ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ഏറ്റവുമധികം അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് പരസ്യങ്ങള്‍. വെബ്സൈറ്റുകളിലോ ബ്രൗസറില്‍ത്തന്നെയോ ഇവ പ്രത്യക്ഷപ്പെടുമ്പോള്‍ യഥാര്‍ത്ഥ ബ്രൗസിങ് തടസ്സപ്പെടുന്നു. എന്നാല്‍ അതിനേക്കാള്‍ വലിയ പ്രശ്നങ്ങളാണ് ബ്രൗസങ് പതുക്കെയാവുന്നതും ചതിക്കുഴികളില്‍പ്പെടുന്നതും. ഈയൊരു തലവേദന ഒഴിവാക്കുന്നതെങ്ങനെ എന്ന് നോക്കാം.
പരസ്യങ്ങളുടെ പ്രാധാന്യം
ശല്യം എന്ന് മുദ്രകുത്തേണ്ട ഒന്നല്ല പരസ്യം. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് വലിയൊരു തുക കൊടുക്കുന്നുണ്ട് നാം. എന്നാല്‍ ഇതില്‍നിന്ന് ഒരു ചില്ലിക്കാശും ഇന്റര്‍നെറ്റില്‍ നാം ഉപയോഗിക്കുന്ന വെബ്സൈറ്റുകള്‍ക്കുള്ളതല്ല. അവരുടെ സേവനത്തിന് വിലയിടാന്‍ നിന്നാലാകട്ടെ ഇന്റര്‍നെറ്റ് സാധാരണക്കാരന് താങ്ങാനാവാത്ത ഒന്നായിത്തീരും. ഗൂഗ്ളും ജിമെയിലുമടക്കമുള്ള സേവനങ്ങള്‍ സൗജന്യമായതുകൊണ്ടുമാത്രമാണ് അങ്ങനെ സംഭവിക്കാതിരിക്കുന്നത്. അതിനുസഹായിക്കുന്നതാകട്ടെ പരസ്യങ്ങളും.
മിക്ക പ്രസിദ്ധീകരണങ്ങളും സജീവമായി നില്‍ക്കുന്നത് പരസ്യത്തില്‍നിന്നുള്ള വരുമാനം കൊണ്ടുമാത്രമാണ്. ഗൂഗ്ള്‍ എന്ന ഭീമന്റെ നിലനില്‍പ്പുപോലും ആഡ്സെന്‍സ്, ആഡ്‌വേഡ്സ് എന്നീ സേവനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ജോലി രാജിവച്ചുപോലും വെബ്ബിനെ സജീവമാക്കുന്ന ആളുകളുണ്ട്. അവരുടെ വരുമാനസ്രോതസ്സും പരസ്യം തന്നെ.
ചുരുക്കിപ്പറഞ്ഞാല്‍ പരസ്യങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കണമെങ്കില്‍ ഉപയോക്താക്കള്‍ സബ്സ്ക്രിപ്ഷന്‍ രീതിയിലേക്ക് മാറണം. വരിചേര്‍ന്നുമാത്രം ഉപയോഗിക്കാവുന്ന ഈ സംവിധാനം ഒരുപാട് വെബ്സൈറ്റുകള്‍ പിന്തുടരുന്നുണ്ട്. സ്വതവേ സൗജന്യമാണെങ്കിലും വരിചേരുകയാണെങ്കില്‍ പരസ്യങ്ങള്‍ ഒഴിവാക്കിത്തരുന്ന മറ്റൊരു രീതിയുമുണ്ട്. ‘ഗൂഗ്ള്‍ കോണ്‍ട്രിബ്യൂട്ടര്‍’ ഇത്തരത്തിലൊന്നാണ്.
സഹിക്കാവുന്നതാണെങ്കില്‍ പരസ്യങ്ങള്‍ സഹിക്കുകതന്നെ വേണം എന്നാണ് ഇപ്പറഞ്ഞതിനര്‍ത്ഥം. എങ്കിലും ചിലപ്പോള്‍ പരസ്യങ്ങള്‍ ഒഴിവാക്കേണ്ടിവരും.
