Nandakumar Edamana
Share on:
@ R t f

ഒരു ടൂള്‍, പല നേട്ടം; പല ടൂള്‍, ഒരു നോട്ടം


ഒരു പ്രത്യേകകാര്യത്തിനുള്ള സോഫ്റ്റ്‌വെയറിന് മറ്റുപയോഗങ്ങളുമുണ്ടാകാം. അതുപോലെ, ഒരു ജോലി പൂര്‍ത്തിയാക്കാന്‍ ഒന്നിലേറെ തരം സോഫ്റ്റ്‌വെയര്‍ ആവശ്യമായിവരാം. ഇത് ഏറെ പ്രകടമാകുന്ന ഒരു മേഖലയാണ് അനിമേഷന്‍. പല അനിമേഷന്‍ പ്രോഗ്രാമുകള്‍ക്കും വൈവിദ്ധ്യമാര്‍ന്ന ഉപയോഗങ്ങളുണ്ട്. തിരിച്ച്, ഒരു അനിമേഷന്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ പലതരം സോഫ്റ്റ്‌വെയര്‍ ആവശ്യവുമാണ്.

എല്ലാ ആവശ്യവും ഒരൊറ്റ ഉപകരണം കൊണ്ട് നിറവേറ്റാനാവണമെന്നാണ് ഒരു സാധാരണക്കാരന്‍ ആഗ്രഹിക്കുക. എന്നാല്‍ പലപ്പോഴും വിദഗ്ദ്ധരുടെ വിരമര്‍ശനമേറ്റുവാങ്ങാറുള്ള ഒരു സങ്കല്പമാണ് 'ഓള്‍-ഇന്‍-വണ്‍'. ആവശ്യമില്ലാത്ത സംവിധാനങ്ങള്‍ തിങ്ങിനില്ക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നത് ഒരു പ്രശ്നം. അതതിന് മാത്രമുള്ള (Dedicated) സംവിധാനങ്ങളെ അപേക്ഷിച്ച് ഓരോ ഘടകത്തിനും വേണ്ടത്ര നിലവാരം ഉണ്ടാവില്ലെന്നത് മറ്റൊന്ന്.

ഇക്കാര്യത്തില്‍ ഒരു തീര്‍പ്പുകല്പിക്കുക സാദ്ധ്യമല്ല. ഓരോ പുതിയ വേര്‍ഷനിലും സോഫ്റ്റ്‌വെയറിന്റെ നിലവാരം കൂടിവരും. ഓള്‍-ഇന്‍-വണ്ണിലെ ഘടകങ്ങളും മെച്ചപ്പെടും. ഉള്ളിലും ഇന്റര്‍ഫെയ്സിലും വ്യക്തമായ അതിര്‍വരമ്പുകളിട്ട് (മോഡുലാര്‍ അപ്രോച്ച്) ലാളിത്യം കൈവരിക്കാനാകും. എല്ലാറ്റിനുമുപരി, ഉപയോക്താവിന്റെ വൈദഗ്ദ്ധ്യവും ക്രിയാത്മകതയുമെല്ലാം വിഷയമാകും.

അതുകൊണ്ട് രണ്ടുതരം സോഫ്റ്റ്‌വെയര്‍ ശൈലികളുടെ താരതമ്യമേയല്ല ഈ കുറിപ്പ്. അനിമേഷന്‍ സോഫ്റ്റ്‌വെയറുകളുടെ ശൈലിയിലും സാദ്ധ്യതയിലുമെല്ലാമുള്ള ചില വൈവിദ്ധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നു എന്നുമാത്രം.

ഒന്നിലൊതുങ്ങുമ്പോള്‍

ഉപയോഗത്തിലെ വൈവിദ്ധ്യത്തിന് നല്ല രണ്ടുദാഹരണങ്ങളാണ് അഡോബീ ഫ്ലാഷും ബ്ലെന്‍ഡറും. പ്രചാരമുള്ള ഒരു പ്രൊപ്രൈറ്ററി റ്റുഡി അനിമേഷന്‍ സോഫ്റ്റ്‌വെയറാണ് അഡോബി ഫ്ലാഷ് (Adobe Flash). ത്രീഡി അനിമേഷനുള്ള ഒരു സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനാണ് ബ്ലെന്‍ഡര്‍ (Blender).

വെബ്ബില്‍ നോട്ടമിട്ടുകൊണ്ടാണ് 'ഫ്യൂച്ചര്‍വേവ്' എന്ന സ്ഥാപനം 'ഫ്യൂച്ചര്‍സ്പ്ലാഷ് അനിമേറ്റര്‍' നിര്‍മിക്കുന്നത്. ഇത് പിന്നീട് മാക്രോമീഡിയ ഏറ്റെടുത്തു. 'ഫ്ലാഷ്' എന്ന് പേരുമാറ്റി. 'ആക്ഷന്‍സ്ക്രിപ്റ്റ്' അടക്കം ഒരുപാട് പ്രോഗ്രാമിങ് സൌകര്യങ്ങള്‍ ഉള്‍പ്പെടുത്തി.

