2015 ഫെബ്രുവരിയില്‍ യൂട്യൂബിന് പത്തുവയസ്സാവുകയാണ്. തുടക്കം മുതല്‍ തന്നെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയ ഈ വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോം ഇന്നും അതിന്റെ പ്രയാണം തുടരുന്നു. അലക്സ റാങ്ക് പ്രകാരം മൂന്നാമത്തെ വെബ്സൈറ്റാണിത്. പ്രതാപത്തിന്റെ പേരു പറഞ്ഞ് വെറുതെയിരിക്കുന്നതിന് പകരം പുതിയ സങ്കേതങ്ങള്‍ അവതരിപ്പിക്കുന്നതാണ് യൂട്യൂബിനെ സജീവമാക്കുന്നത്. യൂട്യൂബിന്റെ ചരിത്രവും പുതിയ സംവിധാനങ്ങളും വിശകലനം ചെയ്യാം. ഒപ്പം വെബ്ബില്‍ യൂട്യൂബിന് ബദലെന്ത് എന്ന അന്വേഷണവുമാവാം.
ചരിത്രവും പ്രചാരവും
പേയ്പാല്‍ (PayPal) ജീവനക്കാരായിരുന്ന ചാഡ് ഹേളി (Chad Hurley), സ്റ്റീവ് ഷെന്‍ (Steve Chen), ജാവേദ് കരീം (Jawed Karim) എന്നിവരാണ് യൂട്യൂബിന്റെ തുടക്കക്കാര്‍. 2005 ഫെബ്രുവരി 14-നാണ് youtube.com എന്ന ഡൊമൈന്‍ നാമം നിലവില്‍ വരുന്നത്. പിന്നീടുള്ള ഏതാനും മാസങ്ങളിലായി വെബസൈറ്റിന്റെ നിര്‍മ്മാണം പുരോഗമിച്ചു. മെയ് 2005-ല്‍ പൊതുജനങ്ങള്‍ക്കായുള്ള ബീറ്റാ പതിപ്പ് തുറന്നുകൊടുത്തു. നവംബറില്‍ യൂട്യൂബിന്റെ ഔദ്യോഗികലോഞ്ചും നടന്നു.
2005 ഏപ്രില്‍ 23-ന് അപ്‌ലോഡ് ചെയ്ത ‘മി അറ്റ് ദ സൂ’ എന്ന വീഡിയോയാണ് യൂട്യൂബിലെ ആദ്യത്തെ വീഡിയോ. സഹസ്ഥാപകന്‍ ജാവേദ് കരീം സാന്‍ ഡിയേഗോ മൃഗശാലയില്‍ സമയം ചെലവഴിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇതിനകം ഒന്നരക്കോടി വ്യൂ പിന്നിട്ട ഈ വീഡയോ കാണാന്‍ me at the zoo എന്ന് സേര്‍ച്ച് ചെയ്താല്‍ മതി.
സ്ഥാപിച്ച് ഒരു വര്‍ഷമാവുമ്പോഴേക്കും യൂട്യൂബിന് വമ്പന്‍ പ്രചാരം കിട്ടിത്തുടങ്ങിയിരുന്നു. 2006-ലെ കണക്കുപ്രകാരം ദിവസവും പത്തുകോടി കാഴ്ചകളും (views) അറുപത്തയ്യായിരം അപ്‌ലോഡുകളുമാണ് അതിനുണ്ടായിരുന്നത്.
2006 നവംബറില്‍ 1.65 ബില്യണ്‍ യു.എസ്. ഡോളറിന് യൂട്യൂബിനെ ഗൂഗ്ള്‍ ഏറ്റെടുത്തു. അതോടെ യൂട്യൂബിന്റെ കുതിപ്പ് മേലോട്ടുതന്നെ എന്നുറപ്പായി.
