അനാവശ്യമായി പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് കംപ്യൂട്ടറിനായാലും സ്മാര്‍ട്ട്ഫോണിനായാലും ഒരുപോലെ ദോഷമാണെന്ന് ധാരണയുണ്ടായിരുന്നു. ഇത്തരത്തിലുള്ള പല പ്രോഗ്രാമുകളും മാല്‍വെയര്‍ ആകാമെന്നും അറിയാമായിരുന്നു. എന്നാല്‍ ആന്‍ഡ്രോയ്ഡില്‍ ഇതിനൊരു പ്രായോഗിക ഉദാഹരണം കണ്ടത് ഈയടുത്ത് ഒരു പരിചയക്കാരന്റെ ഫോണിലാണ്. അവിടെ വെറും പരസ്യങ്ങളായിരുന്നു പ്രശ്നം. എന്നാല്‍ അതേക്കാള്‍ ഭീകരമായ എത്രയോ ആപ്പുകള്‍ നിലനില്‍ക്കുന്നു എന്നതാണ് വസ്തുത.
തുടക്കമിങ്ങനെയാണ്: ഫോണില്‍ ഇടയ്ക്കിടെ പോപ്പപ് പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. വെബ് ബ്രൗസറിനുള്ളിലോ വെബ്സൈറ്റുകള്‍ക്കിടയില്‍ തിരുകിയ രീതിയിലോ അല്ല അവ. ഏതുനേരവും ഏത് ആപ്പ് തുറക്കുമ്പോഴും അവ പ്രത്യക്ഷപ്പെടാം. ക്ലോസ് ചെയ്യാനാവുന്നുണ്ട്. എന്നാല്‍ സ്ഥിരമായി ക്ലോസ് ചെയ്യാന്‍ ഒരു സംവിധാനമില്ല. ശരിക്കും ശല്യം.
ഒരു കൗതുകത്തിനുവേണ്ടി ഇന്‍സ്റ്റാള്‍ ചെയ്ത ഏതെങ്കിലും ആപ്പാവും കുഴപ്പക്കാരന്‍ എന്ന മുന്‍വിധിയുണ്ടായിരുന്നതിനാല്‍ ഞാന്‍ ആപ്പുകള്‍ക്കിടയില്‍ പരതി. പ്ലേ സ്റ്റോറില്‍നിന്നല്ലാതെ ഇന്‍സ്റ്റാള്‍ ചെയ്ത ഒരു ഫ്ലാഷ്‌ലൈറ്റ് ആപ്പുണ്ടായിരുന്നു കൂട്ടത്തില്‍. സെറ്റിംഗ്സ് വഴി നിലവില്‍ റണ്‍ ചെയ്യുന്ന പ്രൊസസുകളും സര്‍വീസുകളും എടുത്തുനോക്കിയപ്പോള്‍ അവിടെയുണ്ട് ഈ ആപ്പ് - തുറക്കാതെതന്നെ വന്നുകിടക്കുന്നു! നാമായിട്ട് നിര്‍ത്തിയാലും ഈ പ്രൊസസ് വീണ്ടും റണ്‍ ചെയ്യുന്നുണ്ട്. നിരുപദ്രവകരമായ ഒരു ഫ്ലാഷ്‌ലൈറ്റ് ആപ്പിന് ഇതൊന്നും ചെയ്യേണ്ട കാര്യമില്ല. എന്നിട്ടും ചെയ്യുന്നുണ്ടെങ്കില്‍ തുടരെത്തുടരെ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ക്കുപിന്നില്‍ ഈ ആപ്പ് തന്നെ അന്ന് വ്യക്തം. ഒട്ടും വൈകിയില്ല, ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു. റീസ്റ്റാര്‍ട്ട് ചെയ്തശേഷം പിന്നെ പരസ്യങ്ങള്‍ വന്നിട്ടില്ല.
യാതൊരാവശ്യവുമില്ലാതെ അനധികൃതസ്രോതസ്സില്‍നിന്ന് ഇന്‍സ്റ്റാള്‍ ചെയ്ത ഒരു ആപ്പ് വിനയായിത്തീര്‍ന്നതിന്റെ സാക്ഷ്യമാണിത്. ആധികാരികസ്രോതസ്സില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തില്ലെന്നതുപോകട്ടെ, ആപ്പ് ഇന്‍സ്റ്റളേഷന്‍ സമയത്ത് ചോദിക്കുന്ന പെര്‍മിഷനുകള്‍ ശ്രദ്ധിച്ചുവായിച്ച് പ്രശ്നം മുന്‍കൂട്ടി കണ്ടതുമില്ല (ടോര്‍ച്ച് കത്തിക്കുന്ന ആപ്പിനെന്തിനാണ് അതിരുകടന്ന സിസ്റ്റം പെര്‍മിഷനുകള്‍?).
