Nandakumar Edamana
Share on:
@ R t f

ക്ലാംഎവി: ഗ്നു/ലിനക്സിലും പ്രവര്‍ത്തിക്കുന്ന ആന്റിവൈറസ്


തലക്കെട്ട് കാണുമ്പോള്‍ ഗ്നു/ലിനക്സിലും ആന്റിവൈറസ്സോ എന്ന് പലരും നെറ്റിചുളിച്ചേക്കാം. ഗ്നു/ലിനക്സില്‍ വൈറസ്സുകള്‍ വരില്ലെന്ന പൊതുധാരണയും ഭൂരിഭാഗം ആന്റിവൈറസ്സുകളും വിന്‍ഡോസിനെ ലക്ഷ്യമാക്കുന്നു എന്ന വസ്തുതയും നിലനില്ക്കെ ഇത് സ്വാഭാവികം.

ഗ്നു/ലിനക്സിനും ആന്റിവൈറസ്സുകള്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ അവയുടെ പ്രധാനലക്ഷ്യം വിന്‍ഡോസ് വൈറസ്സുകളാണ് എന്നതാണ് രസകരമായ വസ്തുത. ഈയൊരു വൈരുദ്ധ്യം പരിശോധിക്കുകയും ഗ്നു/ലിനക്സിലടക്കം പ്രവര്‍ത്തിക്കുന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആന്റിവൈറസ് ആയ ക്ലാംഎവി പരിചയപ്പെടുത്തുകയുമാണ് ഈ ലക്കം ഇന്‍ഫോബിറ്റ്സ്.

ഗ്നു/ലിനക്സിലും മാല്‍വെയറുകള്‍ വരാമെന്നത് ഈ ലക്കത്തിലെ മറ്റു ലേഖനങ്ങളില്‍ നാം കണ്ടതാണ്. എന്നാല്‍ ഉപയോക്താക്കള്‍ ഒരല്പം കരുതലെടുത്താല്‍ത്തന്നെ ഇവയെ തടയാമെന്നും കണ്ടു. റൂട്ട് യൂസര്‍, ഫയല്‍ പെര്‍മിഷനുകള്‍, കേന്ദ്രീകൃത പാക്കേജ് മാനേജറുകള്‍ തുടങ്ങിയ ആശയങ്ങള്‍ ഉള്ളതുകൊണ്ട് ഗ്നു/ലിനക്സ് മാല്‍വെയറുകള്‍ക്ക് സ്വയം പ്രവര്‍ത്തിക്കാനോ പടരാനോ കഴിയില്ല. ആ സ്ഥിതിക്ക് ഗ്നു/ലിനക്സില്‍ ഒരു ആന്റിവൈറസ്സിന്റെ ആവശ്യവും സാധാരണഗതിയിലില്ല. ഇത് വിശദമാക്കുന്ന ഒരു ലേഖനം ഇവിടെ വായിക്കാം: tinyurl.com/why-no-av-for-gl

എന്നാല്‍ വിന്‍ഡോസിലിടാനുള്ള ഫയലുകള്‍ കൈമാറ്റം ചെയ്യാനുള്ള ഒരു ഇടത്താവളമായി മാറാറുണ്ട് പലപ്പോഴും ഗ്നു/ലിനക്സ്. ഒരു ഫയല്‍ ഷെയറിങ് വെബ്‌സൈറ്റിന്റെ കാര്യം ആലോചിക്കുക. വെബ്‌സൈറ്റിന്റെ സെര്‍വര്‍ പ്രവര്‍ത്തിക്കുന്നത് ഗ്നു/ലിനക്സില്‍ ആയിരിക്കും. സൈറ്റിന്റെ ഉപയോക്താക്കള്‍ ഫയലുകള്‍ അപ്‍ലോഡും ഡൗണ്‍ലോഡും ചെയ്യുന്നതോ, വിന്‍ഡോസിലിരുന്നും. ഇവിടെ മൊത്തം ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സെര്‍വറില്‍ ഒരു ആന്റിവൈറസ് ഉണ്ടായിരിക്കുന്നത് നല്ലതാണ്.