അക്കൗണ്ട് വിശേഷങ്ങള്‍
ആകര്‍ഷകമായ അക്കൗണ്ട് വ്യവസ്ഥയാണ് യൂട്യൂബിന്റേത്. വീഡിയോകള്‍ കാണാന്‍ സൈന്‍-ഇന്‍ ചെയ്യണമെന്നില്ല. പോസ്റ്റ് ചെയ്യണമെങ്കില്‍ (അപ്‌ലോഡിങ്) സൗജന്യ അക്കൗണ്ടെടുക്കാം. സൗജന്യമാണിത്. ആദ്യമേ ഗൂഗ്ള്‍ അക്കൗണ്ടുള്ളവര്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല.
എത്ര വീഡിയോയും അപ്‌ലോഡ് ചെയ്യാം. അതും യൂട്യൂബ് അനുവദിക്കുന്ന പരമാവധി ഗുണനിലവാരത്തില്‍ (നിലവാരം കുറഞ്ഞാലും കുഴപ്പമില്ല). ഓരോ വീഡിയോക്കും പരമാവധി 15 മിനിറ്റ് ദൈര്‍ഘ്യമാവാം. യൂട്യൂബിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളനുസരിക്കുന്ന ഒരു മികച്ച ഉപയോക്താവാണ് നിങ്ങളെന്ന് ബോദ്ധ്യപ്പെച്ചാല്‍ ഈ സമയപരിധി 12 മണിക്കൂറായി ഉയരും!
ഇത്രയും നല്ല സേവനം സൗജന്യമായി നല്‍കാന്‍ യൂട്യൂബിനാവുന്നത് പരസ്യങ്ങളുള്ളതുകൊണ്ടാണ്. ഇതിന്റെ ഒരു വിഹിതം നമുക്കു തരാന്‍ ഗൂഗ്ള്‍ തയ്യാറാണ്! അതിനാണ് യൂട്യൂബ് പാര്‍ട്ണര്‍ഷിപ്പ് പ്രോഗ്രാം. ഈ ലേഖനത്തിന്റെ അവസാനഭാഗത്ത് അത് വിശദമാക്കുന്നുണ്ട്.
സാങ്കേതികനിലവാരം
ഉയര്‍ന്ന നിലവാരത്തിലുള്ള വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ യൂട്യൂബ് അവസരമൊരുക്കുന്നു. തുടക്കത്തില്‍ 320x240 റെസല്യൂഷനും ഒറ്റച്ചാനല്‍ എം.പീ.ത്രീ. ശബ്ദവും അനുവദിച്ചിരുന്ന യൂട്യൂബ് ഇന്ന്, ചലച്ചിത്രശാലകളിലുപയോഗിക്കുന്ന 4K ഫോര്‍മാറ്റ് വരെ പിന്തുണയ്ക്കുന്നു. 1080p എച്ച്.ഡി.യുടെ ഇരട്ടി നിലവാരം വരുമിത്! തുടക്കത്തില്‍ 320x240 റെസല്യൂഷനാണ് ഉണ്ടായിരുന്നത് എന്നു പറഞ്ഞല്ലോ. 2007-ല്‍ മൊബൈല്‍ ഫോണുകളെ ലക്ഷ്യം വച്ച് ത്രീജിപി പിന്തുണ വന്നു. 2008 മാര്‍ച്ചില്‍ റെസല്യൂഷന്‍ 480x360 പിക്സലായി ഉയര്‍ത്തി. അതേ വര്‍ഷം നവംബറിലാണ് 720p എച്ച്.ഡി.ക്ക് പിന്തുണ വന്നത്. അതോടെ (പഴയ ടെലിവിഷന്‍ സെറ്റിന്റേതുപോലുള്ള) 4:3 മുഖാംശബന്ധത്തില്‍നിന്നും 16:9 എന്ന വൈഡ്‌സ്ക്രീന്‍ റേഷ്യോയിലേക്ക് യൂട്യൂബ് പ്ലേയര്‍ ഉയര്‍ത്തപ്പെട്ടു. ഇന്നത്തെ ഒട്ടുമിക്ക സ്ക്രീനുകളും ഈ അനുപാതത്തിലുള്ളതാണല്ലോ. പിന്നീട് 2009-ല്‍ 1080p എച്ച്.ഡി.ക്ക് പിന്തുണ വന്നു. ഇതെല്ലാം കഴിഞ്ഞ് 2010-ലാണ് 4K പിന്തുണയ്ക്കുന്നത്.
