Nandakumar Edamana
Share on:
@ R t f

ഫയലൊളിപ്പിക്കും വൈറസ്


ചില പ്രധാനപ്പെട്ട ഫയലുകള്‍ കോപ്പി ചെയ്യാന്‍ നിങ്ങള്‍ പെന്‍ഡ്രൈവ് കുത്തുന്നു. സെക്കന്‍ഡുകള്‍ക്കകം സ്ക്രീനില്‍ പെന്‍ഡ്രൈവിന്റെ ഐക്കണ്‍ തെളിയുന്നു. എല്ലാം ഭദ്രം. എന്നാല്‍ ഐക്കണില്‍ എത്ര ഡബിള്‍ ക്ലിക്ക് ചെയ്തിട്ടും ഫയലുകള്‍ തുറന്നുവരുന്നില്ല. ക്രമേണ നിങ്ങള്‍ അതു തിരിച്ചറിയുന്നു -- പെന്‍ഡ്രൈവില്‍ ആകെയുള്ളത് ആ ഷോര്‍ട്ട്കട്ട് ലിങ്ക് മാത്രമാണ്! ഫയലെല്ലാം അപ്രത്യക്ഷം!

വിന്‍ഡോസ് ഉപയോക്താക്കള്‍ പലപ്പോഴും നേരിട്ടിട്ടുള്ള ഒരു വൈറസ് ദുരനുഭവമാണിത്. ഫയലെല്ലാം പോയെന്നു മനസ്സിലായ സ്ഥിതിക്ക് ഒരു സാധാരണ ഉപയോക്താവ് പിന്നെ ചെയ്യുക ഫോര്‍മാറ്റിങ് തന്നെയാണ്. ബാക്കപ്പ് എടുത്തുവച്ചിട്ടില്ലാത്തവരെസ്സംബന്ധിച്ച് ഇത് പറഞ്ഞറിയിക്കാനാവാത്ത നിരാശയാവും തരിക.

എന്നാല്‍ ഒരു നിമിഷം നില്‍ക്കുക -- വൈറസ്സല്ല, മറിച്ച് ഫോര്‍മാറ്റിങ് വഴി നിങ്ങളാണ് ഫയലുകളില്ലാതാക്കുന്നത്. കാരണം, ഇത്തരം വൈറസ്സുകള്‍ പലപ്പോഴും ഫയല്‍ ഹൈഡ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. അവ അണ്‍ഹൈഡ് ചെയ്യാന്‍ ശ്രമിക്കാം ആദ്യം. Ctrl+H ഉപയോഗിച്ചുള്ള സാധാരണ അണ്‍ഹൈഡിങ് മതിയാവില്ല ഇവിടെ. മറിച്ച് കമാന്‍ഡ് ലൈനും ആവശ്യമെങ്കില്‍ ഗ്നു/ലിനക്സ് തന്നെയും ഉപയോഗിക്കണം.

വിന്‍ഡോസ് കമാന്‍ഡ് പ്രോംപ്റ്റ്

വൈറസ് ഹൈഡ് ചെയ്ത ഫയലുകള്‍ വീണ്ടെടുക്കാന്‍ സാധാരണ അണ്‍ഹൈഡിങ് മതിയാവില്ലെന്നു പറഞ്ഞല്ലോ. കുറേക്കൂടി സങ്കീര്‍ണമായ ആട്രിബ്യൂട്ടുകളെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതിനായി attrib കമാന്‍ഡിന്റെ സഹായം തേടണം. ഇതെങ്ങനെ ചെയ്യാമെന്ന് നോക്കാം.

  1. കമാന്‍ഡ് പ്രോംപ്റ്റ് തുറക്കുക (Win key + R, തുടര്‍ന്ന് cmd എന്ന് ടൈപ്പ് ചെയ്ത് എന്ററമര്‍ത്തുക).
  2. പെന്‍ഡ്രൈവിന്റെ/ഹാര്‍ഡ് ഡിസ്ക് പാര്‍ട്ടീഷന്റെ ഡ്രൈവ് ലെറ്ററും സ്പെയ്സ് വിടാതെ കോളനും (:) ടൈപ്പ് ചെയ്ത് എന്ററമര്‍ത്തുക (ഉദാ: G:).
  3. ഇനി താഴെ കൊടുത്തിരിക്കുന്ന കമാന്‍ഡ് ടൈപ്പ് ചെയ്ത് എന്ററമര്‍ത്തുക:
attrib -s -h -r /s /d

സിസ്റ്റം ഫയല്‍, ഹിഡണ്‍, റീഡ് ഓണ്‍ലി എന്നീ ആട്രിബ്യൂട്ടുകള്‍ ഒഴിവാക്കാനാണ് യഥാക്രമം -s, -h, -r എന്നീ ഓപ്ഷനുകള്‍. /d ഡയറക്റ്ററികളെയും (ഫോള്‍ഡറുകള്‍) /s സബ്ഡയറക്റ്ററികളെയും സൂചിപ്പിക്കുന്നു.

