ജാഗ്വാര്‍, റോഡ്റണ്ണര്‍ തുടങ്ങി ഏതാണ്ടെല്ലാ സൂപ്പര്‍കംപ്യൂട്ടറുകളിലും മിക്ക വെബ് സെര്‍വറുകളിലും ഉപയോഗിയ്ക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം ഗ്നു/ലിനക്സ് ആണെന്ന് നമുക്കറിയാം. ഉബുണ്ടു പോലുള്ള ഡ്സ്ട്രിബ്യൂഷനുകളുടെ വരവോടെ ഗ്നു/ലിനക്സ് ഡെസ്ക്ടോപ്പുകളിലേയ്ക്കും കടന്നുവന്നിരിയ്ക്കുകയാണ്. ‘സൗജന്യം’ എന്നതിലുപരി ‘സ്വതന്ത്രം’ ആയതിനാലാണ് ഗ്നു/ലിനക്സ് ഇത്രയധികം ശക്തവും പ്രശസ്തവും ആയിത്തീര്‍ന്നത്. മോസില്ല ഫയര്‍ഫോക്സ് പോലെയുള്ള പ്രോഗ്രാമുകളും ഇന്ന് പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിന് കടുത്ത വെല്ലുവിളിയായിത്തീര്‍ന്നിരിയ്ക്കുന്നു. എന്നാല്‍ സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ പ്രാമുഖ്യം മൂലം പ്രൊപ്രൈറ്ററി കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ പിന്‍വലിച്ച കഥ നാം വല്ലാതെ കേട്ടുകാണില്ല. അത്തരമൊരു സംഭവമാണ് നാം വിശകലനം ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ മൈക്രോസോഫ്റ്റിന്റെ വിജ്ഞാനകോശമായ എന്‍കാര്‍ട്ടയുടെ പരാജയം!
ഒരല്‍പ്പം ചരിത്രം
എന്‍കാര്‍ട്ട
ഒരു ഡിജിറ്റല്‍ വിജ്ഞാനകോശം നിര്‍മ്മിയ്ക്കാന്‍ സഹായിയ്ക്കണമെന്നാവശ്യപ്പെട്ട് മൈക്രോസോഫ്റ്റ് 1980-കളില്‍ ബ്രിട്ടാനിക്കയെ സമീപിച്ചിരുന്നു. വിജ്ഞാനകോശരംഗത്തെ അതികായരായ ബ്രിട്ടാനിക്ക പക്ഷേ, ആ ആവശ്യം നിരസിച്ചുകളഞ്ഞു. തങ്ങളുടെ അച്ചടിവിജ്ഞാനകോശവിപണിയ്ക്ക് മങ്ങലേല്‍ക്കുമെന്നായിരുന്നു അവരുടെ ഭയം. (പിന്നീട് ഡിജിറ്റല്‍ വിജ്ഞാനകോശങ്ങളോട് പിടിച്ചുനില്‍ക്കാനാവാതെ Benton Foundation 1996-ല്‍ ബ്രിട്ടാനിക്കയെ വിറ്റത് മറ്റൊരു കഥ).
1993-ല്‍ Funk & Wagnalls Encyclopedia-യുടെ കയ്യില്‍നിന്ന് അവകാശങ്ങല്‍ വാങ്ങിയാണ് മൈക്രോസോഫ്റ്റ് എന്‍കാര്‍ട്ട എന്ന വിജ്ഞാനകോശത്തിന് തുടക്കമിടുന്നത്. ആദ്യം അതിനിട്ട പേര് Gandalf എന്നായിരുന്നു. ഒരു പരസ്യസ്ഥാപനമാണ് മൈക്രോസോഫ്റ്റിനുവേണ്ടി Encarta എന്ന പേര് കണ്ടെത്തിയത്.