സാധാരണ വീഡിയോകള്‍ 24-ഓ 30-ഓ ഫ്രെയിം റെയറ്റ് (frames per second -- fps) ഉപയോഗിക്കുമ്പോള്‍ 60 fps ആണ് യൂട്യൂബ് അനുവദിക്കുന്നത്! മനുഷ്യനേത്രങ്ങള്‍ക്ക് ഇത് അനാവശ്യം തന്നെയെങ്കിലും ചില സാങ്കേതികകാര്യങ്ങള്‍ക്ക് ഇത് ഉപയോഗപ്രദമാണ്.
ത്രീഡി വീഡിയോ പിന്തുണയ്ക്കുന്നു എന്നതാണ് യൂട്യൂബിന്റെ മറ്റൊരു സവിശേഷത. കടലാസ് വെട്ടിയുണ്ടാക്കാവുന്ന അനാഗ്ലിഫ് കണ്ണട മുതല്‍ ഉയര്‍ന്ന ത്രീഡി ഫോര്‍മാറ്റുകള്‍ വരെ ഇതില്‍പ്പെടും.
അനലിറ്റിക്സ്
യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ക്കായി യൂട്യൂബ് അവതരിപ്പിയ്ക്കുന്ന വിപുലമായ സ്ഥിതിവിവരസംവിധാനമാണ് അനലിറ്റിക്സ്. ഓരോ വീഡിയോയുടെയും വ്യൂവര്‍ഷിപ്പ്, കമന്റുകള്‍ തുടങ്ങി ഒരു ചാനലിന്റെ സ്വീകാര്യത ഉയരുകയോ താഴുകയോ എന്നതുവരെ അനലിറ്റിക്സില്‍നിന്ന് മനസ്സിലാക്കാം. യൂട്യൂബ് വഴി സമ്പാദിച്ച തുകയും ഇതില്‍ കാണിക്കും. വിവരങ്ങളെല്ലാം ഓരോ വീഡിയോക്കും പ്രത്യേകമായി കിട്ടും എന്നത് അനലിറ്റിക്സിനെ ആകര്‍ഷകമാക്കുന്നു.
ടെസ്റ്റ്റ്റ്യൂബ്
യൂട്യൂബുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങള്‍ വിരിയിച്ചെടുക്കാനുള്ള വേദിയാണ് ടെസ്റ്റ്റ്റ്യൂബ് (TestTube). പരീക്ഷണാടിസ്ഥാനത്തിലുള്ള പല സംവിധാനങ്ങളും ടെസ്റ്റ്റ്റ്യൂബില്‍ ലഭ്യമാണ്. പുതിയ ദേശങ്ങള്‍ തേടി യാത്രചെയ്യാന്‍ ഇഷ്ടമുള്ളയാളാണ് നിങ്ങളെങ്കില്‍ ഇവ പരീക്ഷിച്ചുനോക്കാം. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ പിന്നിട്ടെത്തുന്നവയാണ് ഇന്നു നാം ഉപയോഗിക്കുന്ന പല സേവനങ്ങളും.
