കംപ്യൂട്ടറും ഫോണുമെല്ലാം കണ്ണിന് വരുത്തുന്ന കേടിനെക്കുറിച്ച് ഒരുപാട് കേള്‍ക്കാറുണ്ട് നാം. 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം' എന്നത് ഡോക്ടര്‍മാരേക്കാളേറെ പൊതുജനത്തിന് പരിചയമുള്ള ഒരു പേരായിക്കഴിഞ്ഞു. എന്നാല്‍ കംപ്യൂട്ടറും മറ്റും വരുത്തിവെക്കുന്ന കാഴ്ചത്തകരാറുകളേക്കാള്‍ ഭീകരമാണ് കേള്‍വിത്തകരാറ് എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കാരണം ലളിതമാണ് (ഭീകരവും): മിക്ക കാഴ്ചത്തകരാറും താത്കാലികമാണ്; കേള്‍വിപ്രശ്നങ്ങളോ, സ്ഥിരവും. ഏറെനേരം നോക്കിയിരുന്നശേഷം സ്ക്രീനില്‍നിന്ന് കണ്ണെടുക്കുമ്പോള്‍ ഫോക്കസ് ചെയ്യാനും മറ്റും ബുദ്ധ്മുട്ടനുഭവപ്പെടുന്നത് സ്വാഭാവികമാണ്. കുറച്ചുനേരം വിശ്രമിച്ചാല്‍ കണ്ണിലെ പേശികള്‍ക്ക് പഴയ വഴക്കം തിരിച്ചുകിട്ടാം. പക്ഷേ, ഒരിക്കല്‍ പോയ കേള്‍വി പിന്നീട് തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷ വേണ്ട.
എവിടെയും എപ്പോഴും കൊണ്ടുനടക്കാവുന്ന ഉപകരണങ്ങള്‍, ഏറെ നേരത്തെ ബാറ്ററി ബാക്കപ്പ്, ഓണ്‍ലൈനും ഓഫ്‌ലൈനുമായി ആയിരക്കണക്കിന് പാട്ടുകള്‍... ഈയൊരു അന്തരീക്ഷത്തില്‍ ഒരാസ്വാദകന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് സ്വാഭാവികം. ഉറക്കെ പാട്ടുവെയ്ക്കുന്നത് ചോദ്യം ചെയ്യുമ്പോള്‍ 'ആസ്വദിക്കാന്‍ പാടില്ലെങ്കില്‍ പിന്നെ കേള്‍വി നിലനിര്‍ത്തിയിട്ടെന്ത്?' എന്ന് ചോദിക്കുന്നവരുമുണ്ട്. അതുകൊണ്ട് വിനോദത്തിന് കുറവുവരുത്താതെതന്നെ തന്നെ ചെവി സംരക്ഷിക്കുന്നതെങ്ങനെ എന്ന് ചിന്തിക്കാം.
ഹെഡ്‍ഫോണ്‍ vs ഇയര്‍ബഡ്
കാവടിയേന്തിയപോലെ തോന്നിക്കുന്ന ഹെഡ്‍ഫോണുകള്‍ മിക്കപ്പോഴും സൗണ്ട് എഞ്ചിനീയര്‍മാരുടെയും ഓഡിയോഫൈലുകളുടെയും ഉപകരണമാണ്. സാധാരണക്കാര്‍ ഏറെയും ഉപയോഗിക്കുന്നത് ഇയര്‍ബഡ്ഡുകള്‍ അഥവാ ഇയര്‍ഫോണുകള്‍ തന്നെ. സ്മാര്‍ട്ഫോണുകളുടെ പ്രചാരവും കീശയിലിട്ടു നടക്കാനുള്ള സൗകര്യവുമാണ് ഇയര്‍ബഡ്ഡുകളെ വ്യാപകമാക്കിയത്.
ഇങ്ങനെ ഇവ രണ്ടും താരതമ്യം ചെയ്യുമ്പോള്‍ സൗകര്യവും വിലയും ശബ്ദത്തിന്റെ ഗുണനിലവാരവുമെല്ലാം മാനദണ്ഡങ്ങളാകാറുണ്ട്. പക്ഷേ ചെവിക്ക് നല്ലതേത് എന്ന് അധികമാരും ചിന്തിക്കാറില്ല. ചിന്തിച്ചാല്‍ത്തന്നെ ശരിയായ ഉത്തരത്തില്‍ എത്താറുമില്ല.
ചെവിയോടടുത്തു നില്‍ക്കുന്നതിനാല്‍ രണ്ടും ചെവിക്കു കേടുതന്നെ എന്നതാണ് ഒന്നാമത്തെ മുന്‍വിധി. ചെവിയെ മുഴുവനായും മൂടുന്നതുകൊണ്ട് ഹെഡ്‍ഫോണാണ് അപകടകാരി എന്നത് അടുത്തത് (ഇരുട്ടുമുറിയില്‍ കംപ്യൂട്ടര്‍ ഉപയോഗിക്കരുത് എന്ന് പറയുന്നതുപോലെ). ഇനി വിദഗ്ദ്ധര്‍ പറയുന്നതെന്താണെന്ന് നോക്കാം.
