എറര്‍ കോഡ് 404 എല്ലാവര്‍ക്കും പരിചിതമായിരിക്കും -- നോട്ട് ഫൗണ്ട്. നാം അന്വേഷിക്കുന്ന ഒരു വെബ് പേജ് അഥവാ റിസോഴ്സ് നിലവില്‍ ഇല്ലെങ്കിലാണ് വെബ് സെര്‍വര്‍, 404 എന്ന സന്ദേശം അയച്ചുതരിക. ഇത്തരം എറര്‍ കോഡുകള്‍ എച്ച്.ടി.ടി.പി. സ്റ്റാറ്റസ് കോഡുകള്‍ എന്നാണ് അറിയപ്പെടുന്നത്.
ഈ കൂട്ടത്തിലേക്ക് ഒരു പുതിയ കോഡ് കൂടി വന്നിരിക്കുകയാണ് -- HTTP 451. "Unavailable For Legal Reasons" എന്നതാണ് ഇതിന്റെ വാചകരൂപം. നാം ആവശ്യപ്പെടുന്ന പേജ്/റിസോഴ്സ് നിയമവിരുദ്ധമായതിനാല്‍ ലഭ്യമാക്കാനാവില്ല എന്നതാണ് ഇതിന്റെ അര്‍ത്ഥം. നിരോധിച്ചിരിക്കുന്നു (Forbidden) എന്ന അര്‍ത്ഥത്തില്‍ 403 എന്ന കോഡ് ആദ്യമേയുണ്ടെങ്കിലും പുതിയ കോഡ് അതില്‍നിന്ന് വ്യത്യസ്തമാണ്. പെര്‍മിഷന്‍, യൂസര്‍ അക്കൗണ്ടുകള്‍ തുടങ്ങിയ പല സാങ്കേതികകാരണങ്ങളുമാവാം 403-ന്റെ പിന്നില്‍ (ഉദാ: ലോഗിന്‍ ചെയ്യാതിരിക്കുക, അഡ്മിനിസ്ട്രേറ്റര്‍ക്കുമാത്രം അധികാരമുള്ള സ്ഥലങ്ങളില്‍ കയറാന്‍ നോക്കുക). എന്നാല്‍ പകര്‍പ്പവകാശപ്രശ്നങ്ങളോ സര്‍ക്കാരിന്റെ സെന്‍സറിങ്ങോ ഒക്കെയാണ് 451. പുതിയ കോഡ് ഈയൊരു വേര്‍തിരിവ് വ്യക്തമാവാന്‍ സഹായിക്കും.
എന്നാല്‍ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു സൂചനയും നല്‍കരുതെന്നുണ്ടെങ്കില്‍ സൈറ്റുകള്‍ക്ക് 451-ന് പകരം 404 പ്രദര്‍ശിപ്പിക്കേണ്ടിവരും. 'കള്ളന്‍ അകത്തുണ്ട്, പുറത്തുവിടില്ല' എന്നു പറയുന്നതിനുപകരം 'കള്ളന്‍ ഇവിടെയില്ല' എന്ന് നുണപറയുന്നതുപോലെ. സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നതിനുപകരം സൈറ്റേ ഇല്ല എന്നമട്ടിലുള്ള ഈ നുണപറച്ചില്‍ ബ്രിട്ടിനിലും മറ്റുമായി പല ഐ.എസ്.പി.കളും ഉപയോഗിച്ചുവരുന്നുണ്ട്.
പ്രശസ്ത അമേരിക്കന്‍ ശാസ്ത്രസാഹിത്യകാരനായിരുന്ന റേ ബ്രാഡ്ബറിയുടെ Fahrenheit 451 എന്ന നോവലാണ് പേരിനാധാരം. പുസ്തകങ്ങള്‍ നിയമവിരുദ്ധമായ ഒരു സമൂഹത്തിന്റെ കഥയാണിത്.
2013-ല്‍ ടിം ബ്രേ ആണ് ഇത് ഔപചാരികമായി മുന്നോട്ടുവച്ചത്. ഇതിനുമുമ്പ് ഇത്തരമൊരാശയം ക്രിസ് അപ്ലിഗേറ്റ്, ടെറെന്‍സ് ഏദര്‍ എന്നിവരും നിര്‍ദേശിച്ചിരുന്നു. 2015 ഡിസംബര്‍ 18-ന് പുതിയ എറര്‍ കോഡ് IESG (Internet Engineering Steering Group) അംഗീകരിച്ചു.
ഇനി പ്രധാനപ്പെട്ട ചില എച്ച്.ടി.ടി.പി. സ്റ്റാറ്റസ് കോഡുകള്‍ പരിചയപ്പെടാം:
- 2xx (200, 201, 202, ...) - Success
- 200 - OK
- 301 - Moved Permanently
- 307 - Temporary Redirect
- 308 - Permanent Redirect
- 400 - Bad Request
- 401 - Unauthorized
- 402 - Payment Required
- 403 - Forbidden
- 404 - Not Found
- 408 - Request Timeout
- 410 - Gone (ഈ വിലാസം ഇപ്പോള്‍ ലഭ്യമല്ല, ഇനി ലഭ്യമാവുകയുമില്ല)
- 451 - Unavailable For Legal Reasons
- 500 - Internal Server Error
- 520 - Unknown Error