ഒരല്പം ടൈപ്പുചെയ്താല്‍ത്തന്നെ കൈവദേനിക്കുന്നതായി ചിലര്‍ പരാതി പറയുന്നതുകേള്‍ക്കാം. ചിലരാകട്ടെ എത്ര ടൈപ്പുചെയ്താലും 'കൂളാ'യിരിക്കും. എന്താണിതിന്റെ സൂത്രം എന്ന് ആലോചിച്ചിട്ടുണ്ടോ?
കൈകളുടെ സ്ഥാനം
കീബോഡ് ഉപയോഗിക്കുമ്പോള്‍ കൈപ്പത്തി കൈമുട്ടിനേക്കാള്‍ ഒരല്‍പ്പം താഴ്ന്നിരിക്കണം (Elbow at an open angle). കൈപ്പത്തി കൈമുട്ടിനേക്കാള്‍ ഉയര്‍ന്ന നിലയിലായാല്‍ വൈകാതെ തന്നെ വേദന അനുഭവിച്ചറിയാം.
ലാപ്ടോപ്പ് മേശമേല്‍വച്ചുപയോഗിക്കുമ്പോള്‍ മിക്കവാറും കൈപ്പത്തി മുട്ടിനേക്കാള്‍ ഉയരത്തിലായിരിക്കും. അതുകൊണ്ട് ഒരു എക്സ്റ്റേണല്‍ കീബോഡ് ശരിയായ ഉയരത്തില്‍ സ്ഥാപിച്ച് ലാപ്ടോപ്പുമായി ബന്ധിപ്പിച്ച് ഉപയോഗിക്കേണ്ടതാണ്.
ടൈപ്പ് ചെയ്യുമ്പോള്‍ മണിബന്ധം എവിടെയും അമര്‍ന്നിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കീബോഡുകള്‍ക്കൊപ്പം വരുന്ന റിസ്റ്റ് റെസ്റ്റുകള്‍ സത്യത്തില്‍ കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകാം. എന്നാലിത് 'പാം റെസ്റ്റു'കളായി ഉപയോഗിക്കാം. അതും പക്ഷേ മിതമായി മതി.
എര്‍ഗണോമിക് കീബോഡുകള്‍
ആരോഗ്യപ്രശ്നങ്ങള്‍ പരമാവധി കുറയ്ക്കുന്ന പെരിഫെറലുകളാണ് എര്‍ഗണോമിക് ഡിവൈസുകള്‍. സ്‌പ്ലിറ്റ് കീബോഡ്, കോണ്ടൂര്‍ഡ് കീബോഡ്, ഹാന്‍ഡ്‌ഹെല്‍ഡ് കീബോഡ് തുടങ്ങി വിവിധതരത്തിലുണ്ട് എര്‍ഗണോമിക് കീബോഡുകള്‍. പേശികള്‍ക്ക് ആയാസം നല്‍കുകയാണ് ഇവയുടെ ലക്ഷ്യം.
ഇംഗ്ലീഷ് അക്ഷരം V തിരിച്ചിട്ടതുപോലെ മൊത്തം കീകളെ രണ്ടു നിരയാക്കുകയാണ് സ്‌പ്ലിറ്റ് കീബോഡുകള്‍. കയ്യിന്റെ സ്വാഭാവികചലനത്തിന് ഇത് സഹായിക്കുന്നു. ഇതുതന്നെ ഫിക്സ്ഡും അഡ്ജസ്റ്റബ്ളുമുണ്ട്. രണ്ടാമത്തേതില്‍ കീകളുടെ വിന്യാസം മാറ്റാന്‍ കഴിയും. ഉപയോഗമനുസരിച്ച് കീകളുടെ സ്ഥാനം ക്രമീകരിച്ചും അവയ്ക്കിടയിലെ കോണും ചെരിവുമെല്ലാം മാറ്റിയുമാണ് മറ്റു തരം എര്‍ഗണോമിക് കീബോഡുകളും അവയുടെ ധര്‍മം നിര്‍വഹിക്കുന്നത്. ഹാന്‍ഡ്‌ഹെല്‍ഡ് കീബോഡിനോടൊപ്പം ഒരു ട്രാക്ക്ബോളും (മൗസിന് പകരം) ഉണ്ടാവാം.
വിരിഞ്ഞ മാറിടവും അകന്ന കൈകളുമുള്ളവര്‍ക്ക് സ്‌പ്ലിറ്റ് കീബോര്‍ഡുകള്‍ ഏറെ സഹായകമായിരിക്കും. ഇടത്തേക്കയ്യിനും വലത്തെക്കയ്യിനും വേണ്ട കീകള്‍ വേറിട്ട പൊളികളിലായതിനാല്‍ കൈകള്‍ അടുപ്പിച്ചുപയോഗിക്കേണ്ട ബുദ്ധിമുട്ട് ഉണ്ടായിരിക്കില്ല.