പുതിയ സങ്കേതങ്ങള്‍
എച്ച്.ടി.എം.എല്‍. 5 വീഡിയോ
യൂട്യൂബ് ഉപയോക്താക്കളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്ന സംഗതിയാണ് ഫ്ലാഷ് പ്ലേയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. ഈയടുത്ത കാലം വരെ വെബ് പേജുകളില്‍ മള്‍ട്ടിമീഡിയ കൊണ്ടുവരാന്‍ നേരിട്ട് സംവിധാനമുണ്ടായിരുന്നില്ല. ഇതിന് ഫ്ലാഷ് പ്ലേയര്‍ പോലള്ള തേഡ് പാര്‍ട്ടി സങ്കേതങ്ങളെ ആശ്രയിക്കണമായിരുന്നു. എന്നാല്‍ എച്ച്.ടി.എം.എല്‍. 5-ന്റെ വരവോടെ ഇത്തരം അധികസംവിധാനങ്ങളെ ആശ്രയിക്കാതെതന്നെ വെബ് പേജുകളില്‍ ശബ്ദമോ ചലച്ചിത്രമോ ഉള്‍പ്പെടുത്താമെന്നായി. അതോടെ (തത്വത്തില്‍) ഫ്ലാഷ് യുഗത്തിന് അന്ത്യവുമായി.
യൂട്യൂബ് ഇന്നും ഫ്ലാഷ് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ എച്ച്.ടി.എം.എല്‍. 5 വീഡിയോ പിന്തുണച്ചുതുടങ്ങിയിട്ടുണ്ട്. യൂട്യൂബ് പൂര്‍ണ്ണമായും ഫ്ലാഷ്-മുക്തമായാല്‍ വെബ്ബിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലായിരിക്കുമത്.
മ്യൂസിക് കീ
പരസ്യങ്ങളില്ലാതെ സംഗീതവീഡിയോകള്‍ ആസ്വദിക്കാന്‍ യൂട്യൂബ് ഒരുക്കുന്ന സൗകര്യമാണിത്. സബ്സ്ക്രൈബ് ചെയ്തവര്‍ക്ക് യൂട്യൂബ് ഔദ്യോഗികമായിത്തന്നെ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ കാണാം (കേള്‍ക്കാം). മൊബൈല്‍ സിസ്റ്റങ്ങളില്‍ പശ്ചാത്തലത്തിലോ ഓഫ്‌ലൈനായോ കേള്‍ക്കാനുമാകും. ഗൂഗ്ള്‍ പ്ലേ മ്യൂസിക് ഓള്‍ ആക്സസ് സേവനത്തെ ആദേശം (replace) ചെയ്യാനുദ്ദേശിച്ചുകൊണ്ടുള്ളതാണ് പുതിയ സംവിധാനം.
കണ്ടന്റ് ഐ.ഡി.
മോഷ്ടിച്ചെടുത്ത വീഡിയോകള്‍ പകര്‍പ്പവകാശം നോക്കാതെ അപ്‌ലോഡ് ചെയ്യുക പതിവാണ്. ചിലര്‍ ഇതില്‍നിന്ന് പണമുണ്ടാക്കുകയും ചെയ്യുന്നു. ഇതിന് അവസരമൊരുക്കിക്കൊടുക്കുകയും ലാഭവിഹിതം കൈപ്പറ്റുന്നതിന്റെയും പേരില്‍ യൂട്യൂബിനെതിരെ ചിലര്‍ കേസുകൊടുക്കുകവരെയുണ്ടായി. ഈ പ്രശ്നത്തിന് ഒരു പരിഹാരമെന്ന നിലയില്‍ 2007-ല്‍ അവതരിപ്പിച്ച സംവിധാനമാണ് കണ്ടന്റ് ഐ.ഡി. പകര്‍പ്പവകാശമുള്ള വീഡിയോകളുടെ ഡേറ്റാബെയ്സ് സൂക്ഷിക്കുകയും പിന്നീടുള്ള അപ്‌ലോഡുകളെ ഇതുമായി തട്ടിച്ചുനോക്കി പകര്‍പ്പവകാശലംഘനം കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രവര്‍ത്തനതത്വം. ഈ സംവിധാനം ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
യൂട്യൂബില്‍നിന്ന് പണമുണ്ടാക്കാം!
