Nandakumar Edamana
Share on:
@ R t f

ഡ്രൈവറില്ലാ പ്രിന്റിങ്ങുമായി പുതിയ ഉബുണ്ടു


പ്രചാരമേറിയ ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷന്‍ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. 2017 ഏപ്രിലില്‍ പുറത്തിറങ്ങിയതിനാല്‍ 17.04 എന്നതാണ് ഇതിന്റെ വേര്‍ഷന്‍ നമ്പര്‍. ഇന്റര്‍ഫെയ്സില്‍ കാര്യമായ മാറ്റമില്ലെങ്കിലും ഡ്രൈവര്‍ലെസ് പ്രിന്റിങ് പോലുള്ള സാങ്കേതികനേട്ടങ്ങള്‍ പുതിയ പതിപ്പിനുണ്ട്.

Zesty Zapus എന്നതാണ് പുതിയ പതിപ്പിന്റെ കോഡ്നെയിം (വിചിത്രമായ അര്‍ത്ഥങ്ങളാണ് ഉബുണ്ടു കോഡ്നെയിമുകള്‍ക്കുള്ളത്; അതുകൊണ്ട് വ്യാഖ്യാനത്തിന് മുതിരുന്നില്ല). ഉബുണ്ടു പതിപ്പുകളുടെ അക്ഷരമാലാക്രമത്തിലുള്ള കോഡ്നാമങ്ങള്‍ ഒരു വട്ടം പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് അടുത്ത പതിപ്പ് A-യിലായിരിക്കും തുടങ്ങുക. കൃത്യമായിപ്പറങ്ങള്‍ Artful Aardvark എന്നായിരിക്കുമിത്.

പുതിയ ഉബുണ്ടു ubuntu.com/download എന്ന പേജില്‍നിന്ന് ‍ഡൗണ്‍ലോഡ് ചെയ്യാം. ഉബുണ്ടു സെര്‍വര്‍ അടക്കമുള്ള വിവിധ എഡിഷനുകളും ടൊറന്റ് അടക്കമുള്ള ഡൗണ്‍ലോഡ് മാര്‍ഗങ്ങളും ലഭ്യമാണ്. ഡെസ്ക്ടോപ്പ് പതിപ്പ് (ഒരു സാധാരണ ഉപയോക്താവിന് വേണ്ടത് ഇതാണ്) ഇവിടെ ലഭിക്കും: ubuntu.com/download/desktop

പ്രധാന മാറ്റങ്ങള്‍

പുതിയ റിലീസോടെ ഉബുണ്ടുവില്‍ ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഈയടുത്തകാലത്തെ ഉബുണ്ടു റിലീസുകളുമായി താരതമ്യം ചെയ്താല്‍ ഒരു സാധാരണ ഉപയോക്താവിന് വലിയ മാറ്റമൊന്നും കാണാനായേക്കില്ല. ഇന്റര്‍ഫെയ്സില്‍ വലിയ മാറ്റമില്ല എന്നതാണ് കാരണം. 11.04-ഓടെയാണ് ഉബുണ്ടു ഇന്റര്‍ഫെയ്സില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വന്നത്. അതുവരെ പരമ്പരാഗതശൈലിയിലുള്ള ഗ്നോം 2 ഡെസ്ക്ടോപ്പ് ആയിരുന്നു. 2011 ഏപ്രിലില്‍ ഇതിന്റെ പുതിയ പതിപ്പായ ഗ്നോം ഷെല്‍ (ഗ്നോം 3) പുറത്തിറങ്ങി. സ്മാര്‍ട്ട്ഫോണ്‍ സമാനമായ ഈ ഇന്റര്‍ഫെയ്സ് പല ഡിസ്ട്രിബ്യൂഷനുകളും സ്വീകരിച്ചു. എന്നാല്‍ ഗ്നോം 2-വില്‍നിന്ന് ഗ്നോം 3-യിലേക്ക് മാറുന്നതിനുപകരം തങ്ങളുടേതായ 'യൂണിറ്റി ഡെസ്ക്ടോപ്പ്' അവതരിപ്പിക്കുകയാണ് ഉബുണ്ടു ചെയ്തത്. ഇതും സ്മാര്‍ട്ട്ഫോണ്‍ സമാനമാണ്.

17.04 റിലീസിലുള്ളതും ഇതേ യൂണിറ്റി ഡെസ്ക്ടോപ്പ് ആണ്. എന്നാല്‍ അടുത്ത റിലീസോടെ ഉബുണ്ടുവിന്റെ ഡിഫോള്‍ട്ട് ഡെസ്ക്ടോപ്പ് ഗ്നാം 3 ആയിരിക്കുമെന്നാണ് വാര്‍ത്തകള്‍. ഇന്റര്‍ഫെയ്സിലെ അടുത്ത മാറ്റം ഈ ഒക്റ്റോബറിലായിരിക്കുമെന്ന് ചുരുക്കം.

