ഉള്ളടക്കത്തിന് പ്രാധാന്യം കൊടുത്ത് വെബ് ബ്രൗസ് ചെയ്യുമ്പോള്‍ ഒട്ടേറെ ശല്യങ്ങളെത്താറുണ്ട്. വെബ്സൈറ്റുകളിലെ അനിമേഷനുകളും ഇഫക്റ്റുകളും പരസ്യങ്ങളുമെല്ലാം ഇതില്‍പ്പെടും. ബ്രൗസിങ്ങിന്റെ വേഗം കുറയ്ക്കുന്ന ഇവ വായനയ്ക്ക് വലിയ തോതില്‍ തടസ്സവുമാണ്. എല്ലാറ്റിനും പുറമെ വായിച്ചാല്‍ മനസ്സിലാകാത്ത ‘കിടിലന്‍’ ഫോണ്ടുകളും.
ഇതിനെല്ലാം ഒരു പരിഹാരമാണ് ഫയര്‍ഫോക്സിലെ റീഡര്‍ വ്യൂ (Reader View). അഡ്രസ് ബാറിലെ പുസ്തകത്തിന്റെ ചിഹ്നം ക്ലിക്ക് ചെയ്യുന്നതോടെ പേജ് റീഡര്‍ വ്യൂവില്‍ കിട്ടുന്നു. പരസ്യങ്ങളും അധികലിങ്കുകളുമെല്ലാം വിവേകപൂര്‍വം ഒഴിവാക്കിയ ഒരു രൂപമാവുമിത്. അരികിലുള്ള Aa ചിഹ്നം ക്ലിക്ക് ചെയ്താല്‍ ചില ക്രമീകരണങ്ങള്‍ നടത്താം. Dark തെരഞ്ഞെടുത്താല്‍ ലേഖനം കറുപ്പില്‍ വെളുത്ത അക്ഷരങ്ങളായി മാറും.
38.0.5 ബീറ്റാ വേര്‍ഷനോടെയാണ് ഫയര്‍ഫോക്സിന്റെ ഡെസ്ക്ടോപ്പ് പതിപ്പില്‍ ഈ സൗകര്യമെത്തുന്നത്. ആന്‍ഡ്രോയ്ഡ് പതിപ്പിലും ഈ സൗകര്യമുണ്ട് (ചെറിയ സ്ക്രീനില്‍ ഇതെന്തായാലും ഉപകാരമായിരിക്കുമല്ലോ). ഫയര്‍ഫോക്സ് 39 ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇത് വൃത്തിയായി ഉപയോഗിക്കാം (ഉബുണ്ടുവില്‍ ടെര്‍മിനലില്‍ sudo apt-get install firefox എന്ന കമാന്‍ഡ് നല്‍കുകയോ ഏതെങ്കിലും പാക്കേജ് മാനേജര്‍ ഉപയോഗിക്കുകയോ ചെയ്യുക).
എന്നാല്‍ ഇതോടൊപ്പം അവതരിച്ച പോക്കറ്റ് സംവിധാനം വലിയ വിവാദമാവുകയാണ്. പിന്നീടുള്ള വായനയ്ക്കായി പേജുകള്‍ സേവ് ചെയ്തുവയ്ക്കാനുള്ള ഒരു ആഡ്-ഓണ്‍ ആണ് പോക്കറ്റ് (Pocket). ബുക്മാര്‍ക്കിങ്ങിന്റെ ഒരു വികസിച്ച രൂപം. 2007 മുതല്‍ തന്നെ ഈ ആഡ്-ഓണ്‍ ലഭ്യമാണ്. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറായ ഇതിനെ സ്വതന്ത്രസോഫ്റ്റ്‌വെയറായ ഫയര്‍ഫോക്സിനോടൊപ്പം കൂട്ടിച്ചേര്‍ത്തതാണ് വലിയൊരു വിഭാഗത്തിന്റെ എതിര്‍പ്പിന് കാരണമായത്. ഫയര്‍ഫോക്സും പോക്കറ്റും കൈകോര്‍ക്കാനുപയോഗിക്കുന്ന കോഡ് സ്വതന്ത്രലൈസന്‍സിനുകീഴിലാണ് എന്ന ന്യായമാണ് ഇപ്പോള്‍ മോസില്ല മുന്നോട്ടുവയ്ക്കുന്നത്.
പോക്കറ്റ് ഉപയോഗിച്ചില്ലെങ്കിലും റീഡര്‍ വ്യൂ സൗകര്യം ഉപയോഗപ്പെടുത്താം. വൃത്തിയുള്ള ഒരു വെബ് ബ്രൗസിങ്ങിന് അത് സഹായകമാവും.