പ്രായമായവര്‍ യുക്തിക്ക് നിരക്കാത്ത ഓരോന്ന് പറയുമ്പോള്‍ ടെക്കികളായ നാം കമ്പ്യൂട്ടറിനുമുന്നിലിരുന്ന് ചിരിക്കും: ‘ഓരോരോ അന്ധവിശ്വാസങ്ങളേയ്!’ എന്നാല്‍ മൗസിന്റെ തുമ്പത്ത് യുക്തിയില്ലാവിചാരങ്ങളുടെ ഒരു ലോകം നമുക്കുമുണ്ടെന്ന് നാമോര്‍ക്കുന്നില്ല. കമ്പ്യൂട്ടര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ‘പല്ലിചിലയ്ക്കലുകളെ’ യുക്തിയുടെ പശ്ചാത്തലത്തില്‍ ഒന്ന് ചോദ്യം ചെയ്തുനോക്കാം!
കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത് വൈറസ് വന്നിട്ടാണ്
കമ്പ്യൂട്ടര്‍ ശരിയാക്കാന്‍ വരുന്നവരുടെ സ്ഥിരം പല്ലവിയാണിത്. ഏന്തിനുമേതിനും വൈറസ്സിനെ കുറ്റം പറഞ്ഞ് രക്ഷപ്പെടുന്നത് ഒരു മോശം ട്രബ്ള്‍ഷൂട്ടറുടെ ലക്ഷണമാണ്. ഒരു പക്ഷേ സ്ലോ ആയ കമ്പ്യൂട്ടര്‍ സ്കാന്‍ ചെയ്താല്‍ ഒട്ടേറെ വൈറസ്സുകള്‍ കണ്ടുകിട്ടിയെന്നുവരാം. അവയെല്ലാം കമ്പ്യൂട്ടറിന്റെ വേഗം കുറയ്ക്കുന്നുമുണ്ടാവാം. എന്നാല്‍ വൈറസ്സില്ലാത്ത കമ്പ്യൂട്ടറും മന്ദമായിത്തീരാം.
ഹാഡ്‌വെയര്‍ ഘടകങ്ങള്‍ കാലക്രമേണ സ്ലോ ആവാറില്ല. ഡിജിറ്റല്‍ രൂപത്തില്‍ സംഭരിച്ചുവച്ചിട്ടുള്ള ഡേറ്റയാകട്ടെ എത്ര കാലം കഴിഞ്ഞാലും മാറ്റമില്ലാതെ നിലനില്‍ക്കും (ഡിസ്കിന് കേടുവരാഞ്ഞാല്‍). എന്നാല്‍ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ -- അവ ഡിജിറ്റലാണെങ്കിലും -- മറ്റനേകം ഫയലുകളെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് കാലം ചെല്ലുന്തോറും മന്ദമാവാം. മിക്ക പ്രോഗ്രാമുകളും ഹിസ്റ്ററി, ക്യാഷ്, തമ്പ്നെയിലുകള്‍ പോലുള്ള വിവരങ്ങള്‍ ഡിസ്കില്‍ സൂക്ഷിക്കുന്നവയാണ്. ഓരോ തവണ നാം ഒരു പ്രോഗ്രാം ഉപയോഗിക്കുമ്പോഴും ഇത്തരം വിവരങ്ങള്‍ കുന്നുകൂടുന്നു. (വിന്‍ഡോസ് ഉപയോക്താക്കള്‍ വിന്‍ഡോസ് കീയും R-ഉം ഒന്നിച്ചമര്‍ത്തി %temp% എന്ന് കൊടുത്ത് എന്ററടിച്ചാല്‍ കിട്ടുന്ന ഫോള്‍ഡറിലെ എല്ലാ ഫയലും ഡിലീറ്റ് ചെയ്യുക. ടെമ്പററി ഫയലുകള്‍ നീക്കം ചെയ്യുന്നതിങ്ങനെയാണ്. ഉബുണ്ടുവില്‍ ഇത് സ്വയം നടക്കുന്നു.)
