Nandakumar Edamana
Promotional poster with the text 'Vara: Minimalist digital painting'
English
Share on:
@ R t f

FAQ on Vara

  1. 'വര' സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആണോ?
  2. വട്ടവും ചതുരവുമൊന്നും വരയ്ക്കാനുള്ള ടൂളുകള്‍ കാണുന്നില്ലല്ലോ. കോപ്പി-പേസ്റ്റ് ചെയ്യാനുമാകുന്നില്ല. അണ്‍ഡൂ/റീഡൂ, ലേയറുകള്‍ എന്നീ സൌകര്യങ്ങളെല്ലാമുണ്ടായിട്ടും ഇവയൊന്നുമില്ലാത്തതെന്താണ്?
  3. പ്രഷര്‍ സെന്‍സിറ്റീവ് ആയ ബ്രഷ് തെരഞ്ഞെടുത്തിട്ടും വരയുടെ എല്ലാ ഭാഗത്തും ഒരേ കട്ടിയാണല്ലോ.
  4. പശ്ചാത്തലം സുതാര്യമാക്കുന്നതെങ്ങനെയാണ്?
  5. പശ്ചാത്തലം ആദ്യമേ സുതാര്യമാക്കി വയ്ക്കുന്നതിനുപകരം വെളുപ്പാക്കിയതെന്തിനാണ്?
  6. ഫില്‍ ടൂള്‍ ഉപയോഗിക്കുമ്പോള്‍ വക്കുകളില്‍ വിടവ് വരുന്നുണ്ടല്ലോ. എന്തുചെയ്യും?
  1. 'വര' സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആണോ?

    വേര്‍ഷന്‍ 0.1.230619 മുതല്‍ വര സ്വതന്ത്രസോഫ്റ്റ്‍വെയര്‍ ആണ്. ലൈസന്‍സ്: ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സ് വേര്‍ഷന്‍ 3.

  2. വട്ടവും ചതുരവുമൊന്നും വരയ്ക്കാനുള്ള ടൂളുകള്‍ കാണുന്നില്ലല്ലോ. കോപ്പി-പേസ്റ്റ് ചെയ്യാനുമാകുന്നില്ല. അണ്‍ഡൂ/റീഡൂ, ലേയറുകള്‍ എന്നീ സൌകര്യങ്ങളെല്ലാമുണ്ടായിട്ടും ഇവയൊന്നുമില്ലാത്തതെന്താണ്?

    ഡിജിറ്റല്‍ സാദ്ധ്യതകള്‍ അവതരിപ്പിക്കുമ്പോഴും ചിത്രങ്ങളുടെ സ്വാഭാവികതയ്ക്കാണ് 'വര' പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ ജ്യാമിതീയരൂപങ്ങള്‍, കോപ്പി-പേസ്റ്റ്, ക്ലോണിങ്, ഫില്‍റ്ററുകള്‍ തുടങ്ങിയ അസ്വാഭാവികസംവിധാനങ്ങളൊന്നും 'വര'യില്‍ ഉണ്ടാകില്ല. അതിനെല്ലാം 'ഗിമ്പ്' പോലുള്ള ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ത്തന്നെയുണ്ടല്ലോ. 'വര'യുടെ ലാളിത്യം ഇഷ്ടപ്പെട്ടു, പക്ഷേ ഈ സൌകര്യങ്ങള്‍ക്കൂടി കിട്ടിയാല്‍ക്കൊള്ളാം എന്നുണ്ടെങ്കില്‍ അവയുള്‍പ്പെടുത്തി 'വര'യല്‍നിന്ന് ഒരു പുതിയ ആപ്ലിക്കേഷന്‍ ഉണ്ടാക്കുന്നത് ആലോചിക്കാം. 'വര' പക്ഷേ ലളിതമായിത്തന്നെ തുടരും.

    'വര'യില്‍ ഉള്‍പ്പെടുത്തിയതും ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നതുമായ സൌകര്യങ്ങള്‍ 'വര'യുടെ ഹോം പേജിലെ 'ഫീച്ചര്‍ മേട്രിക്സ്' എന്ന പട്ടികയില്‍ കൊടുത്തിട്ടുണ്ട്. ഉള്‍പ്പെടുത്താനുദ്ദേശിക്കാത്ത കാര്യങ്ങള്‍ ഇതില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

  3. പ്രഷര്‍ സെന്‍സിറ്റീവ് ആയ ബ്രഷ് തെരഞ്ഞെടുത്തിട്ടും വരയുടെ എല്ലാ ഭാഗത്തും ഒരേ കട്ടിയാണല്ലോ.