ഇവിടെ വെറും പരസ്യങ്ങളാണ് പ്രശ്നം. എന്നാല്‍ നമ്മുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന സ്പൈവെയറും ഡേറ്റയ്ക്ക് വില പേശുന്ന റാന്‍സംവെയറും ഒക്കെയുണ്ട് ശല്യക്കാരായ ആപ്പുകളുടെ കൂട്ടത്തില്‍. ഇവയാകട്ടെ മൊബൈലില്‍ കയറിപ്പറ്റാന്‍ റീചാര്‍ജ്ജ് വാഗ്ദാനവും മറ്റുമായി പ്രത്യക്ഷപ്പെടുകയും ചെയ്യാം.
മാല്‍വെയര്‍ബൈറ്റ്സ് എന്ന സുരക്ഷാസ്ഥാപനം ഇതിനൊരുദാഹരണമായി കാണിക്കുന്ന ആപ്പ് ആണ് Nefarious Flashlight. ഇന്‍സ്റ്റളേഷന്‍ നേരത്ത് ഇത് റൂട്ട് ആക്സസ് നേടിയെടുക്കുകയും അണിന്‍സ്റ്റാള്‍ ചെയ്യാന്‍ ബുദ്ധിമുട്ടാവും വിധം ഒളിച്ചുകളിക്കുകയും ചെയ്യുന്നു. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പണം വാഗ്ദാനം ചെയ്യുന്ന 'പേ-പെര്‍-ഇന്‍സ്റ്റാള്‍ സ്കാ'മിന്റെ ഭാഗമാണ് ഈ മാല്‍വെയര്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
മുന്‍കരുതല്‍
നാല് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി ഇത്തരം അപകടങ്ങളില്‍ പെടാതെ നോക്കാന്‍:
- ആവശ്യമുള്ള ആപ്പുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക (റീചാര്‍ജ്ജ് പോലുള്ള വാഗ്ദാനങ്ങളില്‍ വീഴാതിരിക്കുക).
- പ്ലേ സ്റ്റോര്‍ പോലുള്ള വിശ്വസ്തസ്റ്റോറുകളെ മാത്രം ആശ്രയിക്കുക.
- ആപ്പുകള്‍ ഇന്‍സ്റ്റളേഷന്‍ സമയത്ത് ചോദിക്കുന്ന പെര്‍മിഷനുകള്‍ ശ്രദ്ധിച്ചു വായിക്കുക.
- സോഫ്റ്റ്‌വെയര്‍ എപ്പോഴും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക.
പരിഹാരം
ഇത്തരം പരസ്യങ്ങള്‍ നിങ്ങളുടെ ഫോണിനെയും ശല്യം ചെയ്യുന്നുണ്ടോ? അതല്ലെങ്കില്‍ പല അനാവശ്യ ആപ്പുകളുടെയും പ്രവര്‍ത്തനത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടോ? എങ്കില്‍ കൈക്കൊള്ളേണ്ട നടപടികള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ഒരു നല്ല ആന്റിവൈറസ് പ്രോഗ്രാം ഉപകാരപ്രദമാണ്. എന്നാല്‍ പലപ്പോഴും അവ ഇത്തരം ആപ്പുകളെ പിടിക്കുന്നില്ല എന്നു കണ്ടിട്ടുണ്ട്. മാത്രമല്ല, അനധികൃതസ്രോതസ്സുകളില്‍നിന്നുള്ള ആന്റിവൈറസ്സുകള്‍ സത്യത്തില്‍ വൈറസ് തന്നെയാവാം. അതുകൊണ്ട് നാമായിട്ട് ഒരു ശുചീകരണം നടത്തുന്നതാണ് നല്ലത്.
അനാവശ്യമെന്ന് തോന്നുന്ന എല്ലാ ആപ്പുകളും ഉടന്‍തന്നെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. സെറ്റിംഗ്സ് മെനുവില്‍നിന്നും ആപ്പ്സ് തുറന്നാല്‍ ഓരോ ആപ്പിന്റെയും പെര്‍മിഷനുകള്‍ വിലയിരുത്താവുന്നതാണ് (DOWNLOADED, ALL എന്നീ ടാബുകള്‍ക്കുതാഴെ). ഫ്ലാഷ്‌ലൈറ്റ് ആപ്പിന് വൈ ഫൈ ആക്സസ് ഉണ്ടായിരിക്കുക പോലുള്ള തരികിടകള്‍ കണ്ടാല്‍ മടിക്കാതെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം.
ഒരാപ്പിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഇതേ മെനുവില്‍നിന്ന് ആ ആപ്പെടുത്ത് Force Stop അമര്‍ത്താം. അല്‍പ്പസമയം കഴിഞ്ഞും ആ ആപ്പ് സ്വയം റണ്ണാവുന്നതായി കണ്ടാല്‍ (RUNNING ടാബ് എടുക്കുക) പ്രശ്നക്കാരനാണെന്ന് മനസ്സിലാക്കാം.