വെബ്സൈറ്റ്, ബ്ലോഗ് ഉടമകള്‍ക്ക് പരസ്യം വഴി പണമുണ്ടാക്കാന്‍ ഗൂഗ്ള്‍ ഒരുക്കുന്ന സേവനമാണ് ആഡ്സെന്‍സ് (AdSense). വെബ്ബില്‍ നമുക്ക് സ്വന്തമായി ഒരിടമുണ്ടെങ്കില്‍ അവിടെ പരസ്യമിടുന്ന കാര്യം ഗൂഗ്ളേറ്റു. വരുമാനത്തിന്റെ ഒരു വിഹിതം നമുക്ക് തരാനും തയ്യാര്‍. വരുമാനത്തിന്റെ 45% ഗൂഗ്ളിനും 55% യൂട്യൂബര്‍ക്കും. എല്ലാവര്‍ക്കും ലാഭകരമായ (!) ഒരു കച്ചവടവ്യവസ്ഥയാണ് ഇതെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.
ഇതേ സേവനം യൂട്യൂബിലും ലഭ്യമാണ്. യൂട്യൂബ് പാര്‍ട്ണര്‍ഷിപ്പ് പ്രോഗ്രാം എന്നാണ് ഇതറിയപ്പെടുന്നത്. ഇതില്‍ ചേരുന്നത് സൗജന്യമാണ്. ഇതുമായി ബന്ധപ്പെട്ട ഓപ്ഷനുകള്‍ ചാനല്‍ സെറ്റിങ്സില്‍ ലഭിക്കും. നിലവില്‍ പത്തുലക്ഷത്തിലേറെ ആളുകള്‍ ഈ പ്രോഗ്രാമില്‍ അംഗങ്ങളായുണ്ട്.
പാര്‍ട്ണര്‍ഷിപ്പ് പ്രോഗ്രാമില്‍ ചേര്‍ന്നതുകൊണ്ടു മാത്രമായില്ല, ഓരോ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോഴും Monetize with Ads എന്ന ഓപ്ഷന്‍ ശരിയിടുകയും വേണം.
ഇതുമായി ബന്ധപ്പെട്ട ചില വീഡിയോകള്‍ ഇതാ:
- https://www.youtube.com/watch?v=xEx4uYiBa3g
- https://www.youtube.com/watch?v=a-FTAUx1seI
യൂട്യൂബിന്റെ സ്വാധീനം
ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സംവിധാനമായിത്തന്നെ യൂട്യൂബിനെ കണക്കാക്കാം. അതുകൊണ്ടുതന്നെ സമൂഹത്തില്‍ ഒട്ടേറെ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അതിനായിട്ടുണ്ട്.
പ്രകൃതിദുരന്തങ്ങളില്‍പ്പെട്ടവരെയും മറ്റും സഹായിക്കാനുള്ള ക്രൗഡ്സോഴ്സിങ് (ധനസമാഹരണം) യൂട്യൂബ് വേദിയായിട്ടുണ്ട്. മറ്റനേകം കൂട്ടായ്മകള്‍ക്കും യൂട്യൂബ് വേദിയായി. ‘യൂട്യൂബ് സിംഫണി ഓര്‍ക്കസ്ട്ര’ അത്തരത്തിലൊന്നാണ്. ലണ്ടന്‍ സിംഫണി ഓര്‍ക്കസ്ട്രയുടെ നേതൃത്വത്തില്‍ 2008-ല്‍ തുടങ്ങിയ ഇത് ലോകത്തിലെ ആദ്യ ഓണ്‍ലൈന്‍ ഓര്‍ക്കസ്ട്രയാണ്.
