Nandakumar Edamana
Share on:
@ R t f

യൂട്യൂബും പറയുന്നു ഫ്ലാഷിന് വിട!


വെബ് ലോകത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് എച്ച്.ടി.എം.എല്‍.5 കടന്നുവന്നത്. വെബ് പേജുകള്‍ തയ്യാറാക്കുന്ന ഭാഷയായ എച്ച്.ടി.എം.എലിന്റെ പുതിയ സ്റ്റാന്‍ഡേഡാണിത്. അതുവരെ വെബ് പേജുകളില്‍ ചലച്ചിത്രവും ശബ്ദവും ഉള്‍പ്പെടുത്താന്‍ ഫ്ലാഷ് പ്ലേയര്‍ പോലുള്ള തേഡ്-പാര്‍ട്ടി സംവിധാനങ്ങള്‍ മാത്രമായിരുന്നു പോംവഴി. പുതിയ സ്റ്റാന്‍ഡേഡ് വന്നതോടെ

അതെല്ലാം വെബ് ഡിസൈനര്‍മാരുടെ കാര്യം. സാധാരണക്കാരന് ഇതുകൊണ്ടെന്താണ് മെച്ചം? മെച്ചമുണ്ട് -- ഒരുപാട്. വെബ് എന്നത് ഒരു സ്വതന്ത്രലോകമാണ്. അവിടെ ഒന്നും ആരുടെയും കുത്തകയാവാന്‍ പാടില്ല. എച്ച്.ടി.എം.എല്‍., ജാവാസ്ക്രിപ്റ്റ് തുടങ്ങി വെബ്ബിനെ ഭരിക്കുന്ന സംവിധാനങ്ങളെല്ലാം ‘ഓപ്പണ്‍ സ്റ്റാന്‍ഡേഡുകളാ’ണ്. പി.എച്ച്.പി., ഗ്നു/ലിനക്സ്, അപാച്ചെ പോലുള്ള സോഫ്റ്റ്‌വെയറുകള്‍ സ്വതന്ത്രലൈസന്‍സിനുകീഴിലും.

വെബ്ബിന്റെ നിലനില്‍പ്പ് ഏതെങ്കിലും വ്യക്തിയുടെയോ കമ്പനിയുടെയോ ഔദാര്യത്തിലല്ലെന്നാണ് ഈ പറഞ്ഞതിനര്‍ത്ഥം. എന്നാല്‍ അഡോബീ, മൈക്രോസോഫ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുമ്പോള്‍ ഈ സ്വാതന്ത്ര്യവും സ്വാശ്രയത്വവും വെബ്ബിന് നഷ്ടമാകുന്നു. ഫ്ലാഷ് പ്ലേയറില്ലാതെ യൂട്യൂബ് പ്രവര്‍ത്തിക്കില്ല, ഫ്ലാഷ് പ്ലേയറോ അഡോബീ എന്ന കമ്പനിയുടെ നിയമങ്ങള്‍ക്കനുസരിച്ചേ ഉപയോഗിക്കാനാവൂ എന്നതെല്ലാം ഈയൊരു ദുരവസ്ഥയുടെ ഭാഗമായിരുന്നു. (സാങ്കേതികലോകത്തിന് പി.ഡി.എഫ്. പോലുള്ള മൗലികസംഭാവനകള്‍ നല്‍കിയിട്ടുണ്ട് അഡോബീ എന്ന കാര്യം മറക്കുന്നില്ല.)

എന്നാല്‍ എച്ച്.ടി.എം.എല്‍.5-ഉം സി.എസ്.എസ്.3-യും വന്നതോടെ ഈയവസ്ഥ മാറുകയാണ്. മിക്ക വെബ്സൈറ്റുകളും ഫ്ലാഷിനോട് വിടപറഞ്ഞു. ഫ്ലാഷിന്റെ മുഖ്യസ്ഥാനമായിരുന്ന യൂട്യൂബും ഈ മാറ്റത്തിന് കുറേ മുമ്പേ തുടക്കം കുറിച്ചിരുന്നു. വെബ് ബ്രൗസറുകളുടെ പിന്തുണക്കുറവ്, സ്റ്റാന്‍ഡേഡുകളുടെ ബാലാരിഷ്ടത എന്നിവയെല്ലാമായിരുന്നു വെല്ലുവിളികള്‍. എന്നാല്‍ ഇന്ന് യൂട്യൂബിന്റെ എച്ച്.ടി.എം.എല്‍.5 പ്ലേയര്‍ പൂര്‍ണ്ണമായും ഫ്ലാഷിനെ തുടച്ചുമാറ്റുന്ന രൂപത്തിലായിട്ടുണ്ട്. നന്നായി പ്രവര്‍ത്തിക്കുന്ന ഇതുപയോഗിക്കുന്നതോടെ ഉപയോക്താക്കള്‍ കൂടുതല്‍ സുരക്ഷിതരും ‘അപ്-റ്റു-ഡേറ്റും’ ആകുന്നു. നിങ്ങളുടെ ബ്രൗസര്‍ സാമാന്യം പുതിയ വേര്‍ഷനായിരിക്കണമെന്നതുമാത്രമാണ് നിബന്ധന.

ഇനി യൂട്യൂബിലെ എച്ച്.ടി.എം.എല്‍.5 പ്ലേയര്‍ എങ്ങനെ എനേബ്ള്‍ ചെയ്യാമെന്ന് നോക്കാം (തൃപ്തികരമല്ലെങ്കില്‍ ഫ്ലാഷിലേക്കുതന്നെ മടങ്ങുകയുമാവാം). youtube.com/html5 എന്ന വിലാസം സന്ദര്‍ശിച്ചാല്‍ ഈ സംവിധാനത്തിന്റെ ബ്രൗസര്‍ പിന്തുണ അറിയുകയും എനേബ്ളോ ഡിസേബ്ളോ ചെയ്യുകയുമാവാം. കുറേക്കൂടി പുതിയ പ്ലേയര്‍ പരീക്ഷിക്കണമെങ്കില്‍ youtube.com/testtube സന്ദര്‍ശിക്കാം. നിങ്ങള്‍ സൈന്‍ ഇന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഈ ക്രമീകരണങ്ങള്‍ എപ്പോഴും അതേപടി നിന്നോളും.

കുറിപ്പ്: ഗ്നു/ലിനക്സില്‍ ക്രോമിയം ഉപയോഗിക്കുന്നവര്‍ പാക്കേജ് മാനേജര്‍ (ഉദാ: സിനാപ്റ്റിക്, ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്റര്‍) വഴി chromium-codecs-ffmpeg-extra എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക. chromium-codecs-ffmpeg-extra youtube എന്ന് ഗൂഗ്ളില്‍ തിരഞ്ഞാല്‍ കൂടുതലറിയാം.


Click here to read more like this. Click here to send a comment or query.