം.
പേരു സൂചിപ്പിക്കുന്നതുപോലെ ഫാന്‍സി ഫോണ്ടുകള്‍ ആകര്‍ഷകമാണ്. കയ്യെഴുത്തുഫോണ്ടുകളുടെ (Script fonts) കാര്യമെടുക്കാം. വടിവൊത്ത കൈപ്പടയുള്ള ഒരാള്‍ തൂവലാല്‍ മഷിമുക്കിയെഴുതിയതുപോലെയുണ്ടാകും ഇതില്‍ തയ്യാറാക്കിയ രേഖകള്‍ കാണാന്‍. എന്നാല്‍ ഈ ആകര്‍ഷണമെല്ലാം ഒറ്റനോട്ടത്തില്‍ മാത്രമേ ഉണ്ടാകൂ. ഭംഗിയേറിയവയെങ്കിലും കയ്യെഴുത്തുഫോണ്ടുകള്‍ വായിക്കാന്‍ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് കംപ്യൂട്ടര്‍ സ്ക്രീനില്‍. അതുകൊണ്ട് സാഹചര്യം ആവശ്യപ്പെടാതെ ഇവ ഉപയോഗിക്കുന്നത് മണ്ടത്തരമാണ്.
വളരെയേറെ ഉപയോഗിക്കപ്പടുകയും അത്രതന്നെ വെറുപ്പ് സമ്പാദിക്കുകയും ചെയ്ത ഫോണ്ടാണ് കോമിക് സാന്‍സ് (Comic Sans). ചിത്രകഥാപുസ്തകങ്ങളിലെ എഴുത്തിനെ ആധാരമാക്കി വിന്‍സെന്റ് കോണയര്‍ (Vincent Connare) തയ്യാറാക്കിയ ഇത് 1994-ല്‍ മൈക്രോസോഫ്റ്റാണ് പുറത്തിറക്കിയത്. തുടര്‍ന്ന് ഇവരുടെ ഒരുപാട് ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുത്തിയതോടെ ഫോണ്ട് തരംഗമായി. അനൗപചാരികമായ ആവശ്യങ്ങള്‍ക്കായി (പ്രത്യേകിച്ച് തമാശയ്ക്കും മറ്റും) രൂപകല്‍പ്പന ചെയ്ത ഇത് മിക്കവരുടെയും ‘ഡിഫോള്‍ട്ട് ഫോണ്ട്’ ആയിത്തീര്‍ന്നു. ഏത് രേഖ ടൈപ്പ് ചെയ്യാനും കോമിക് സാന്‍സ്! ഒടുവില്‍ പോലീസ്‌മുന്നറിയിപ്പുകളും ചരമവാര്‍ത്തകളും വരെ തയ്യാറാക്കാന്‍ ഉപയോഗിച്ചതോടെ പാവം ഫോണ്ട് പ്രതിക്കൂട്ടിലായി.
ഇന്ന് ശരിയായ രീതിയില്‍പ്പോലും (അതായത് തമാശയ്ക്കും വിനോദത്തിനുമെല്ലാം) ഈ ഫോണ്ട് ഉപയോഗിക്കാനാവില്ല. അത്രയ്ക്ക് വെറുക്കപ്പെടുന്നുണ്ടത്. comicsanscriminal.com, bancomicsans.com, ihatecomicsans.com എന്നീ വെബ്സൈറ്റുകള്‍ ഇതിന് തെളിവാണ്.
ശരിയായ സന്ദര്‍ഭത്തില്‍ മാത്രം ഉപയോഗിക്കുന്നുവെങ്കില്‍ എഴുത്തും വായനയും രസകരമാക്കാന്‍ കോമിക് ഫോണ്ടുകള്‍ക്ക് സാധിക്കും. എന്നാല്‍ അസ്ഥാനത്തും ഉപയോഗിക്കുമ്പോഴാണ് അവ പാടെ വെറുക്കപ്പെടുന്നത്. മലയാളത്തിലുമുണ്ടല്ലോ ഈയവസ്ഥ. പല നോട്ടീസുകള്‍ക്ക് നേരെയും മുഖം തിരിക്കേണ്ടിവരുന്നത് ഇതുകൊണ്ടാണ്. ഈയവസ്ഥ മാറിയേ തീരൂ.