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമൊന്നും വെബ്‌സൈറ്റുകളില്‍ വീഡിയോ ഉള്‍പ്പെടുത്താന്‍പോലും ഔദ്യോഗികസ്റ്റാന്‍‍ഡേഡുകള്‍ ഉണ്ടായിരുന്നില്ല. പ്രോഗ്രാമിങ് സൌകര്യങ്ങള്‍ക്ക് ജാവയെ ആശ്രയിക്കണമായിരുന്നു. ഫ്ലാഷാകട്ടെ സൈറ്റുകളില്‍ അനിമേഷന്‍ മുതല്‍ പ്രോഗ്രാമിങ് വരെ ഉള്‍പ്പെടുത്താന്‍ അവസരമൊരുക്കി. ബ്രൌസറുകളില്‍ ചേര്‍ക്കാവുന്ന ഫ്ലാഷ് പ്ലേയര്‍ സൌജന്യമായിരുന്നു. അങ്ങനെ ആകര്‍ഷകമായ സൈറ്റുകളുടെ അവിഭാജ്യഘടകമായി ഫ്ലാഷ് മാറി. ഏറ്റവും പ്രചാരമുള്ള സൈറ്റുകളിലൊന്നായ യൂട്യൂബില്‍പ്പോലും വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ അടുത്തകാലം വരെ ഫ്ലാഷായിരുന്നല്ലോ ഉപയോഗിച്ചിരുന്നത്.

വെറുതേ പ്ലേ ചെയ്യുന്നതിനുപകരം 'പ്രവര്‍ത്തിപ്പിക്കാവുന്ന' അനിമേഷനുകളുണ്ടാക്കാന്‍ ഫ്ലാഷിലെ പ്രോഗ്രാമിങ് സഹായിച്ചു. ഇന്ററാക്റ്റീവ് പഠനവിഭവങ്ങള്‍ മുതല്‍ സമ്പൂര്‍ണ ഗെയിമുകള്‍ വരെ ഉണ്ടാക്കാന്‍ ഫ്ലാഷ് തിരഞ്ഞെടുക്കപ്പെട്ടു എന്നര്‍ത്ഥം. അവിടെയും അവസാനിച്ചില്ല ഫ്ലാഷിന്റെ വേരോട്ടം. മൊബൈല്‍-ഡെസ്ക്ടോപ്പ് ആപ്പുകളുടെ നിര്‍മാണത്തിനും ഫ്ലാഷ് പരിഗണിക്കപ്പെട്ടു.

സാധാരണക്കാര്‍ക്കിടയില്‍ ഒരു അനിമേഷന്‍ സോഫ്റ്റ്‌വെയറായി അറിയപ്പെടുന്ന ടൂളിന്റെ യഥാര്‍ത്ഥ വിസ്തൃതിയാണ് ഇപ്പറഞ്ഞത്. 2005-ല്‍ അഡോബി ഏറ്റെടുത്ത ശേഷവും ഫ്ലാഷിന്റെ വികസനം തുടര്‍ന്നു. എന്നാല്‍ വൈകാതെതന്നെ സാങ്കേതികവിദ്യ മാറാന്‍ തുടങ്ങിയിരുന്നു. എച്ച്ടിഎംഎല്‍ 5-ന്റെ വരവോടെ വെബ്‌സൈറ്റുകളില്‍ ഫ്ലാഷൊന്നുമില്ലാതെതന്നെ വീഡിയോ പ്രവര്‍ത്തിപ്പിക്കാമെന്നായി. 2014-ല്‍ ഔദ്യോഗികമായി പുറത്തിറങ്ങി അധികം കഴിയുംമുമ്പുതന്നെ ബ്രൌസറുകളിലും സൈറ്റുകളിലും എച്ച്ടിഎംഎല്‍ 5-ന് സ്വീകാര്യത കിട്ടിത്തുടങ്ങിയിരുന്നു.