വിക്കിപീഡിയ
ഡിസംബര്‍ 2000-ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാനാണ് ആദ്യമായി ഒരു സ്വതന്ത്ര-ഓണ്‍ലൈന്‍ വിജ്ഞാനകോശം എന്ന ആശയം അവതരിപ്പിയ്ക്കുന്നത്. ഇതേത്തുടര്‍ന്ന് 2001ജനവരി 15-ന് ജിമ്മി വെയ്ല്‍സും ലാറി സാങ്ങറും സംയുക്തമായി സ്ഥാപിച്ചതാണ് വിക്കിപീഡിയ. ഇപ്പോള്‍ വിക്കിമീഡിയ ഫൗണ്ടേഷനാണ് ഇതിന് മേല്‍നോട്ടം വഹിയ്ക്കുന്നത്.
ഉള്ളടക്കം
200-ല്‍ അധികം ഭാഷകളില്‍ ലഭ്യമായ, ഇരുപത്തേഴുലക്ഷത്തിലധികം ലേഖനങ്ങളുള്ള വിക്കിപീഡിയയിലേയ്ക്ക് അനുദിനം 5000 പുതിയ ലേഖനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നു. നിലവില്‍ ഇത് അച്ചടിച്ചാല്‍ 8000 വാല്യങ്ങളോളം വരും. നിരവധി മള്‍ട്ടിമീഡിയ വിഭവങ്ങളുള്ള വിക്കി കോമണ്‍സും അനേകം പസ്തകങ്ങളുള്ള വിക്കിബുക്സും വിക്കിമീഡിയയുടെ ഭാഗമാണ്. വിക്കിപീഡിയ ലേഖനങ്ങളില്‍നിന്ന് ഇവയിലേയ്ക്ക് ലിങ്കുണ്ട്.
ലേഖനങ്ങള്‍, ഭൂപടങ്ങള്‍, ചിത്രങ്ങള്‍, ഓഡിയോ, വീഡിയോ തുടങ്ങി വിവിധരൂപത്തിലുള്ള ഉള്ളടക്കം എന്‍കാര്‍ട്ടയിലുമുണ്ടായിരുന്നു. എന്നാല്‍ എന്‍കാര്‍ട്ടയില്‍ ലേഖനങ്ങളുടെ എണ്ണം കുറവായിരുന്നു. പത്തുവര്‍ഷം തികയുന്നതിനുമുമ്പതന്നെ വിക്കിപീഡിയയില്‍ ഗുണമേന്മയുള്ള ദശലക്ഷക്കണക്കിന് ലേഖനങ്ങളുണ്ടായി; പതിനഞ്ചുവര്‍ഷം കൊണ്ട് എന്‍കാര്‍ട്ടയിലോ, വെറും 62,000-ഉം. എന്‍കാര്‍ട്ട ഇറങ്ങിയ ഭാഷകളും വളരെക്കുറവായിരുന്നു.
വിക്കിപീഡിയ പൂര്‍ണ്ണമായും സ്വതന്ത്രവും സൗജന്യവുമാണ്. അതായത്, ഉപയോക്താക്കള്‍ക്ക് ഈ വിജ്ഞാനകോശത്തിലേയ്ക്ക് പുതിയ ലേഖനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ നിലവിലുള്ള ലേഖനങ്ങള്‍ തിരുത്തുകയോ ചെയ്യാം (ഒരു സേവനപ്രവര്‍ത്തനമാണിത്). എന്നാല്‍ ഇത് വിജ്ഞാനകോശത്തിന്റെ ആധികാരികതയെ താഴ്ത്തുന്നില്ല. ലോകമെമ്പാടുമുള്ള വളണ്ടിയര്‍മാരും വിക്കിമീഡിയ ഫൗണ്ടേഷനിലെ ഉദ്യോഗസ്ഥരും ചേര്‍ന്നുനടത്തുന്ന ശുദ്ധീകരണപ്രവര്‍ത്തനങ്ങളാണ് കാരണം.
പക്ഷേ എന്‍കാര്‍ട്ട ‘റീഡ് ഒണ്‍ലി’ ആയിരുന്നു. 2005-ഓടെ ഇതിന് ചില അയവുകള്‍ വന്നു. ഉള്ളടക്കത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശിയ്ക്കാം. മൈക്രോസോഫ്റ്റിന്റെ പത്രാധിപസമിതി അത് വിശകലനം ചെയ്ത്. തീരുമാനമെടുത്ത് സാവധാനം മാറ്റിക്കോളും. എന്നാല്‍ പണം കൊടുത്തുവാങ്ങേണ്ട എന്‍കാര്‍ട്ടയിലേയ്ക്ക് സംഭാവന ചെയ്തവര്‍ക്കാര്‍ക്കും മൈക്രോസോഫ്റ്റ് പ്രതിഫലമൊന്നും നല്‍കിയില്ലെന്നതാണ് രസകരം!