ഇതോടെ ഡ്രൈവിലെ ഫയലുകള്‍ ഹിഡണ്‍ അല്ലാതായി മാറിയിട്ടുണ്ടാവും. ചിലപ്പോള്‍ പേരൊന്നുമില്ലാത്ത (സ്പെയ്സാവും പേര്) ഒരു ഫോള്‍ഡറിന്റെ ഉള്ളിലേക്ക് ഫയലുകള്‍ നീങ്ങിയിട്ടുമുണ്ടാവും.

ഇത് വൈറസ്സിനെ കളയുന്നില്ലെന്ന് പ്രത്യേകമോര്‍ക്കുക. അതിന് ആന്റിവൈറസ്സിന്റെ സഹായം തന്നെ വേണം. ഷോര്‍ട്ട്കട്ട് വൈറസ്സുകളെ നീക്കം ചെയ്യാന്‍ വെബ്ബില്‍ ലഭ്യമായ സൗജന്യ യൂട്ടിലിറ്റികളെ കണ്ണടച്ച് വിശ്വസിക്കരുതെന്നും ഇവിടെ ഓര്‍മ്മപ്പെടുത്തട്ടെ. സ്വീകാര്യതയുള്ള ആന്റിവൈറസ്സുകള്‍ മാത്രമുപയോഗിക്കുക.

ഗ്നു/ലിനക്സ് രീതി

ഷോര്‍ട്ടകട്ട് വൈറസ് ബാധിച്ച പെന്‍ഡ്രൈവ് ഗ്നു/ലിനക്സുള്ള കംപ്യൂട്ടറില്‍ ഘടിപ്പിച്ച് ഫയലുകള്‍ വീണ്ടെടുക്കുന്നതാണ് ഏറ്റവും നല്ല രീതി. വിന്‍ഡോസിലെ ഫയല്‍ ആട്രിബ്യൂട്ടുകള്‍ സ്വീകരിക്കാത്തതിനാല്‍ കമാന്‍ഡൊന്നും നല്കാതെതന്നെ ഹിഡണ്‍ ഫയലുകള്‍ കാണാം. വൈറസ് പെന്‍ഡ്രൈവില്‍ തിരുകിക്കയറ്റിയ ലിങ്കുകളും എക്സിക്യൂട്ടബ്ള്‍ ഫയലുകളുമൊന്നും പ്രവര്‍ത്തിച്ച് കൂടുതല്‍ കുഴപ്പമുണ്ടാക്കില്ലെന്ന ഗുണവുമുണ്ട്.

ഇനി ഗ്നു/ലിനക്സില്‍ ഇത്തരം വൈറസ്സുകള്‍ വരുമോയെന്ന് നോക്കാം. വിന്‍ഡോസിനുവേണ്ടി എഴുതിയ വൈറസ്സുകളൊന്നും ഗ്നു/ലിനക്സില്‍ പ്രവര്‍ത്തിക്കില്ല. ഗ്നു/ലിനക്സ് ലക്ഷ്യമിട്ട് എഴുതിയ വൈറസ്സുകളാകട്ടെ വേണ്ടത്ര വിജയിച്ചിട്ടുമില്ല. എന്നാല്‍ ഉബുണ്ടു പോലുള്ള ഗ്നു/ലിനക്സ് പതിപ്പുകളുടെ സ്വീകാര്യത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹാക്കര്‍മാര്‍ ശ്രമം ശക്തമാക്കിയേക്കാം. വിന്‍ഡോസില്‍ പെന്‍ഡ്രൈവ് വൈറസ്സുകള്‍ കുഴപ്പമുണ്ടാക്കുന്നത് മിക്കവാറും autorun.inf എന്ന ഫയല്‍ വഴിയാണ് (എല്ലാ ഓട്ടോറണ്ണും വൈറസ്സല്ല). ഇതിനുസമാനമായി ഗ്നു/ലിനക്സില്‍ ഉപയോഗിച്ചുവരുന്നത് autorun.sh എന്ന ഫയലാണ്. ഹാക്കര്‍മാരുടെ അടുത്ത ലക്ഷ്യം ഒരുപക്ഷേ ഈ ഫയലാകാം. എന്നാല്‍ ഗ്നു/ലിനക്സ് പതിപ്പുകള്‍ വിന്‍ഡോസിലേതുപോലെ ഓട്ടോറണ്‍ ഫയല്‍ സ്വയം പ്രവര്‍ത്തിപ്പിക്കാറില്ല. അനുവാദം ചോദിക്കും. അപ്പോള്‍ വിശ്വസ്തമല്ലെന്നു തോന്നിയാല്‍ സ്ക്രിപ്റ്റിന്റെ പ്രവര്‍ത്തനം തടയാം.


Click here to read more like this. Click here to send a comment or query.