ഒറ്റ വാചകത്തില്‍പ്പറഞ്ഞാല്‍ ഇയര്‍ബഡ്ഡുകളാണ് ഏറ്റവും അപകടം. ചിലര്‍ക്ക് ഇത് അവശ്വസനീയമായിത്തോന്നാം. കാരണം, ചെവിയെ പാടെ മൂടി ചുറ്റുപാടില്‍ നിന്നെല്ലാം വേര്‍പ്പെടുത്തി എന്തിലേക്കോ ചുരുക്കുന്നത് ഹെഡ്‍ഫോണുകളാണല്ലോ. സത്യത്തില്‍ ഈ ചുരുക്കല്‍ അഥവാ ഒറ്റപ്പെടുത്തല്‍ (Isolation) ഗുണകരമാണ്. നല്ല ഐസൊലേഷന്‍ ഉള്ള ഹെഡ്‍ഫോണുകള്‍ ധരിക്കുമ്പോള്‍ ചുറ്റുപാടുള്ള ബഹളം നമ്മുടെ ചെവിയിലെത്താതാകുന്നു. അപ്പോള്‍ കുറഞ്ഞ ഉച്ചതയില്‍ത്തന്നെ ഹെഡ്‍ഫോണ്‍ വഴി പാട്ടും മറ്റും ആസ്വദിക്കാം.
ഇയര്‍ബഡ്ഡുകളാകട്ടെ തീരെ ഐസൊലേഷന്‍ ഇല്ലാത്തവയാണ്. അതായത്, ഇത് ധരിക്കുമ്പോള്‍ ചുറ്റുപാടുള്ള ശബ്ദമെല്ലാം നമ്മുടെ ചെവിലയിലെത്തുന്നുണ്ട് ഫലമോ, പാട്ട് നാം അറിയാതെത്തന്നെ ഉറക്കെയാക്കുന്നു. ബഹളത്തിന്റെ പശ്ചാത്തലത്തിലായതിനാല്‍ ശബ്ദം വല്ലാതെ കൂടിപ്പോയത് ശ്രദ്ധിക്കുകയേയില്ല.
അതുകൊണ്ട് ഇയര്‍ബഡ്ഡുകള്‍ ഒഴിവാക്കുകയും നല്ല കുഷ്യനും നോയിസ് ക്യാന്‍സലേഷനും ഉള്ള ഹെഡ്‍ഫോണുകള്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് ഉത്തമം.
ഇയര്‍ബഡ്ഡും ഇന്‍-ഇയര്‍ ഹെഡ്ഫോണും
എല്ലാ ഇയര്‍ഫോണും ഇയര്‍ബഡ്ഡല്ല. കാഴ്ചയില്‍ ഇയര്‍ബഡ്ഡുകളുമായി ഏറെ സാമ്യമുള്ളവയാണ് ഇന്‍-ഇയര്‍ ഹെഡ്ഫോണുകള്‍ (ചിത്രം നോക്കുക TODO). എന്നാല്‍ നാം പറഞ്ഞ കുഴപ്പങ്ങളൊന്നും ഇവയ്ക്കില്ല. കര്‍ണനാളത്തിലേക്ക് (Ear Canal) കയറിയിരിക്കുന്ന ഇവ പരമാവധി നോയിസ് ഐസൊലേഷന്‍ തരുന്നു. ചെവിക്കുള്ളിലാണ് ഇരിപ്പെങ്കിലും കുറഞ്ഞ ശബ്ദത്തില്‍ വച്ചാല്‍ത്തന്നെ നന്നായി കേള്‍ക്കാമെന്നതിനാല്‍ (താരതമ്യേന) ഇവ കേള്‍വിക്ക് ഭീഷണിയല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആക്റ്റീവ്, പാസീവ്
നോയിസ് ഒഴിവാക്കുന്ന ഹെഡ്ഫോണുകള്‍ത്തന്നെ രണ്ടുതരമുണ്ട്: പാസീവും ആക്റ്റീവും. സൗണ്ട്പ്രൂഫിങ് പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പുറമെനിന്നുള്ള ബഹളം ചെവിയിലെത്തുന്നത് തടയുന്നതാണ് പാസീവ് നോയിസ് ഐസൊലേഷന്‍. ഇതിനുപുറമെ ഇലക്ട്രോണിക് സംവിധാനമുപയോഗിച്ച് പുറത്തെ ബഹളത്തെ നേരിട്ട് നിശ്ശബ്ദമാക്കിമാറ്റുന്നതാണ് ആക്റ്റീവ് നോയിസ് ക്യാന്‍സലേഷന്‍.