ഡിസ്ക് ഫ്രാഗ്മെന്റേഷന്‍ ആണ് മറ്റൊരു പ്രശ്നം. വിന്‍ഡോസ് ലക്ഷ്യമാക്കിയുള്ള ഫയല്‍സിസ്റ്റങ്ങളിലാണ് ഈ പ്രശ്നം കാര്യമായി കണ്ടുവരുന്നത്. ഡിസ്ക് ഡീഫ്രാഗ്മെന്റേഷനാണ് ഇതിന് പോംവഴി. ഇതേപ്പറ്റി കഴഞ്ഞ ലക്കം ഇന്‍ഫോഹെല്‍ത്തില്‍ പറഞ്ഞതാണല്ലോ.
ഓട്ടോറണ്‍ ഫയല്‍ വൈറസ്സാണ്
‘വൈറസ്സല്ലേ ഇത്? ഡിലീറ്റ് ചെയ്യൂ,’ പെന്‍ഡ്രൈവ് തുറക്കുമ്പോള്‍ അടുത്തിരിക്കുന്ന കുറേപ്പേര്‍ തന്നിട്ടുള്ള ഉപദേശമാണിത്. ഓട്ടോറണ്‍ ഫയലില്‍നിന്ന് എന്നെ രക്ഷിക്കാനുള്ള ബദ്ധപ്പാട്. അവരുടെ സന്മനസ്സിന് നന്ദി പറയുമ്പോഴും ഏറ്റവും പ്രിയപ്പെട്ട ഫയലുകളിലൊന്ന് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞതിന്റെ ദേഷ്യത്തിലാവും ഞാന്‍. ഏതോ കമ്പ്യൂട്ടര്‍ സെന്ററില്‍നിന്ന് നാലക്ഷരം കാണാപ്പാഠം പഠിച്ചുവന്ന, എല്ലാമറിയുന്ന ‘ഗീക്കു’കളെ ഒഴിവാക്കാന്‍ ഇങ്ങനെയെന്തെങ്കിലും മറുപടി കൊടുക്കും: ‘വൈറസ്സെനിക്ക് വലിയ ഇഷ്ടമാണ്’, ‘ഒരു ആന്റിവൈറസ് നിര്‍മ്മിക്കാനുള്ള പഠനത്തിലാണ്!’ വൈറസ് ഇഷ്ടപ്പെടാനോ ആന്റിവൈറസ്സിനുള്ള ഗവേഷണം നടത്താനോ ഒക്കെ ഓട്ടോറണ്‍ ഒരു വൈറസ്സായിട്ട് വേണ്ടേ?
പല റിമൂവബ്ള്‍ ഡിവൈസുകളിലും കാണാറുള്ള ഒരു ഫയലാണ് autorun.inf. സി.ഡി. ഇടുമ്പോള്‍ അത് സ്വയം പ്രവര്‍ത്തിക്കാന്‍ വേണ്ടി (ഓട്ടോമാറ്റിക് റണ്‍ -- ഓട്ടോറണ്‍) മൈക്രോസോഫ്റ്റ് അവതരിപ്പിച്ച സംവിധാനമാണിത്. പല സോഫ്റ്റ്‌വെയര്‍ സി.ഡി.കളും ഡ്രൈവിലിട്ടപാടെ ഇന്‍സ്റ്റളേഷനുള്ള വിന്‍ഡോ ചാടിവീഴുന്നത് ഓട്ടോറണ്‍ ഫയലിലെ നിര്‍ദേശമനുസരിച്ചാണ്. ഡിസ്കുകള്‍ക്ക് ഐക്കണ്‍ (ലോഗോ) കൊടുക്കുന്നതും ഓട്ടോറണ്‍ ഫയലിന്റെ സഹായത്തോടെയാണ്.