ഡ്രൈവര്‍ലെസ് പ്രിന്റിങ്

നെറ്റ്‌വര്‍ക്ക് പ്രിന്റിങ് അടക്കമുള്ള കാര്യങ്ങള്‍ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ 'ഡ്രൈവര്‍ലെസ് പ്രിന്റിങ്' അവതരിപ്പിക്കുകയാണ് പുതിയ ഉബുണ്ടു. ആപ്പിള്‍ എയര്‍പ്രിന്റ്, ഐ.പി.പി. എവരിവേര്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ പിന്തുണയ്ക്കുക വഴി ഒട്ടേറെ പ്രിന്ററുകളെ 'പ്ലഗ്-ആന്‍ഡ്-പ്ലേ' രീതിയില്‍ പ്രത്യേക ഇന്‍സ്റ്റളേഷനൊന്നുമില്ലാതെ തന്നെ നിയന്ത്രിക്കാന്‍ ഉബുണ്ടുവിനാകും. 'ഒരു പെന്‍ഡ്രൈവ് ഘടിപ്പിക്കുന്നതുപോലെ ലളിതം' എന്നാണ് കനോണിക്കല്‍ (ഉബുണ്ടുവിന്റെ നിര്‍മാതാക്കള്‍) ഈ നേട്ടത്തെ വിശേഷിപ്പിക്കുന്നത്.

എന്നാല്‍ എച്ച്.പി. മള്‍ട്ടിഫങ്ഷന്‍ പ്രിന്ററുകള്‍ ഉപയോഗിക്കുന്നവര്‍ പഴയ രീതി പിന്തുടരുന്നതായിരിക്കും തത്കാലം നല്ലത്. അല്ലെങ്കില്‍ സ്കാനിങ് ശരിയാവണമെന്നില്ല.

സ്വാപ്പ് ഫയലിന് പിന്തുണ

റാമില്‍ സ്ഥലം തികയാതെ വരുമ്പോള്‍ ഹാര്‍ഡ് ഡിസ്ക് ഉപയോഗപ്പെടുത്തുക എന്ന ആശയമാണ് സ്വാപ്പ് പാര്‍ട്ടീഷ‍നുകള്‍ക്കും (Swap Partition) സ്വാപ്പ് ഫയലുകള്‍ക്കും പിന്നിലുള്ളത്. സ്ഥലക്കുറവ് അനുഭവപ്പെടുമ്പോള്‍ റാമില്‍ നിലവില്‍ അത്യാവശ്യമല്ലാത്ത ഡേറ്റ, സ്വാപ്പ് ഏരിയയിലേക്ക് മാറ്റുന്നു. ഈ ഡേറ്റ ആവശ്യമായി വരുമ്പോള്‍ വീണ്ടും ഇതുപോലെ സ്വാപ്പ് ചെയ്ത് അത് റാമിലെത്തിക്കുന്നു.

ഇതുവരെയുള്ള ഉബുണ്ടു പതിപ്പുകളില്‍ സ്വാപ്പ് പാര്‍ട്ടീഷനായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ പുതിയ റിലീസോടെ സ്വാപ്പ് ഫയലുകള്‍ക്ക് പ്രാധാന്യം ലഭിച്ചിരിക്കുകയാണ്. 17.04 പുതുതായി ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് സ്വാപ്പ് പാര്‍ട്ടീഷന്‍ ഉണ്ടാകില്ല. എന്നാല്‍ പഴയ പതിപ്പുകളില്‍ന്ന് അപ്ഗ്രേ‍ഡ് ചെയ്യുമ്പോള്‍ സ്വാപ്പ് പാര്‍ട്ടീഷന്‍ തന്നെയാകും ഉപയോഗിക്കപ്പെടുക.

നിശ്ചിത വലിപ്പത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിവയ്ക്കുന്ന ഒരു സ്വാപ്പ് പാര്‍ട്ടീഷനേക്കാള്‍ വഴക്കമുണ്ടാവുക (Flexibility) സ്വാപ്പ് പാര്‍ട്ടീഷനുകള്‍ക്കാണെന്ന് നിരീക്ഷിക്കപ്പെടുന്നു. ഫയല്‍ ആകുമ്പോള്‍ ആവശ്യാനുസാരം വലിപ്പമാറ്റം ആകാമല്ലോ.

സ്വാപ്പ് പാര്‍ട്ടീഷനായാലും ഫയലായാലും സുപ്രധാനവിവരങ്ങള്‍ സംരക്ഷിക്കാന്‍ എന്‍ക്രിപ്ഷന്‍ നല്ലതാണ്. ഡിസ്കില്‍ സേവ് ചെയ്യുന്നതായതിനാല്‍ ഫോറന്‍സിക് ഉപകരണങ്ങളുടെ സഹായത്തോടെ പാസ്‌വേഡും മറ്റും മോഷ്ടിക്കപ്പെടാന്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ടില്ലാത്ത സ്വാപ്പ് ഏരിയ വഴിയൊരുക്കും (ഇത് വിന്‍ഡോസിനും ബാധകമാണ്).