ചെവിയെ കുറച്ചെങ്കിലും മറയ്ക്കുന്നതുകൊണ്ട് ഏത് ഹെഡ്ഫോണിനും ഒരല്പം പാസീവ് ഗുണമുണ്ട്. മൂടലും പദാര്‍ത്ഥങ്ങളുടെ നിലവാരവും കൂടുമ്പോള്‍ നോയിസ് ഐസൊലേഷനും കൂടുന്നു. ഇയര്‍ബഡ്ഡുകള്‍ക്ക് പക്ഷേ ഈ ഗുണം തീരെയില്ലെന്നുപറയാം.
ആക്റ്റീവ് ഹെഡ്ഫോണുകള്‍ക്ക് പാസീവിന്റെ അതേ കഴിവുണ്ടായിരിക്കും. പക്ഷേ അവ ഒരല്പം കൂടി കടന്ന് പുറമെനിന്നുള്ള ബഹളത്തെ (എഞ്ചിന്‍ ശബ്ദം പോലുള്ളവ) നേരിട്ട് ഇല്ലായ്മ ചെയ്യുന്നു. അധികമായി ചേര്‍ത്തിട്ടുള്ള ഒരു മൈക്കും സ്പീക്കറും അനുബന്ധ സെര്‍ക്കീട്ടുമാണ് ഇത് ചെയ്യുന്നത്. പ്രവര്‍ത്തനം വിശദമാക്കാം. മൈക്ക് ചുറ്റുപാടുമുള്ള ബഹളത്തെ പിടിച്ചെടുക്കുന്നു. ഇലക്ട്രോണിക് സംവിധാനം ഈ സിഗ്നലിന്റെ ഫെയ്സ് 180 ഡിഗ്രി തിരിക്കുന്നു. ഇനി ഇത് സ്പീക്കറിലൂടെ പുറത്തേക്ക് വിടുന്നു (ഈ സ്പീക്കര്‍ ചെവിയിലേക്കുള്ളതല്ല, പുറത്തേക്കുള്ളതാണ്). പുറത്തെ ബഹളവും സ്പീക്കറില്‍നിന്ന് വരുന്ന ശബ്ദവും ഒന്നുതന്നെയാണ്. പക്ഷേ ഫെയ്സ് പരസ്പരവിരുദ്ധമാണ്. ഒരു സംഖ്യയും അതിന്റെ നെഗറ്റീവും കൂട്ടിയാല്‍ പൂജ്യമാണല്ലോ കിട്ടുക. അതുപോലെ ഈ തരംഗംങ്ങള്‍ കൂടിച്ചേര്‍ന്ന് നിശ്ശബ്ദമാവുന്നു.
തന്ത്രപരമാണെങ്കിലും ആക്റ്റീവ് നോയിസ് ക്യാന്‍സലിങ് ഹെഡ്ഫോണുകള്‍ അവസാനവാക്കൊന്നുമല്ല. ചെലവും സങ്കീര്‍ണതയും ഏറിയ ഇവ പലപ്പോഴും ശബ്ദത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാറുണ്ട്. അധികവൈദ്യുതി ആവശ്യമാണെന്നതാണ് മറ്റൊരു പോരായ്മ.
അതുകൊണ്ട് പരമാവധി (പാസീവ്) നോയിസ് ഐസൊലേഷനുള്ള ഒരു ബ്രാന്‍ഡഡ് ഹെഡ്ഫോണ്‍ തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ഇന്‍-ഇയര്‍, ഓവര്‍ ഇയര്‍ എന്നീ മോഡലുകള്‍ തെരഞ്ഞെടുക്കാം. അല്പം പണം ചെലവാക്കുന്നതില്‍ മടിയില്ലെങ്കില്‍ മികച്ചയിനം ആക്റ്റീവ് ഹെഡ്ഫോണും പരീക്ഷിക്കാം (ആക്റ്റീവോ പാസീവോ എന്നതെല്ലാം ഒരല്പം വ്യക്തിപരവുമാണ്).
കുറിപ്പ്: ചുറ്റുപാടുള്ള ശബ്ദത്തില്‍നിന്ന് നമ്മെ ഒറ്റപ്പെടുത്തുന്നതാണ് നല്ല ഹെഡ്‍ഫോണുകളുടെ ലക്ഷണമെന്നു പറഞ്ഞു. എന്നാല്‍ ചെവിയുടെ ആരോഗ്യത്തിനായി ഇങ്ങനെ ചെയ്യുമ്പോള്‍ പരിസരബോധം നഷ്ടപ്പെടരുത്. മറ്റുള്ളവരുടെ സഹായാഭ്യര്‍ത്ഥനയും മുന്നറിയിപ്പുമെല്ലാം ചെവിയിലെത്താന്‍ പാകത്തിലാകണം എല്ലാ ക്രമീകരണവും.
