Nandakumar Edamana
Share on:
@ R t f

സൂപ്പര്‍കമ്പ്യൂട്ടര്‍ റാങ്കിങ്


സൂപ്പര്‍കമ്പ്യൂട്ടറുകള്‍ക്ക് വേഗത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ റാങ്ക് നല്കുന്ന ചില പ്രധാനപ്പെട്ട സംരംഭങ്ങളും സങ്കേതങ്ങളും ഇതാ.

TOP500

ലോകത്തെ ഏറ്റവും വേഗമേറിയ 500 നോണ്‍-ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടറുകള്‍ പട്ടികപ്പെടുത്തുന്ന സംരംഭമാണ് TOP500 (വെബ്സൈറ്റ്: top500.org). ഗ്രിഡ് കമ്പ്യൂട്ടിങ് പോലെ വിവിധ കമ്പ്യൂട്ടറുകളുടെ ശൃംഖലയല്ല, മറിച്ച് ഒറ്റ കമ്പ്യൂട്ടര്‍ ആണ് എന്നതാണ് 'നോണ്‍-ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടറുകള്‍' എന്നര്‍ത്ഥമാക്കുന്നത്. ഫലത്തില്‍ സൂപ്പര്‍കമ്പ്യൂട്ടറുകള്‍ തന്നെയാണിത്. കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ ജാക്ക് ഡൊണ്‍ഗര (Jack J. Dongarra) പ്രധാനിയായ സംഘമാണ് TOP500 പട്ടിക തയ്യാറാക്കുന്നത്.

Green500

TOP500 പട്ടികയിലെ കമ്പ്യൂട്ടറുകള്‍ക്ക് ഊര്‍ജക്ഷമതയുടെ അടിസ്ഥാനത്തില്‍ റാങ്ക് നല്കുന്ന പട്ടികയാണ് Green500. ഊര്‍ജക്ഷമത അളക്കുന്നത് LINPACK FLOPS per watt എന്ന യൂണിറ്റിലാണ്.

2007 നവംബര്‍ 15-നാണ് ഇത് ആദ്യമായി പുറത്തിറങ്ങിയത്. 2015 നവംബറിലെ കണക്കുപ്രകാരം ജപ്പാന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ ആന്‍ഡ് കെമിക്കല്‍ റിസര്‍ച്ച് (RIKEN)-ന് കീഴിലുള്ള ഒരു സൂപ്പര്‍കമ്പ്യൂട്ടറാണ് ഈ പട്ടികയില്‍ ഒന്നാമത്.

LINPACK ബെഞ്ച്മാര്‍ക്ക്

സൂപ്പര്‍കമ്പ്യൂട്ടറുകളുടെ വേഗമളക്കാന്‍ ഉപയോഗിച്ചുവരുന്ന ഒരു ബെഞ്ച്മാര്‍ക്ക് സമ്പ്രദായമാണ് LINPACK. ജാക്ക് ഡൊണ്‍ഗര വികസിപ്പിച്ചെടുത്ത ഈ രീതിയാണ് TOP500 പട്ടിക തയ്യാറാക്കാന്‍ ആധാരമാക്കുന്നത്. 1979-ലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.

രൂപകല്‍പ്പനയിലെ വൈവിദ്ധ്യം കാരണം പ്രൊസസര്‍ ക്ലോക്ക്, മെമ്മറി പോലുള്ള സ്പെസിഫിക്കേഷന്‍ മാത്രം വച്ച് കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനശേഷി താരതമ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടാണ്. ഇവിടെയാണ് ബെഞ്ച്മാര്‍ക്ക് സമ്പ്രദായങ്ങളുടെ പ്രാധാന്യം. മുന്‍കൂട്ടിത്തയ്യാറാക്കിയ ഒരുപറ്റം പ്രോഗ്രാമുകള്‍/ഓപ്പറേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ എത്ര സമയം എടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടറുകളുടെ ശേഷി നിര്‍ണയിക്കുന്ന പ്രക്രിയയാണിത്.

FLOPS

കമ്പ്യൂട്ടറുകളുടെ വേഗമളക്കുന്ന ഒരു യൂണിറ്റാണിത്. FLOPS എന്നാല്‍ Floating-point Operations Per Second. ഒരു സെക്കന്‍ഡില്‍ എത്ര ദശാംശസംഖ്യാക്രിയകള്‍ ചെയ്യുന്നു എന്നതാണ് ഇതര്‍ത്ഥമാക്കുന്നത്. സങ്കീര്‍ണമായ കമ്പ്യൂട്ടിങ്ങിലേ ഫ്ലോപ്സ് ആവശ്യമുള്ളൂ. സാധാരണ ആവശ്യങ്ങള്‍ക്ക് കുറേക്കൂടി ലളിതമായ Instructions per second (IPS) ആണുപയോഗിക്കുന്നത്.

FLOPS-ന്റെ ഗുണിതങ്ങളായ GFLOPS, TFLOPS, PFLOPS തുടങ്ങിയവയാണ് സൂപ്പര്‍കമ്പ്യൂട്ടറുകളുടെ വേഗമളക്കാനുപയോഗിക്കുന്നത്.

TOP SUPERCOMPUTERS-INDIA

ഇന്ത്യയിലെ ശക്തിയേറിയ സൂപ്പര്‍കമ്പ്യൂട്ടറുകളുടെ മാത്രം പട്ടിക തയ്യാറാക്കുന്ന ഒരു സംരംഭമാണിത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ കീഴിലുള്ള ഇതിന്റെ വിലാസം ഇതാ: http://topsupercomputers-india.iisc.ernet.in/.


Keywords (click to browse): supercomputer-ranking supercomputer-speed supercomputing top500 green500 flops ips general-knowledge mathrubhumi exams technology information facts current-affairs