പ്രശസ്തി
മൈക്രോസോഫ്റ്റ് എന്ന സ്ഥാപനത്തിന്റെ പ്രശസ്തി അതിന്റെ ഉത്പന്നമായ എന്‍കാര്‍ട്ടയ്ക്ക് നേടിയെടുക്കാനായില്ല. ആര്‍ക്കുമറിയാഞ്ഞ രണ്ടാളുകള്‍ സ്ഥാപിച്ച വിക്കിപീഡിയയാകട്ടെ, ഇന്ന് ഇന്റര്‍നെറിറലെ ഏറ്റവും പ്രശസ്തമായ (ട്രാഫിക് അടിസ്ഥാനത്തില്‍) അഞ്ച് വെബ്സൈറ്റുകളിലൊന്നാണ്. 2009 ജനവരിയിലെ കണക്കനുസരിച്ച് ഓണ്‍ലൈന്‍ വിജ്ഞാനകോശങ്ങളില്‍ ഒന്നാം സ്ഥാനം വിക്കിപീഡിയയ്ക്കും രണ്ടാം സ്ഥാനം എന്‍കാര്‍ട്ടയ്ക്കുമായിരുന്നു. ഒരൊറ്റ സ്ഥാനത്തിന്റെ വ്യത്യാസം മാത്രം. എന്നാല്‍ ട്രാഫിക്‌കണക്ക് കേള്‍ക്കുമ്പോഴാണ് നാം ഞെട്ടുക - ഓണ്‍ലൈന്‍ വിജ്ഞാനകോശങ്ങളില്‍ ജനങ്ങള്‍ ഉപയോഗിച്ചത് 1.27% എന്‍കാര്‍ട്ടയും 97% വിക്കിപീഡിയയും!
ലോകഭൂപടം
കംപ്യൂട്ടര്‍ സ്ക്രീനില്‍ മൗസ് കൊണ്ട് തിരിയ്ക്കാവുന്ന ഭൂഗോളം... നിങ്ങള്‍ ഒരു രാജ്യത്തിലോ നഗരത്തിലോ ക്ലിക്ക് ചെയ്താല്‍ അതിന്റെ ഭൂപടവും ലേഖനവും വരുന്നു...! ‘മാപ് ട്രെക്’ എന്നറിയപ്പെട്ടിരുന്ന ഈ സംവിധാനമായിരുന്നു എന്‍കാര്‍ട്ടയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. എന്നാല്‍ വെര്‍ച്വല്‍ ഭൂഗോളങ്ങളുള്ള പ്രോഗ്രാമുകള്‍ ഇന്ന് വേറെയുമുണ്ട്, സ്വതന്ത്രസോഫ്റ്റ്‌വെയറായ ‘മാര്‍ബ്ള്‍’ തന്നെ ഉദാഹരണം. ഗൂഗ്ളാകട്ടെ തങ്ങളുടെ സെര്‍ച്ച് റിസള്‍ട്ടുകളെയും മാപ്പുകളെയും വിക്കിപീഡിയ ലേഖനങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന തിരക്കിലാണ്.