എത്ര ശബ്ദം, എത്ര നേരം
ശബ്ദത്തിന്റെ ഉച്ചത അളക്കുന്നത് ഡെസിബലിലാണല്ലോ (dB). മനുഷ്യന് കേള്‍ക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ ഉച്ചത (ത്രെഷോള്‍ഡ് ഓഫ് ഹിയറിങ്) 0dB എന്നാണ് എടുത്തിട്ടുള്ളത് (മിക്സിങ്ങിലെ 0dB വേറെയാണ്, കൂട്ടിക്കുഴയ്ക്കരുത്). ഇലയനങ്ങുന്നത് പത്തു ഡെസിബല്‍. നിശ്ശബ്ദമെന്ന് തോന്നിക്കുന്ന ലൈബ്രറിയില്‍ നാല്പത് ഡെസിബല്‍. സാധാരണ ആശയവിനിമയം അറുപതു ഡെസിബലാണ്. ട്രക്കിന്റെയും ചെയിന്‍സോയുടെയുമെല്ലാം ശബ്ദം നൂറുഡെസിബലിനെ ചുറ്റിപ്പറ്റിയാണ് (കൂടാം, കുറയാം). ജെറ്റ് എഞ്ചിന്‍ നൂറ്റിനാല്‍പ്പത് ഡെസിബല്‍ വരെയാകാം.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം പത്തു ഡെസിബലില്‍നിന്ന് ഇരുപതിലെത്തുമ്പോള്‍ ശബ്ദത്തിന്റെ ആഘാതം സത്യത്തില്‍ പത്തുമടങ്ങ് തീവ്രമാകുന്നുണ്ടെന്നാണ് (ഡെസിബല്‍ എന്നത് ഒരു ലോഗരിതമിക് അളവാണ്). 85 ഡെസിബലില്‍ക്കൂടുതലുള്ള ശബ്ദം കേള്‍വിത്തകരാറ് സൃഷ്ടിക്കാം. നൂറുഡെസിബലിലുള്ള ശബ്ദമൊക്കെ ചെവിക്ക് കേടുവരുത്താന് ഒരുമണിക്കൂര്‍തന്നെ ധാരാളമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
പരമാവധി വോള്യത്തിലിട്ടാല്‍ പല ഹെഡ്ഫോണുകളും നൂറു ഡെസിബല്‍ കടക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അതുകൊണ്ടാണ് അറുപതുശതമാനത്തിലേറെ വോള്യം ഉപയോഗിക്കരുത് എന്ന് പറയാറുള്ളത്.
ഇനി സമയത്തിന്റെ കാര്യം. തുടര്‍ച്ചയായ കംപ്യൂട്ടര്‍ ഉപയോഗത്തില്‍നിന്ന് കണ്ണുകളെ രക്ഷിക്കാന്‍ നിര്‍ദേശിക്കാനുള്ള വിദ്യയാണ് 20-20-20 റൂള്‍ (ഓരോ ഇരുപതു മിനിറ്റിലും ഇരുപതടി ദൂരത്തുള്ള എന്തിലേക്കെങ്കിലും ഇരുപതു സെക്കന്‍ഡ് നേരം നോക്കിയിരിക്കുക). ഇതുപോലൊരു 'തമ്പ് റൂള്‍' ചെവിക്കുവേണ്ടിയുണ്ട്. അതാണ് 60/60 റൂള്‍. പരമാവധി ഉച്ചതയുടെ അറുപതുശതമാനത്തില്‍ത്താഴെ മാത്രം ഉപയോഗിക്കുക; ഒരു ദിവസം അറുപതുമിനിറ്റിലേറെ ഇയര്‍ഫോണുകള്‍ക്ക് ചെവികൊടുക്കാതിരിക്കുക - അതാണ് ഈ റൂള്‍ പറയുന്നത്.
ലളിതമായ മറ്റൊരു കാര്യം കൂടിയുണ്ട് -- പാട്ടുവെച്ചാലും ചുറ്റുമുള്ളതെല്ലാം കേള്‍ക്കുന്നവയാണ് ഇയര്‍ബഡ്ഡുകള്‍. എന്നിട്ടും പാട്ടുമാത്രമേ കേള്‍ക്കുന്നുള്ളുവെങ്കില്‍ വോളിയം അമിതമാണെന്നര്‍ത്ഥം. മടിക്കാതെ ഉച്ചത കുറക്കുക. ഇയര്‍ഫോണുകള്‍ ഊരിയ ശേഷവും പാട്ട് കേള്‍ക്കുന്നുണ്ടെങ്കില്‍ അതും അപകടത്തിന്റെ ലക്ഷണമാണ്.