Nandakumar Edamana
Share on:
@ R t f

യൂട്യൂബിലറിയാം നിഴലിന്റെ ഭാരവും കണ്ണാടിയുടെ നിറവും


ശാസ്ത്രവും ഗണിതവുമൊന്നും സാധാരണക്കാരന് പിടിച്ചെന്നുവരില്ല. എന്നാല്‍ രസികന്‍ പരീക്ഷണങ്ങളായും കുസൃതിക്കണക്കായുമെല്ലാം രൂപമെടുക്കുമ്പോഴോ, ഇത്രയും കൗതുകമുള്ള പണി വേറെ ഇല്ലതാനും. ഇതുപോലെയാണ് യൂട്യൂബിലെ ചാനലുകളുടെ കാര്യവും. സിനിമയും പാട്ടുമൊക്കെ കാണുമ്പോള്‍ അപ്പുറത്തെ ഡോക്യുമെന്ററികളിലേക്ക് മൗസ് ചലിക്കില്ല. എന്നാല്‍ ചില സയന്‍സ് ചാനലുകള്‍ കണ്ടാലോ, പിന്നെ വീഡിയോ ഗെയിം പോലും വേണ്ടെന്നുവയ്ക്കും.

ഇത്തരം ചില ചാനലുകള്‍ യൂട്യൂബിലുണ്ട്. വീഡിയോകളുടെ നിലവാരം പോലെ തന്നെ ഇവയുടെ വ്യൂവര്‍ഷിപ്പും ഉയര്‍ന്നതാണ്. ഈ ചാനലുകള്‍ നടത്തുന്നവര്‍ യൂട്യൂബിനെ തങ്ങളുടെ പ്രധാനവരുമാനമാര്‍ഗമാക്കിക്കഴിഞ്ഞു. ഇതുമതിയല്ലോ ജനപ്രീതിക്ക് തെളിവായി.

ജനപ്രീതിയാര്‍ജ്ജിച്ച ശാസ്ത്രചാനലാണ് Vsauce. യഥാര്‍ത്ഥവസ്തുവല്ലാഞ്ഞിട്ടും നിഴലിന്റെ ഭാരമന്വേഷിക്കുകയും എന്തും പ്രതിഫലിപ്പിക്കുന്ന കണ്ണാടിയുടെ നിറം ചോദിക്കുകയും ചെയ്ത് ഒട്ടനേകം ശാസ്ത്രതത്വങ്ങളിലേക്കാണ് വീസോസിന്റെ വീഡിയോകള്‍ നമ്മെ കൊണ്ടെത്തിക്കുന്നത്. മൈക്കല്‍ സ്റ്റീവന്‍‌സ് തുടക്കം കുറിച്ച ഇതിപ്പോള്‍ Vsauce, Vsauce2, Vsauce3, WeSauce എന്നിങ്ങനെ പല ചാനലുകളായുണ്ട്. Vsauce.com എന്ന വെബ്സൈറ്റും ഇവരുടേതാണ്. fakenamegenerator.com എന്ന വെബ്സൈറ്റില്‍നിന്നാണ് വീസോസ് എന്ന പേരുണ്ടാക്കിയത്.

വീസോസ് പോലുള്ള പോപ്പുലര്‍ സയന്‍സ് ചാനലുകളാണ് Veritasium, DNews, minutephysics, minuteearth തുടങ്ങിയവ. ഡിസ്കവറയുടെയും നാഷണല്‍ ജ്യോഗ്രഫിക്കിന്റെയും നാസയുടെയുമെല്ലാം യൂട്യൂബ് ചാനലുകളെപ്പറ്റി പ്രത്യേകം പറയേണ്ടല്ലോ.

കംപ്യൂട്ടര്‍ സയന്‍സുമായി ബന്ധപ്പെട്ട ഒരു ചാനലുകളാണ് Computerphile. പൂജ്യം കൊണ്ടുള്ള ഹരണം പോലുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്ന ഗണിതശാസ്ത്രചാനലാണ് Numberphile. സാംസങ്ങിന്റെ വലിപ്പവും ആപ്പിളിന്റെ സാമ്പത്തികസ്രോതസ്സുമെല്ലാം വിശകലനം ചെയ്ത ചാനലാണ് coldfustion.

ഒരു ചലച്ചിത്രകാരനാവാന്‍ താത്പര്യമുണ്ടെങ്കില്‍ FilmmakerIQcom എന്ന ചാനല്‍ സന്ദര്‍ശിക്കാം. വിഷ്വല്‍ ഇഫക്റ്റില്‍ താത്പര്യമുള്ളവര്‍ക്കുള്ളതാണ് ILMVisualFX, StanWinstonSchool, WetaDigitalVisualFX എന്നീ ചാനലുകള്‍. ചലച്ചിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്ത് ശ്രദ്ധ നേടിയ രണ്ടു ചാനലുകളാണ് WatchMojo, ScreenRant എന്നിവ. വാച്ച്മോജോയുടെ ടോപ്പ് ടെന്‍ കൗണ്ട് ഡൗണുകള്‍ക്ക് വലിയ ജനപ്രീതിയാണുള്ളത്. ചലച്ചിത്രത്തിലും പിശകുകളും ഗൂഢസന്ദേശങ്ങളുമെല്ലാം വിശകലനം ചെയ്യലാണ് സ്ക്രീന്‍റാന്റിന്റെ പണി.


Click here to read more like this. Click here to send a comment or query.