    പേന അമര്‍ത്തുന്ന തോതിനനുസരിച്ച് സ്ക്രീനിലെ സ്ട്രോക്കിന്റെ കട്ടി മാറിക്കൊണ്ടിരിക്കണമെങ്കില്‍ ആപ്ലിക്കേഷനില്‍ പ്രഷര്‍ സെന്‍സിറ്റീവ് ആയ ബ്രഷ് തെരഞ്ഞെടുത്താല്‍ മാത്രം പോരാ, വരയ്ക്കുന്നത് അനുയോജ്യമായ ഒരു ഗ്രാഫിക്സ് ടാബ്‌ലറ്റ് ഉപയോഗിച്ചായിരിക്കുകയും വേണം. മൌസ് ഉപയോഗിച്ച് വരയ്ക്കുമ്പോള്‍ ഏത് ബ്രഷ് ആയാലും വരയുടെ എല്ലാ ഭാഗത്തും ഒരേ കട്ടിയായിരിക്കും (അത് എത്രയെന്ന് നമുക്ക് തീരുമാനിക്കാം). മൌസിന്റെ വേഗവും മറ്റും അനുസരിച്ച് മര്‍ദവ്യത്യാസം അനുകരിക്കാന്‍ കഴിഞ്ഞേക്കും. ഇത് പരിഗണനയിലുണ്ട്.

    നാലായിരം രൂപയില്‍ത്താഴെ വില വന്ന Wacom CTL-472/K0-CX എന്ന ആറിഞ്ച് ടാബ്‌ലറ്റ് ഉപയോഗിച്ച് ഉബുണ്ടു ഓഎസ്സിലും കെഡിഇ പ്ലാസ്മ ഡെസ്ക്ടോപ്പിലുമാണ് 'വര'യുടെ പ്രഷര്‍ സെന്‍സിറ്റിവിറ്റി പരീക്ഷിച്ചുനോക്കിയിട്ടുള്ളത്. അടിസ്ഥാനമോഡലായിട്ടും ഏറെ തൃപ്തിതരുന്ന ഒന്നാണിത്. (ഇതൊരു സ്പോണ്‍സേഡ് പരസ്യമല്ല; അറിയാനാഗ്രഹമുള്ളവര്‍ക്കുവേണ്ടി അനുഭവം പങ്കുവച്ചു എന്നുമാത്രം.)

    ഗ്രാഫിക്സ് ടാബ്‌ലറ്റ് ഉപയോഗിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെങ്കില്‍ അറിയിക്കുമല്ലോ.

  4. പശ്ചാത്തലം സുതാര്യമാക്കുന്നതെങ്ങനെയാണ്?

    ബാക്ക്ഗ്രൌണ്ട് ലേയര്‍ പാടേ മായ്ച്ചുകളഞ്ഞാല്‍ മതി. ഇതു ചെയ്യാന്‍ Layers വിഭാഗത്തിലെ BG ബട്ടണ്‍ അമര്‍ത്തി ബാക്ക്ഗ്രൌണ്ട് ലേയര്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് Layer Actions വിഭാഗത്തിലെ Clear ബട്ടണ്‍ അമര്‍ത്തുക (കീബോഡിലെ ഡിലീറ്റ് കീ അമര്‍ത്തിയാലും മതി; Edit > Clear എന്നതിന്റെ ഷോര്‍ട്ട്കട്ടാണിത്).

    മുന്നറിയിപ്പ്: ബാക്ക്ഗ്രൌണ്ട് ലേയറിലെ വര തുടങ്ങുന്നതിനുമുമ്പുവേണം ഇതു ചെയ്യാന്‍. അല്ലെങ്കില്‍ വരച്ചതുമുഴുവന്‍ നഷ്ടപ്പെടും.

  5. പശ്ചാത്തലം ആദ്യമേ സുതാര്യമാക്കി വയ്ക്കുന്നതിനുപകരം വെളുപ്പാക്കിയതെന്തിനാണ്?