ശല്യമാവുന്നതെപ്പോള്‍
ഇങ്ങനെയെല്ലാമാണ് പരസ്യങ്ങള്‍ പ്രശ്നക്കാരാവുന്നത്:
- ബാന്‍ഡ്‌വിഡ്ത്ത് ഉപഭോഗം
- അശ്ലീല ഉള്ളടക്കം
- മാല്‍വെയര്‍
- മറ്റു ചതിക്കുഴികള്‍
സേവനദാതാവ് (ഉദാ: ബി.എസ്.എന്‍.എല്‍.) നമുക്കനുവദിച്ചിട്ടുള്ള ഡേറ്റയുടെ വലിയൊരുപങ്കും പരസ്യങ്ങള്‍ക്കായി ചെലവാകുന്നു. ബ്രൗസിങ്ങിന്റെ വേഗം കുറയ്ക്കുന്ന ഇവ ലിമിറ്റഡ് കണക്ഷനുകളില്‍ ഡേറ്റയുടെ പരിധി പെട്ടെന്ന് കഴിയാനും കാരണമാകുന്നു. അമിതമായ ഡേറ്റാ ഉപഭോഗം അണ്‍ലിമിറ്റഡ് കണക്ഷനുകളെയും പതുക്കെയാക്കുമല്ലോ. ഇതെല്ലാമാണ് ബാന്‍ഡ്‌വിഡ്ത്ത് ഉപഭോഗം എന്നതുകൊണ്ടുദ്ദേശിച്ചത്.
ഗൂഗ്ളടക്കമുള്ള വളരെക്കുറച്ച് ഏജന്‍സികള്‍ മാത്രമേ പരസ്യങ്ങളുടെ നൈതികതയില്‍ ശ്രദ്ധയൂന്നുന്നുള്ളൂ. നെതികത എന്നുദ്ദേശിച്ചത് പരസ്യങ്ങളിലെ അവകാശവാദങ്ങളെക്കുറിച്ചല്ല (അത് പിന്നെ അങ്ങനെതന്നെയാണല്ലോ!), മറിച്ച്, അവയുടെ മാന്യതയും സുരക്ഷയുമാണ്. ചില പരസ്യങ്ങള്‍ മോശം ഉള്ളടക്കം നേരിട്ട് പ്രദര്‍ശിപ്പിക്കുമ്പോള്‍ ചിലത് മോശം വെബ്സൈറ്റുകളിലേക്ക് റീഡയറക്റ്റ് ചെയ്യുന്നു. ചിലതാകട്ടെ മാല്‍വെയറിലേക്കോ സാമ്പത്തികതട്ടിപ്പുകളിലേക്കോ ആവും നയിക്കുക.
വെബ്സൈറ്റുകള്‍ക്കുപുറമെ ബ്രൗസറില്‍ കയറിപ്പറ്റുന്നതോ നെറ്റ്‌വര്‍ക്കില്‍ നുഴഞ്ഞുകയറുന്നതോ ആഡ്‌വെയറുകളും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. നേരായ വഴിക്കല്ലാത്തതുകൊണ്ട് ഇവ പ്രശ്നക്കാരാവുമെന്നതില്‍ സംശയം വേണ്ട.
ഇങ്ങനെയുള്ള പരസ്യങ്ങളെ തടയുകയാണ് നമ്മുടെയാവശ്യം. അതിന് ആഡ്‌ബ്ലോക്കറുകള്‍ ഉപയോഗിക്കാം.
ആഡ്ബ്ലോക്കറുകള്‍
വെബ് ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന എക്സ്റ്റന്‍ഷനുകളാണ് (ആഡ്-ഓണുകള്‍) ഇവ. അതോടെ എല്ലാ വെബ്സൈറ്റിലെയും പരസ്യങ്ങള്‍ അപ്രത്യക്ഷമാവുന്നു. മിക്കപ്പോഴും ലോഡാവുന്നതിനുമുമ്പേ പരസ്യങ്ങള്‍ തടയാന്‍ കഴിയാറുള്ളതുകൊണ്ട് ബാന്‍ഡ്‌വിഡ്ത്ത് ലാഭിക്കാനും ഇവ സഹായിക്കാറുണ്ട്. ഒരു പ്രത്യേകവെബ്സൈറ്റിലെ പരസ്യങ്ങള്‍ മാത്രമായി പ്രദര്‍ശിപ്പിക്കാനോ തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത പരസ്യങ്ങള്‍ ബ്ലാക്ക്ലിസ്റ്റിലേക്ക് ചേര്‍ക്കാനോ ഒക്കെ ഇവയില്‍ സൗകര്യമുണ്ടാവും.
ഇത്തരത്തിലുള്ള ഒരു പ്രധാനപ്പെട്ട എക്സ്റ്റന്‍ഷനാണ് ‘ആഡ് ബ്ലോക്ക് പ്ലസ്’ (AdBlock Plus). https://adblockplus.org/ സന്ദര്‍ശിച്ചാല്‍ ഇത് നിങ്ങളുടെ ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. സ്വതന്ത്രസോഫ്റ്റ്‌വെയറായ ഇത് ലഭ്യമായ ആഡ്ബ്ലോക്കറുകളില്‍വെച്ച് ഏറ്റവും മികച്ചതെന്ന് പറയാവുന്നതാണ്.