ഓട്ടോറണ്‍ ഫയല്‍ സി.ഡി.യിലായിരുന്നപ്പോള്‍ വലിയ കുഴപ്പമുണ്ടായിരുന്നില്ല. സി.ഡി. തയ്യാറാക്കുന്ന കമ്പ്യൂട്ടറില്‍ വൈറസ്സുണ്ടെങ്കില്‍ പ്രശ്നമാണ്. എന്നാല്‍ വൈറസ്സില്ലാത്ത ഒരു കമ്പ്യൂട്ടറില്‍ സി.ഡി. തയ്യാറാക്കിയ ശേഷം വൈറസ് ഉള്ള എത്ര കമ്പ്യൂട്ടറിലിട്ടാലും കുഴപ്പമില്ല. കാരണം സാധാരണ സി.ഡി.കള്‍ റീഡ്-ഒണ്‍ലി ആണ്. അതായത് ഒരിക്കല്‍ തയ്യാറാക്കിയ അവയില്‍ പിന്നീട് സ്വയം തുന്നിച്ചേര്‍ക്കാന്‍ വൈറസ്സുകള്‍ക്കാവില്ല.
സി.ഡി.-യെ അപേക്ഷിച്ച് പെന്‍ഡ്രൈവിനുള്ള പ്രശ്നം അതെത്രവട്ടവും എഡിറ്റ് ചെയ്യാം എന്നതാണ്. ഡേറ്റ എഴുതാന്‍ സി.ഡി.യെപ്പോലെ ഒരു ബുദ്ധിമുട്ടുമില്ല -- വെറും കോപ്പി-പേസ്റ്റ് മതി. അതുകൊണ്ടുതന്നെ വൈറസ്സുകളുടെ ഇഷ്ടമാദ്ധ്യമമായി പെന്‍ഡ്രൈവ്. പെന്‍ഡ്രൈവില്‍ എവിടെ കിടക്കണം? സംശയമെന്ത്, ഓട്ടോറണ്‍ ഫയലില്‍ത്തന്നെ! പെന്‍ഡ്രൈവ് ഓരോ തവണ ഘടിപ്പിക്കുമ്പോഴും ഓട്ടോറണ്‍ സ്വയം പ്രവര്‍ത്തിക്കും. അപ്പോഴൊക്കെ വൈറസ്സിന് ക്ഷണം കിട്ടുകയും ചെയ്യും.
ഉപകാരപ്രദമായ എന്തെങ്കിലും തനിയെ പ്രവര്‍ത്തിക്കാന്‍വേണ്ടി തയ്യാറാക്കിയ ഓട്ടോറണ്‍ ഫയലില്‍ സ്വയം പേരുചേര്‍ക്കുകയാണ് വൈറസ്സ്. അല്ലാതെ ഓട്ടോറണ്‍ ഒരു വൈറസ്സല്ല. സ്വര്‍ണ്ണം ഒളിപ്പിച്ചുകടത്താനുപയോഗിച്ചാലും എമര്‍ജന്‍സി ലാമ്പിന്റെ പ്രധാനലക്ഷ്യം പ്രകാശം പരത്തലാണ് എന്നപോലെ.
കാര്യമെന്തൊക്കെപ്പറഞ്ഞാലും വൈറസ് ബാധിച്ച ഓട്ടോറണ്‍ ഫയല്‍ പൊല്ലാപ്പ് തന്നെയാണല്ലോ. വിന്‍ഡോസില്‍ ഇവയെ ഡിസേബ്ള്‍ ചെയ്യാനുള്ള സംവിധാനം ഉപയോഗിക്കുകയോ നല്ല ഒരു ആന്റിവൈറസ് ഉപയോഗിക്കുകയോ ഒക്കെയാണ് പോംവഴി. എന്നാല്‍ ഗ്നു/ലിനക്സ് ഉപയോക്താക്കള്‍ക്ക് ഓട്ടോറണ്‍ പ്രശ്നമല്ല. Autorun.inf അതില്‍ പ്രവര്‍ത്തിക്കില്ല. ഐക്കണ്‍ എടുക്കാറുണ്ട് എന്നുമാത്രം. അവിടെ പ്രവര്‍ത്തനക്ഷമം ഓട്ടോറണ്‍ autorun.sh ആണ്. ഇതാകട്ടെ അനുവാദം ചോദിക്കാതെ പ്രവര്‍ത്തിക്കുകയുമില്ല.
