സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില സൈബര്‍ തട്ടിപ്പുകളുടെ പേരുവിവരങ്ങളിതാ.
സ്പൂഫിങ് (Spoofing)
സൈബര്‍ ലോകത്തെ ആള്‍മാറാട്ടമാണ് സ്പൂഫിങ്. വെബ്സൈറ്റുകളുടെ വിലാസമോ രൂപമോ അനുകരിക്കുന്നതും ഇ-മെയില്‍ അയയ്ക്കുമ്പോള്‍ ഫ്രം ഫീല്‍ഡില്‍ തന്റേതല്ലാത്ത വിലാസം വയ്ക്കുന്നതുമെല്ലാം സ്പൂഫിങ്ങിന് ഉദാഹരണമാണ്. വിശ്വസനീയമായ രീതിയില്‍ തെറ്റായ നിര്‍ദേശങ്ങള്‍ നല്‍കാനും പാസ്‌വേഡ് മോഷ്ടിക്കാനുമെല്ലാം ഈ രീതി ഉപയോഗിച്ചുവരുന്നു.
ഫിഷിങ് (Phishing)
പ്രലോഭിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും വിലപ്പെട്ട വിവരങ്ങള്‍ കൊള്ളയടിക്കലാണ് ഫിഷിങ് (phishing). കാഴ്ചയില്‍ സമാനത പുലര്‍ത്തുന്ന ലോഗിന്‍ പേജുണ്ടാക്കി പാസ്‌വേഡ് മോഷ്ടിക്കുക, ലോട്ടറിവിജയത്തിന്റെ പേരില്‍ ഇ-മെയിലയച്ച് ബാങ്ക് വിവരങ്ങളും പണവും മോഷ്ടിക്കുക തുടങ്ങിയവയെല്ലാം ഇതിനുദാഹരണമാണ്.
ഫാമിങ് (Pharming)
ഒരു വെബ്സൈറ്റ് അന്വേഷിച്ചുവരുന്ന സന്ദര്‍ശകനെ മറ്റൊരു വെബ്സൈറ്റിലേക്ക് തിരിച്ചുവിടുന്നതാണ് ഫാമിങ്. സ്പൂഫിങ്ങില്‍നിന്നും ഇതിന് വ്യത്യാസങ്ങളുണ്ട്. സ്പൂഫിങ് ഉപയോഗപ്പെടുത്തുന്ന വ്യാജവെബ്സൈറ്റിന്റെ വിലാസം യഥാര്‍ത്ഥവെബ്സൈറ്റിനോട് സാദൃശ്യം പുലര്‍ത്തുകയേയുള്ളൂ. എന്നാല്‍ ഫാമിങ്ങില്‍ വിലാസം തനിപ്പകര്‍പ്പായിരിക്കും. example.com പോലുള്ള വിലാസങ്ങളെ അവയുടെ ഐ.പി. വിലാസമാക്കി മാറ്റുന്ന ഹോസ്റ്റ്സ് ഫയലുകളിലോ ഡി.എന്‍.എസ്. സെര്‍വറുകളിലോ കുഴപ്പം സൃഷ്ടിച്ചാണ് ഇത് സാദ്ധ്യമാക്കുന്നത്.
വള്‍ണറബിളിറ്റി (Vulnerability)
സോഫ്റ്റ്‌വെയര്‍ കോഡിങ്ങിലെ പിഴവുകൊണ്ടോ ഉപയോക്താവിന്റെ വിവേകശൂന്യമായ പ്രവര്‍ത്തനംകൊണ്ടോ കമ്പ്യൂട്ടറിലുണ്ടാവുന്ന സുരക്ഷാപ്പഴുതാണ് വള്‍ണറബിളിറ്റി. ഇത് ചൂഷണം ചെയ്യുകയാണ് മിക്ക അക്രമികളും ചെയ്യുന്നത്. പതിവായി സെക്യൂരിറ്റി അപ്ഡേറ്റുകള്‍ നടത്തുകയെന്നതാണ് ഇതു തടയാനുള്ള പോംവഴി.
മാല്‍വെയര്‍ (Malware)
കമ്പ്യൂട്ടറിനും ഉപയോക്താവിനും ദോഷകരമായ ഏതുപ്രോഗ്രാമും മാല്‍വെയര്‍ ആണ്. ‘മാലീഷ്യസ് സോഫ്റ്റ്‌വെയര്‍’ എന്നതിന്റെ ചുരുക്കമാണ് മാല്‍വെയര്‍. വൈറസ്സും മറ്റും ഇതിന്റെ ഉപവിഭാഗങ്ങളായി കണക്കാക്കാം.
റാന്‍സംവെയര്‍ (Ransomware)
കമ്പ്യൂട്ടറില്‍ കുഴപ്പങ്ങളുണ്ടാക്കുകയും പഴയപടിയാക്കാന്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്ന മാല്‍വെയറാണ് റാന്‍സംവെയര്‍. റാന്‍സം എന്നാല്‍ മോചനദ്രവ്യം എന്നാണര്‍ത്ഥം. ചില റാന്‍സംവെയറുകള്‍ ഉപയോക്താവിന്റെ ഡേറ്റ പൂട്ടിവയ്ക്കുകയും (എന്‍ക്രിപ്റ്റ് ചെയ്യുക) തിരിച്ചെടുക്കാന്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്നു.
ഫോണ്‍ ക്ലോണിങ് (Phone Cloning)
മൊബൈല്‍ നമ്പറിന്റെ വ്യാജപകര്‍പ്പ് സൃഷ്ടിക്കലാണ് ഫോണ്‍ ക്ലോണിങ്. സിം കാര്‍ഡുകളുടെ പകര്‍പ്പെടുത്തോ (SIM Cloning) സിം ഉപയോഗിക്കാത്ത ഫോണുകളിലെ ഫയല്‍സിസ്റ്റം തിരുത്തിയോ എല്ലാം ഇതു ചെയ്യാം.
സ്കിമ്മിങ് (Skimming)
ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രക്രിയയാണിത്. രശീതുകളുടെ പകര്‍പ്പെടുക്കുന്നതുപോലുള്ള ലളിതമായ രീതികള്‍ മുതല്‍ സ്കിമ്മറുകള്‍ ഘടിപ്പിക്കുക വരെ ഇതിനായി ചെയ്തുവരുന്നുണ്ട്. എ.ടി.എം. കൗണ്ടറുകളിലും മറ്റും കാര്‍ഡിലെ കാന്തിക വിവരങ്ങള്‍ ചോര്‍ത്താനുപയോഗിക്കുന്ന യന്ത്രങ്ങളാണ് സ്കിമ്മറുകള്‍. ഇതോടൊപ്പം കൃത്രിമ കീപാഡുകളോ ഒളിക്യാമറകളോ ഘടിപ്പിച്ച് പിന്‍ നമ്പറും ചോര്‍ത്തുന്നു.
കാര്‍ഡിങ് (Carding)
മറ്റുള്ളവരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് രഹസ്യങ്ങളുമെല്ലാം ശേഖരിക്കുന്ന പ്രക്രിയയാണിത്. ഷോപ്പിങ് സൈറ്റുകളുടെ ഹാക്കിങ്, സ്കിമ്മറുകള്‍ തുടങ്ങിയ രീതികള്‍ വഴി മോഷ്ടിച്ചതാവാം ഈ വിവരങ്ങള്‍. ചിലപ്പോള്‍ ട്രയല്‍-ആന്‍ഡ്-എറര്‍ രീതി വഴി കൃത്രിമമായി സൃഷ്ടിച്ച് പരീക്ഷിച്ചറിഞ്ഞതുമാവാം.