    മിക്ക തുടക്കക്കാര്‍ക്കും വെളുത്ത പശ്ചാത്തലമായിരിക്കും ആവശ്യം എന്നതുകൊണ്ടാണ് അത് തനതുരീതി (Default) ആക്കിയത്. വിദഗ്ധരായ ഉപയോക്താക്കള്‍ക്കായിരിക്കും സുതാര്യമായ പശ്ചാത്തലം ആവശ്യം. 'വര' ഉപയോഗിച്ചുണ്ടാക്കിയ ചിത്രങ്ങള്‍ മറ്റ് ആപ്ലിക്കേഷനുകളിലേക്ക് ഇംപോര്‍ട്ട് ചെയ്യാനോ വെബ്‌സൈറ്റ് അടക്കമുള്ള ഡോക്യുമെന്റുകളില്‍ ഉള്‍പ്പെടുത്താനോ ഒക്കെ ആയിരിക്കുമിത്. അങ്ങനെയുള്ള ഉപയോക്താക്കള്‍ക്ക് പശ്ചാത്തലം സുതാര്യമാക്കാന്‍ അധികമായി ഒരു ചുവടെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ.

  6. ഫില്‍ ടൂള്‍ ഉപയോഗിക്കുമ്പോള്‍ വക്കുകളില്‍ വിടവ് വരുന്നുണ്ടല്ലോ. എന്തുചെയ്യും?

    ബ്രഷുപയോഗിച്ച് വരച്ച ഒരു ഭാഗത്തിനുള്ളില്‍ ഫില്‍ ടൂള്‍ ഉപയോഗിച്ച് നിറം കൊടുക്കുമ്പോള്‍ വക്കുകളില്‍ വിടവ് കണ്ടേക്കാം. ഇതിന് പരിഹാരമുണ്ട്. അതിനുമുമ്പ് ഇത് എന്തുകൊണ്ടു സംഭവിക്കുന്നു എന്നു പറയാം. 'വര'യിലെ ബ്രഷ് സ്ട്രോക്കുകള്‍ വളരെ മയമുള്ളതാണ്. ചില പ്രത്യേക കണക്കുകൂട്ടലുകളുടെ സഹായത്തോടെ ബ്രഷ് സ്ട്രോക്കുകളുടെ അരികില്‍ അധികപിക്സലുകള്‍ നിറച്ചാണ് ഇത്രയും മൃദുവായ വരകള്‍ വരയ്ക്കുന്നത് ('ആന്റി-ഏലിയാസിങ്' എന്നാണ് ഇതറിയപ്പെടുന്നത്). ഇങ്ങനെയുള്‍പ്പെടുത്തിയ അധികപിക്സലുകള്‍ പക്ഷേ ഫില്‍ ടൂളിന്റെ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കും. അര്‍ദ്ധസുതാര്യമായ ഈ പിക്സലുകളാണ് വിടവായി കാണപ്പെടുന്നത്.

    തത്കാലം ഇതിനുള്ള പരിഹാരം ഇതാണ്: ഫോര്‍ഗ്രൌണ്ട് ലേയറില്‍ ബ്രഷുപയോഗിച്ച് രേഖകള്‍ വരയ്ക്കുക. വരച്ചെടുത്ത രൂപത്തിനുള്ളില്‍ അതേ ലേയറില്‍ത്തന്നെ ഫില്‍ ടൂള്‍ ഉപയോഗിച്ച് നിറവും കൊടുക്കുക. തുടര്‍ന്ന് ബാക്ക്ഗ്രൌണ്ട് ലേയറിലേക്കു മാറി വിടവുകള്‍ ബ്രഷ് ഉപയോഗിച്ച് തൊട്ടുശരിയാക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഫില്‍ ടൂളിനുപയോഗിച്ച അതേ നിറം തന്നെ ബ്രഷിനും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

    ഈ വിടവുകള്‍ 'ബുദ്ധിപൂര്‍വം' കൈകാര്യം ചെയ്യുന്ന രിതിയില്‍ ഫില്‍ ടൂള്‍ പരിഷ്കരിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ അതിന് അത്ര പ്രാധാന്യം കൊടുക്കുന്നില്ല. ഡിജിറ്റല്‍ പെയിന്റിങ്ങില്‍ രൂപങ്ങള്‍ക്ക് നിറം നല്‍കാന്‍ ഫില്‍ ടൂളിനേക്കാള്‍ ഉപയോഗിച്ചുവരുന്നത് ഒരുപക്ഷേ ബ്രഷ് തന്നെയാണ്. ചിത്രത്തിന് സ്വാഭാവികത കിട്ടുക അപ്പോഴാണ്.