ഇപ്പോള്‍ അഡോബിയും എച്ച്ടിഎംഎല്‍ 5-ലേക്ക് മാറുകയാണ്. ഇതിന്റെകൂടി ഭാഗമായാണ് ഫ്ലാഷിന്റെ പ്രചരണം അവസാനിപ്പിച്ചതും 'അഡോബി അനിമേറ്റ്' (Adobe Animate) എന്ന പേരില്‍ പുതിയ ഉത്പന്നം പുറത്തിറക്കിയതും. പഴയ ഫ്ലാഷ് ആധാരമാക്കിയുള്ളതാണ് ഇതെങ്കിലും പുതിയ സ്റ്റാന്‍ഡേഡുകള്‍ക്കാണ് മുന്‍തൂക്കം. ഫ്ലാഷില്‍ കഴിഞ്ഞിരുന്നതുപോലെ കാര്‍ട്ടൂണ്‍ മുതല്‍ ഗെയിമുകള്‍ വരെയുണ്ടാക്കാന്‍ ഇതുമുപയോഗിക്കാം. എന്നാല്‍ ഫ്ലാഷ് പോലെ ഇതും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറാണ്.

ഒരേ ആപ്ലിക്കേഷനില്‍ എല്ലാ സൌകര്യവും ലഭ്യമാവുന്നതിന് മറ്റൊരുദാഹരണമാണ് ത്രീഡി അനിമേഷന്‍ ടൂളായ ബ്ലെന്‍ഡര്‍ (Blender). സ്വതന്ത്രസോഫ്റ്റ്‌വെയറായ ഇത് blender.org-യില്‍നിന്ന് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്തുപയോഗിക്കാം. ഗ്നു/ലിനക്സിലും ബിഎസ്ഡികളിലും വിന്‍ഡോസിലും മാക്കിലും പ്രവര്‍ത്തിക്കും.

ബ്ലെന്‍ഡറില്‍ ലഭ്യമായ ചില സൌകര്യങ്ങള്‍
ബ്ലെന്‍ഡറില്‍ ലഭ്യമായ ചില സൌകര്യങ്ങള്‍

ത്രീഡി ഗ്രാഫിക്സുമായി ബന്ധപ്പെട്ട് ഇവയടക്കം വ്യത്യസ്ത ഉപമേഖലകളുണ്ട്:

 • മോഡലിങ് - ത്രീഡി രൂപങ്ങളും കഥാപാത്രങ്ങളും ഉണ്ടാക്കിയെടുക്കല്‍
 • മെറ്റീരയല്‍-ടെക്സ്ചര്‍ നിര്‍മാണം - മോഡലുകളുടെ പ്രതലവും നിറവുമെല്ലാം ആവശ്യാനുസാരമാക്കല്‍
 • ലൈറ്റിങ്
 • അനിമേഷന്‍ - മോഡലുകള്‍ക്ക് ചലനം നല്‍കല്‍ (ഇതില്‍ത്തന്നെ വേറെയും പ്രധാനപ്പെട്ട ഉപവിഭാഗങ്ങളുണ്ട്)
 • റെന്‍ഡറിങ് - അനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് വീഡിയോ ആക്കിമാറ്റല്‍

ഇതിലോരോന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ബ്ലെന്‍ഡറിലാകട്ടെ ഇതെല്ലാമുണ്ട്. കോമ്പോസിറ്റിങ്, വീഡിയോ-ഓഡിയോ എഡിറ്റിങ് തുടങ്ങിയ അധികസൌകര്യങ്ങളും കാണാം. ചലച്ചിത്രത്തിലെ ചില ഷോട്ടുകളില്‍ നേരിട്ട് ചിത്രീകരിച്ചതും (ലൈവ് ആക്ഷന്‍) കംപ്യൂട്ടറില്‍ സൃഷ്ടിച്ചെടുത്തതുമായ പല ദൃശ്യങ്ങളും കൂട്ടിച്ചേര്‍ക്കേണ്ടിവരുമല്ലോ. അതാണ് കോമ്പോസിറ്റിങ് (Compositing).

ഒരു ഗെയിം എഞ്ചിനും ബ്ലെന്‍ഡറിന്റെ ഭാഗമായുണ്ടായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മികച്ച സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സംരംഭങ്ങള്‍ വേറെയുമുള്ളതുകൊണ്ട് 2.80 പതിപ്പ‌ുമുതല്‍ ബ്ലെന്‍ഡറില്‍ ഗെയിം എഞ്ചിനില്ല.