സെര്‍വറുകള്‍ക്ക് മാത്രമല്ല, ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകള്‍ക്കും ഇതുപകരിക്കും. ഒരേ കംപ്യൂട്ടറില്‍ വിന്‍ഡോസും ഗ്നു/ലിനക്സും സജ്ജീകരിച്ചിട്ടുള്ള (ഡ്യുവല്‍ബൂട്ടിങ്) ഒരു ഉപയോക്താവിന്റെ കാര്യമെടുക്കുക. പെന്‍ഡ്രൈവില്‍നിന്നുള്ള ഫയലുകള്‍ സുരക്ഷിതമായി കോപ്പി ചെയ്യാന്‍ അയാള്‍ ഗ്നു/ലിനക്സിനെയാകും ആശ്രയിക്കുന്നത്. ഇവിടെ അധികസുരക്ഷ പകരാന്‍ ഇത്തരമൊരു ആന്റിവൈറസ്സിനാകും.

വൈന്‍ ഉപയോഗിക്കുന്നവരാണ് ഇതിന്റെ അടുത്ത ഗുണഭോക്താക്കള്‍. വിന്‍ഡോസ് പ്രോഗ്രാമുകള്‍ ഗ്നു/ലിനക്സിലിരുന്നതുന്നെ സ്കാന്‍ ചെയ്യാനും വൈനിലിട്ട് ധൈര്യമായി പ്രവര്‍ത്തിപ്പിക്കാനും ഇങ്ങനെയുള്ള ആന്റിവൈറസ് പാക്കേജുകള്‍ സഹായമാകും.

ഗ്നു/ലിനക്സിനുവേണ്ടി ആന്റിവൈറസ്സുകള്‍ ഇറങ്ങുന്നുണ്ടെന്ന് മനസ്സിലാകാന്‍ Comparison of antivirus software എന്ന വിക്കിപീഡിയ ലേഖനം നോക്കിയാല്‍ മതി. എന്നാല്‍ ഒന്ന് വ്യക്തമാണ്: സ്വതന്ത്രസോഫ്റ്റ്‍വെയര്‍ (പകര്‍ത്താനും പരിഷ്കരിക്കാനും സ്വാതന്ത്ര്യം) ലൈസന്‍സിനുകീഴില്‍ ഇറങ്ങുന്ന ആന്റിവൈറസ്സുകള്‍ വിരളമാണ്. അത്തരമൊന്നാണ് ക്ലാംഎവി (ClamAV).

കമാന്‍ഡ് ലൈന്‍ ടൂളായ ഇത് നിങ്ങളുടെ ഇഷ്ട പാക്കേജ് മാനേജര്‍ ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാം. Clamav.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ വിന്‍ഡോസ് അടക്കമുള്ള പ്ലാറ്റ്ഫോമുകള്‍ക്കുവേണ്ടിയും ഡൗണ്‍ലോഡ് ചെയ്യാനാകും. ഒരുപാട് ഓപ്പറേറ്റിങ് സിസ്റ്റങ്ങളെയും ഫയല്‍ടൈപ്പുകളെയും പിന്തുണയ്ക്കുന്ന ഇതിന് സാമാന്യം വിസ്തൃതമായ ഒരു വൈറസ് സിഗ്നേച്ചര്‍ ഡേറ്റാബെയ്സ് (വൈറസ് സാംപിളുകള്‍) ഉണ്ട്.

സാധാരണ ഉപയോക്താക്കള്‍ക്ക് ക്ലാംഎവി പ്രവര്‍ത്തിപ്പിക്കാന്‍ ഗ്രാഫിക്കല്‍ ടൂളുകള്‍ ലഭ്യമാണ്. ഗ്നു/ലിനക്സില്‍ പ്രവര്‍ത്തിക്കുന്ന ClamTk, വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ClamWin എന്നിവ ഉദാഹരണങ്ങള്‍.


Click here to read more like this. Click here to send a comment or query.