Nandakumar Edamana
Share on:
@ R t f

സെയ്മൂര്‍ ക്രേ: സൂപ്പര്‍കമ്പ്യൂട്ടിങ്ങിന്റെ പിതാവ്


സൂപ്പര്‍കമ്പ്യൂട്ടിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാണ് സെയ്മൂര്‍ ക്രേ (Seymour Roger Cray). ഗണിതജ്ഞന്‍, കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ എന്നിങ്ങനെ പല നിലയില്‍ അറിയപ്പെട്ട ഇദ്ദേഹത്തിന്റെ ഏറ്റവും യോജിച്ച വിശേഷണം 'സൂപ്പര്‍കമ്പ്യൂട്ടര്‍ ആര്‍ക്കിടെക്റ്റ്' എന്നതാണ്. ലോകത്തെ ഏറ്റവും വേഗമേറിയ കമ്പ്യൂട്ടറുകളായി ദശകങ്ങളോളം നിലകൊണ്ടത് ക്രേ രൂപകല്പന ചെയ്ത കമ്പ്യൂട്ടറുകളായിരുന്നു.

1925 സപ്തംബര്‍ 28-ന് യു.എസ്സിലെ വിസ്കോണ്‍സിനില്‍ ജനനം. ചിപ്പ്‌വ ഫാള്‍സ് ഹൈ സ്കൂളിലെ പഠനത്തിനുശേഷം രണ്ടാം ലോകമഹായുദ്ധത്തില്‍ റേഡിയോ ഓപ്പറേറ്ററായും കോഡ് ബ്രെയ്ക്കറായുമെല്ലാം സേവനമനുഷ്ഠിച്ചു. യുദ്ധത്തിനുശേഷം മിനസോട്ട സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. പിന്നീട് അപ്ലൈഡ് മാത്തമാറ്റിക്സില്‍ ബിരുദാനന്തരബിരുദം. തുടര്‍ന്ന് എഞ്ചിനീയറിങ് റിസര്‍ച്ച് അസോസിയേറ്റ്സ്, കണ്‍ട്രോള്‍ ഡേറ്റ കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലിയും ഗവേഷണവും.

ക്രേയുടെ മേല്‍നോട്ടത്തില്‍ രൂപകല്പന ചെയ്യപ്പെട്ട ചില സൂപ്പര്‍കമ്പ്യൂട്ടറുകളാണ് CDC 1604, CDC 6600, CDC 7600, Cray-1, Cray-2 എന്നിവ. വിവിധ സൂപ്പര്‍കമ്പ്യൂട്ടറുകള്‍ രൂപകല്പന ചെയ്തു എന്നതിലുപരി കൂളിങ് പോലുള്ള അടിസ്ഥാനകാര്യങ്ങളിലെ സംഭാവന ക്രേയെ ശ്രദ്ധേയനാക്കി.

1972-ല്‍ ക്രേ സ്ഥാപിച്ച 'ക്രേ റിസര്‍ച്ച്' എന്ന കമ്പനി 'ക്രേ ഇന്‍കോര്‍പ്പറേറ്റഡ്' എന്ന പേരില്‍ ഇന്നും ഈ രംഗത്ത് സജീവമാണ്.

1996 ഒക്ടോബര്‍ 5-നായിരുന്നു ക്രേയുടെ മരണം.


Keywords (click to browse): seymour-cray cray supercomputer father-of-supercomputing general-knowledge mathrubhumi exams technology information facts current-affairs