Nandakumar Edamana
Share on:
@ R t f

കീബോഡും മൗസും പണിമുടക്കുമ്പോള്‍


നിര്‍ത്താതെ അമരുന്ന 'കീബോഡ് അസുഖം' ലാപ്ടോപ് ഉപയോക്താക്കള്‍ക്ക് പരിചിതമാണ്. മോണിറ്ററിന്റെ വിറയോ സ്പീക്കറിന്റെ കുഴപ്പമോ എല്ലാം ഇതുപോലെ അസ്വസ്ഥതയുണ്ടാക്കും. എന്നാല്‍ കീബോഡിന്റെയും മൗസിന്റെയുമെല്ലാം പ്രശ്നങ്ങള്‍ മിക്കപ്പോഴും സൃഷ്ടിക്കുക ഒരു പൂര്‍ണതടസ്സമാണ്. പുതിയത് വയ്ക്കുന്നതുവരെ ഒന്നും ചെയ്യാനാകില്ലെന്ന അവസ്ഥ. അത്രയും കാത്തിരിക്കാന്‍ സാവകാശമില്ലെങ്കിലോ? ചില കുറുക്കുവഴികള്‍ ഉപയോഗിക്കുകതന്നെ.

മൗസ് കീസ്

കംപ്യൂട്ടറിന്റെ ഘടകങ്ങള്‍ പട്ടികപ്പെടുത്തുമ്പോള്‍ കീബോഡിനും മുമ്പേ വരാറുള്ള പേരാണ് മൗസ് (സത്യത്തില്‍ പ്രാധാന്യം കീബോഡിനാണെങ്കിലും). മൗസില്ലാതെ കംപ്യൂട്ടറുപയോഗിക്കുന്നത് പലര്‍ക്കും ചിന്തിക്കാന്‍പോലുമാവില്ല. എന്നാല്‍ മൗസ് കേടായാലോ മൗസ് കാരണം കൈവേദന വന്നാലോ ഒക്കെ കീബോഡിലേക്ക് ചുരുങ്ങേണ്ടിവരും. ഇനി എന്തു ചെയ്യും? മൗസിന്റെ സൗകര്യങ്ങള്‍ അപ്പോഴും ലഭ്യമാക്കാം -- കീബോഡിനെ മൗസാക്കിമാറ്റുന്ന 'മൗസ് കീസ്' സങ്കേതം വഴി.

കീബോഡിലെ നമ്പര്‍ പാഡ് ഉപയോഗിച്ച് മൗസ് പോയിന്റര്‍ ചലിപ്പിക്കാനുള്ള സംവിധാനമാണ് മൗസ് കീസ്. ഉബുണ്ടുവില്‍ സെറ്റിങ്സിലെ Universal Access > Pointing and Clicking എന്ന വിഭാഗത്തിലും വിന്‍ഡോസില്‍ കണ്‍‌ട്രോള്‍ പാനലിലെ Ease of Access വിഭാഗത്തിലുമാണ് ഇത് ഓണാക്കാനുള്ള സൗകര്യമുള്ളത്.

NumLock ഓഫാക്കിയ ശേഷം 5 എന്ന കീയ്ക്ക് ചുറ്റുമുള്ള കീകളുപയോഗിച്ചാണ് കഴ്സര്‍ നീക്കേണ്ടത്. ക്ലിക്ക് ചെയ്യാന്‍ 5 ഉപയോഗിക്കാം. ഏത് ബട്ട​ണ്‍ ക്ലിക്ക് ചെയ്യണമെന്നത് കാണിക്കാന്‍ 5 അമര്‍ത്തുന്നതിനുമുമ്പ് /, *, - (ലെഫ്റ്റ്, മിഡില്‍, റൈറ്റ്) എന്നീ കീകളുപയോഗിക്കാം. ഒരു തവണ ബട്ടണ്‍ തിരഞ്ഞെടുത്താല്‍ പിന്നീടുള്ള ക്ലിക്കെല്ലാം ആ ബട്ടണിലാവും. മാറ്റാന്‍ വീണ്ടും /, *, - എന്നിവയില്‍ ഒന്ന് അമര്‍ത്തിയാല്‍ മതി.

ഓണ്‍-സ്ക്രീന്‍ കീബോഡ്

മിക്കവര്‍ക്കും പരിചയമുള്ള ഒരു സംഗതിയാണിത്. ഒരു പൂര്‍ണതയ്ക്കുവേണ്ടിമാത്രം ഇവിടെ ഉള്‍പ്പെടുത്തുന്നു.