ലൈസന്‍സിങ് പ്രശ്നം
വിക്കിപീഡിയയിലെ ഉള്ളടക്കങ്ങള്‍ നിങ്ങള്‍ക്ക പകര്‍ത്തുകയോ അച്ചടിച്ചുവില്‍ക്കുകയോ എന്തും ചെയ്യാം! ഗ്നു ഫ്രീ ഡോക്യുമെന്റേഷന്‍ ലൈസന്‍സിന്റെ (GFDL) കീഴിലാണ് ലേഖനങ്ങള്‍ എന്നതാണ് കാരണം [മള്‍ട്ടിമീഡിയ ഉള്ളടക്കം ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്റെ (CC) കീഴിലും]. എന്തും ചെയ്യാം, ഒരേയൊരു നിബന്ധന ‒ നാം പുനഃപ്രസിദ്ധീകരിയ്ക്കുമ്പോഴും വിക്കിപീഡിയയില്‍ നിന്നെടുത്ത ഉള്ളടക്കം GFDL, CC എന്നിവയുടെ കീഴില്‍ വിതരണം ചെയ്യണമെന്നുമാത്രം. എന്നാല്‍ എന്‍കാര്‍ട്ടയുടെ ഉള്ളടക്കം പ്രൊപ്രൈറ്ററി ലൈസന്‍സിന്റെ കീഴിലാണ്. അത് പകര്‍ത്താന്‍ ഉപയോക്താവിന് അനുവാദമില്ല.
എന്‍കാര്‍ട്ടയുടെ പതനം
2009 മാര്‍ച്ചിലാണ് ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് മൈക്രോസോഫ്റ്റ് അത് പ്രഖ്യാപിച്ചത് ‒ എന്‍കാര്‍ട്ടയ്ക്ക് ഇനിയൊരു പതിപ്പുണ്ടാകില്ല! ഡിസ്ക്, ഓണ്‍ലൈന്‍ എന്നീ രണ്ട് രൂപങ്ങള്‍ക്കും അത് ബാധകമായിരുന്നു (വാര്‍ഷികവരിസംഖ്യയുടെ അടിസ്ഥാനത്തിലായിരുന്നു ഓണ്‍ലൈന്‍ എന്‍കാര്‍ട്ടയുടെ ഉപയോഗം). ഈയൊരു തീരുമാനമെടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചത് ആളുകള്‍ വിവരം സമ്പാദിയ്ക്കുന്ന രീതികളിലും വിജ്ഞാനകോശവിപണിയിലും വന്ന മാറ്റങ്ങളാണെന്നാണ് മൈക്രോസോഫ്റ്റ് പറഞ്ഞത്. ബ്രിട്ടാനിക്ക ഒരിയ്ക്കലും എന്‍കാര്‍ട്ടയ്ക്ക് ഒരു തടസമായിരുന്നില്ലെന്ന് വ്യക്തം. സോഫ്റ്റ്‌വെയര്‍, വിപണനതന്ത്രങ്ങള്‍ എന്നിവയിലും മൈക്രോസോഫ്റ്റിന് എതിരാളികളില്ല. അപ്പോള്‍പ്പിന്നെ മൈക്രോസോഫ്റ്റിന് വിലങ്ങുതടിയായത് സ്വതന്ത്രസോഫ്റ്റ്‌വെയറായ വിക്കിപീഡിയ തന്നെയാണെന്ന് ലോകം തിരിച്ചറിഞ്ഞു. ഇതുവരെ പറഞ്ഞ വസ്തുതകള്‍ ആ വാദത്തെ സാധൂകരിയ്ക്കുന്നുണ്ടല്ലോ.
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ എന്നാല്‍ സോഫ്റ്റ്‌വെയര്‍ രംഗത്തെ കമ്പനികളുടെയും തൊഴിലവസരങ്ങളുടെയും അന്ത്യമാണെന്ന് കരുതരുത്. കനോണിക്കല്‍, റെഡ്ഹാറ്റ്, നോവെല്‍ തുടങ്ങി ഈ രംഗത്ത് ഇന്ന് ധാരാളം കമ്പനികളും തൊഴിലവസരങ്ങളുമുണ്ട്. വില്‍പ്പനയും കോടികളുടെ ലാഭവുമുണ്ട്. ഒന്നുമാത്രം ‒ നിര്‍മ്മാണരഹസ്യം അഥവാ സോഴ്സ് കോഡ് തുറന്നിടും; ഉപയോക്താവിന് സ്വാതന്ത്ര്യം നല്‍കും. നിര്‍മ്മാതാവിനും ഉപയോക്താവിനും കംപ്യൂട്ടര്‍മേഖലയ്ക്കും ഒരേപോലെ ഗുണം!