ഒന്നിലേറെ ഓപ്പറേറ്റിങ് സിസ്റ്റമുണ്ടായാല്‍ കമ്പ്യൂട്ടര്‍ സ്ലോ ആകും
ഒന്നിലേറെ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ (വിന്‍ഡോസ്, ഉബുണ്ടു, ...) ഒരേ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും. മള്‍ട്ടിബൂട്ടിങ് എന്നാണ് ഇതിനുപേര്. മിക്കയാളുകളും ഒന്നിലേറെ വിന്‍ഡോസ് പതിപ്പുകളോ ഒന്നിലേറെ ഗ്നു/ലിനക്സ് പതിപ്പുകളോ ഇവ രണ്ടുമോ ഒരുമിച്ചുപയോഗിക്കുന്നവരാണ്. ഓരോ തവണ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുമ്പോഴും അപ്പോഴത്തെ ജോലിക്ക് യോജിച്ച സിസ്റ്റത്തിലേക്ക് ബൂട്ടുചെയ്ത് കയറുന്നു (ഉദാഹരണത്തിന്, വൈറസ്സിനെ പേടിക്കാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഉബുണ്ടു തെരഞ്ഞെടുക്കുന്നു; ചില പ്രത്യേക ഗെയിമുകള്‍ കളിക്കാന്‍ വിന്‍ഡോസും).
പ്രശ്നമിതാണ്: മള്‍ട്ടിബൂട്ടിങ് കമ്പ്യൂട്ടറിനെ സ്ലോ ആക്കില്ലേ? ഒരിക്കലുമില്ല! ഇങ്ങനെയൊരു ധാരണ വരാനുള്ള കാരണമെന്താവാം? കമ്പ്യൂട്ടിങ് ശേഷി ഓരോ ഓപ്പറേറ്റിങ് സിസ്റ്റത്തിനും വിഭജിച്ചുനല്‍കുന്നു എന്ന തോന്നലാവാം. വിന്‍ഡോസ് മാത്രമുണ്ടായിരുന്ന കമ്പ്യൂട്ടറില്‍ ഉബുണ്ടു കൂടി വരുമ്പോള്‍ നാല് ജി.ബി. റാം രണ്ട് ജി.ബി. വച്ച് പകുത്തുനല്‍കുന്ന എന്നാണ് പലരുടെയും വിചാരം. ഇത് ശരിയല്ല. മള്‍ട്ടിബൂട്ടിങ് പ്രകാരം ഒരു സമയം കമ്പ്യൂട്ടറില്‍ ഒരു ഓപ്പറേറ്റിങ് സിസ്റ്റം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. അതുകൊണ്ട് ഉബുണ്ടു റണ്‍ ചെയ്യുമ്പോള്‍ ഉബുണ്ടുവിനും വിന്‍ഡോസ് റണ്‍ ചെയ്യുമ്പോള്‍ വിന്‍ഡോസിനും കമ്പ്യൂട്ടറിന്റെ ശേഷി പൂര്‍ണ്ണമായും ഉപയോഗിക്കാം.
എന്നാല്‍ വെര്‍ച്വലൈസേഷന്‍ സാങ്കേതികവിദ്യ വഴി ഒന്നിലേറെ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഒരേ സമയം ഉപയോഗിക്കുമ്പോള്‍ കമ്പ്യൂട്ടിങ് ശേഷി പകുത്തുനല്‍കും. ആധുനികസിസ്റ്റങ്ങളില്‍ ഇത് അറിയാന്‍മാത്രമുണ്ടാകില്ല എന്നുമാത്രം. ഒരേ പാര്‍ട്ടീഷനില്‍ വ്യത്യസ്ത സിസ്റ്റങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും അനാരോഗ്യകരമാണ്.