നിരോധനം
ചില കണക്കുകള്‍ പ്രകാരം ചൈന, ഇറാന്‍, പാക്കിസ്താന്‍, തുര്‍ക്ക്മെനിസ്താന്‍ (Turkmenistan) എന്നീ രാജ്യങ്ങളില്‍ യൂട്യൂബ് നിരോധനം നേരിടുന്നുണ്ട്. രാജ്യദ്രോഹപരമായ ഉള്ളടക്കം, പകര്‍പ്പവകാശലംഘനം, രാഷ്ട്രീയസാഹചര്യങ്ങള്‍ എന്നിവയാണ് ഇതിന് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
യൂട്യൂബിന് പകരം
ഇന്റര്‍നെറ്റില്‍ യൂട്യൂബിന് പുറമെ മറ്റനേകം വീഡിയോ സ്ട്രീമിങ്, പോഡ്കാസ്റ്റിങ് വെബ്സൈറ്റുകളുണ്ട്. യൂട്യൂബിനോളം സംവിധാനങ്ങള്‍ തരുന്നില്ല എന്നതാവാം ഒരുപക്ഷേ ഇവയെ പിന്നിലാക്കുന്നത്. എങ്കിലും വെബ്ബില്‍ യൂട്യൂബിനോടൊപ്പം നിന്ന് മത്സരിക്കാന്‍ കഴിവുള്ളവ തന്നെയാണ് അവയും. അത്തരം ചില വെബ്സൈറ്റുകള്‍ പരിശോധിക്കാം.
ഡെയ്ലിമോഷന്‍
പ്രചാരത്തിന്റെ കാര്യത്തില്‍ യൂട്യൂബിന് തൊട്ടുപിന്നില്‍ നില്‍ക്കുന്ന വീഡിയോ ഷെയറിങ് വെബ്സൈറ്റാണിത്. പതിനൊന്നുകോടി സന്ദര്‍ശകരാണ് ഓരോ മാസവും ഡെയ്ലിമോഷന്‍ സന്ദര്‍ശിക്കുന്നത്. 1080p എച്ച്.ഡി. വരെ നിലവാരമുള്ള വീഡിയോകള്‍ ഇതില്‍ അപ്‌ലോഡ് ചെയ്യാം.
വിലാസം: www.dailymotion.com
വീമിയോ
മൂന്നാം സ്ഥാനത്തുള്ള വീഡിയോ ഷെയറിങ് വെബ്സൈറ്റ്. വീഡിയോകള്‍ക്കിടയില്‍ പരസ്യം പ്രദര്‍ശിപ്പിക്കില്ല എന്നതാണ് വീമിയോയുടെ ഏറ്റവും വലിയ പ്രത്യേകത. ഇതിന്റെ സമ്പര്‍ക്കമുഖവും (ഇന്റര്‍ഫെയ്സ്) ആകര്‍ഷകമാണ്. ആഴ്ചയില്‍ 500MB വരെ അപ്‌ലോഡ് ചെയ്യാം. അതിനുമപ്പുറം വേണമെങ്കില്‍ പണം മുടക്കി പ്രത്യേക അക്കൗണ്ടെടുക്കണം.
വിലാസം: vimeo.com
ഫ്ലിക്കര്‍
ചിത്രങ്ങള്‍ പങ്കുവയ്ക്കാനുള്ള വെബ്സൈറ്റായാണ് അറിയപ്പെടുന്നതെങ്കിലും വീഡിയോ ഷെയറിങ്ങിനും ഫ്ലിക്കര്‍ ഉപയോഗപ്പെടുത്താം. പലര്‍ക്കും ഇതറിയില്ല എന്നതാണ് സത്യം. സൗജന്യമായിത്തന്നെ എച്ച്.ഡി. നിലവാരത്തിലുള്ള വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാം. ഒരു ടെറാബൈറ്റ് സ്റ്റോറേജും ലഭിക്കും.
വിലാസം: www.flickr.com/explore/video/