ഗെയിം നിര്‍മാണത്തിന്റെ കാര്യത്തിലെന്നപോലെ അതതിനു മാത്രമായുള്ള ടൂളുകളോളം ഗുണം ബ്ലെന്‍ഡറിലെ മറ്റു ചില ഘടകങ്ങള്‍ക്കുമുണ്ടാവില്ല. എന്നാല്‍ ത്രീഡി ടൂളുകളുടെ കൂട്ടത്തില്‍ മുന്‍നിരയില്‍ത്തന്നെയാണ് അതിന്റെ സ്ഥാനമെന്ന് ഒരുപാടുപയോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

പല ടൂള്‍ കൈകോര്‍ക്കുമ്പോള്‍

ഫ്ലാഷ് പോലെ ഏതെങ്കിലും ഒരു ടൂള്‍ ഉപയോഗിച്ചുതന്നെ എല്ലാം ചെയ്തുതീര്‍ക്കാനാണ് ചെറിയ സംരംഭങ്ങളുടെ പിന്നിലുള്ളവര്‍ താത്പര്യപ്പെടുക. ഒന്നിലേറെ ടൂളുകള്‍ സജ്ജമാക്കി, അവയ്ക്ക് ലൈസന്‍സ് തുകയുണ്ടെങ്കില്‍ അത് ചെലവാക്കി, അതതിന്റെ വിദഗ്ധരെ ശമ്പളം നല്കി ജോലിക്കുനിര്‍ത്തുക എന്നത് ചെറിയ സ്റ്റുഡിയോകള്‍ക്ക് പ്രായോഗികമല്ലല്ലോ.

എന്നാല്‍ നിലവാരമുള്ള ഔട്ട്പുട്ട് പ്രതീക്ഷിക്കുന്ന പലരും ഒന്നിലേറെ ടൂളുകള്‍ ഉപയോഗിച്ചാണ് ഒരു പ്രൊജക്റ്റുതന്നെ ചെയ്തുതീര്‍ക്കുന്നത്. ആശയരൂപീകരണം (കഥ, സ്റ്റോറിബോഡ്, ചര്‍ച്ചകള്‍) മുതല്‍ ഇതുകാണാം. ഒരു ശരാശരി അനിമേഷന്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ ആവശ്യമായി വരാവുന്ന ടൂളുകളുടെ തരം ഇതാ:

 • വെക്റ്റര്‍ ഡ്രോയിങ് ആപ്ലിക്കേഷനുകള്‍
 • ഇമേജ് എഡിറ്ററുകള്‍
 • മോഡലിങ് സോഫ്റ്റ്‌വെയര്‍
 • അനിമേഷന്‍ സോഫ്റ്റ്‌വെയര്‍
 • റെന്‍ഡറിങ് എഞ്ചിനുകള്‍ (പ്രത്യേകിച്ച് ത്രീഡി)
 • ഫിസിക്സ്, കൃത്രിമബുദ്ധി ഘടകങ്ങള്‍ (സംഘട്ടനരംഗങ്ങള്‍ക്കും മറ്റും)
 • ഓഡിയോ, വീഡിയോ എഡിറ്ററുകള്‍

കേരളത്തിലെ സ്കൂളുകളില്‍ അനിമേഷന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കാന്‍ ജിമ്പ് (വര), ഇങ്ക്സ്കെയ്പ് (വര), റ്റുപ്പി (അനിമേഷന്‍), ഒഡാസിറ്റി (ഓഡിയോ എഡിറ്റിങ്), ഓപ്പണ്‍ഷോട്ട് (വീഡിയോ എഡിറ്റിങ്) എന്നിവ ഉപയോഗിക്കുന്നത് ഈ ശൈലിക്ക് ഉദാഹരണമാണ്. ലൈസന്‍സിങ് ഫീസിന്റെ പ്രശ്നമില്ലാത്തതുകൊണ്ട് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ടൂളുകള്‍ ഇങ്ങനെ ഇഷ്ടാനുസാരം ഉപയോഗിക്കാം. ഇക്കൂട്ടത്തില്‍ ജിമ്പും ഇങ്ക്സ്കെയ്പും ഒ‍ഡാസിറ്റിയും നിലവാരമുള്ള ടൂളുകളാണ്. റ്റുപ്പി (Tupi) പഠനാവശ്യത്തിനുമാത്രമുള്ളതാണ്. ഓപ്പണ്‍ഷോട്ടിനും തത്കാലം വിസ്തൃതമായ സാദ്ധ്യതയില്ല.

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കുടുംബത്തില്‍ അടിസ്ഥാനസൌകര്യങ്ങളെങ്കിലും അവകാശപ്പെടാവുന്ന റ്റുഡി അനിമേറ്റര്‍ 'സിന്‍ഫിഗ്' (Synfig) ആണ്. ത്രീഡി ആവശ്യങ്ങള്‍ക്കുള്ള ബ്ലെന്‍ഡര്‍ പ്രൊപ്രൈറ്ററി ടൂളുകളോട് കിടപിടിക്കുന്നതാണെന്ന് ആദ്യമേ പറഞ്ഞല്ലോ. വീഡിയോ എഡിറ്റിങ്ങിനുള്ള കെഡെന്‍ലൈവും (Kdenlive) സാധാരണ ആവശ്യങ്ങള്‍ക്ക് ധാരാളം.


Click here to read more like this. Click here to send a comment or query.