ഷോര്‍ട്ട്കട്ടുകള്‍ എളുപ്പമാക്കാന്‍ സ്റ്റിക്കി കീസ്
വിവിധ കീകള്‍ ഒരുമിച്ചമര്‍ത്തേണ്ട ഷോര്‍ട്ട്കട്ടുകള്‍ ഘട്ടങ്ങളായി ചെയ്യാന്‍ സഹായിക്കുന്നതാണ് സ്റ്റിക്കി കീസ് സംവിധാനം. ഉദാഹരണത്തിന്, Ctrl + S എന്ന ഷോര്‍ട്ട്കട്ടെടുക്കാം. കണ്‍ട്രോളും എസ്സും ഒരുമിച്ചമര്‍ത്തിയാണ് ഇതുപയോഗിക്കേണ്ടത്. കണ്‍ട്രോള്‍ അമര്‍ത്തിപ്പിടിച്ച്, എസ് അമര്‍ത്തിയശേഷം എസ്സും കണ്‍ട്രോളും ഓരോന്നായി വിട്ടാല്‍ മതി. എന്തായാലും രണ്ടു വിരലുകള്‍ ഒരേസമയം പണിയെടുക്കണം. കൈവേദനയുള്ളവര്‍ക്കും മറ്റും ഇത് വലിയ ബുദ്ധിമുട്ടായിരിക്കും. മൗസും ഉപയോഗിക്കാനായെന്നുവരില്ല. ഇവിടെയാണ് 'സ്റ്റിക്കി കീസ്' (Sticky Keys) സഹായത്തിനെത്തുന്നത്. സ്റ്റിക്കി കീ സംവിധാനം ഓണാണെങ്കില്‍ ആദ്യം ഷിഫ്റ്റ് അമര്‍ത്തി വിട്ട ശേഷം എസ് അമര്‍ത്തിയാല്‍ മതി.
ഷിഫ്റ്റ് കീ അഞ്ചുതവണ അമര്‍ത്തിയാല്‍ ഈ വിന്‍ഡോസില്‍ സംവിധാനം ഓണാകും. കണ്‍ട്രോല്‍ പാനലിലെ ആക്സസിബിലിറ്റി വിഭാഗത്തില്‍ച്ചെന്നും ഇത് ഓണാക്കാം. പഴയപടിയാക്കാന്‍ കണ്‍ട്രോളും ആള്‍ട്ടും ഷിഫ്റ്റും ഒരുമിച്ചമര്‍ത്തിയാല്‍മതി. ഉബുണ്ടുവിലും മറ്റും സെറ്റിങ്സില്‍ 'യൂനിവേഴ്സല്‍ ആക്സസ്' വിഭാഗത്തിലാകും ഇതുണ്ടാകുക.
സ്റ്റിക്കി കീ സംവിധാനം ദുരുപയോഗപ്പെടുത്തി വിന്‍ഡോസിലെ പാസ്‌വേഡ് റീസെറ്റ് ചെയ്യാനാകും. 'സ്റ്റിക്കി കീ അറ്റാക്ക്' എന്നാണ് ഇതറിയപ്പെടുന്നത്.
ശ്രദ്ധിക്കാന്‍ ഇനിയുമേറെ
- കീകള്‍ തച്ചുടയ്ക്കേണ്ട. കൈയ്ക്കും കീബോഡിനും ഇത് ഒരുപോലെ കേടാണ്.
- കീബോഡിനുള്ളില്‍പ്പട്ട പൊടി കളയാന്‍ അത് തലകീഴായി പിടിച്ചശേഷം ഒരു റമ്പര്‍ എയര്‍ പമ്പോ ഡസ്റ്ററോ ഉപയോഗിച്ചാല്‍മതി. എയര്‍ ഡസ്റ്ററാണ് ഉപയോഗിക്കുന്നതെങ്കില്‍ പൊടി കൂടുതല്‍ ഉള്ളിലേക്ക് പോകുന്നവിധം പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
- തൊടാതെ പൊടിപിടിക്കുകയാണ് മിക്ക കംപ്യൂട്ടര്‍ ഘടകങ്ങളുടെയും കഥയെങ്കില്‍ പതിവായി തൊടുന്നതുകൊണ്ട് വൃത്തികേടാകുന്നതാണ് കീബോഡുകളുടെ രീതി. അപകടകാരികളായ പല രോഗാണുക്കളുടെയും വിഹാരകേന്ദ്രമാണ് കീബോഡ്. കീബോഡും മൌസുമെല്ലാം ഒരല്പം അണുനാശിനി ഉപയോഗിച്ച് തുടയ്ക്കുന്നത് നല്ലതാണ് (നനവ് അമിതമാകേണ്ട).