പുതിയ കേണല്‍

ലിനക്സ് കേണലാണല്ലോ (Linux Kernel) ഉബുണ്ടുവിന്റെ പ്രധാനഘടകങ്ങളിലൊന്ന്. ഡിവൈസ് ഡ്രൈവറുകളും ഫയല്‍സിസ്റ്റം പിന്തുണയുമെല്ലാം മിക്കവാറും കേണലിന്റെ ഭാഗമാണ്. ലിനക്സ് കേണലിന്റെ പുതിയ പതിപ്പായ 4.10 ആണ് ഉബുണ്ടു 17.04-ല്‍ ഉപയോഗിച്ചിട്ടുള്ളത്. അടിസ്ഥാനസാങ്കേതികവിദ്യ മെച്ചപ്പെട്ടതാക്കാന്‍ ഇതിനാകും.

ഈ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുംമുമ്പ്... (BOX ITEM)

പുതിയ പരീക്ഷണങ്ങളെക്കാള്‍ പ്രധാന്യം സ്ഥിരതയുള്ള കംപ്യൂട്ടിങ്ങിന് കൊടുക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഉബുണ്ടു 17.04 ഇന്‍സ്റ്റാള്‍ ചെയ്യും മുമ്പ് ചിലതെല്ലാം ഓര്‍ക്കേണ്ടതുണ്ട്. നിലവിലുള്ള ഓപ്പറേറ്റിങ് സിസ്റ്റം കളയാതെയോ വെര്‍ച്വല്‍ മെഷീന്റെ ഉള്ളിലോ ആണ് ഉബുണ്ടു 17.04 ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്കില്‍ കുഴപ്പമില്ല. ലൈവ് സി.ഡി. ആയി (ഇന്‍സ്റ്റാള്‍ ചെയ്യാതെ) 17.04 പരീക്ഷിക്കുന്നതും പ്രശ്നമല്ല.

പിന്നെ എന്താണ് കുഴപ്പം? നിങ്ങളുടെ പ്രധാന ഓപ്പറേറ്റിങ്ങ് സിസ്റ്റമായി 17.04 ക്രമീകരിക്കുമ്പോഴാണ് ഒരല്പം ബുദ്ധിമുട്ടുണ്ടാവുക. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും ഉബുണ്ടു, LTS (Long Term Support) പതിപ്പുകള്‍ ഇറക്കുന്നുണ്ട്. 2012, 2014, 2016 വര്‍ഷങ്ങളില്‍ ഏപ്രില്‍ മാസമിറങ്ങിയ 12.04, 14.04, 16.04 എന്നിവ എല്‍.ടി.എസ്. പതിപ്പുകള്‍ക്കുദാഹരണങ്ങളാണ്. ദീര്‍ഘകാലത്തെ (സാധാരണഗതിയില്‍ അഞ്ചു വര്‍ഷം) ഔദ്യോഗികപിന്തുണ ഇവയ്ക്കുണ്ടാവും. അതായത് സുരക്ഷാ അപ്ഡേറ്റുകളും മറ്റും ഇത്രയും കാലം ലഭിക്കും.

16.04 കഴിഞ്ഞാല്‍ അടുത്ത എല്‍.ടി.എസ്. പതിപ്പ് 18.04 ആണ്. അതായത്, 17.04 ഒരു എല്‍.ടി.എസ്. പതിപ്പല്ല. ഇത്തരം പതിപ്പുകള്‍ക്ക് വളരെ ചുരുങ്ങിയ കാലത്തെ പിന്തുണ മാത്രമേ ലഭിക്കൂ (സാധാരണഗതിയില്‍ ഒമ്പതുമാസം). അതിനുശേഷം ഒരു സാധാരണ പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോലും ബുദ്ധിമുട്ടായിരിക്കും (ഇതൊരു കച്ചവടതന്ത്രമല്ല; പ്രയോഗികപരിമിതി മാത്രമാണ്).

അതുകൊണ്ട് സ്ഥിരതയുള്ള കംപ്യൂട്ടിങ്ങിന് ഉബുണ്ടു 12.04, 14.04, 16.04 തുടങ്ങിയ എല്‍.ടി.എസ്. പതിപ്പുകള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. 16.04 ഇന്‍സ്റ്റാള്‍ ചെയ്താല്‍ ചുരുങ്ങിയത് 2021 വരെയെങ്കിലും സാങ്കേതികപിന്തുണ (അപ്ഡേറ്റുകളും മറ്റും) ലഭിക്കും.


Click here to read more like this. Click here to send a comment or query.