മൗസു കൊണ്ട് ക്ലിക്ക് ചെയ്തുപയോഗിക്കാവുന്ന വെര്‍ച്വല്‍ കീബോഡാണ് ഓണ്‍ സ്ക്രീന്‍ കീബോഡ്. ഇതിന്റെ പ്രധാന ഉപയോഗങ്ങള്‍ ഇവയാണ്: * കീബോഡ് കേടാകുമ്പോള്‍ അതിന് പകരമായി * പാസ്‌വേഡ് മോഷ്ടിക്കുന്ന മാല്‍‌വെയറുകളില്‍നിന്ന് (ഒരുപരിധിവരെ) രക്ഷ നേടല്‍ * പഠനവീഡിയോകള്‍ തയ്യാറാക്കല്‍

മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ആക്സസബിലിറ്റി വിഭാഗത്തില്‍ ഒരു ഓണ്‍-സ്ക്രീന്‍ കീബോഡ് തരുന്നുണ്ട് (രണ്ടാമതുപറഞ്ഞ കാര്യത്തിന് പക്ഷേ അതാത് സൈറ്റുകള്‍ തരുന്ന ഓണ്‍-സ്ക്രീന്‍ കീബോഡ് ഉപയോഗിക്കുന്നതാണ് നല്ലത്). കീബോഡ് കേടാകുമ്പോള്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് ഇതുപയോഗിക്കാം.

കീബോഡ് കേടാവുമ്പോള്‍ ലഭ്യമാകേണ്ടതുകൊണ്ട് മൗസുകൊണ്ട് തുറക്കാവുന്ന രീതിയിലാണ് ഓണ്‍-സ്ക്രീന്‍ കീബോഡുകള്‍ ക്രമീകരിക്കാറുള്ളത്. ലോഗിന്‍ സമയത്തും മറ്റും കാണിക്കാറുള്ള ആക്സസബിലിറ്റി ഐക്കണില്‍ (ചിത്രം നോക്കുക: TODO give picture) ക്ലിക്ക് ചെയ്താല്‍ ഇതുമായി ബന്ധപ്പെട്ട ഓപ്ഷനുകള്‍ ലഭിക്കേണ്ടതാണ്.

കീബോഡ് ഡിസേബിള്‍ ചെയ്യാം

കീകള്‍ അമരാതെ വരുമ്പോഴോ നിര്‍ത്താതെ അമരുമ്പോഴോ ആണല്ലോ നാം ഓണ്‍ സ്ക്രീന്‍ കീബോഡും എക്സ്റ്റേണല്‍ കീബോഡുമെല്ലാം ഉപയോഗിക്കുക. ഇതില്‍ ആദ്യത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. എന്നാല്‍ നിര്‍ത്താതെ കീ അമരുന്ന പ്രശ്നത്തിന് വേറെ കീബോഡ് ഉപയോഗിച്ചാലും പൂര്‍ണപരിഹാരമാവില്ല. പുതിയ കീബോഡ് പ്രവര്‍ത്തിക്കുമെങ്കിലും പഴയതിന്റെ ശല്യം തുടരുകതന്നെ ചെയ്യും (ലാപ്ടോപ്പിന്റെ കാര്യത്തില്‍). ബില്‍റ്റ്-ഇന്‍ കീബോഡ് ഡിസേബിള്‍ ചെയ്യുകയാണ് ഇതിന് പോംവഴി.

ഗ്നു/ലിനക്സില്‍ ഇതുചെയ്യാന്‍ കമാന്‍ഡ് ലൈന്‍ ഉപയോഗിക്കാം. ആദ്യം ടെര്‍മിനല്‍ തുറക്കുക (Ctrl + Alt + T) അമര്‍ത്തിയാല്‍ മതിയാകും. തുടര്‍ന്ന് xinput എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. ഇപ്പോള്‍ ഇന്‍പുട്ട് ഉപകരണങ്ങളുടെ പട്ടിക വരും. ഇതില്‍ പ്രശ്നമുള്ള കീബോഡിന്റെ നമ്പര്‍ കണ്ടെത്തണം (ഒരല്പം പരീക്ഷണം ആവശ്യമായി വരും). ഇനി ഈ നമ്പര്‍ അടങ്ങുന്ന രീതിയില്‍ കമാന്‍ഡ് നല്കണം:

xinput --disable NUMBER

പഴയ വേര്‍ഷനുകളില്‍:

xinput set-prop 11 "Device Enabled" 0

അബദ്ധത്തില്‍ ശരിയായ കീബോഡാണ് ഡിസേബിള്‍ ചെയ്തതെങ്കില്‍ പഴയപടിയാക്കാന്‍ ഓണ്‍ സ്ക്രീന്‍ കീബോഡ് ഉപയോഗിച്ച് കമാന്‍ഡ് നല്കാം:

xinput --enable NUMBER

പഴയ വേര്‍ഷനുകളില്‍:

xinput set-prop 11 "Device Enabled" 1

വിന്‍ഡോസില്‍ സ്റ്റാര്‍ട്ട് മെനുവില്‍ Device Manager എന്ന് സേര്‍ച്ച് ചെയ്താല്‍ ഉപകരണങ്ങളും ഡ്രൈവറുകളും മറ്റും കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങള്‍ ലഭിക്കും.


Click here to read more like this. Click here to send a comment or query.