Nandakumar Edamana
Share on:
@ R t f

സ്മാര്‍ട്ട്ഫോണുകളെ കുരുക്കിലാക്കാന്‍ പുതിയ വൈറസ്


സ്മാര്‍ട്ടായതോടെ മൊബൈല്‍ ഫോണുകള്‍ക്ക് കമ്പ്യൂട്ടറിന്റെ സ്വഭാവം കൈവന്നു. അതോടെ, ഓവര്‍സ്മാര്‍ട്ടായ വൈറസ്സുകള്‍ക്ക് പുതിയ മേച്ചില്‍പ്പുറവും കിട്ടി. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിനെ ലക്ഷ്യം വച്ചാണ് കൂടുതല്‍ വൈറസ്സുകളും പുറത്തിറങ്ങുന്നത്. ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേരുകേട്ട സുരക്ഷിതത്വമൊന്നും പക്ഷേ ലിനക്സ് അധിഷ്ഠിതമായ ആന്‍ഡ്രോയ്ഡിനില്ല (ഗൂഗ്ളിന്റെ ഒരു പരാജയമല്ലേ അത്?).

ഈയടുത്ത് പ്രചരിച്ച ആന്‍ഡ്രോയ്ഡ് വൈറസ്സാണ് ‘ബാഡാക്സന്റ്സ്’ (Badaccents). Android.Badaccents എന്ന പേരില്‍ സെക്യൂരിറ്റി വിദഗ്ദ്ധര്‍ ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്. ട്രോജന്‍ വിഭാഗത്തില്‍പ്പെടുന്ന മാല്‍‌വെയറാണ് സത്യത്തിലിത്. വിശ്വസ്തമായ ആപ്ലിക്കേഷനുകള്‍ പരിഷ്കരിച്ച്, അവയില്‍ തിരുകിക്കയറ്റി, ഇന്റര്‍നെറ്റില്‍ ഡൗണ്‍ലോഡിങ്ങിന് ലഭ്യമാക്കിയാണ് ഹാക്കര്‍മാര്‍ ഇത് പ്രചരിപ്പിച്ചതെന്ന് കരുതുന്നു. ചിലപ്പോള്‍ ‘ഗൂഗ്ള്‍ പ്ലേ അപ്‌ഡേറ്റ് ചെയ്യാം’ പോലുള്ള മെസേജുകള്‍ കാണിച്ച് ഉപയോക്താവിനെക്കൊണ്ട് മാല്‍‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യിക്കുന്ന പ്രവണതയും ഇതിനുണ്ടത്രേ. ട്രോജന്‍ വിഭാഗത്തില്‍പ്പെടുന്ന മാല്‍വെയറുകള്‍ പലപ്പോഴും ഹാക്കര്‍ക്ക് നമ്മുടെ ഉപകരണത്തില്‍ ഒരു ‘ബാക്ക്‌ഡോര്‍’ തുറന്നിട്ടുകൊടുക്കുന്നു. നമ്മുടെ വിവരങ്ങള്‍ ചോര്‍ത്തുക, നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി അക്രിമിക്ക് ഈ പിന്‍വാതില്‍ ഉപയോഗിക്കാം. ഉപകരണം നമ്മുടെ കയ്യിലാണെങ്കിലും നിയന്ത്രിക്കുന്നത് ലോകത്തിന്റെ മറുതലയ്ക്കലുള്ള ആരോ ആണെന്ന അവസ്ഥ വരെയെത്താം.

വിശ്വസ്തമല്ലാത്ത സ്രോതസ്സുകളില്‍നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കലാണ് പ്രധാനപ്പെട്ട മുന്‍കരുതല്‍. ഗൂഗ്ള്‍ പ്ലേ പോലുള്ള (ഉള്ളതില്‍വച്ച്) വിശ്വസ്തമായ ആപ്പ് സ്റ്റോറുകളെ ആശ്രയിക്കുക. ക്രാക്ക് ചെയ്തെടുത്ത് ആപ്ലിക്കേഷനുകള്‍ ഒരിക്കലും ഇന്‍സ്റ്റാള്‍ ചെയ്യരുത്. ഒരു മൊബൈല്‍ സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ കമ്പ്യൂട്ടറുമായി ഘടിപ്പിച്ച് സ്കാന്‍ ചെയ്യുകയോ ചെയ്യുക (മൊബൈല്‍ സെക്യൂരിറ്റിക്ക് പ്രത്യേകസോഫ്റ്റ്‌വെയര്‍ തന്നെ ആവശ്യമായിവരാം). ഓപ്പറേറ്റിങ് സിസ്റ്റവും സെക്യൂരിറ്റി സോഫ്റ്റ്‌വെയറും സദാ അപ്‌ഡേറ്റ് ചെയ്യുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. സൗജന്യമായിക്കിട്ടുന്ന അപരിചിത വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കാതിരിക്കുക.

ഇതിനിടയില്‍ ‘ബാഡാക്സന്റ്സ് റീമൂവര്‍’ എന്ന പേരില്‍ പല പ്രോഗ്രാമുകളും സൗജന്യമായി വെബ്ബില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്യാന്‍ വരട്ടെ, വൈറസ്സിനേക്കാള്‍ അപകടകാരികളാവുമവ! അതുകൊണ്ട് ചിരപ്രതിഷ്ഠ നേടിയ ആന്റിവൈറസ്സുകള്‍ മാത്രം ഉപയോഗിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് symantec.com-ല്‍ കയറി badaccents എന്ന് സേര്‍ച്ച് ചെയ്യുക.


Click here to read more like this. Click here to send a comment or query.